Connect with us

Articles

വാക്കിന്റെ വിളക്ക് മരം

Published

|

Last Updated

ആറ്റൂര്‍ രവിവര്‍മ

“നിന്നഭാവത്തിലനുഭവിക്കുന്നു ഞാന്‍
അമ്മയെപ്പണ്ടു പിരിഞ്ഞതിന്റെ വേദന””
(നഗരത്തില്‍ ഒരു യക്ഷന്‍)
നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചു നില്‍ക്കുന്ന വേളയില്‍ മലയാള കവിത പൊതുവെ ഗ്രാമത്തിനൊപ്പമാണ് നിലയുറപ്പിച്ചിരുന്നത്. “നാട്യപ്രധാനം നഗരം ദരിദ്രം” എന്ന് അത് വിധിയെഴുതി.
“”ഉപ്പുകല്ലിനും ഉരിയരിച്ചോറിനും
ഇപ്പട്ടണത്തില്‍ തൊഴിലാളിയായ ഞാന്‍””
(അക്കിത്തം- പണ്ടത്തെ മേശാന്തി)
എന്ന് ആത്മനിന്ദ കൊണ്ടു. കളിയും ചിരിയും മീതെ, ചതിയും ചുഴിയും താഴെ എന്ന് ചലച്ചിത്ര ഗാനങ്ങള്‍ വരെ അലര്‍ട്ട് പ്രഖ്യാപിച്ചു. കൂട്ടിക്കുഴഞ്ഞു കിടക്കുന്ന, മലയാളത്തിലെ ആധുനിക- ആധുനികാനന്തര കവികളെല്ലാം നഗര വിരുദ്ധത ആഘോഷിച്ചപ്പോള്‍ ആറ്റൂര്‍ കവിത നഗരത്തെ ഗ്രാമത്തിന്റെ തുടര്‍ച്ചയായി സ്വീകരിക്കുകയായിരുന്നു. ഗ്രാമം സമം നന്മ, നഗരം സമം തിന്മ എന്ന ലളിത സമവാക്യത്തെ മറികടക്കാന്‍ ശ്രമിക്കുന്നതോടെ ആറ്റൂര്‍ പുതിയൊരു വഴിയായി മാറുന്നു. അങ്ങനെ, കേരളത്തില്‍ നിന്ന് മദിരാശിയിലെത്തുന്ന മറ്റു കവികള്‍ അനുഭവിക്കുന്നതായി അഭിനയിച്ച പ്രവാസ ബോധം ആറ്റൂരിനെ ബാധിക്കുന്നില്ല. മറിച്ച് മദിരാശിയിലെത്തിയ ആറ്റൂര്‍ ജന്മദേശത്തിലെത്തിയ, സ്വന്തം ആവാസ വ്യവസ്ഥയില്‍ തിരിച്ചെത്തിയ മത്സ്യത്തിന്റെ സ്വത്വബോധത്തിലേക്കാണ് ഉണര്‍ന്നെണീക്കുന്നത്. മറ്റു മലയാള കവികളില്‍ നിന്ന് വ്യത്യസ്തമായി മലയാളമെന്ന ദ്രാവിഡ ഭാഷയെ അതിന്റെ മടയില്‍ തന്നെ ചെന്ന് പരിചയപ്പെടാന്‍ കഴിഞ്ഞു എന്നതാണ് ആറ്റൂരിന്റെ ഭാഗ്യം.

എം ഗോവിന്ദന്‍ എന്ന പ്രവാചകനാണ് ആ പരിചയപ്പെടുത്തല്‍ സാധ്യമാക്കുന്നത്. തുടര്‍ന്ന് മലയാളത്തിന്റെ മറ്റൊരു രൂപമായ തമിഴിലൂടെ കടന്നു പോകാനും, തമിഴില്‍ നിന്ന് നിരവധി കവിതകളും നോവലുകളും മലയാളത്തിലേക്ക് തര്‍ജമ ചെയ്തവതരിപ്പിക്കാനും അദ്ദേഹത്തിന് യോഗമുണ്ടായി.
ബംഗാളി നോവലുകളായിരുന്നു എന്നും മലയാളിയുടെ ഒബ്‌സഷന്‍. അത് മലയാളിയെ (ബംഗാളിയെയെന്ന പോലെ) ബാധിച്ച കാല്‍പ്പനിക കമ്മ്യൂണിസത്തിന്റെ എക്‌സ്ടന്‍ഷനോ മറ്റോ ആയിരിക്കണം. വിമല്‍ മിത്രയുടെയും വിഭൂതി ഭൂഷന്‍ ബാനര്‍ജിയുടെയും ഒക്കെ നോവലുകളുടെ തര്‍ജമകള്‍ സുലഭമായ മലയാളം, തൊട്ടടുത്ത ദേശത്തെ മൊഴിയില്‍ എഴുതപ്പെട്ട രചനകളെ അയിത്തം പ്രഖ്യാപിച്ച് മാറ്റി നിര്‍ത്തിയിരിക്കുകയാണോ എന്ന് ആര്‍ക്കും സംശയിക്കാവുന്നതാണ്. ഇന്നും ആ സ്ഥിതി വ്യത്യസ്തമല്ല. സുന്ദരരാമസ്വാമിയുടെ നോവലുകളെ ആറ്റൂര്‍ വിവര്‍ത്തനം ചെയ്ത് കൊണ്ടുവന്നതൊഴിച്ചാല്‍, ആ വഴിക്ക് ഗൗരവമായ ശ്രമങ്ങളൊന്നും പിന്നീടുണ്ടായില്ലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

തമിഴിലെ സമകാലികരായ നിരവധി കവികളെയും മലയാളിക്ക് പരിചയപ്പെടുത്തിയത് ആറ്റൂരിന്റെ വിവര്‍ത്തനങ്ങളാണ്. സച്ചിദാനന്ദനും ചുള്ളിക്കാടും അയ്യപ്പപ്പണിക്കരുമൊക്കെ നെരൂദയിലും ഒക്ടോവിയോ പാസിലും ഭ്രമിച്ചു പോയപ്പോള്‍ ആറ്റൂര്‍, തായ്‌മൊഴിയെ സഹജീവികളുടെ ശബ്ദമായാണ് ഏറ്റു ചൊല്ലാന്‍ ശ്രമിച്ചത്. കക്കൂസ് കുഴിക്കാന്‍ വരുന്ന തമിഴരുടെ കവിത തര്‍ജമ ചെയ്യാന്‍ സൗകര്യമില്ല എന്ന് ആറ്റൂരിന്റെ ഈ പ്രവൃത്തിയെ അവഹേളിക്കാന്‍ ശ്രമിച്ചവരുമുണ്ട് ഞങ്ങളുടെ തലമുറയില്‍. അത്തരം ബഹളങ്ങളോടൊന്നും ആറ്റൂര്‍ പ്രതികരിച്ചിരുന്നില്ല. മൗനവും അദ്ദേഹത്തിന് ഒരു വാക്ക് തന്നെയായിരുന്നു. മലയാള കവിതയെ കെട്ടുകാഴ്ചകളില്‍ മാത്രം പെട്ടുപോകാതെ രക്ഷിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിന്, ഈ മൗനവും അദ്ദേഹത്തിന് സഹായകമാകുകയായിരുന്നു.

ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ പഠന കാലത്ത് കോളജില്‍ നിന്ന് പുറത്താക്കപ്പെട്ടവനാണ് ആറ്റൂര്‍. പിന്നീട് ബ്രണ്ണന്‍ കോളജില്‍ അധ്യാപകനായി ജോലി ചെയ്യുമ്പോള്‍ ഇടതുപക്ഷ ചിന്തകനായിരുന്ന എം എന്‍ വിജയന്റെ സഹപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ബ്രണ്ണന്‍ കോളജില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ കെ ബാലനുമൊക്കെ അദ്ദേഹത്തിന്റെ വിദ്യാര്‍ഥികളായിരുന്നു. എങ്കിലും ഒരു പരിധിക്കപ്പുറമുള്ള ഇടതുപക്ഷാഭിമുഖ്യമൊന്നും ആറ്റൂര്‍ കവിതകളില്‍ വായിച്ചെടുക്കാനാകില്ല. കവിതയുടെ/ സാഹിത്യത്തിന്റെ രാഷ്ട്രീയമെന്നത് ഭാഷയുടെ രാഷ്ട്രീയമാണെന്ന തിരിച്ചറിവ് ആറ്റൂരില്‍ രൂഢമൂലമായിരുന്നു. എം ഗോവിന്ദനുമായുള്ള സൗഹൃദം തന്നെയായിരിക്കണം അമിത രാഷ്ട്രീയ വത്കരണത്തില്‍ നിന്ന് “ആറ്റൂര്‍ രചന”കളെ സംരക്ഷിച്ചു നിര്‍ത്തിയത്.

“കവിക്കും റിട്ടയര്‍മെന്റുണ്ട്” എന്നാണ് ഒരു അഭിമുഖത്തില്‍ ആറ്റൂര്‍ പ്രതികരിക്കുന്നത്. പക്ഷേ, ആറ്റൂര്‍ എഴുത്തില്‍ നിന്ന് പിന്‍വലിഞ്ഞതിന് മറ്റൊരു കാരണം കൂടി ഉണ്ടാകാം- അത് അദ്ദേഹത്തിന്റെ തന്നെ അനുകര്‍ത്താക്കളുടെ ആധിക്യമാണ് എന്ന് ഉറപ്പാണ്. അനുകര്‍ത്താക്കളും ആരാധകരുമാണല്ലോ കവികളെയും കലാകാരന്മാരെയും സംബന്ധിച്ച് അണുധൂളീ പ്രസരണമുണ്ടാക്കുന്നത്. ഭാഷയെ അവിശുദ്ധമാക്കുന്നത്. അപ്പോള്‍ പിന്നെ മൗനത്തിന്റെ കയങ്ങളില്‍ മുങ്ങിക്കിടക്കുക എന്നത് തന്നെയാണ് കവി ധര്‍മം. അങ്ങനെ വ്യത്യസ്തമായ സ്വമാര്‍ഗം വെട്ടിത്തെളിച്ചും, അതിലേ വ്യത്യസ്തനായി മുന്നേറിയും, ആ വഴിയില്‍ തിരക്കേറിയപ്പോള്‍ പിന്മാറിയും, ആത്യന്തികമായി ഭാഷയുടെ നവീകരണത്തിന് വേണ്ടി, എക്കാലത്തും പുതുതായി നിലകൊള്ളുന്ന മൊഴിവഴിയിലെ വിളക്കുമരം തന്നെയാണ് ആറ്റൂര്‍. ആ വാക്ക് മരത്തിന് എളിയ പ്രണാമം.

കവിയും ഒറ്റപ്പാലം എന്‍ എസ് എസ് കോളജിലെ അധ്യാപകനുമാണ് ലേഖകന്‍