Ongoing News
ജാതി വിവേചനങ്ങളുടെ മേളപ്പെരുക്കങ്ങൾ
വാദ്യകലയിൽ നിലനിൽക്കുന്ന ജാതീയതയെ വെളിപ്പെടുത്തുന്ന പുസ്തകമാണ് പി വാസുദേവൻ എഴുതിയ “തിമിലയിലെ ജാതിക്കാലം” എന്ന പെരിങ്ങോട് ചന്ദ്രന്റെ ജീവിത കഥ. ജാതി വിവേചനം വാദ്യകലാകാരന്മാർക്ക് “ബാധകമാണെന്ന്” അടിവരയിടുന്ന പുസ്തകമാണിത്. ജാതിയില്ലെന്നും ഹിന്ദുക്കൾ ഒന്നാണെന്നും പറയുന്നവർ, ക്ഷേത്ര കാര്യങ്ങളുമായി ബന്ധപ്പെട്ടവയിൽ ജാതി വിവേചനം കാണിക്കുന്നു എന്നുകൂടി ഓർമപ്പെടുത്തുന്നു കലാമണ്ഡലം ചന്ദ്രന്റെ ജീവിത കഥ.
തിമില പഠിക്കാൻ ചേർന്ന കലാമണ്ഡലത്തിൽ നിന്നാണ് ചന്ദ്രന് ആദ്യമായി ജാതി വിവേചനം അനുഭവിക്കേണ്ടി വന്നത്. തിമില പഠിക്കാൻ ഒരു ദളിത് സമുദായാംഗം ചേർന്നത് പലർക്കും സഹിച്ചില്ലെന്ന് മാത്രമല്ല, അവർ ജാതിക്കുശുമ്പ് പുറത്തെടുക്കുകയും ചെയ്തു. എന്നാൽ, പൂമുള്ളി മനയിലെ ആറാം തമ്പുരാൻ ഈ പ്രശ്‌നത്തിൽ ഇടപെട്ടതോടെ പിന്നീട് അത് ആവർത്തിച്ചില്ല.
ജാതി എന്നത് ഇന്നത്തേതിലും ശക്തമായിരുന്ന കാലത്ത് പ്രശസ്ത വാദ്യക്കാരായ അന്നമനട പരമേശ്വര മാരാർ, ശ്രീധരൻ നമ്പീശൻ എന്നിവരുടെ കൂടെ കൊട്ടാൻ നിന്നപ്പോഴൊന്നും ആരും ജാതിയുടെ പേരിൽ “ചന്ദ്രൻ കൊട്ടരുത്” എന്ന് പറഞ്ഞിരുന്നില്ല. എന്നാൽ ഇവരുടെ കാലശേഷം ചന്ദ്രന്റെ ജാതി ശനിദശ തുടങ്ങി. വാദ്യരംഗത്ത് നിലയുറപ്പിച്ചതോടെ പല ക്ഷേത്രങ്ങളിൽ നിന്നും ചന്ദ്രന് ജാതീയമായ അവഹേളനങ്ങൾ നേരിടേണ്ടി വന്നു. ഇതിൽ സ്വന്തം നാട് പോലുമുണ്ടായി. നെന്മാറ, വല്ലങ്ങി, ആറങ്ങോട്ടുകര, പന്തല്ലൂർ, ആമക്കാവ് എന്നിവിടങ്ങളിലെ ഉത്സവത്തിനിടെ ജാതിയുടെ പേരിൽ ചന്ദ്രന് ദുരനുഭവങ്ങളുണ്ടായി. അതേസമയം, ജാതീയമായ വേർതിരിവുകളുണ്ടായ പല ക്ഷേത്രങ്ങളിലും പരിപാടി ഏറ്റവരുടെയും കൂടെയുള്ളവരുടെയും സമ്മർദത്താൽ ചന്ദ്രനെ തന്നെ കൊട്ടിച്ച ചരിത്രവുമുണ്ട്.
കലാമണ്ഡലം പഠനത്തിനിടെ 1982ലെ ഏഷ്യൻ ഗെയിംസിൽ കലാ സംഘത്തോടൊപ്പം പങ്കെടുക്കാൻ ചന്ദ്രന് സാധിച്ചു. അന്നമനട പരമേശ്വര മാരാർ ആശാനാണ് ഡൽഹിയിലേക്ക് വാദ്യക്കാരെ നയിച്ചത്. ആ ടീമിലെ പ്രായം കുറഞ്ഞ അംഗം ചന്ദ്രനായിരുന്നു. 1984ൽ കലാമണ്ഡലത്തിലെ കോഴ്‌സ് പൂർത്തിയാക്കിയ ശേഷം ചന്ദ്രന് ഉപരിപഠനത്തിന് കേന്ദ്ര സ്‌കോളർഷിപ്പ് ലഭിച്ചു. 1986ൽ സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമായി ലൈബീരിയ, നൈജീരിയ, ഘാന, കെനിയ, സിയറ ലിയോൺ, സ്വിറ്റ്‌സർലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും പഞ്ചവാദ്യം അവതരിപ്പിച്ചു. കലാമണ്ഡലത്തിലെ താത്കാലിക അധ്യാപകനായ ചന്ദ്രൻ ലോക റെക്കോർഡിട്ട വാദ്യ വിസ്മയത്തിന്റെ അമരക്കാരൻ കൂടിയാണ്. കലാമണ്ഡലം പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെയായിട്ടും പലപ്പോഴും ജാതിയുടെ പേരിൽ കലാപ്രവർത്തനം നിഷേധിപ്പെട്ടു.
തൊടലും തീണ്ടലും ദൃഷ്ടിയിൽ പെടുന്നതും ദോഷമായി വിധിച്ചിരുന്ന കാലം കേരളത്തിൽ നിലനിന്നിരുന്നു. നവോത്ഥാന പ്രസ്ഥാനങ്ങളുടെ ശ്രമഫലമായി വലിയ മാറ്റങ്ങൾ സമൂഹത്തിന്റെ നാനാതുറകളിൽ സംഭവിച്ചപ്പോഴും വാദ്യകലയിൽ നായർ മുതൽ ദളിത് സമുദായക്കാർ വരെ പല ക്ഷേത്രങ്ങളുടെയും പടിക്ക് പുറത്തായിരുന്നു. ഇതിനെതിരെ ദളിത് കലാകാരന്മാരുടെ പ്രതിഷേധമായിരുന്നു ഗുരുവായൂരിലെ വാദ്യ വിപ്ലവം. 1987ൽ പ്രശസ്ത വാദ്യക്കാരായ വെള്ളിത്തുരുത്തി കുട്ടികൃഷ്ണൻ നായരും തിച്ചൂർ വാസു വാര്യരുമാണ് കലാരംഗത്തെ ദളിത് വേർതിരിവിനെതിരെ രംഗത്തുവന്നത്. ഇതിന്റെ ഭാഗമായി നിരവധി പ്രക്ഷോഭങ്ങൾ നടത്തുകയും 1988 ജൂലൈ 23ന് ദളിത് വിഭാഗത്തിൽപ്പെട്ടവർ ഗുരുവായൂർ ക്ഷേത്രത്തിനകത്ത് കൊട്ടുകയും ചെയ്തു. എന്നാൽ, ആ സംഭവം നടന്ന് വർഷങ്ങൾ പിന്നിട്ടെങ്കിലും പിന്നീട് ഇതേ ക്ഷേത്രത്തിൽ നിന്ന് മറ്റൊരു ദളിതൻ പുറത്താവുന്ന വാർത്തയാണ് പുറം ലോകമറിഞ്ഞത്. എന്നാൽ നിശ്ചയ ദാർഢ്യത്തോടെ നേരിട്ടാൽ വാദ്യകലയിലെ ജാതിവിവേചനങ്ങളെ തോൽപ്പിക്കാൻ കഴിയും എന്നതിന് ഉദാഹരണമാണ് തിരുവില്വാമല നിറമാല പഞ്ചവാദ്യം. ഇവിടെ പഴയ കാലത്ത് നിന്ന് വ്യത്യസ്തമായി ജാതിക്കതീതമായി മുഴുവൻ കലാകാരന്മാരും പങ്കെടുക്കുന്നുണ്ട്.
പെരിങ്ങോട് ചന്ദ്രനെ പോലെ വാദ്യ രംഗത്ത് അവഹേളനങ്ങൾ നേരിടേണ്ടി വന്ന മടവാക്കര അപ്പുക്കുട്ടൻ, കടവല്ലൂർ താമി, ചൂണ്ടൽ ശിവരാമൻ, തിരുവത്ര സുബ്രഹ്മണ്യൻ എന്ന തിരുവത്ര താമി, തൃപ്പൂണിത്തുറ സജീവൻ, കല്ലൂർ ബാബു എന്നിവരും പുസ്തകത്തിൽ ഇടം പിടിച്ചിട്ടുണ്ട്. വിവിധ ക്ഷേത്രങ്ങളിലെയും മറ്റും വാദ്യരംഗങ്ങളിൽ തിരസ്‌കാരം ഏറ്റുവാങ്ങിയവരാണ് ഇവർ. ഇതിലെല്ലാം കലയിലെ ജാതി തന്നെയാണ് പ്രശ്‌നം. അല്ലെങ്കിൽ ഇവരൊക്കെ മറ്റൊരു തരത്തിൽ കലാ മേഖലയിൽ അടയാളപ്പെടുത്തൽ നടത്തുമായിരുന്നു.
ചന്ദ്രനെ കുറിച്ചുള്ള പുസ്തകത്തിൽ തിമിലയിലെ പെൺ സാന്നിധ്യമായിരുന്ന രോഹിണി സുരേഷ് ബാബു, ക്ഷേത്ര അടിയന്തിരക്കരനായി ജോലി ചെയ്യുന്ന പള്ളുരുത്തി ജൗഷൽ ബാബു എന്നിവരുടെ ജീവിതവുമുണ്ട്. പൂമുള്ളി ആറാം തമ്പുരാനെ കൂടാതെ പ്രമുഖ വാദ്യപ്രതിഭകളായ ചെണ്ട വിദ്വാൻ ഗോവിന്ദൻ നായർ നീട്ട്യേത്ത്, തൃത്താല കേശവപ്പൊതുവാൾ, പൂമുള്ളി മന, പെരിങ്ങോട് സ്‌കൂൾ, ശ്രീധരൻ നമ്പീശനാശാൻ, അന്നമനട പരമേശ്വരൻ എന്നിങ്ങനെ ആദ്യകാല വാദ്യകുലപതികളെല്ലാം പുസ്തകത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഗുരുവായൂരിലെ വാദ്യ വിപ്ലവവുമുണ്ട്.
വാദ്യപരിചയം, അശോകൻ ചരുവിലിന്റെ അനുബന്ധം എന്നിവയും ഉൾക്കൊള്ളിച്ച ഈ പുസ്തകം രചിച്ചത് പൊതുപ്രവർത്തകനായ പി വാസുദേവനാണ്. രണ്ടാം പതിപ്പ് ഇറങ്ങിയിട്ടുള്ള പുസ്തകത്തിന്റെ പ്രസാധകർ തൃപ്പൂണിത്തുറ സാധക് പബ്ലിഷേഴ്‌സ് ആണ്. വാദ്യകലാരംഗത്ത് പ്രവർത്തിക്കുന്നവർ പ്രത്യേകിച്ച് അമ്പലവാസികളെന്ന് നടിക്കുന്ന ദളിത് വാദ്യക്കാരടക്കം വായിച്ചിരിക്കേണ്ട പുസ്തകമാണിത്. പേജ് :100. വില:100.
കെ കെ പരമേശ്വരൻ
• nellikkadaneswar@gmail.com