Connect with us

Travelogue

കാന്തല്ലൂരിലെ പുലരി

Published

|

Last Updated

പ്രിയ സുഹൃത്ത് റൺദീപാണ് ഇടുക്കിയിലെ കാന്തല്ലൂരിനടുത്തുള്ള പുത്തൂരിലെ മഡ് ഹൗസ് ചിത്രങ്ങൾ അയച്ചുതന്നത്. ഫോട്ടോകൾ കണ്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ടമായി. വിശദമായി അന്വേഷിച്ച് ഒരു വെള്ളിയാഴ്ച താമസം ഉറപ്പാക്കി. ഗൂഗ്ൾ ലൊക്കേഷൻ നോക്കിയപ്പോൾ പെരിന്തൽമണ്ണയിൽ നിന്ന് ആറ് മണിക്കൂർ യാത്ര! കുടുംബത്തോടൊപ്പമായതിനാൽ ഒറ്റക്ക് ഡ്രൈവ് ചെയ്യണം. വ്യാഴാഴ്ച വരെ ആശങ്കയിലായിരുന്നു. പിന്നെ കൂടുതലൊന്നും ചിന്തിക്കാൻ നിന്നില്ല. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെ കാന്തല്ലൂർ ലക്ഷ്യമാക്കി യാത്ര തിരിച്ചു. കാട്ടിലൂടെയുള്ള വഴിയായതിനാൽ ബി എസ് എൻ എല്ലിന് മാത്രമേ അൽപ്പമെങ്കിലും റേഞ്ചെന്ന് തലേ ദിവസം റനീഷേട്ടൻ പറഞ്ഞതിനാൽ ആ സിമ്മും കൈയിൽ കരുതി. പാലക്കാട്- പൊള്ളാച്ചി- ഉദുമൽപേട്ട്- ചിന്നാർ വൈൽഡ് സാംഗ്ച്വറി- കോവിലക്കടവ്- കാന്തല്ലൂർ വഴി ഒടക്കണിയിലേക്ക്. ചിന്നാർ, അണ്ണാ മലൈ കാടുകളിലൂടെയുള്ള യാത്ര അവിസ്മരണീയമാണ്. ബൈക്കിലാണേൽ പൊളിക്കും. മനോഹര കാഴ്ചകൾ കണ്ട് കാട്ടിലെ കുളിർ കാറ്റേറ്റ് കിടിലൻ യാത്ര. കാട്ടിലെ ചില ഭാഗങ്ങളിൽ വാഹനം നിർത്തി കാഴ്ചകൾ കണ്ടിരിക്കുകയും ചെയ്യാം. ആനയിറങ്ങുന്ന ചില ഭാഗങ്ങളുണ്ട്, പ്രത്യേകം ശ്രദ്ധിക്കണം.

മറയൂർ ശർക്കര ഗ്രാമം

ഇടുക്കിയിലേക്ക് യാത്ര പോകുമ്പോൾ നിർബന്ധമായും കാണേണ്ട സ്ഥലമാണ് മറയൂർ. മനോഹരമായ കൊച്ചുഗ്രാമപ്രദേശം. രാജ്യത്തെ തന്നെ പേരുകേട്ട ശർക്കര നിർമാണ കേന്ദ്രമാണ് മറയൂർ. നിറയെ കുഞ്ഞുകുഞ്ഞു വീടുകൾ. ഇവിടെ നിന്നാണ് നമ്മുടെ നാട്ടിലേക്കൊക്കെ ശർക്കരയെത്തുന്നത്. ഒട്ടേറെ ശർക്കര നിർമാണ യൂനിറ്റുകൾ ഇവിടെയുണ്ട്. ചന്ദനക്കാടുകൾക്ക് പേരുകേട്ട സ്ഥലം കൂടിയാണ് ഇവിടം. വഴിയിലുടനീളം കരിമ്പിൻ തോട്ടങ്ങളും വെളുത്തുള്ളി കൃഷിയും കാണാം. സെപ്തംബർ മാസത്തിലാണെങ്കിൽ ഓറഞ്ച്, ആപ്പിൾ തുടങ്ങിയ പഴ വർഗങ്ങൾ നിറഞ്ഞുനിൽക്കുന്ന കൃഷിത്തോട്ടങ്ങളും കാണാം.

നല്ല കായികാധ്വാനം വേണ്ട ജോലിയാണ് ശർക്കര നിർമാണം. ജോലിക്കാരിൽ മിക്കവരും സ്ത്രീകളാണ്. ഒരു ഭാഗത്ത് കരിമ്പ് മെഷീൻ വഴി ജ്യൂസ് എടുക്കുന്നു. വലിയ കാനിൽ നിറക്കുന്ന ജ്യൂസ്, പൈപ്പ് വഴി തിളക്കുന്ന ചെമ്പിലേക്ക്. അടുത്ത് നിൽക്കുമ്പോൾ വലിയ ചൂടുണ്ടെങ്കിലും ഹൈറേഞ്ചിലെ തണുപ്പ് ആശ്വാസമാണ്. കുറേ നേരം തിളപ്പിച്ച് കുറുകി വന്നാൽ സമീപത്തെ വലിയ മരപ്പാത്രത്തിലേക്ക് ഒഴിക്കും. ജ്യൂസെടുത്ത് കിട്ടുന്ന കരിമ്പിൻ വേസ്റ്റാണ് കത്തിക്കാൻ ഉപയോഗിക്കുന്നത്. മണ്ണെണ്ണയോ മറ്റോ ഉപയോഗിക്കാറില്ല. കുറേ നേരം അവരുടെ വിശേഷങ്ങൾ ചോദിച്ചും കണ്ടും നിന്നു. എല്ലാവരും കഠിനാധ്വാനികളാണ്. ചിരിച്ചും കഥകൾ പറഞ്ഞുമുള്ള അവരുടെ ജോലി കാണാൻ ചന്തമാണ്. പലരും ഇരുപതിലേറെ വർഷമായി ഇവിടെ ജോലി ചെയ്തുവരുന്നു. എല്ലാവരും ഹാപ്പി. ഞങ്ങളെ കണ്ടപ്പോൾ ചിരിച്ചോണ്ടുള്ള സ്വീകരണം കണ്ടപ്പോഴേ തോന്നിയിരുന്നു അവർ ആ ജോലിയിൽ സംതൃപ്തരാണെന്ന്. മലബാറിൽ നിന്നാണെന്നറിഞ്ഞപ്പോൾ കൂട്ടത്തിലെ കാരണവർ സുശാന്തേട്ടൻ പറഞ്ഞു, ഇവിടന്നാണ് നിങ്ങടെ നാട്ടിലേക്ക് ശർക്കര കൊണ്ടു പോകുന്നതെന്ന്. കഥകളെല്ലാം ആസ്വദിച്ച് എല്ലാവരോടും യാത്ര ചോദിച്ച് നേരെ കാന്തല്ലൂരിലേക്ക്.

ഫല വർഗങ്ങളുടെ നാട്ടിലേക്ക്

മറയൂരും പഴങ്ങളുടെ നാടായ കാന്തല്ലൂരും കടന്ന് പുത്തൂരിലെ ആനന്ദവൻ എക്കോ മഡ് ഹൗസിലേക്ക്. ഗൈഡ് സോമുവിനൊപ്പം മൂന്ന് കിലോ മീറ്ററോളം ഓഫ് റോഡ് യാത്ര. ഉച്ചക്ക് രണ്ട് മണിയായിട്ടും നല്ല തണുപ്പ്. കാടും കാഴ്ചകളും മുകളിൽ എത്തിയതും ശരീരം തുളക്കുന്ന മഴയും എടുത്തു കൊണ്ടു പോകുന്ന കാറ്റും. 20 ഏക്കറിൽ പരന്ന് കിടക്കുന്ന വനത്തിൽ നാല് മഡ് ഹൗസും കിച്ചണും ട്രീ ഹൗസും ഒപ്പം പുതുതായി നിർമിക്കുന്ന ഡോർമെറ്ററിയും. ക്യാമ്പുകളും മീറ്റിംഗുകളും നടത്താൻ പറ്റിയ സ്ഥലം. കാട്ടിൽ കുഞ്ഞുകുഞ്ഞു വെള്ളച്ചാട്ടങ്ങൾ. ചുറ്റുമുള്ള യൂക്കാലിപ്‌സ് മരങ്ങളെ തഴുകിവരുന്ന കാറ്റേറ്റിരിക്കാൻ വല്ലാത്തൊരു സുഖം തോന്നി. ഏസിയോ ഫാനോ റൂമിലില്ല. പൂർണമായും മണ്ണിനാലാണ്. നിറയെ ചെടികളും മരങ്ങളും പഴ വർഗങ്ങളും. ബാഗും സാധനങ്ങളുമെല്ലാം റൂമിൽ വെച്ച് കാഴ്ചകൾ കാണാനായി പുറത്തേക്കിറങ്ങി. ഹൈറേഞ്ച് ആയതിനാൽ പോകുന്ന വഴിയിലുടനീളം മനോഹര വ്യൂ പോയിന്റുകളും പച്ചപുതച്ച് കോടയിൽ മുങ്ങിയ കാഴ്ചകളും. പ്രകൃതിയെ സ്‌നേഹിക്കുന്നവർക്കും ട്രക്കിംഗ് ഇഷ്ടപ്പെടുന്നവർക്കും ഇവിടം പ്രിയപ്പെട്ടതാകും. നിരവധി കാഴ്ചകൾ കണ്ട് ഫോട്ടോകളെല്ലാം മൊബൈലിലാക്കി രാത്രി ഒമ്പതോടെ ഭക്ഷണം കഴിച്ച് ഉറക്കത്തിലേക്ക്.


പുലർകാല കാഴ്ചകൾ കാണാൻ ആറ് മണിയോടെ എഴുന്നേറ്റു. റൂമും പരിസരവും കോടയിൽ മുങ്ങി നിൽക്കുന്നു. വെള്ളച്ചാട്ടങ്ങളുടെ കളകളാരവും പക്ഷികളുടെ ചിൽ ചിൽ ശബ്ദവും കേട്ടിരിക്കാൻ വല്ലാത്തൊരു സുഖം. ഫോണിന് റേഞ്ചില്ലാത്തതിനാൽ മറ്റൊരു ശല്യവുമില്ല. മുകളിൽ നിന്ന് കോട ഇടക്ക് പോയി താഴെ തെളിഞ്ഞു കാണുന്ന കാഴ്ച മാസ്മരികമാണ്. ഒമ്പതരയോടെ ഇഷ്ട വിഭവമായ പുട്ടും കടലയും കഴിച്ച് നോട്ടക്കാരൻ സോമുവിനോടും ചേച്ചിയോടും യാത്ര പറഞ്ഞ് മൂന്ന് കിലോമീറ്റർ അകലെയുള്ള ഒടക്കണ്ണിയിലെത്തി ജോർജേട്ടന്റെ തോട്ടത്തിൽ നിന്ന് നാല് കിലോ പ്ലംസും സബർജില്ലും ചോളവും കുറച്ച് വെളുത്തുള്ളിയും വാങ്ങി. എല്ലാത്തിനും വിലക്കുറവ്. ഈ വഴി പോകുമ്പോൾ കുറച്ചധികം ഫല വർഗങ്ങൾ വാങ്ങാൻ മറക്കുത്.

അണക്കെട്ടുകളും മലനിരകളും തേയിലത്തോട്ടങ്ങളും തടാകങ്ങളുമൊക്കെയാണ് ഇടുക്കിയെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്. എക്കാലത്തും ഒരുപോലെ യാത്രികനെ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന ഇടുക്കി എന്ന ഗിരിശൃംഗങ്ങളുടെ നാട്. ഇടുക്കിയിലെ മുക്കുംമൂലയും ഒന്നിനൊന്ന് മികച്ചതാണ്. മൂന്നാർ, കാന്തല്ലൂർ, രാമക്കൽമേട്, വാഗമൺ, പൈനാവ്, പീരുമേട്, രാജമല, മീനുളി, മാട്ടുപെട്ടി, ഹിൽവ്യൂ പാർക്ക്, ആർച്ച് ഡാം, ഇരവികുളം നാഷനൽ പാർക്ക്, ദേവികുളം, കട്ടപ്പന, അടിമാലി, കണ്ണൻ ദേവൻ ഹിൽസ്, കുളമാവ്, ചെറുതോണി, ശാന്തൻപാറ തുടങ്ങി ഒട്ടേറെ മനോഹരമായ സ്ഥലങ്ങളുമുണ്ട് ഇവിടെ. സമയം വില്ലനായപ്പോൾ ആ സ്ഥലങ്ങളിലേക്കുള്ള യാത്ര മറ്റൊരിക്കലാകാം എന്ന് കുടുംബത്തെ ആശ്വസിപ്പിച്ച് പെരിന്തൽമണ്ണയിലേക്ക് തിരിച്ചു.

ഫാറൂഖ് എടത്തറ
• umerul9farooque@gmail.com

Latest