Connect with us

Cover Story

നെടുകെ പിളർന്ന ജീവിതങ്ങള്‍

Published

|

Last Updated

കേരളം കണ്ട വലിയൊരു ദുരന്ത ഭൂമികയാണ് ഇന്ന് നിലമ്പൂരും പരിസര പ്രദേശങ്ങളും. ഉരുൾപൊട്ടലിലും പ്രളയത്തിലും മനുഷ്യരും മൃഗങ്ങളുമടക്കമുള്ള നിരവധി ജീവനുകളാണ് നഷ്ടപ്പെട്ടത്. ഒരായുസ്സിൽ സ്വരുകൂട്ടിയതെല്ലാം മണ്ണിനടിയിലായി; പ്രളയത്തിൽ ഒലിച്ചുപോയി. ഒട്ടുവളരെ പേർ വഴിയാധാരങ്ങളായി. കൺമുന്നിൽ കണ്ട ദുരന്തത്തെ ഭീതിയോടെ ഓർക്കുകയാണ് രക്ഷാപ്രവർത്തനത്തിനടക്കം സജീവമായിരുന്ന അന്നാട്ടുകാരിൽ ചിലർ.

രക്ഷാപ്രവർത്തനം കഴിഞ്ഞ് വിശ്രമിക്കുമ്പോൾ ദുരന്തം

ജിതിൻ

ആഗസ്റ്റ് എട്ട് വ്യാഴാഴ്ച നാല് മണിക്ക് തുടുമുട്ടിയിൽ വെള്ളം കയറി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അറിഞ്ഞാണ് കവളപ്പാറയിൽ നിന്ന് ജിതിൻ അവിടെയെത്തുന്നത്. സുഹൃത്തുക്കളുടെ കൂടെ ഒന്നര കിലോ മീറ്റർ ദൂരമുള്ള തുടുമുട്ടിയിലെത്തിയപ്പോൾ വീടുകളിലെല്ലാം വെള്ളം കയറി കുടുങ്ങിക്കിടക്കുകയായിരുന്നു പ്രദേശവാസികൾ. വീടിന്റെ രണ്ടാം നില വരെ വെള്ളമെത്തിയിട്ടുണ്ട്. നീന്തി അവിടെയെത്തി വടം കെട്ടിയാണ് വീട്ടിൽ നിന്ന് അവരെ രക്ഷപ്പെടുത്തിയത്. തുടർന്ന് പ്രദേശവാസികളെയെല്ലാം സുരക്ഷിത സ്ഥലത്തേക്ക് എത്തിച്ച ശേഷമാണ് ജിതിൻ തിരിച്ച് കവളപ്പാറയിലെത്തുന്നത്. വൈകിട്ട് വീട്ടിലെത്തി കുളിച്ച് ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോഴാണ് 7.45 ഓടെ ഹെലികോപ്ടറിന്റെ ശബ്ദത്തിലുള്ള ഇടിമുഴക്കം കേൾക്കുന്നത്. വാതിൽ തുറന്ന് നോക്കുമ്പോൾ ചുറ്റുപാടും പാറയും മരങ്ങളും കുത്തിയൊലിക്കുന്ന ഭീകര കാഴ്ച. അച്ചൻ കൃഷ്ണൻ, അമ്മ ഗൗരി, അനിയൻ ജിതേഷ് എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. വൈദ്യുതി നിലച്ചതിനാൽ പ്രദേശം ഇരുട്ടിലായിരുന്നു. അയൽവാസികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിഫലമായി. ആ ഭാഗത്തേക്ക് അടുക്കാൻ പോലും കഴിയുന്നില്ല. വെള്ളവും പാറയും മരങ്ങളും മണ്ണുമെല്ലാം ഭയാനക ശബ്ദത്തോടെ കുത്തിയൊലിച്ചു വന്നപ്പോൾ രണ്ടായി പിരിഞ്ഞ തുരുത്ത് ഭാഗത്തായിരുന്നു ജിതിന്റെ വീട്. ഒമ്പത് കുടുംബങ്ങളിലായി 30 പേരാണ് തുരുത്തിൽ ഉണ്ടായിരുന്നത്. കൃഷ്ണൻ കുട്ടിയുടെ വീട്ടിൽ എല്ലാവരും അഭയം തേടി. നേരം പുലരുവോളം ആ തുരുത്തിൽ തന്നെ കഴിഞ്ഞു. അയൽവാസികൾക്ക് ഒന്നും സംഭവിക്കരുതെന്ന മനമുരുകിയ പ്രാർഥനയോടെയാണ് എല്ലാവരും പുലരാൻ കാത്തിരുന്നത്. എന്നാൽ, വെട്ടം പരന്നതോടെ കണ്ട കാഴ്ച അതിഭീകരമായിരുന്നു. ഇത്രയും വലിയ പൊട്ടലാണെന്ന് അറിഞ്ഞിരുന്നില്ല. സുഹൃത്തുക്കളും അയൽപ്പക്കക്കാരുമെല്ലാം ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ടതെന്ന് മനസ്സിലായതോടെ തുരുത്തിൽ കൂട്ടക്കരച്ചിലുയർന്നു.
മുകളിൽ ഉറച്ച മണ്ണായതിനാൽ ആ പ്രദേശത്തിന്റെ കിടപ്പായിരുന്നു ആ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുത്തിയതെന്ന് തുരുത്തുകാർ വിശ്വസിക്കുന്നു.

ആദ്യം തുരുത്തിലുള്ളവരെ സുരക്ഷിതരാക്കി. പനങ്കയം പാലം വെള്ളത്തിലായിരുന്നു. ഇതിനാൽ വാഹനങ്ങൾക്ക് ഈ ഭാഗത്തേക്ക് എത്താൻ സാധിച്ചിരുന്നില്ല. ഈ ഗ്രാമം ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. എമർജൻസി നമ്പറിലേക്ക് പോലും വിളിച്ചാൽ കിട്ടുമായിരുന്നില്ല. വൈദ്യുതി ബന്ധങ്ങളെല്ലാം താറുമാറായി. മണ്ണിൽ നിന്ന് ഉറ്റവരുടെ നിശ്വാസം കേൾക്കാൻ രാവിലെ ഏഴിന് മണ്ണ് നീക്കാൻ തുടങ്ങി. എന്നാൽ അത് വിഫലമായി. രാവിലെ എട്ടോടെ എസ് പിയടക്കമുള്ള പോലീസ് സംഘമെത്തി. ഉച്ചയോടെയാണ് രക്ഷാ പ്രവർത്തകർക്ക് ഇവിടെയെത്താൻ സാധിച്ചത്. മണ്ണുമാന്തി യന്ത്രങ്ങൾക്ക് വരാനുള്ള പാറക്കഷണങ്ങളും മരങ്ങളുമെല്ലാം നീക്കം ചെയ്യുന്നതിൽ വ്യാപൃതനായി ജിതിൻ. കണ്ടുകിട്ടുന്ന ശരീര ഭാഗങ്ങളിൽ ചിലത് നഷ്ടമായിട്ടുണ്ട്. ചിലത് ജീർണിച്ചു. മറ്റ് ചിലതിൽ വസ്ത്രങ്ങളില്ല. ഇങ്ങനെ നെഞ്ചകം പിളർക്കുന്ന കാഴ്ചയാണ് ദുരന്ത ഭൂമിയിലെങ്ങും. നഗ്നമായ മൃതദേഹം ലഭിക്കുമ്പോൾ വസ്ത്രങ്ങൾ പുതപ്പിക്കും.

അയൽപ്പക്കക്കാർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
ഓർമയിൽ ഇതുവരെ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ല. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ മുത്തപ്പൻ മല വിണ്ടുകീറിയിരുന്നു. തുടർന്ന് പോലീസെത്തി ഇവിടെയുള്ള എല്ലാ കുടുംബങ്ങളെയും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. രണ്ട് ദിവസത്തെ മഴ മാത്രമാണ് അപ്പോൾ ഉണ്ടായിരുന്നത്. മല പൊട്ടുമെന്ന് ഒരിക്കലും നിനച്ചില്ല. മലയുടെ മുകളിൽ റബ്ബറിന് കുഴിയെടുത്തതാണ് ഉരുൾപൊട്ടലിന് ഇടയാക്കിയതെന്നാണ് 29കാരനായ ജിതിന്റെ അഭിപ്രായം. തുരുത്തിലേക്ക് പോകാൻ പേടിയാണ്. 20 സെന്റ് സ്ഥലമാണ് അവിടെയുള്ളത്. വാടക വീട് അന്വേഷിക്കുന്നുണ്ട്. എന്നാൽ കിട്ടുന്നില്ല. സുരക്ഷിതമായൊരു വീട്ടിൽ താമസിക്കുക എന്നതാണ് ജീവൻ തിരിച്ച് കിട്ടിയ കവളപ്പാറ വാസികളുടെ സ്വപ്‌നം.

ദുരന്തത്തിന്റെ വ്യാപ്തി
മനസ്സിലായത് രാവിലെ

ഉരുൾപൊട്ടലിന്റെ ഇടിമുഴക്കം 28കാരനായ അണ്ണാർതൊടിക ജംശീറിന്റെ കാതിൽ നിന്ന് ഇപ്പോഴും വിട്ടുപോയിട്ടില്ല. വ്യാഴാഴ്ച 7.45ന് കവളപ്പാറയിലെ മസ്ജിദിൽ നിന്ന് നിസ്‌കരിച്ച് ഇറങ്ങുന്നതിനിടെയാണ് വലിയ ശബ്ദം കേട്ടത്. 200 മീറ്റർ അകലെയുള്ള മുത്തപ്പൻ മല പൊട്ടിയതാണെന്ന് നാട്ടുകാർ പറഞ്ഞു. എല്ലാവരും അവിടേക്ക് ഓടിച്ചെന്നു. പള്ളിയുടെ സമീപത്തുള്ള രണ്ട് വീടുകളിലേക്ക് കൂറ്റൻ കല്ലും മരവും പതിച്ചിട്ടുണ്ട്. പ്രദേശമാകെ ഇരുട്ടിലാണ്. രണ്ട് ദിവസമായി വൈദ്യുതി നിലച്ചിട്ട്. ചുറ്റും മലമ്പ്രദേശമാണ്. കവളപ്പാറ പള്ളിയുടെ മുൻവശത്തുള്ള ഭാഗമാണ് പൊട്ടിയതെന്നാണ് കരുതിയിരുന്നത്. അവിടെയുള്ളവരെല്ലാം പരിഭ്രാന്തരായി ഓടുന്ന സാഹചര്യമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് പോലുമറിയാതെ എല്ലാവരും പേടിച്ചു നിൽക്കുകയാണ്.

ജംശീർ

ഇതോടെ ഇവരെയെല്ലാം സമീപത്തുള്ള സുബുലുസ്സലാം മദ്‌റസയിലേക്ക് മാറ്റിപ്പാർപ്പിച്ചു. രാത്രി മസ്ജിദിന് സമീപത്തുള്ള കടയിൽ 20ഓളം യുവാക്കൾ മല ഇനി പൊട്ടുമോയെന്നറിയാൻ ഉറക്കമൊഴിച്ച് ഇരുന്നു. മുത്തപ്പൻ മല മുഴുവൻ താഴ്ഭാഗത്തേക്ക് പതിച്ചിട്ടുണ്ടെന്ന് നേരം പുലർന്നപ്പോഴാണ് മനസ്സിലായത്. ചെറിയ ഭാഗമാണ് ഇടിഞ്ഞതെന്നാണ് ആദ്യം കരുതിയിരുന്നത്. ദുരന്തത്തിന്റെ ആഴം ഇത്ര ഭീകരമാണെന്ന് പുറംലോകമറിയാൻ തന്നെ വൈകി. ജീവൻ തിരിച്ച് കിട്ടിയവരെ അക്കരെയെത്തിക്കുക എന്ന ദൗത്യമാണ് ആദ്യം നിർവഹിച്ചത്.

അക്കരെയെത്താനുള്ള തോട് ഉരുൾപൊട്ടിയതിനെ തുടർന്ന് നിറഞ്ഞ് കവിഞ്ഞിരുന്നു. ഇതിനാൽ സമീപത്തുള്ള കമുക് മുറിച്ച് തോടിന് കുറുകെ താത്കാലിക പാലം നിർമിച്ചു. 40 ഓളം പേരെയാണ് രക്ഷപ്പെടുത്തിയത്. തുടർന്ന് മണ്ണിൽ കിടക്കുന്നവരെ പുറത്തെത്തിക്കാൻ വേണ്ടി മരങ്ങളും മണ്ണും പാറക്കഷണങ്ങളും നീക്കം ചെയ്യാൻ തുടങ്ങി. എന്നാൽ, മണ്ണ് അത്ര മാത്രം അവരെ കീഴടക്കിയിരുന്നു. ആ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞു. ഇതേ തുടർന്ന് ജെ സി ബി ഉപയോഗിച്ചാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്.
കവളപ്പാറ ദുരന്ത ഭൂമിയിൽ കർമ നിരതനാണ് ജംശീർ. സുഹൃത്തുക്കളുടെയും അയൽവാസികളുടെയും ചലനമറ്റ ശരീരം കാണുമ്പോൾ നുറുങ്ങുന്ന വേദന സഹിച്ചാണ് ദുരന്ത ഭൂമിയിലുള്ളത്. രാവിലെ 7.30 മുതൽ കവളപ്പാറയിലെത്തിയാൽ പിന്നീട് വൈകീട്ട് അഞ്ച് വരെ രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. രാത്രി ദുരിതാശ്വാസ ക്യാമ്പിൽ കിടക്കും. ചെളിയിൽ പൂണ്ട് കാലിന് വയ്യായ്മയുണ്ടെങ്കിലും അയൽവാസികളുടെ മൃതദേഹം കിട്ടുന്നത് വരെ ദുരന്ത ഭൂമിയിൽ പ്രവർത്തിക്കാനുള്ള തീരുമാനത്തിലാണ് ജംശീർ.

 

മെഴുകുതിരി
രക്ഷിച്ച ജീവൻ

തലനാരിഴക്കാണ് ഗോപി രക്ഷപ്പെട്ടത്. വ്യാഴാഴ്ച ഇരുട്ടിലായ വീട്ടിൽ വെളിച്ചത്തിനായി മെഴുകുതിരി അന്വേഷിച്ചിറങ്ങിയതാണ് ഗോപിയുടെ ജീവൻ രക്ഷിച്ചത്. മെഴുകുതിരിയുമായി തിരിച്ചെത്തും മുമ്പ് ഗോപിയുടെ കുടുംബത്തിലെ എല്ലാവരും ഉരുൾപൊട്ടലിൽ നഷ്ടമായി. തന്റെ കുടുംബവും സ്‌നേഹ സമ്പന്നരായ അയൽവാസികളുമാണ് ദുരന്തത്തിൽ പൊലിഞ്ഞത്. കവളപ്പാറ കോളനിയിലെ ഗോപിയുടെ മാതാവ് മാത, ഭാര്യ പ്രിയ, മക്കളായ പ്രജിഷ, ഗോകുൽദാസ് എന്നിവരാണ് ദുരന്തത്തിൽ മരിച്ചത്. ഗോപി മെഴുകുതിരിക്കായി കടയിലേക്ക് പോയപ്പോൾ വീട്ടുകാർ തൊട്ടടുത്ത മുതരപ്പറമ്പ് മുഹമ്മദിന്റെ വീട്ടിലേക്ക് പോയിരുന്നു.

തിരിച്ചു വരുന്നതിനിടെ മുത്തപ്പൻ മല പൊട്ടി വെള്ളവും മണ്ണും പാറക്കഷ്ണങ്ങലും കുത്തിയൊലിക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയെങ്കിലും വിധിയവരെ കീഴടക്കി. മുഹമ്മദിന്റെ വീടിനെ മണ്ണ് വിഴുങ്ങിയിരുന്നു. തകർന്ന വീടിന്റെ സ്ലാബിനടിയിൽ കാൽ കുടുങ്ങിയ മുഹമ്മദിന്റെ മകൾ ചിഞ്ചുവിനെ വലിച്ചെടുക്കാൻ മാത്രമാണ് സാധിച്ചത്. ആ വീട്ടിലുണ്ടായിരുന്നവരിൽ ചിഞ്ചു മാത്രമാണ് രക്ഷപ്പെട്ടത്. മുഹമ്മദും ഭാര്യ ഫൗസിയയും മകൾ സബ്‌നയും അപകടത്തിൽ പെട്ടു. നാട്ടുകാരോടൊപ്പം മണ്ണു മാറ്റി അമ്മ മാതിയുടെയും മകൻ ഗോകുലിന്റെയും ചലനമറ്റ ശരീരം കണ്ടെടുത്തതും ഗോപി തന്നെയാണ്. ഒറ്റപ്പെട്ട ഈ ജീവിതം തനിക്ക് മാത്രം എന്തിന് തിരിച്ച് നൽകിയെന്ന് പറഞ്ഞ് ഗോപി വിതുമ്പുന്നു.

ചാലിയാറിന്റെ
രൗദ്രതയിൽ പകച്ച് 

മുണ്ടേരി ഗവ. ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന വരിക്കോടൻ സൈതലവി രക്ഷാപ്രവർത്തനത്തിനിടെ കണ്ട നൊമ്പര കാഴ്ച ഇപ്പോഴും വിട്ടു മാറിയിട്ടില്ല. 40 വയസ്സിനിടെ ചാലിയാറിന്റെ കുത്തൊഴുക്ക് ആദ്യമായാണ് കാണുന്നത്. ചെറുപ്പത്തിൽ ചാലിയാറിന്റെ ഓരത്ത് കളിച്ച് വളർന്നവരാണ്. കഴിഞ്ഞ എട്ടാം തീയതി കനത്ത മഴയോടൊപ്പം ഉരുൾപൊട്ടലുമുണ്ടായതോടെ മുണ്ടേരി പ്രദേശമാകെ ഭീതിയിലായിരുന്നു. പ്രളയ താണ്ഡവത്തിൽ മുണ്ടേരി തണ്ടംകല്ല് കോളനിയിലെ നിവാസികൾ ഒറ്റപ്പെട്ട് കിടക്കുന്നുണ്ടെന്ന അറിയിപ്പ് സുഹൃത്തുക്കൾ വഴിയാണ് ലഭിക്കുന്നത്. മലവെള്ളപ്പാച്ചിൽ ദിശ മാറിയതോടെയാണ് കോളനിയിലെ 150 ഓളം പേർ ഒറ്റപ്പെട്ടത്.

സൈതലവി

ചാലിയാറിനെ ചെറുപ്പത്തിൽ കണ്ട് വളർന്ന പരിചയം മുതലാക്കിയാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. വീട്ടിൽ നിന്ന് നാല് കിലോ മീറ്റർ അകലെയാണ് മുണ്ടേരി തണ്ടംകല്ല് കോളനി. 1500ലേറെ ഹെക്ടറിൽ വ്യാപിച്ച് കിടക്കുന്ന മുണ്ടേരി ഫാമിന് സമീപമാണിത്. ഉടനെ സുഹൃത്തുക്കളോടൊപ്പം പുഴക്കടവിലെത്തി. കുത്തൊഴുക്കിൽ പുഴയിലേക്ക് അടുക്കാൻ പോലും കഴിയാത്ത അവസ്ഥ. തണ്ടംകല്ല് പാലം ചാലിയാറിന്റെ ഒഴുക്കിൽ അപ്രത്യക്ഷമായിരിക്കുന്നു. ഇനി പാലത്തിലൂടെയുള്ള രക്ഷാപ്രവർത്തനം സാധ്യമല്ല. പാലത്തിന്റെ അവശിഷ്ടം പോലും കാണാനില്ല. കുത്തിയൊലിക്കുന്ന ചാലിയാറിനെ മറികടന്ന് അക്കരെയെത്തിയാൽ മാത്രമേ രക്ഷാപ്രവർത്തനം സാധ്യമാകൂ.

മുകളിൽ നിന്ന് പാറക്കഷ്ണങ്ങളും മരങ്ങളും ആർത്ത് വരുന്നത് കാതിൽ ഇരുമ്പുന്നു. ഇതിനാൽ ആദ്യദിനം രക്ഷാപ്രവർത്തനം നിർത്തി വെച്ചു. പിന്നീട് ഒമ്പതാം തീയതി ദേശീയ ദുരന്ത നിവാരണ സേനയെത്തി. ദേശീയ ദുരന്ത നിവാരണ സേനയിലുള്ളവർക്ക് ഈ ഭൂപ്രദേശം പരിചയമില്ലാത്തതിനാൽ അവർക്ക് രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ പറ്റുന്നില്ല. അവർ നാട്ടുകാരുടെ സഹായം തേടി. രാവിലെ പത്തിന് ദേശീയ ദുരന്ത സേനയിലെ പത്ത് പേരും 75ഓളം പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. സേനയുടെ ബോട്ടിൽ കയറി അക്കരെ കടക്കാൻ ശ്രമം നടത്തിയെങ്കിലും കൂറ്റൻ മരങ്ങൾ വന്ന് ബോട്ടിലിടിക്കുമെന്ന പേടി കാരണം ഉപേക്ഷിച്ചു. ഇതിനിടെ മേപ്പാടിയിൽ ഉരുൾപൊട്ടിയെന്ന അറിയിപ്പ് ലഭിച്ചതോടെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. പത്താം തീയതി നീരൊഴുക്ക് കുറഞ്ഞെങ്കിലും അടിയൊഴുക്കുണ്ടായിരുന്നു. ചുഴികൾ നിറഞ്ഞ ദുർഘട ജല പാത. പാറക്കഷ്ണങ്ങളും പൊങ്ങി നിൽക്കുന്നുണ്ടായിരുന്നു. ഇതിനാൽ നാട്ടുകാരുടെ സഹായത്തോടെ ദേശീയ ദുരന്ത സേനയുടെ ബോട്ട് അക്കരെയെത്തിച്ചു. ആദ്യം ചാലിയാറിന് കുറുകെ വടം കെട്ടി. പ്രദേശവാസികളായ നഫീസ്, റഫീഖ് എന്നിവർ വടവുമായി നീന്തിയാണ് അക്കരെയെത്തിയത്.
രണ്ട് ദിവസമായി ഈ കോളനിയിലുള്ളവർക്ക് പുറം ലോകവുമായി ഒരു ബന്ധമുണ്ടായിരുന്നില്ല. വിശന്ന് വലഞ്ഞിരിക്കുന്ന കോളനിവാസികളെയാണ് അവിടെ കണ്ടത്. പ്രളയത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് അവർ. അവർക്ക് ആദ്യം ഭക്ഷണം, വെള്ളം എന്നിവ എത്തിച്ചു നൽകി. മരുന്ന് ആവശ്യമുള്ളവർക്ക് അതും. കൂരകളിലുള്ള കുരുന്നുകളെല്ലാം ഞങ്ങളുടെ അടുത്തേക്ക് ഓടിയെത്തി.

എല്ലാവരെയും രക്ഷപ്പെടുത്താമെന്ന് പറഞ്ഞ് അവരെ സമാധാനപ്പെടുത്തി. ചിലർക്ക് വീട് നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ ആളപായമില്ല. പ്രായമായവരെയാണ് ആദ്യം രക്ഷപ്പെടുത്തിയത്. ചിലർക്ക് നടക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. ഇവരെ തോളിലേറ്റിയാണ് ബോട്ടിലെത്തിച്ചത്. ബോട്ടിൽ അഞ്ച് പേരെ വീതമാണ് അക്കരെയെത്തിച്ചിരുന്നത്. നാല് ദിവസത്തിനിടെ 50 ഓളം പേരെ രക്ഷപ്പെടുത്തി. എല്ലാവരെയും സുരക്ഷിത സ്ഥലത്തേക്ക് എത്തിക്കാനും സാധിച്ചു. വീട് നഷ്ടമായവരാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലുള്ളത്. ബാക്കിയുള്ളവർ കോളനിയിൽ തന്നെയാണുള്ളത്. നാട്ടുകാരുടെ നന്മ നിറഞ്ഞ പ്രവർത്തനത്തെ പ്രശംസിച്ചാണ് ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ യാത്ര പറഞ്ഞത്.

കമറുദ്ദീൻ എളങ്കൂർ
• kamaruelankur@gmail.com
ചിത്രങ്ങൾ: പി കെ നാസർ
• naaznj@gmail.com