Editorial
വിവരാവകാശ നിയമത്തിന് മരണമണി
ഇന്ത്യന്‍ പാര്‍ലിമെന്റ്ചരിത്രത്തിലെ വിപ്ലവകരമായ അധ്യായമായാണ് വിവരാവകാശ നിയമത്തിന് അംഗീകാരം നല്‍കിയ നടപടിയെ വിശേഷിപ്പിച്ചിരുന്നത്. അറിയാനുള്ള പൗരന്റെ മൗലികാവകാശത്തിനുള്ള അംഗീകാരമെന്നതിനൊപ്പം ഭരണ സുതാര്യതയിലേക്കുള്ള സുപ്രധാനമായ ചുവടുവെപ്പു കൂടിയായിരുന്നു ഇത്. “അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കുക മാത്രമല്ല, നേരാംവണ്ണം നടപ്പാക്കിയാല്‍ രാജ്യത്ത് സത്ഭരണം സാധ്യമാക്കാനുള്ള ശേഷി ഈ നിയമത്തിനുണ്ടെന്നും ഭരണഘടന മുന്നോട്ടുവെക്കുന്ന ദര്‍ശനങ്ങളിലൊന്നായ സത്ഭരണം ചലനാത്മക ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകവുമാണെ”ന്നുമാണ് ഇതിനിടെ വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമനം സംബന്ധിച്ച കേസിന്റെ വിധിയില്‍ സുപ്രീം കോടതി അഭിപ്രായപ്പെട്ടത്.
രാജ്യാന്തരതലത്തില്‍ പോലും ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി 2015 ജൂണില്‍ പാസാക്കിയ വിവരാവകാശ നിയമം.
എന്നാല്‍ വിവരാവകാശ നിയമത്തിന് ശവപ്പെട്ടി ഒരുക്കുന്ന തിരക്കിലാണിപ്പോള്‍ മോദി സര്‍ക്കാര്‍. ഇതിന്റെ ഭാഗമാണ് അതിന്റെ 3, 16 വകുപ്പുകളില്‍ വരുത്തിയ ഭേദഗതി. കേന്ദ്ര ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെയും ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരുടെയും നിയമന കാലാവധി അഞ്ച് വര്‍ഷമോ 65 വയസ്സ് തികയും വരെയോ ആയിരുന്നു ഇതുവരെയും. കമ്മീഷണര്‍മാരുടെ കാലാവധി എത്ര വര്‍ഷമെന്ന് കേന്ദ്രത്തിനു ഉചിതമെന്ന് തോന്നുന്ന വിധത്തില്‍ നിശ്ചയിക്കാന്‍ അധികാരം നല്‍കുന്നതാണ് 16ാം വകുപ്പില്‍ വരുത്തിയ ഭേദഗതി. ചീഫ് ഇലക്ഷന്‍ കമ്മീഷണറുടെതിന് സമാനമായ അലവന്‍സുകളും മറ്റുമാണ് ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ക്കും നല്‍കിയിരുന്നത്. ഇത് കേന്ദ്ര സര്‍ക്കാറിന് തോന്നുന്ന പോലെ നിശ്ചയിക്കാമെന്നാക്കി മാറ്റിയിട്ടുണ്ട് 13ാം വകുപ്പില്‍ വരുത്തിയ ഭേദഗതിയിലൂടെ.
വിവരാവകാശ കമ്മീഷനെ, തിരഞ്ഞെടുപ്പു കമ്മീഷനു തുല്യമാക്കുന്നതാണ് 13, 16 വകുപ്പുകളെന്നും പാര്‍ലിമെന്റ് നടപ്പാക്കിയ വിവരാവകാശ നിയമത്തിന് ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പു കമ്മീഷനു തുല്യമായ പദവി നല്‍കുന്നത് ഉചിതമല്ലാത്തതു കൊണ്ടാണ് ഭേദഗതി വരുത്തിയതെന്നുമാണ് സര്‍ക്കാറിന്റെ ന്യായീകരണം. ഭേദഗതിയുടെ യഥാര്‍ഥ ലക്ഷ്യം മറച്ചു പിടിക്കാനുള്ള തൊടുന്യായം മാത്രമാണിത്. മനുഷ്യാവകാശ, വിവരാവകാശ പ്രവര്‍ത്തകരുടെ നിരന്തര പോരാട്ടത്തെ തുടര്‍ന്ന് 2015ല്‍ നിയമം പാസാക്കിയെങ്കിലും ഇതിലെ പല വ്യവസ്ഥകളോടും അന്നേ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും വിശിഷ്യാ ബി ജെ പിക്കും യോജിപ്പില്ലെന്നതാണ് വസ്തുത. കേന്ദ്ര ഭരണവും മിക്ക സംസ്ഥാന ഭരണങ്ങളും പാര്‍ട്ടി കൈപിടിയിലൊതുക്കിയ ഇന്നത്തെ സാഹചര്യത്തില്‍ വിശേഷിച്ചും.
വിവാദ ഉത്തരവുകള്‍, കോര്‍പറേറ്റുകളെയും തങ്ങളുടെ പാദസേവകരെയും പ്രീണിപ്പിക്കാനായി ഇറക്കുന്ന ഉത്തരവുകള്‍, സര്‍ക്കാറിന്റെ പരാജയത്തിലേക്കു വിരല്‍ ചൂണ്ടുന്ന വിവരങ്ങള്‍, അഴിമതി സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ സര്‍ക്കാര്‍ പുറത്തു പറയാന്‍ മടിക്കുക സ്വാഭാവികമാണ്. വിവരാവകാശ നിയമം ഇത്തരം വിവരങ്ങള്‍ രാജ്യത്തെ അറിയിക്കാന്‍ അധികാര കേന്ദ്രങ്ങളെ നിര്‍ബന്ധിതമാക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് വന്‍ പരാജയമാണെന്ന് ജനങ്ങള്‍ അറിഞ്ഞത് ഡല്‍ഹിയിലെ ആക്ടിവിസ്റ്റായ യൂസുഫ് നഖ്‌വി സമ്പാദിച്ച വിവരാവകാശ മറുപടിയിലൂടെയാണ്. ബേഠി ബചാവോ ബേഠി പഠാവോ പദ്ധതിയിലെ പണത്തിന്റെ ഭൂരിഭാഗവും പ്രചാരണ പരിപാടികള്‍ക്കാണ് ചെലവായതെന്നതും, തിരഞ്ഞെടുപ്പ് കടപ്പത്രത്തിലൂടെ ബി ജെ പിക്ക് ലഭിച്ച ഭീമമായ തുക സംബന്ധിച്ച വിവരവും ജനം അറിഞ്ഞതും വിവരാവകാശ നിയമത്തിന്റെ സഹായത്തലാണ്. ഇതെല്ലാം കേന്ദ്ര ഭരണകക്ഷിയെ അലോസരപ്പെടുത്തുന്ന വെളിപ്പെടുത്തലുകളാണ്.
ഇപ്പോഴത്തെ ഭേദഗതിയിലൂടെ കേന്ദ്രത്തിലെയും സംസ്ഥാനത്തെയും വിവരാവകാശ കമ്മീഷണര്‍മാരെ വരുതിയിലാക്കാനും അവരുടെ സ്വാതന്ത്ര്യത്തെ വലിയ തോതില്‍ നിയന്ത്രിക്കുന്നതിനും സര്‍ക്കാറിനു സാധിക്കും. വിവരാവകാശ കമ്മീഷണര്‍മാരുടെ വേതനത്തിലും സേവനകാലാവധിയിലും കടന്നു കയറാന്‍ സര്‍ക്കാറിന് അവകാശം കൈവരുന്നതോടെ അവര്‍ക്കും സ്വതന്ത്രമായും ബാഹ്യ ഇടപെടലുകളില്‍ നിന്ന് വിമുക്തമായും പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇല്ലാതാകുകയും സര്‍ക്കാറിനു വിധേയപ്പെടാന്‍ നിര്‍ബന്ധിതമാകുകയും ചെയ്യുന്നു. സര്‍ക്കാറിന് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഏതു നിമിഷവും കസേര തെറിക്കുകയോ വേതനത്തില്‍ വെട്ടിക്കുറവ് വരുകയോ മുടങ്ങുകയോ ചെയ്യാമെന്നതിനാല്‍ അവര്‍ക്ക് അസ്വാരസ്യമുണ്ടാകുന്ന വിവരങ്ങള്‍ കൈമാറാന്‍ കമ്മീഷന്‍ മടിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അഴിമതി ചോദ്യം ചെയ്യാനും പുറത്തു കൊണ്ടുവരാനുമുള്ള പൗരന്‍മാരുടെ അവകാശം ഇല്ലാതാകുകയും വിവരാവകാശ നിയമം സ്വയമേവ ഇല്ലാതാകുകയുമായിരിക്കും അനന്തര ഫലം.
സര്‍ക്കാര്‍ അവകാശപ്പെടുന്നത് പോലെ സദുദ്ദേശ്യമാണ് ഭേദഗതിയുടെ പിന്നിലെങ്കില്‍ ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് സഹകരിക്കാനുള്ള പാര്‍ലിമെന്ററി മര്യാദയും രാഷ്ട്രീയ അവബോധവും കാണിക്കാമായിരുന്നു. പകരം ഭരണകക്ഷി അംഗങ്ങള്‍ പ്രതിപക്ഷ നിരയിലേക്കു കടന്നു ചെന്ന് ഭേദഗതിയെ എതിര്‍ക്കുന്ന അംഗങ്ങളെ സ്വാധീനത്തിലൂടെ വരുതിയിലാക്കി അനുകൂലമായി വോട്ടു ചെയ്യിക്കുന്ന, സഭാ നടപടികളുടെ സര്‍വ വിധ മര്യാദകളെയും ലംഘിക്കുന്ന നിര്‍ഭാഗ്യകരമായ രംഗത്തിനാണ് രാജ്യസഭ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. അഴിമതി തടയുന്നതിലും സര്‍ക്കാറുകളെ ജനപ്രതിബദ്ധതയുള്ളതാക്കി മാറ്റുന്നതിലും മുഖ്യഘടകമാണ് ഭരണ രംഗത്തെ സത്യസന്ധമായ വിവരങ്ങള്‍ ജനങ്ങള്‍ അറിയലും അതേക്കുറിച്ച് ബോധവാന്മാരാകലും. ഭരണഘടന മുന്നോട്ടു വെക്കുന്ന ഈ അവകാശത്തിന് മേല്‍ കത്തിവെക്കുന്ന ഏത് നിയമനിര്‍മാണവും നടപടികളും ജനാധിപത്യത്തിനു നേരെയുള്ള വാളോങ്ങലാണ്.