Connect with us

Articles

വീടുകൾ പടി കയറുമ്പോൾ; സൂക്ഷിച്ചാൽ ദുഖിക്കേണ്ട

Published

|

Last Updated

നാലു വർഷം ബ്രൂണെയിൽ താമസിച്ചിട്ടുള്ള കാര്യം പറഞ്ഞിട്ടുണ്ടല്ലോ. കേരളം പോലെ തന്നെ കാലാവസ്ഥയുള്ള സ്ഥലമാണ് ബ്രൂണൈ, മഴയും അതുപോലെ തന്നെ. രാജ്യത്തിന്റെ ഭൂരിഭാഗവും വനമായതിനാൽ പഴയ കാലത്ത് കൂടുതൽ ആളുകളും താമസിച്ചിരുന്നത് പുഴയരുകിലായിരുന്നു. മുതലകളുള്ള പുഴയിൽ ഓരോ വർഷവും വെള്ളം പൊങ്ങും. ഇക്കാരണങ്ങളാൽ പുഴയിൽ വലിയ തൂണുകളുടെ മുകളിലാണ് വീടുകളുണ്ടാക്കുന്നത്. വീടുകൾ മാത്രമല്ല പള്ളി മുതൽ പള്ളിക്കൂടം വരെയുള്ള എല്ലാ സാമൂഹ്യ സ്ഥാപനങ്ങളും അങ്ങനെയായിരുന്നു. ആയിരക്കണക്കിന് സ്റ്റിൽറ്റഡ് വീടുകൾ ബ്രൂണൈ തലസ്ഥാനത്ത് ബ്രൂണൈ ബെയുടെ തീരത്ത് ഇപ്പോഴുമുണ്ട്, അവ തമ്മിൽ ബന്ധിപ്പിച്ച് നടപ്പാതകളും. കംപോങ്ങ് അയർ (Kampong Air അല്ലെങ്കിൽ water village) എന്നാണതിന്റെ പേര്. ഇപ്പോൾ വലിയ ടൂറിസ്റ്റ് ആകർഷണമാണത്.

ബ്രൂണൈ സന്പന്നമായതോടെ ആളുകൾ പുഴയോരത്തുനിന്നും മാറി വീടുണ്ടാക്കാൻ തുടങ്ങിയെങ്കിലും കുറേ ആളുകൾക്ക് പഴയ രീതിയിൽ, ഉയർന്ന കാലുകൾക്ക് മുകളിൽ തന്നെ വീടുവെക്കണം എന്ന ആഗ്രഹത്താൽ താഴത്തെ കാലുകൾക്കിടയിൽ കാർ പാർക്കിങ്ങും മുകളിൽ താമസവുമായി. ഞാൻ ജോലി ചെയ്തപ്പോൾ കന്പനി എനിക്ക് നൽകിയ ക്വാർട്ടേഴ്‌സ് അങ്ങനെ ഒന്നായിരുന്നു, ഞാൻ അതിൽ ഏറെ നാൾ താമസിച്ചിട്ടുണ്ട്.

കേരളത്തിൽ തുടർച്ചയായുണ്ടാകുന്ന വെള്ളപ്പൊക്കത്തിന്റെ സാഹചര്യത്തിൽ ഇത്തരം വീടുകൾ കൂടുതൽ വ്യാപകമാകും. കുട്ടനാട്ടിൽ ഇപ്പോൾ തന്നെ ഇത്തരം വീടുകൾ ഞാൻ കണ്ടിരുന്നു. ഇനി ആലുവാ പുഴയുടെ കരയിലും കായലോരത്തുമെല്ലാം വീടുകൾ പടി കയറാൻ പോവുകയാണ്.

പ്രത്യക്ഷത്തിൽ ഇത് നല്ല കാര്യമാണെന്ന് തോന്നാമെങ്കിലും ഇത് വേണ്ട വിധത്തിൽ ആലോചിച്ച്, എൻജിനീയറിംഗ് വൈദഗ്ദ്ധ്യത്തോടെ ചെയ്തില്ലെങ്കിൽ ഗുണത്തിലുപരി ദോഷമേ വരികയുള്ളൂ. ഈ വിഷയം സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതകൾ താഴെ പറയാം.

1. പ്രളയത്തിനെതിരെ ഏറെ ഫലപ്രദമായ ഈ മോഡൽ വീടുകൾ ഭൂമികുലുക്കത്തിൽ ഏറ്റവും വേഗത്തിൽ തകർന്നടിയുന്നവയാണ്. കേരളത്തിലെ ഭൂകന്പ സാധ്യത കൂടി മനസ്സിലാക്കി വീട് പണിതില്ലെങ്കിൽ ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റുന്ന തരത്തിലുള്ള ചികിത്സയാകും ഇത്.

2. വീടിരിക്കുന്ന മണ്ണിന്റെ എഞ്ചിനീയറിങ്ങ് പ്രോപ്പർട്ടികളും വീടുണ്ടാക്കുന്ന വസ്തുക്കളുടെ ഭാരവും കണക്കു കൂട്ടി വേണ്ട തരത്തിൽ ഡിസൈൻ ചെയ്തില്ലെങ്കിൽ നിലത്തിരുന്ന കെട്ടിടത്തിലും കൂടുതൽ വേഗത്തിൽ ഈ സ്റ്റിൽറ്റഡ് വീടുകൾ മണ്ണിലേക്ക് താഴും. വീടിൻറെ  മൊത്തം ഭാരം എട്ടോ പത്തോ തൂണുകളിലൂടെ താഴേക്ക് കൊണ്ടുവരുന്പോൾ അതിനെ താങ്ങാനുള്ള കെൽപ്പ് അവിടുത്തെ മണ്ണിനുണ്ടാകണം (bearing capacity). കുട്ടനാട് ഉൾപ്പടെ കേരളത്തിന്റെ തീരപ്രദേശങ്ങളിലുള്ള മണ്ണിന്റെ ഭാരം താങ്ങാനുള്ള കഴിവ് ഇടനാട്ടിലെക്കാൾ കുറവാണ്, അപ്പോൾ പുതിയ ഡിസൈൻ കൂടുതൽ കുഴപ്പമുണ്ടാക്കാം.

3. ഇപ്പോൾ തന്നെ കേരളത്തിലെ വീടുകൾ വയസ്സായവർക്ക് ഒരു വെല്ലുവിളിയാണ്. തൂണുകൾക്ക് മുകളിലുള്ള വീടുകൾ ഉണ്ടാക്കുന്നവർ അവർക്കും വയസ്സാകുമെന്ന് ചിന്തിക്കുന്നത് നല്ലതാണ്.

4. ബ്രൂണൈയിൽ ഉൾപ്പടെ ആദ്യകാലത്ത് മരം കൊണ്ടാണ് സ്റ്റിൽറ്റഡ് വീടുകൾ ഉണ്ടാക്കിയത്. ഇപ്പോഴും തൂണുകൾ മാത്രമാണ് കോൺക്രീറ്റിൽ ഉള്ളത്. ഭിത്തികൾ മരം കൊണ്ടോ ജിപ്സം ബോർഡ് കൊണ്ടോ ആണ്. മേൽക്കൂരയും അലുമിനിയമോ മറ്റു ഭാരം കുറഞ്ഞ വസ്തുക്കളോ ആണ്. വീടുകൾ തൂണിന് മുകളിൽ കയറ്റുന്പോൾ നിർമ്മാണ വസ്തുക്കളെക്കുറിച്ചും ഒന്ന് ചിന്തിക്കണം.

തൂണുകൾക്ക് മുകളിൽ വീടുകൾ പണിയുന്നത് മൊത്തം തെറ്റാണെന്നല്ല എൻറെ വാദം. മറിച്ച് വെള്ളപ്പൊക്കം വരുന്പോൾ അതിനെ മാത്രം ചിന്തിച്ച് പരിഹാരങ്ങളുണ്ടാക്കിയാൽ അത് പ്രതീക്ഷിക്കാത്ത വേറെ കുഴപ്പങ്ങളുണ്ടാക്കും. കേരളത്തിലെ രീതിയനുസരിച്ച് ഒരു ഡിസൈൻ വന്നു കഴിഞ്ഞാൽ പിന്നെ എഞ്ചിനീയറിങ്ങ് ഒന്നുമില്ലാതെ അത് വീണ്ടും വീണ്ടും ഉണ്ടാക്കപ്പെടും. നമ്മുടെ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഇതിനായി അനുമതി നൽകേണ്ട വകുപ്പിലുള്ളവർക്ക് ഇക്കാര്യത്തിൽ പലപ്പോഴും വേണ്ടത്ര അറിവോ പരിചയമോ ഉണ്ടാവില്ല.

തുടർച്ചയായ വെള്ളപ്പൊക്കങ്ങൾ മലയാളിയെ ഏറെ പേടിപ്പിച്ചിട്ടുണ്ട്. അതിനാൽ എൻജിനീയർമാരും സർക്കാരും തീരുമാനിച്ചാലും ഇല്ലെങ്കിലും നമ്മുടെ വീടുകൾ പടികയറാൻ പോവുകയാണ്. ഈ വിഷയത്തിൽ അറിവുള്ളവർ കേരളത്തിലെ വിവിധ അപകട സാധ്യതകൾ, മണ്ണിന്റെ ഘടന, സാധ്യമായ നിർമ്മാണ വസ്തുക്കൾ, വയസ്സായവർ, ശാരീരികമായി ബുദ്ധിമുട്ടുള്ളവർ, രോഗികൾ എന്നീ ഘടകങ്ങൾ കൂടി പരിഗണിച്ച് വേണ്ടത്ര നിർദ്ദേശങ്ങൾ നൽകണം. ഇല്ലെങ്കിൽ പുതിയ ദുരന്തങ്ങൾ കെട്ടിപ്പൊക്കുകയാകും നമ്മൾ ചെയ്യുന്നത്.

മുരളി തുമ്മാരുകുടി