Connect with us

Articles

കശ്മീരിൽ ആരാണ് ജയിക്കുന്നത്..?

Published

|

Last Updated

അനുച്ഛേദം 370 റദ്ദാക്കിയത് ഇന്ത്യാ മഹാരാജ്യത്ത് സംജാതമാക്കുന്ന വിവിധ രാഷ്ട്രീയ- സാമൂഹിക- ജനാധിപത്യ സ്വഭാവം സംബന്ധിച്ച ആശങ്കകൾ നിരവധിയാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അനുവദിക്കുന്ന 370ഉം 35എയുമെല്ലാം ഭരണഘടനയുടെ ഭാഗമാണ്. ഹൈക്കോടതി, സുപ്രീം കോടതികളിൽ വിവിധ വിധികളിൽ ഇക്കാര്യം ഈയടുത്ത് പോലും ഊന്നിപ്പറഞ്ഞതുമാണ്. അതിന്, ചരിത്രപരമായ ഒരു വശം കൂടിയുണ്ട്. പിന്നാക്ക, തദ്ദേശീയ, അതിർത്തി സവിശേഷതകൾ കൂടി പ്രത്യേക പദവിക്ക് പിന്നിലുണ്ട്. അത് കശ്മീരിന് മാത്രമുള്ളതുമല്ല.

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവിയുണ്ടെന്ന് മാത്രമല്ല, അവിടെയുള്ള തദ്ദേശീയ സ്വഭാവം മാനിച്ച് വിഘടന പ്രവർത്തനങ്ങൾ നടത്തുന്നവരുമായി സമാധാന ചർച്ചകളിലൂടെ പരിഹാരം കാണുന്ന ഉൾക്കൊള്ളലിന്റെ വാതിലാണ് മോദി സർക്കാർ തന്നെ തുറന്നിട്ടിരുന്നത്. എന്നാൽ, ജമ്മു കശ്മീരിന്റെ കാര്യത്തിൽ അത്തരം സുതാര്യതയുടെ ചർച്ചയുടെ അനുരഞ്ജനത്തിന്റെ യാതൊരു അനുരണനങ്ങളുമുണ്ടായില്ല. ജമ്മു കശ്മീർ, ലഡാക്ക് എന്നീ അടിസ്ഥാനപരമായി തന്നെ വ്യത്യസ്ത സ്വഭാവത്തിലുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റി. മറ്റൊരു കാതലായ പ്രശ്‌നം, പ്രകൃതിക്ക് നേരെയുള്ള അനിയന്ത്രിതമായ കടന്നുകയറ്റമായിരിക്കും. ജമ്മു കശ്മീരിലെയും ലഡാക്കിലെയുമൊക്കെ വിനോദസഞ്ചാര സാധ്യതകളിൽ കഴുകക്കണ്ണുകളുമായി വമ്പൻ കമ്പനികൾ രാജ്യത്തുണ്ട്. അവർക്ക് ചുവപ്പ് പരവതാനി വിരിക്കലും ഈ വളഞ്ഞവഴി സ്വീകരിക്കുന്നതിന് കേന്ദ്രത്തെ പ്രേരിപ്പിച്ചിരിക്കാം.
1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുകയും പാക്കിസ്ഥാൻ രാജ്യം സ്ഥാപിക്കപ്പെടുകയും ചെയ്തപ്പോൾ രണ്ട് രാജ്യങ്ങളിലും ലയിക്കാതെ സ്വതന്ത്ര രാജ്യമായി നിലകൊള്ളുകയായിരുന്നു ജമ്മു കശ്മീർ. അന്ന് കശ്മീർ ഭരിച്ചത് മഹാരാജാ ഹരിസിംഗ്. ജനങ്ങളുടെ ആഗ്രഹം അനുസരിച്ച് പ്രവർത്തിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇന്ത്യയോട് ചേരാനായിരുന്നു രാജാവ് ഹരിസിംഗിന്റെ ആഗ്രഹം. ആയിടക്കാണ് പാക്കിസ്ഥാനിൽ നിന്നുള്ള പഷ്തൂൺ ഗോത്രവർഗം കശ്മീരിലേക്ക് അധിനിവേശം നടത്തുന്നതും ഹരിസിംഗിന്റെ സൈന്യത്തെ പരാജയപ്പെടുത്തുന്നതും. ഈയവസരത്തിലാണ് ഹരിസിംഗ് ഇന്ത്യയുടെ സഹായം അഭ്യർഥിക്കുന്നതും പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു സൈന്യത്തെ അയക്കന്നതും. ഇന്ത്യ സൈന്യത്തെ അയക്കും മുമ്പ് കശ്മീരിനെ ഇന്ത്യയുമായി ലയിപ്പിക്കാൻ ഗവർണർ ജനറൽ ലോർഡ് മൗണ്ട്ബാറ്റൺ രാജാവിനെ ഉപദേശിച്ചു. ഗത്യന്തരമില്ലാതെ രാജാവ് ഇന്ത്യയുമായി ഇൻസ്ട്രുമെന്റ് ഓഫ് അസ്സസഷൻ ഉടമ്പടിയിൽ ഏർപ്പെട്ടു. ഇതുപ്രകാരം മൂന്ന് മാനദണ്ഡങ്ങളുണ്ടായിരുന്നു. മഹാരാജ ഇന്ത്യയിൽ ചേരണം, ജമ്മു കശ്മീരിന്റെ ആഭ്യന്തര ഭരണം ജനാധിപത്യവത്കരിക്കുകും മൈസൂർ രാജ്യത്തിന്റെ മാതൃകയിൽ (അന്ന് മൈസൂർ ഇന്ത്യയിൽ ലയിച്ചിരുന്നു; കൊച്ചി- തിരുവിതാംകൂർ രാജ്യം ചെയ്തതുപോലെ) പുതിയ ഭരണഘടനക്ക് രൂപം നൽകണം, ജമ്മു കശ്മീരിൽ പുതുതായി വരുന്ന സർക്കാറിലേക്ക് നാഷനൽ കോൺഫറൻസ് നേതാവ് ശൈഖ് അബ്ദുല്ലയെ കൊണ്ടുവരികയും പ്രധാനമന്ത്രിയാക്കുകയും വേണം. അങ്ങനെ കശ്മീരിന്റെ ഭരണകാര്യങ്ങൾ നടത്താൻ അടിയന്തര ഭരണത്തിന്റെ മേധാവിയായി ശൈഖ് അബ്ദുല്ല വരികയും മഹാരാജ ജമ്മുവിലേക്ക് മാറുകയും ചെയ്തു. തുടർന്നാണ് ഇന്ത്യൻ സൈന്യം ശ്രീനഗർ വിമാനത്താവളത്തിൽ ഇറങ്ങുന്നതും താഴ്‌വരയിൽ നിന്ന് അധിനിവേശക്കാരെ പുറത്താക്കുന്നതും. ഈ ഉടമ്പടി പ്രകാരം വാർത്താവിനിമയം, വിദേശകാര്യം, പ്രതിരോധം എന്നിവക്ക് മാത്രമാണ് യൂനിയൻ സർക്കാറിന് അവകാശമുള്ളത്. മറ്റുള്ളവയെല്ലാം ജമ്മു കശ്മീരിന്റെ നിയമനിർമാണ സ്ഥാപനത്തിനാണ്. 370ഉം 35എയുമൊക്കെ വരുന്നത്. കശ്മീരികൾ എന്ന ഭൂവിഭാഗവുമായി ബന്ധപ്പെട്ട പ്രാദേശികത്വം തന്നെയാണ് അവരെ വേർതിരിച്ച് നിർത്തുന്നതും; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ളതുപോലെ. മതപരമായ സവിശേഷതയല്ല അതിന് നിദാനം. വ്യത്യസ്ത മതവിഭാഗങ്ങൾ അവിടെ കഴിയുന്നുണ്ട്. 370ഉം 35എയും ഭരണഘടനയുടെ ഭാഗമാണ്. ജമ്മു കശ്മീരിലെ ജനങ്ങൾ ആവശ്യപ്പെട്ടാലല്ലാതെ അത് നീക്കരുത്. അഥവാ ജമ്മു കശ്മീർ നിയമസഭ ആവശ്യപ്പെടണം. നിലവിലെ സ്ഥിതിയിൽ ജമ്മു കശ്മീരിൽ നിയമസഭയില്ല. രാഷ്ട്രപതി ഭരണമാണ്. കാലാവധി പൂർത്തിയായ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയപ്പോഴും ജമ്മു കശ്മീരിനെ അവഗണിച്ചു.

ഈ പശ്ചാത്തലത്തിലാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ വിഭജിച്ചത്. അവിടെ പ്രതിഷേധമുണ്ടാകുമെന്ന് ഉറപ്പുള്ളതിനാലാണ് സൈന്യത്തെ ഉപയോഗിച്ച് ബന്തവസ്സാക്കിയിരിക്കുന്നത്. അവിടെ കൂടുതൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതാണ് ഈ നീക്കങ്ങളെന്നത് അറിയാത്തവർ ആരുമുണ്ടാകില്ല. സവിശേഷ പദവിയുള്ളപ്പോൾ തന്നെ ആ സംസ്ഥാനത്തെ ജനങ്ങൾ അനുഭവിച്ചത് അറിഞ്ഞതാണ്. ലോകത്തെ തന്നെ വലിയ സൈനിക സാന്നിധ്യമുള്ള സാധാരണക്കാർ തിങ്ങിത്താമസിക്കുന്ന മേഖലയാണ് കാലങ്ങളായി ജമ്മു കശ്മീർ. സൈന്യത്തിന് സവിശേഷതാധികാരമുള്ള ഇടം. കശ്മീരികളെ കൂടി വിശ്വാസത്തിലെടുത്ത് അവരുമായി ചർച്ച ചെയ്ത് രാഷ്ട്രീയതാത്പര്യത്തിന് വേണ്ടി പ്രവർത്തിക്കുന്നവരെ അവഗണിച്ചുള്ള നടപടിയായിരുന്നു വേണ്ടിയിരുന്നത്. നെഹ്‌റുവിന് ശേഷമുള്ള പ്രധാനമന്ത്രിമാരും അതിനാണ് ശ്രമിച്ചിരുന്നതും. നെഹ്‌റു പ്രധാനമന്ത്രിയായിരിക്കുമ്പോൾ തന്നെ നിരവധി വാഗ്ദാനങ്ങൾ ആ ജനതക്ക് നൽകിയതാണ്. പക്ഷേ, കാലാന്തരത്തിൽ എല്ലാം അട്ടിമറിക്കപ്പെടുകയും ബലപ്രയോഗത്തിന്റെ ഭാഷ ഉപയോഗിക്കുകയും ചെയ്തു. ഫലമോ, തക്കം പാർത്തിരുന്ന വിധ്വംസക സംഘങ്ങൾ പൊതുവികാരത്തെ മുതലെടുത്ത് കൂടുതൽ നശീകരണങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അങ്ങനെയാണല്ലോ ചെയ്തത്. നാഗാലാൻഡ് ജീവിക്കുന്ന ഉദാഹരണമാണ്. അരുണാചൽ പ്രദേശ്, അസാം, ഹിമാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവക്കെല്ലാം സവിശേഷ പദവിയുണ്ട്. തങ്ങൾ സവിശേഷ വിഭാഗമാണെന്നും ഇന്ത്യയിലോ ചൈനയിലോ മറ്റേതെങ്കിലും രാജ്യവുമായി ചേരില്ലെന്നും സ്വന്തം രാജ്യമായി നിലകൊള്ളുമെന്നുമായിരുന്നല്ലോ നാഗകളുടെ നിലപാട്.

പതിറ്റാണ്ടുകളായി അവർ ആവശ്യം ഉന്നയിക്കുക മാത്രമല്ല ആയുധമെടുക്കുകയും ചെയ്തു. വാജ്പയിയുടെ ഭരണകാലത്താണ് നാഗകളുമായി വെടിനിർത്തൽ കരാറിലെത്തുന്നത്. ഒരു സംസ്ഥാനത്തെ വിഘടനവാദികളുമായി സമാധാന കരാറിലെത്തിയ മാതൃക മുന്നിലുണ്ടായിരിക്കെയാണ് പാർലിമെന്റ് വഴിയുള്ള ഈ നീക്കമുണ്ടായത്. നാഗകളുമായി സമാധാന ചർച്ച പിന്നെയും മുന്നോട്ടുപോയിരുന്നു. ഒടുവിൽ കഴിഞ്ഞ വർഷം വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവരുമായി ചർച്ച നടത്തുകയും ചില കാര്യങ്ങളിൽ ഉടമ്പടിയിലാകുകയും ചെയ്തിരുന്നു.
ഇത്തരമൊരു ഉൾക്കൊള്ളലിന്റെ പ്രക്രിയ ഒരു ഭാഗത്ത് നടക്കുമ്പോഴാണ് മറ്റൊരു ഭാഗത്ത്, അതും രാജ്യത്തിന്റെ മർമഭാഗത്ത്, ജനാധിപത്യവിരുദ്ധവും പ്രദേശവാസികളെ ഒരിക്കലും വിശ്വാസത്തിലെടുക്കാത്തതും സൈനിക ഉരുക്കുമുഷ്ടി ഉപയോഗിച്ചുള്ളതുമായ ഈ നടപടിയെന്നത് ജനാധിപത്യ- മതേതരത്വ വിശ്വാസികളുടെ മർമത്തടി തന്നെയാണ്.