Connect with us

Malappuram

മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ബന്ധുകൂട്ടമില്ല; ശോകമൂകമായി നിലമ്പൂര്‍ ജില്ലാ ആശുപത്രി

Published

|

Last Updated

കവളപ്പാറയില്‍ നിന്നുള്ള മൃതദേഹങ്ങള്‍ നിലന്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നു

നിലമ്പൂര്‍: കവളപ്പാറയില്‍ നിന്നുള്ള മൃതദേഹങ്ങള്‍ ഒന്നൊന്നായി എത്തിയതോടെ നിലമ്പൂര്‍ ജില്ലാ ആശുപത്രി ശോകമൂകായി. പ്രദേശവാസികളെല്ലാം മണ്ണില്‍ ചേര്‍ന്നതിനാല്‍ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും നിലവിളികള്‍ കുറവായിരുന്നെങ്കിലും ആശുപത്രി മോര്‍ച്ചറിക്ക് മുന്നിലെത്തിയവരെല്ലാം വിതുമ്പിക്കൊണ്ടേയിരുന്നു.

ജില്ലാ കലക്ടറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ വേഗത്തില്‍ കൈമാറിയെങ്കിലും ഏറ്റുവാങ്ങാന്‍ ബന്ധുക്കളുടെയോ കുടുംബങ്ങളുടെയോ കൂട്ടമില്ലായിരുന്നു.

ഒന്നിച്ച് വിടചൊല്ലിയ കവളപ്പാറ നിവാസികള്‍ക്ക് കൂട്ട് വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പൊതുജനങ്ങളും പോലീസും സന്നദ്ധ പ്രവര്‍ത്തകരും മാത്രമാണ്. മൃതദേഹങ്ങളുമായുള്ള ആംബുലന്‍സുകള്‍ ജില്ലാ ആശുപത്രിയിലേക്ക് കുതിക്കുന്നത് നിലമ്പൂരിന് പതിവ് കാഴ്ചയെങ്കിലും ഒരേ ദിവസം ഇത്രയും മൃതദേഹങ്ങള്‍ ഒന്നിച്ചെത്തുന്നത് ഇതാദ്യമാണ്. ആശുപത്രിയില്‍ കൂടിനിന്നവര്‍ക്ക് മാത്രമല്ല, മൃതദേഹങ്ങള്‍ പോസ്റ്റ്മാർട്ടവും ഇന്‍ക്വസ്റ്റും നടത്തുന്ന ഡോക്ടര്‍മാര്‍ക്കും പോലീസിനും വരെ നടപടികള്‍ പൂര്‍ത്തിയാക്കനുള്ള മനാസിക ശക്തി ഇല്ലാതെയായി മാറി. കവളപ്പാറയിലെ ചെളിനിറഞ്ഞ മണ്ണില്‍ നിന്ന് വാരിയെടുത്ത മൃതദേഹങ്ങളില്‍ ഏറെയും തിരിച്ചറിയാവാത്ത നിലയിലായിരുന്നു.

മണ്ണിനാല്‍ മൂടിയ മൃതദേഹങ്ങളില്‍ നിന്നുള്ള ചെളിമണ്ണ് ജില്ലാ ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ തളംകെട്ടി നിന്നു. ഒപ്പം കൂടിനിന്നവരുടെ കണ്ണില്‍ നിന്ന് ഒലിച്ചിറങ്ങിയ കണ്ണീര്‍ കണങ്ങളും. ജില്ലയില്‍ സമീപ കാലത്തൊന്നും ഇത്രയും കൂടുതല്‍ ജീവന്‍ നഷ്ടമായ ദുരന്തങ്ങള്‍ ഉണ്ടായിട്ടുമില്ല. ഇനി ഉണ്ടാവാതിരിക്കട്ടെയെന്ന പ്രാർഥനയിലാണ് എല്ലാവരും. വെള്ളിയാഴ്ച മുതല്‍ ഇന്നലെ വൈകുന്നേരം വരെ പതിനൊന്ന് മൃതദേഹങ്ങളാണ് കവളപ്പാറയില്‍ നിന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിയത്.

ഉരുള്‍പൊട്ടല്‍ സംഭവിച്ചിട്ട് മൂന്ന് ദിവസം പിന്നിട്ടതിനാല്‍ ഇനിയും കണ്ടെത്തുന്ന മൃതദേഹങ്ങള്‍ മണ്ണില്‍ നിന്ന് വേര്‍തിരിക്കാന്‍ കഴിയാത്ത നിലയിലാവും. അതിനാല്‍ കവളപ്പാറയില്‍ വെച്ച് തന്നെ നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള ആലോചനയിലാണ് അധികൃതര്‍.

---- facebook comment plugin here -----

Latest