Connect with us

Articles

കൗണ്ട് ഡൗണ്‍... ക്രൗണ്‍ ഡൗണ്‍....

Published

|

Last Updated

മഴക്കാലമായി. നാടൊരു കോലമായി. വെള്ളപ്പൊക്കങ്ങളാണ്. അങ്ങാടികളില്‍, വഴികളില്‍ വെള്ളം കയറുന്നു. നല്ലൊരു മഴ പെയ്താല്‍ മതി. വീടിന് ചുറ്റും വെള്ളമാണ്. മുമ്പിങ്ങനെ ഇല്ലായിരുന്നു. ഒഴുകിപ്പോയിരുന്നു. ഇപ്പോള്‍ ചാലുകളില്ല. അതൊക്കെ നികത്തി വീടുണ്ടാക്കി, കെട്ടിടങ്ങളുണ്ടാക്കി. വാടക കിട്ടുന്നുണ്ട്. അതല്ലേ കാര്യം.

വേനലില്‍ വിചാരിച്ചിരുന്നു, മഴ വന്നാല്‍ മതിയായിരുന്നു. ഒരു തുള്ളി വെള്ളം കിട്ടിയാല്‍ മതിയായിരുന്നു. എത്ര കാലമാണ് വെള്ളം പണം കൊടുത്ത് വാങ്ങുക. മഴക്കാലം വന്നപ്പോഴോ? ഇതൊന്ന് നിലച്ചാല്‍ മതിയെന്നായി. വീട്ടില്‍ നിന്നിറങ്ങാന്‍ പറ്റാതായി. അങ്ങാടിയില്‍ പോകാന്‍ പറ്റാതായി. റോഡില്‍ അരക്ക് മുകളില്‍ വെള്ളം.
അലര്‍ട്ടാണ് ഇപ്പോള്‍ അലട്ടുന്നത്. റെഡ് അലര്‍ട്ടാണെങ്കില്‍ ആകെ പേടിയാണ്. മഞ്ഞയാണെങ്കില്‍ കുഴപ്പമില്ല. പെയ്‌തോട്ടെ എന്നാണ്. ഇനി നമ്മള്‍ അലര്‍ട്ടും നോക്കണം. വൈദ്യുതി മുടക്കം പോലെ. ഇന്ന് ഇന്നയിടങ്ങളിലൊക്കെ വൈദ്യുതി ഉണ്ടാകില്ല എന്ന അറിയിപ്പ് പോലെ. നാളെ എന്തെങ്കിലും അലര്‍ട്ടുണ്ടോ?

റെഡ് അലര്‍ട്ടാണ്. കുട്ടികള്‍ക്ക് ഇഷ്ടമാണ്. അവര്‍ ഇപ്പോള്‍ സ്‌പോര്‍ട്‌സ് പേജ് മാത്രമല്ല, നോക്കുന്നത്. കാലാവസ്ഥാ വാര്‍ത്തകളും നോക്കും. രാവിലെ എഴുന്നേറ്റ് വരുമ്പോള്‍ ചോദ്യമാണ്, അലര്‍ട്ടുണ്ടോ?

രാത്രി മുഴുവന്‍ ചാനലുകളിലാണ്. വാര്‍ത്ത കാണാനും കേള്‍ക്കാനും. കോമഡിയും സിനിമയുമൊന്നും വേണ്ട. അലര്‍ട്ടുണ്ടോ? ഫ്‌ളാഷ് ന്യൂസ് ഉണ്ടോ?
അലര്‍ട്ടുണ്ടെങ്കിലേ അവധി കിട്ടൂ. വൈകിട്ട് മുതല്‍ മിനി സ്‌ക്രീനില്‍ നോക്കിയിരിപ്പാണ്. കൗണ്ട് ഡൗണ്‍ തുടങ്ങി. അവധിയുണ്ടോ? അയല്‍ ജില്ലയില്‍ അലര്‍ട്ട് വന്നു. റെഡ് തന്നെ. ഇനി നമ്മുടെ ജില്ലയിലേക്ക് വരണം. അവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. ഇത് വാട്‌സ്ആപ്പിലൂടെ അറിയിക്കണം. നാലാളോട് വിളിച്ചു പറയണം. അവിടെ അവധി വന്നു. നമ്മുടെ കാര്യം?
കാത്തിരിപ്പാണ്. മാഷന്‍മാരും കണ്ണിലെണ്ണയൊഴിച്ച് ഇരിപ്പാണ്. നമ്മുടെ ജില്ലക്ക് നാളെ അവധിയുണ്ടോ എന്ന് അറിയണം. എന്തിനാണെന്ന് ചോദിക്കരുത്. അതൊരു സുഖമാണ്. എന്തെങ്കിലും ചെയ്യാനുണ്ടോ? എവിടേക്കെങ്കിലും പോകാനുണ്ടോ? ഇല്ല. എങ്കിലും അതൊരു സുഖമാണ് മാഷേ… കുട്ടികളും അങ്ങനെത്തന്നെ. എന്ത് സുഖമാണീ…
അവസാനം അവധി വന്നു. എന്തോ നിധി കിട്ടിയതു പോലെയാണ്. കരളേ, ലിവറേ കലക്ടറേ…വിക്ഷേപണം കഴിഞ്ഞു, വിജയകരം എന്ന മട്ടിലാണ് കാര്യങ്ങള്‍. ഇതിന് പകരം ശനിയാഴ്ച പ്രവൃത്തി ദിവസം ആകുമ്പോള്‍ മാഷുടെയും കുട്ടികളുടെയും മുഖം കണ്ടറിയണം. ചന്ദ്രന്റെ ചിരിയല്ല, ശരിക്കും അമാവാസി!

അടുത്ത നാട്ടില്‍ വിക്ഷേപണം നടക്കുന്നുണ്ട്. ചന്ദ്രയാന്‍. ചന്ദ്രനിലേക്കുള്ള പഠനയാത്ര. അതിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് വാഹനമിറങ്ങുക. ചരിത്രത്തിലേക്കുള്ള കുതിപ്പാണ്. രാജ്യം മുഴുവന്‍ ശ്രീഹരിക്കോട്ടയിലേക്ക്.
ഒടുവില്‍ വിക്ഷേപണം കഴിഞ്ഞു. സക്‌സസ് ഫുള്‍. ആനന്ദം, ആഹ്ലാദം. ശാസ്ത്ര നേട്ടത്തിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി!
കര്‍ണാടകത്തിലേക്ക് പോകാം. നളചരിതം ആട്ടക്കഥയാണ്.

നാല് ദിവസമല്ല, നാലാഴ്ചയായി എന്നു മാത്രം. സഖ്യ സര്‍ക്കാറിനെതിരെ ബി ജെ പിയുടെ ഒളിയുദ്ധമാണ്. എം എല്‍ എമാരെ അടര്‍ത്തിയെടുക്കുക. അവര്‍ വിമതരാകുന്നു, നമ്മുടെ താരമാകുന്നു, ഒടുവില്‍ താമരയാകുന്നു!
സര്‍ക്കാറിന്റെ പതനം തുടങ്ങിയിട്ട് കുറച്ചായി. കൗണ്ട് ഡൗണ്‍ എന്നു പറയാം. അക്കങ്ങള്‍ കുറഞ്ഞു വരികയാണ്. കോടതി, ഗവര്‍ണര്‍, ആശുപത്രി, റിസോര്‍ട്ടുകള്‍. ജനാധിപത്യം ഇങ്ങനെയാണ് മുന്നോട്ടു പോകുന്നത്. ജനങ്ങള്‍ക്ക് അഞ്ച് വര്‍ഷം കൂടുമ്പോള്‍ തിരഞ്ഞെടുക്കേണ്ട ബാധ്യത മാത്രം. പിന്നെ മറ്റുള്ളവര്‍ നോക്കിനടത്തും. ജനങ്ങള്‍ കാഴ്ചക്കാര്‍ മാത്രം.

കൗണ്ട് ഡൗണ്‍ പൂര്‍ത്തിയായി. ചാന്ദ്രയാന്‍ മുകളിലേക്ക്, കുമാര സ്വാമി സര്‍ക്കാര്‍ താഴേക്ക്. ക്രൗണ്‍ ഡൗണ്‍. കിരീടം പോയി..

Latest