Articles
ഓഹരികള്‍ ഒന്നര കിലോ പത്ത് രണ്ടെടുത്താല്‍ മൂന്ന് ഫ്രീ
മത്സ്യമാര്‍ക്കറ്റ്. ഇന്നത്തേത് പോലെയല്ല. റോഡരികില്‍ ഓല മേഞ്ഞ പന്തല്‍. നാലഞ്ചു കച്ചവടക്കാര്‍ മത്സ്യം വില്‍ക്കുന്നു. ആദ്യമൊക്കെ എണ്ണത്തിനാണ് വില. വലിയ മത്സ്യമൊക്കെ മുറിച്ചു ഓഹരി വെക്കുന്നു. ഓഹരിക്കാണ് വില. വൈകുന്നേരമാണ്. വില ഒട്ടും കുറയില്ല. കച്ചവടക്കാരന്‍ നമ്മളെ മൈന്‍ഡ് ചെയ്യില്ല. അവരുടെ അട്ടഹാസങ്ങളും ആളുകളെ ആകര്‍ഷിക്കാനുള്ള ചില പൊടിക്കൈകളും. ഇപ്പോള്‍ കടലില്‍ നിന്ന് പിടിച്ചിട്ടേയുള്ളൂ. അപ്പുറത്തേത് ചീഞ്ഞു നാറിയതാ…
സന്ധ്യയായാല്‍ മാര്‍ക്കറ്റില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. മെഴുകുതിരി വെട്ടത്തില്‍ കച്ചവടക്കാര്‍. മുഖത്ത് ഭാവം ശാന്തം. കുറെ മീന്‍ ബാക്കിയാണ്. വാങ്ങൂ, വില കുറച്ച് തരാം. വൈകുന്നേരം കണ്ട മട്ടല്ല. റോഡിലൂടെ നടന്നു പോകുന്നവരെയും വിളിക്കുന്നുണ്ട്. വില പേശലുമായി ചിലര്‍. നല്ല അയലയാണ്. പത്തെണ്ണത്തിന് അഞ്ച് രൂപ മതി. നേരത്തെ പത്തിന് ഇരുപത് രൂപയായിരുന്നു. ഓഫറാണ്, വിറ്റഴിക്കല്‍ വില്‍പ്പന എന്നൊന്നും അന്ന് പറഞ്ഞിരുന്നില്ല. സ്‌റ്റോക്ക് ഒഴിവാക്കുകയാണ്. നാളെ പുതിയതുമായി വരണം.
ഏതെടുത്താലും ഒന്നര എന്നു പറഞ്ഞ് ചിലര്‍ വരാറുണ്ടായിരുന്നു, ഗ്രാമങ്ങളില്‍. വളരെ മുമ്പാണ്. ഒന്നര രൂപക്ക് കിട്ടും പ്ലാസ്റ്റിക് സാധനങ്ങള്‍. വീട്ടാവശ്യത്തിന് യോജിച്ചത്. ഏതെടുത്താലും ഒന്നര എന്നത് തന്ത്രം. വിറ്റ് പോകാനുള്ള സൂത്രവാക്യം. ഇന്നത്തെ ഓഫറിന്റെ പിതാമഹന്‍.
പിന്നീട് കിഴിവ് വന്നു. മുപ്പത് ശതമാനം കിഴിവ്. ആളുകള്‍ തിക്കിത്തിരക്കി സാധനങ്ങള്‍ വാങ്ങുന്നു. ഇത് വില്‍പ്പനക്കാരന്റെ കഴിവ്. വില ആരാണിട്ടത്? കിഴിവോ? അതൊന്നും ആരും ഓര്‍ക്കുന്നില്ല, കിഴിവെന്ന് കേട്ടാല്‍ കടയിലേക്ക് ്ഓട്ടമാണ്. ഹാന്‍ടെക്‌സിലും ഹാന്‍വീവിലുമുണ്ട്. കിഴിവ് കണ്ടുപിടിച്ചത് അവരാണ്.
ഒന്നെടുത്താല്‍ ഒന്ന് ഫ്രീ. രണ്ടെടുത്താല്‍ രണ്ട് ഫ്രീ. മൂന്നെടുത്താല്‍ നാല് ഫ്രീ. ആളുകള്‍ ഓടിച്ചെല്ലുകയാണ്. എന്തിനാണ് ഇത്രയധികം വാങ്ങുന്നതെന്ന് ചോദിക്കരുത്. ഇതൊക്കെ ആവശ്യമുണ്ടോ എന്നും. കടക്കാരന് കൂടുതല്‍ സാധനങ്ങള്‍ ചെലവാകുന്നു. നഷ്ടക്കച്ചവടത്തിന് ഇക്കാലത്ത് ആരെങ്കിലും ഇറങ്ങിപ്പുറപ്പെടുമോ?
ടൗണിലൂടെ നടക്കുമ്പോള്‍ കാണാം, വിറ്റഴിക്കല്‍ വില്‍പ്പന, വിറ്റൊഴിക്കല്‍ വില്‍പ്പന എന്നൊക്കെ. മുമ്പ് അവിടെ കടയുണ്ടായിരുന്നു എന്നതു പോലെയാണ് വില്‍പ്പന. അവിടെയുള്ള സ്‌റ്റോക്ക് കാലിയാക്കുന്നു. പുതിയ കട വാടകക്കെടുത്ത് പഴയ സാധനങ്ങള്‍ വാങ്ങി വില്‍ക്കുകയാണ്. ഇടക്കെങ്ങാന്‍ ടൗണിലെത്തുന്നവരുണ്ടോ ഇക്കാര്യം അറിയുന്നു. ആടറിയുമോ അങ്ങാടി വാണിഭം എന്നല്ല, ആളറിയുമോ അങ്ങാടി വാണിഭം എന്നാണ്.
വണ്ടിയില്‍ പച്ചക്കറികളും പഴങ്ങളും. കിലോക്ക് ഇത്ര രൂപ എന്നല്ല, ഒന്നരക്കിലോ പത്ത്, രണ്ട് കിലോ പതിനഞ്ച് എന്നൊക്കെയാണ്. മാര്‍ക്കറ്റിലെ വില എത്രയാണെന്ന് നോക്കിയിട്ടല്ല, ഈ വാങ്ങല്‍.
ഇനി ഓണവും പെരുന്നാളും വരികയാണ്. ഓഫറുകളും എത്തിക്കഴിഞ്ഞു. സമ്മാനങ്ങളുടെ പെരുമഴയാണ്. മഴയില്ലെങ്കിലും…വാങ്ങിക്കൂട്ടാന്‍ നമ്മളും ഒരുങ്ങിക്കഴിഞ്ഞു.
കേന്ദ്ര സര്‍ക്കാറും വില്‍പ്പന തുടങ്ങിയിട്ട് കുറെയായി. മന്‍മോഹന്‍ സിംഗിന്റെ കാലത്ത് തുടങ്ങിയതാണ്. മോദിയും തുടരുന്നു. നഷ്ടത്തിലായത് മാത്രമല്ല, ലാഭത്തിലുള്ളതും വില്‍ക്കുന്നുണ്ട്. റെയില്‍വേ വില്‍പ്പന തുടങ്ങി. ഓരോ റൂട്ടുകളാണ് സ്വകാര്യ സംരംഭകരെ ഏല്‍പ്പിക്കുക. പിന്നെ സ്‌റ്റേഷനുകളും. ഇനി വിമാനക്കമ്പനിയും, വിമാനത്താവളങ്ങളും. തുറമുഖങ്ങള്‍ പലതും പോയി. വിത്തെടുത്ത് ഉണ്ണുകയാണ്.
ലാഭമില്ലാത്തത് വാങ്ങാനാളില്ലാതാകുമ്പോള്‍ വില കുറക്കും. അപ്പോള്‍ പറയും, റെയില്‍വേ സ്‌റ്റേഷന്‍ ഒന്നരക്കിലോ പത്ത്. വിമാനത്താവളം രണ്ട് കിലോ…നല്ല പെടപെടക്കുന്ന ഓഹരി..! രണ്ടെടുത്താല്‍ മൂന്ന് ഫ്രീ..!