Connect with us

Articles

വികസന നായകന്‍ മണ്ണുമാന്തി യന്ത്രം!

Published

|

Last Updated

അത്ര വലിയ സൗന്ദര്യമൊന്നുമില്ല. നീണ്ടു വളഞ്ഞൊരു രൂപം. തുറിച്ച കണ്ണുകള്‍. ഉന്തിയ പല്ലുകള്‍. നീളന്‍ എന്ന് ചിലര്‍ വിളിക്കും. കോലന്‍ എന്നു കളിയാക്കും. നിങ്ങള്‍ കണ്ടിട്ടുണ്ടാകും. റോഡിലൂടെ, ചെളിയിലൂടെ, ഇടവഴികളിലൂടെ അങ്ങനെ ഞരങ്ങി നീങ്ങുന്നത്.
ചിലപ്പോള്‍ നിങ്ങളുടെ വീട്ടിലും വന്നിട്ടുണ്ടാകും. ഏയ്, ക്ഷണിക്കാതെയൊന്നുമല്ല. നിങ്ങള്‍ വന്ന് കൂട്ടിക്കൊണ്ടു പോകുകയാണ്. ഓ, എന്റെ പേര് പറയാന്‍ മറന്നു. എം എം. ചുരുക്കപ്പേരാണ്. നീട്ടിയാല്‍ മണ്ണു മാന്തി യന്ത്രം. കുറച്ചു കൂടി കൈ നീട്ടിയാല്‍ മല കാണില്ല, മരങ്ങളുടെ തല കാണില്ല. ചിലര്‍ ജെ സി ബി എന്നും ഹിറ്റാച്ചി എന്നും വിളിക്കാറുണ്ട്. അതൊക്കെ എന്നെ വീട്ടില്‍ വിളിക്കുന്ന പേരുകളാണ്.
മണ്ണു മാന്തി യന്ത്രം. ഇത് കേള്‍ക്കുമ്പോള്‍ എനിക്ക് ചിലപ്പോള്‍ കലി വരും. എം എം എന്ന് വിളിക്കുന്നതാണ് എനിക്ക് ഇഷ്ടം. മണ്ണ് മാത്രമല്ല, ഞാന്‍ മാന്തിയെടുക്കുന്നത്. മരവും കല്ലും എല്ലാം എനിക്ക് ഒരു പോലെയാണ്. വലിയെടാ വലി എന്നതാണ് എന്റെ പോളിസി. ആരു പറയുന്നോ, അവര്‍ക്ക് വേണ്ടി.

കുറെ മുമ്പ് ഞാന്‍ മല കയറിയിരുന്നു. നിങ്ങളെല്ലാം അന്ന് കൂടെയുണ്ടായിരുന്നു. ഓര്‍മയുണ്ടോ? എല്ലാവര്‍ക്കും വലിയ സന്തോഷം. എന്തോ നിധി കിട്ടിയതു പോലെയാണ്. മണ്ണ് മാന്താനാണ്. അതിനുള്ളിലാണ് നിധി. ചെങ്കല്‍ ഖനനം എന്ന് പറയും. നിങ്ങള്‍ക്കത് ഖനനം. എനിക്കത് മലയുടെ കരള്‍ പറിക്കുന്നത് പോലെയാണ് തോന്നിയത്. കുറച്ചേ മാന്തേണ്ടി വന്നിട്ടുള്ളൂ. കല്ല് റെഡി. ഇനി കല്ല് വെട്ടു യന്ത്രം വന്ന് പണി നോക്കിക്കോളും.

പുഴകള്‍, മലകള്‍, പൂവനങ്ങള്‍
ഭൂമിക്ക് കിട്ടിയ സ്ത്രീധനങ്ങള്‍… എന്ന പാട്ട് എവിടെ നിന്നോ ഒഴുകി വരുന്നു…

ഇന്നത്തെ പണി കഴിഞ്ഞെന്നാണ് വിചാരിച്ചത്. കുറച്ച് നേരം വിശ്രമിക്കാമല്ലോ എന്ന് കരുതി. ഇനിയുമുണ്ട് ജോലി. അപ്പുറത്തെ മല കയറണം. അവിടെ റിസോര്‍ട്ടാണ് വരുന്നത്. മല കുറച്ച് താഴ്ത്തി കുഴിയെടുക്കണം. അടിത്തറ ഉണ്ടാക്കണം. റിസോര്‍ട്ടിലേക്ക് റോഡും വെട്ടണം. പരിസ്ഥിതിലോല പ്രദേശം. നിങ്ങളുടെ മുഖത്ത് കണ്ട ചിരി ഞാനിപ്പോഴും ഓര്‍ക്കുന്നു. അത് വിജയാഹ്ലാദം ആയിരുന്നു. നിങ്ങള്‍ ജയിച്ചിരിക്കുന്നു എന്ന് ലോകത്തോട് പറയുന്ന മാതിരി. കുപ്പിവെള്ളവും പാക്കറ്റില്‍ നിറച്ച ഭക്ഷണ സാധനങ്ങളുമായി ഒരാഘോഷം തന്നെ.

ലഹരിയുമുണ്ടായിരുന്നെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ.
വികസന നായകന്‍ ആരാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. ഈ എം എം മാത്രം. ഈ പീക്കിരി പയ്യന്‍. നാടിന്റെ മുഖച്ഛായ തന്നെ മാറ്റിയില്ലേ. മരങ്ങള്‍ പിഴുതെറിഞ്ഞില്ലേ, മലകള്‍ തുരന്നില്ലേ, തകര്‍ത്തെറിഞ്ഞില്ലേ. നാട് മാറുകയായിരുന്നു, നാട്ടുകാരും. റിസോര്‍ട്ട് വന്നു, പിന്നാലെ വിനോദ സഞ്ചാരികളും.
നിങ്ങളുടെ വീടും മതിലും ഈ മലകളുടെ സംഭാവനയാണ്. ഇവിടുത്തെ കല്ലുകളാണ് സ്വപ്‌നങ്ങളായി തലയുയര്‍ത്തി നില്‍ക്കുന്നത്. മുറ്റത്തിനൊക്കെ എന്തു ഭംഗിയാണ്.
കണ്ണീരോടെ പറയട്ടെ, പിന്നെയും ഞാന്‍ വന്നു. മല തുരപ്പന്‍. മല തുരക്കാനല്ല, മണ്ണ് മാറ്റാനാണ്. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും മറഞ്ഞു പോയവരെ കണ്ടെത്താനാണ്. മല ഇടിഞ്ഞ് മണ്ണായി, കല്ലായി, മരമായി പരന്നു കിടക്കുന്നു. അതിനുള്ളിലാണ് വീടുകള്‍, വീട്ടുകാര്‍, സമ്പാദ്യങ്ങള്‍, അവരുടെ സ്വപ്‌നങ്ങള്‍…

എല്ലാവരുടെ മുഖത്തും നനഞ്ഞൊലിക്കുന്ന ദുഃഖം മാത്രം. അടക്കിപ്പിടിച്ച നിലവിളികള്‍ മാത്രം. മനസ്സ് മരവിച്ചു പോയി. കാത്തിരിക്കുകയാണ്. മണ്ണിനടിയില്‍ പെട്ടു പോയവരെ ഒരു നോക്ക് കാണാന്‍.

വൈദ്യുതിയില്ല, കുടിവെള്ളമില്ല. വീടുകളില്‍ വെള്ളം കയറുകയാണ്. കിട്ടിയതുമെടുത്ത് ഓട്ടമാണ്. ക്യാമ്പുകളിലാണ് ഇനി ജീവിതം. ഇതുവരെ ജീവിച്ചതൊന്നുമല്ല, ജീവിതമെന്ന് കാട്ടിത്തരികയാണ്.
വീടുകളിലാണെങ്കില്‍ വെളിച്ചമില്ല. മെഴുകുതിരിയാണ് ആശ്രയം. മുട്ട വിളക്കുകള്‍ മടങ്ങി വരുന്നു. മഴയത്തിട്ട അമ്മിയും കുട്ടിയും കുളിച്ചെത്തുന്നു. കപ്പിയും കയറും കരയുന്ന ശബ്ദം വീണ്ടും. നെറ്റില്ല, വാട്‌സ്ആപ്പും ഫേസ് ബുക്കും…എണ്‍പതുകളിലെ കേരളം മടങ്ങിയെത്തുന്ന പ്രതീതി.

ഇതൊക്കെ കണ്ടാണ് മല കയറിയത്. ഇങ്ങനെ വരുമെന്ന് ഒരിക്കലും വിചാരിച്ചതല്ല. ദിവസങ്ങളായി ഈ മഴയത്ത് തിരച്ചിലാണ്, മനുഷ്യന് വേണ്ടി. എനിക്ക് വല്ലാത്ത വിഷമമുണ്ട്, കേട്ടോ. ഒരു തരം കുറ്റബോധം. ഉള്ളിലൊരു നീറ്റല്‍. മല തുരന്ന്, മല തുരന്ന് ഇല്ലാതാക്കിയിട്ടാണല്ലോ ഈ ദുരന്തം എന്നൊക്കെ ആലോചിക്കുമ്പോള്‍… അല്ല, ഒന്ന് ചോദിക്കട്ടെ, നിങ്ങള്‍ക്കും തോന്നുന്നുണ്ടോ, എനിക്കുള്ളത് പോലെ കുറ്റബോധം?

---- facebook comment plugin here -----

Latest