Connect with us

Articles

ജനമൈത്രി ഐ എ എസ്

Published

|

Last Updated

ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ മുഖ്യ വേഷത്തിലഭിനയിച്ച ദൃശ്യം എന്ന മലയാള സിനിമ ഇറങ്ങിയ കാലത്ത് (2013) അത്യപൂര്‍വമായ രീതിയില്‍ വമ്പന്‍ ഹിറ്റായി പരിണമിക്കുകയുണ്ടായി. വിക്കിപ്പീഡിയയിലെ കണക്കനുസരിച്ച് ഈ സിനിമ നിര്‍മിക്കാന്‍ ചെലവായത് മൂന്നരക്കോടിക്കും അഞ്ച് കോടിക്കുമിടയില്‍ രൂപയും, വരുമാനമായി ലഭിച്ചത് 75 കോടി രൂപയുമാണ്. തമിഴിലും ഹിന്ദിയിലും മറ്റും ഈ സിനിമ പിന്നീട് റീമേക്കായി വരുകയും ചെയ്തു. നിവൃത്തിയില്ലാത്ത ഒരു സാഹചര്യത്തില്‍ ഒരു കൊല നടത്തപ്പെടുകയും അതിന്റെ പിന്നാലെ, ആ കൊലയും മൃതദേഹവും ഒളിപ്പിച്ചു വെക്കുകയും ചെയ്യുന്ന തരത്തിലുള്ള ഒരു ഇതിവൃത്തമാണ് ദൃശ്യത്തിന്റെത്. ഒരിന്ത്യന്‍ പൗര(ന്‍) ഒരു കുറ്റകൃത്യം ചെയ്താല്‍, നിയമ നീതിന്യായ വ്യവസ്ഥക്കു കീഴ്‌പ്പെടുകയും ശിക്ഷകളോ വെറുതെ വിടലുകളോ ഏറ്റുവാങ്ങുകയും ചെയ്യുകയാണ് വേണ്ടതെന്നാണ് രാഷ്ട്ര പൗരബോധങ്ങള്‍ നമ്മെ യഥാര്‍ഥത്തില്‍ പഠിപ്പിക്കേണ്ടത്. എന്നാല്‍ ഈ സിനിമ ഹിറ്റായതില്‍ നിന്ന് നമുക്ക് മനസ്സിലാകുന്നത്, അത്തരമൊരു പാഠത്തിനും നിയമ-നീതിന്യായ വ്യവസ്ഥയോടുള്ള വിധേയത്വത്തിനുമല്ല പൊതുബോധത്തില്‍ ജനപ്രിയത ഉള്ളത് എന്നും, അവരവരുടെ കാര്യം വരുമ്പോള്‍ അവരവര്‍ രക്ഷപ്പെടുന്നതിന് എന്തു വഴിയും സ്വീകരിക്കാമെന്നതിനെയാണ് ജീവിത വിജയം എന്ന് അടയാളപ്പെടുത്തേണ്ടത് എന്നുമാണല്ലോ. ഈ സിനിമ കണ്ടതിനു ശേഷം അതിനെക്കുറിച്ചാലോചിച്ചാലോചിച്ച് എനിക്കു തന്നെ എന്റെ ചില സ്വഭാവങ്ങളിലും പതിവുകളിലും മാറ്റം വരുത്തേണ്ടി വന്നു. ഒരു സിനിമ കണ്ടിറങ്ങിയാല്‍ അതിന്റെ ടിക്കറ്റു മുറി അവിടെത്തന്നെയുള്ള ചവറ്റുകുട്ടയിലുപേക്ഷിക്കുകയായിരുന്നു ഞാന്‍ ചെയ്തു വന്നിരുന്നത്. ഒരു ബസ് യാത്ര കഴിഞ്ഞാലാകട്ടെ അതിന്റെ ടിക്കറ്റ് ഇറങ്ങിയ ഉടനെ കളയുകയും ചെയ്യും. ദൃശ്യം കണ്ടതിനു ശേഷം, ഞാന്‍ എന്തെങ്കിലും കുറ്റകൃത്യങ്ങള്‍ ചെയ്തു കളയുമോ എന്നും എന്തെങ്കിലും കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടാണോ ഇപ്പോള്‍ ഞാന്‍ നടക്കുന്നതും വീട്ടിലെത്തുന്നതും എന്ന തോന്നലുകളും എന്നെ വേട്ടയാടാന്‍ തുടങ്ങി. അതിനു ശേഷം, ഞാന്‍ സിനിമ കഴിഞ്ഞാലും ടിക്കറ്റ് കളയില്ല. അതിനു ശേഷം ബസില്‍ കയറി യാത്ര അവസാനിപ്പിക്കുന്നതിനു തൊട്ടു മുമ്പായി സിനിമാ ടിക്കറ്റ് കളയും. ബസിന്റെ ടിക്കറ്റാകട്ടെ വീട്ടിലെത്തിയിട്ടേ കളയൂ. ബസില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ തൊട്ടു മുമ്പ് സിനിമ കാണുകയായിരുന്നു എന്നു തെളിയിക്കാനും വീട്ടിലേക്ക് നടന്നു വരുമ്പോള്‍ പിടി കൂടപ്പെട്ടാല്‍ ഇതാ ഇപ്പോള്‍ ബസിറങ്ങിയതേ ഉള്ളൂ എന്നു തെളിയിക്കാനും ഈ ടിക്കറ്റു കളയാതിരിക്കല്‍ സഹായിച്ചേക്കും എന്ന അബോധമായ തോന്നലാണ് എന്നെ നിയന്ത്രിച്ചിരുന്നത്. ഇതിന്റെ തൊട്ടു പിന്നാലെ, ഇന്ത്യയിലെ ഭരണ-സൈനിക-രാഷ്ട്രീയ-സാംസ്‌കാരിക-മത/മതേതര ജീവിതത്തെ ആകെ ഭീതിയുടെ കാര്‍മേഘം വന്ന് മൂടുകയും എല്ലാവരും സ്വയവും ചുറ്റുമുള്ളവരെയും ഭയക്കാനും സംശയിക്കാനും തുടങ്ങി. ആസാമിലേതു പോലെ നിങ്ങള്‍ ഇന്ത്യന്‍ പൗരനാണെന്ന് ഉടനെ തെളിയിക്കണം എന്ന് ഏതു സമയത്താണ് നമ്മോടും ആവശ്യപ്പെടുക എന്നറിയില്ലല്ലോ. അങ്ങനെ, ദൃശ്യം ഓര്‍മയില്‍ നിന്ന് മറഞ്ഞു പോയിട്ടും ഇത്തരം ശീലങ്ങള്‍ ജീവിതത്തിന്റെ ഭാഗമായി തുടര്‍ന്നു പോന്നു.

ഇക്കാര്യം ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം മറ്റൊന്നുമല്ല. കഴിഞ്ഞ ദിവസം സിറാജ് ലേഖകന്‍ കെ എം ബഷീര്‍ തിരുവനന്തപുരത്തു വെച്ച് കൊല്ലപ്പെട്ട വാഹനാപകടത്തെയും അതിനിടയാക്കിയതും അതിനെ തുടര്‍ന്നുള്ളതുമായ സംഭവഗതികളെയും കുറിച്ചുള്ള വാര്‍ത്തകളും വിശകലനങ്ങളും കാണുമ്പോള്‍ സത്യത്തില്‍ ഇവിടെ ജീവിക്കാന്‍ തന്നെ പേടി തോന്നുന്നുണ്ട് എന്നതു കൊണ്ടാണ്. സര്‍വേ ഡയറക്ടറും ഐ എ എസുകാരനുമായ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന ഒരാഡംബര കാര്‍ ആണ് അമിത വേഗത്തില്‍ കെ എം ബഷീറിന്റെ മേല്‍ ഇടിച്ചു കയറിയത്. ബൈക്കോടിക്കുന്നതിനിടെ വന്ന ഫോണ്‍ വിളി എടുക്കുന്നതിനും സംസാരിക്കുന്നതിനും വേണ്ടി, താനോടിച്ചിരുന്ന ബൈക്ക് റോഡരുകിലേക്ക് മാറ്റി നിര്‍ത്തി അതിന്മേലിരിക്കുകയായിരുന്നു ബഷീര്‍ എന്നാണ് വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കുന്നത്. ഈ ദാരുണ മരണത്തെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം എവിടെയെങ്കിലും ഏതെങ്കിലും വിധത്തില്‍ പറഞ്ഞാലുടനെ; നന്മ-മരമായ ശ്രീറാം വെങ്കിട്ടരാമന്‍ മുമ്പ് നിറയെ ചെയ്തിട്ടുള്ള അതിഗംഭീരമെന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള പ്രവൃത്തികളെ ഇകഴ്ത്തുന്നതിന് തത്പര കക്ഷികള്‍ നടത്തുന്ന ദുഷ് പ്രചാരവേലയായിട്ടാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
ഇത് വളരെ വിചിത്രമായിരിക്കുന്നു. തൊട്ട് മുമ്പ് കേരളത്തെ ഇളക്കിമറിച്ച മറ്റൊരു സംഭവത്തിലേക്ക് നമുക്ക് സ്വല്പനേരം നമ്മുടെ ഓര്‍മയെ കൊണ്ടു പോകാം. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ നടന്ന ഒരു കത്തിക്കുത്ത് കേസാണത്. ഈ കത്തിക്കുത്ത് കേസില്‍ പ്രതികളായി പോലീസ് കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും അവിടുത്തെ എസ് എഫ് ഐ യൂനിറ്റിലെ ചില നേതാക്കളെയായിരുന്നു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ എന്തൊക്കെ കോളിളക്കങ്ങളാണ് കേരളത്തില്‍ നടന്നത്? പ്രതിപക്ഷ കക്ഷികളാകെ ഇളകി മറിഞ്ഞു. സെക്രട്ടറിയേറ്റിന്റെ അടച്ചിട്ട ഗേറ്റുകള്‍ക്കു മുകളിലൂടെ വനിതകളടക്കമുള്ളവര്‍ ചാടി മറിഞ്ഞ് കോമ്പൗണ്ടിലേക്ക് കടക്കുകയും പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ഭരണകക്ഷിയുടെ വിദ്യാര്‍ഥി വിഭാഗം എന്ന് അടയാളപ്പെടുത്തപ്പെടുന്ന എസ് എഫ് ഐയുടെ നേതാക്കളാണ് പ്രതികള്‍ എന്നതിനാല്‍ അവരെ പോലീസും ഭരണകക്ഷിയും മന്ത്രിമാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയെടുക്കും എന്നാരോപിച്ചായിരുന്നു ഈ സമര കോലാഹലങ്ങളെല്ലാം. എന്നാല്‍, അപ്രകാരം എന്തെങ്കിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ ആ പ്രതികള്‍ക്കനുകൂലമായി നടന്നതായി പിന്നീട് കണ്ടെത്തപ്പെടുകയോ ആരോപിക്കപ്പെടുകയോ ചെയ്തിട്ടുമില്ല. അപ്പോള്‍ പറയാം, സാഹസികരായ പ്രതിപക്ഷ സമരക്കാരും ന്യൂസ് അവര്‍ ഇരിപ്പു സമര വിമര്‍ശകരും ചേര്‍ന്ന് ജാഗരൂകരായതിനാലാണ് ഭരണകക്ഷിക്കും സര്‍ക്കാറിനും അവരെ രക്ഷിക്കാന്‍ കഴിയാഞ്ഞതെന്ന്. ശരി അങ്ങനെയാണെന്നു തന്നെ കരുതുക. കാര്യങ്ങള്‍ അവിടെയും നിന്നില്ല. ഈ കത്തിക്കുത്ത് പ്രതികള്‍ അവരുടെ ജന്മത്തിനു ശേഷം നടത്തിയ എല്ലാ കാര്യങ്ങളും അന്വേഷണ വിധേയമാക്കണമെന്ന് നാനാ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നു. അവരെഴുതിയതും വിജയിച്ചതുമായ പരീക്ഷകള്‍, പി എസ് സി റാങ്ക് ലിസ്റ്റില്‍ അവരുള്‍പ്പെട്ടതിന്റെ കാരണങ്ങള്‍ എല്ലാം ചോദ്യം ചെയ്യപ്പെട്ടു. മാത്രമോ, പി എസ് സിയുടെയും കേരള സര്‍വകലാശാലയുടെയും സര്‍വകാല വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടു. അഞ്ചും പത്തും ദിവസം നീണ്ടു നില്‍ക്കുന്ന അന്വേഷണ പരമ്പരകള്‍ ഇതു സംബന്ധമായി മുഖ്യധാരാ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. എഴുതിയതോ അല്ലാത്തതോ ആയ ഉത്തരക്കടലാസുകള്‍, അനധികൃതമായി എസ് എഫ് ഐ കൈവശം വെച്ചിരുന്നുവെന്ന് ആരോപിക്കപ്പെട്ട കോളജിലെ ഒരു മുറിയില്‍ നിന്നും പ്രതികളുടെ വീട്ടില്‍ നിന്നും കണ്ടെടുക്കപ്പെട്ടു.

ഇക്കാലയളവിനിടയില്‍ വിവിധ സര്‍വകലാശാല പരീക്ഷകള്‍ പാസ്സായവരും പിഎസ് സി വഴി നിയമനം ലഭിച്ചവരുമെല്ലാം തന്നെ കുറ്റവാളികളാണോ എന്ന് അവരല്ലാത്തവരെല്ലാം കൂട്ടത്തോടെ സംശയിക്കാന്‍ തുടങ്ങി. ആകെ കുശാല്‍ തന്നെ.
അവിടെ നടന്നത് കത്തിക്കുത്തും ഇവിടെ മരണവും ആണ്. കത്തിക്കുത്തിനേക്കാള്‍ ഗൗരവമുള്ള കുറ്റം മരണം തന്നെയാണെന്നതില്‍ തര്‍ക്കമുണ്ടാകില്ലെന്നു കരുതുന്നു. അപ്പോള്‍ പറയാം, അപകട മരണമല്ലേ, കൊലയൊന്നുമല്ലല്ലോ എന്ന്. ശരി അതും സമ്മതിക്കാം. എങ്കില്‍ അപകട മരണം എന്നു വേണ്ട അപകടം തന്നെ നടന്നാല്‍ അതിലുള്‍പ്പെട്ടവരോട് പോലീസും സര്‍ക്കാര്‍ ആശുപത്രിക്കാരും സ്വീകരിക്കുന്ന സമീപനമാണോ കാറോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമനോട് സ്വീകരിച്ചിട്ടുള്ളത്? അല്ലെന്നു സുവ്യക്തം. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ തന്നെ വൈകി, ഒപ്പമുണ്ടായിരുന്ന യുവതിയെ വീട്ടില്‍ പോകാന്‍ അനുവദിച്ചു, അവരാണ് വണ്ടി ഓടിച്ചിരുന്നതെന്ന ശ്രീറാമിന്റെ ആദ്യ വാദം മുഖവിലക്കെടുത്തു, അദ്ദേഹം മദ്യപിച്ചിട്ടുണ്ടോ എന്ന് യഥാസമയം പരിശോധിച്ചില്ല, രക്തസാമ്പിള്‍ എടുത്തില്ല, സ്വകാര്യ ആശുപത്രിയിലേക്ക് മാറാന്‍ അനുവാദം കൊടുത്തു, അവിടെ വെച്ച് രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം ഇല്ലാതാക്കാനുള്ള എന്തോ മരുന്ന് കുത്തിവെക്കുകയോ കഴിക്കുകയോ ചെയ്തു എന്ന ആരോപണം അന്വേഷിച്ചില്ല എന്നിങ്ങനെ സാമാന്യ ബുദ്ധിക്കു നിരക്കാത്ത വിധത്തില്‍ കുറ്റകൃത്യത്തെ ഒളിപ്പിക്കുകയോ വഴി മാറ്റി വിടുകയോ തെളിവുകള്‍ നശിപ്പിക്കുകയോ ആണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.

ദൃശ്യത്തിലേക്ക് വീണ്ടും വരാം. കൊലപാതകം ചെയ്തതിനു ശേഷം മൃതദേഹം ഒളിപ്പിക്കുന്നത്, പുതുതായി കെട്ടിയുണ്ടാക്കുന്ന പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ അസ്തിവാരം കെട്ടാനായി കുഴിച്ചിട്ടുള്ള കുഴിയിലാണ്. പിന്നീട് അവിടെ കെട്ടിടം പൂര്‍ത്തിയാകുകയും ജനമൈത്രി പോലീസ് സ്‌റ്റേഷന്‍ എന്ന പതിവു ബോര്‍ഡുയരുകയും ചെയ്തു. കാലാകാലത്തേക്ക് മറക്കപ്പെട്ട ആ വിലപ്പെട്ട തെളിവിനു മുകളില്‍ അന്നാട്ടിലെ പോലീസ് സ്റ്റേഷന്‍ സ്ഥിരമായി പ്രവര്‍ത്തിക്കുകയും അതിലൂടെ സര്‍ക്കാറിന്റെയും പോലീസ് വകുപ്പിന്റെയും ജനമൈത്രി നടപ്പാക്കപ്പെടുകയും ചെയ്യും എന്ന് നമുക്ക് നമ്മെ തന്നെ വിശ്വസിപ്പിക്കേണ്ടി വന്നിരിക്കുന്നു. തത്തുല്യമായ സംഭവമാണ് ഇവിടെയും നടന്നിരിക്കുന്നത്. തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ട് പരിശുദ്ധ വിശുദ്ധനായി ഈ ഐ എ എസുകാരന്‍ നാളെ വീണ്ടും സര്‍വീസിലേക്ക് തിരിച്ചു വന്ന് മൂന്നാറിലടക്കമുള്ള കൈയേറ്റ ഭൂമികള്‍ പിടിച്ചെടുക്കുകയും ഹെല്‍മറ്റ് വെക്കാതെ ബുള്ളറ്റ് ഓടിച്ചിറക്കുകയും കുക്കറി ഷോകളിലതിഥിയായെത്തി ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഗീര്‍വാണ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്യും. കത്തിക്കുത്ത് കേസിലെ പ്രതികളുടെ എസ് എസ് എല്‍ സി പരീക്ഷയും പി എസ് സി റാങ്ക് ലിസ്റ്റും സൂക്ഷ്മ പരിശോധനക്ക് വിധേയരാക്കിയവര്‍, എന്തുകൊണ്ട് ഈ ഐ എ എസുകാരന്റെ എം ബി ബി എസ്സും ഐ എ എസും പൂര്‍വകാല പ്രാബല്യത്തോടെ പരിശോധിക്കുന്നില്ല? അങ്ങനെ ഒരാവശ്യം പോലും ആരും ഉന്നയിച്ചതായി കണ്ടില്ല. അതിനു കാരണം മറ്റൊന്നുമല്ല, അംബേദ്കര്‍ പറഞ്ഞതു പോലെ, ഇന്ത്യയില്‍ മജിസ്‌ട്രേറ്റിന്റെ മുകളിലാണ് ബ്രാഹ്മണ പുരോഹിതന്റെ സ്ഥാനം എന്നതു തന്നെ. സിനിമാ തിയേറ്ററില്‍ ദേശീയ ഗാനം നിര്‍ബന്ധമായി പാടിക്കണമെന്നും അപ്പോള്‍ എല്ലാവരും എഴുന്നേറ്റു നില്‍ക്കണമെന്നും സുപ്രീം കോടതി വിധിച്ചപ്പോള്‍ അക്രമാസക്തമായി അതു നടപ്പാക്കിയവര്‍ തന്നെയാണല്ലോ, ശബരിമല സ്ത്രീ പ്രവേശത്തെ സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതാണ് കുറ്റമെന്ന് വ്യാഖ്യാനിച്ചത്. ഇവിടത്തെയും സ്ഥിതി നോക്കുക. ബ്രാഹ്മണനും മജിസ്‌ട്രേറ്റുമായ (ഐ എ എസ് കലക്ടറുടേത് മജിസ്‌ട്രേറ്റ് പദവിയാണ്) വ്യക്തിയാണ് തെളിവുകള്‍ സ്വയവും മറ്റുള്ളവരുടെ സഹായത്തോടെയും നശിപ്പിച്ചതായി ആരോപിക്കപ്പെട്ടിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകനായ ബഷീറിന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിന്റെ പിടിയിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം സംഭവം നടന്ന ഉടനെ ഒന്നുരണ്ട് ദിവസം തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തുകയുണ്ടായി. കേരളം പൊടുന്നനെ പ്രളയത്തിന്റെ ആനിവേഴ്‌സറി ആഘോഷിക്കാന്‍ തുടങ്ങി. അതൊടുക്കം എവിടെയാണെത്തിയത്? 70 രൂപ പിരിച്ചെടുത്ത് അഴിമതി കാണിച്ചെന്ന പേരില്‍ നിരാലംബനും ദരിദ്രനും ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസിയും ദളിതനും കമ്യൂണിസ്റ്റുകാരനുമായ ഓമനക്കുട്ടനെ ജാമ്യമില്ലാക്കുറ്റം ചാര്‍ത്തി വേട്ടയാടുകയും ചാനലുകളിലും സോഷ്യല്‍ മീഡിയയിലും ഇട്ട് കൊല്ലാക്കൊല ചെയ്യുകയും ചെയ്തു. ഏതോ ഒരു സങ്കിക്കുട്ടന്‍ ദുരുപദിഷ്ടമായി ചിത്രീകരിച്ച് വളച്ചൊടിച്ച് കേരളത്തെയും ഭരണകക്ഷിയെയും സ്‌തോഭജനകമായി സ്തംഭിപ്പിക്കുകയായിരുന്നു അത് എന്ന് പിന്നീട് തെളിഞ്ഞു. ആരുടെയൊക്കെ ശവശരീരങ്ങള്‍ക്കു മേലാണ് നാം കൊട്ടിഘോഷിക്കപ്പെട്ട ജനമൈത്രികള്‍ കെട്ടിയുണ്ടാക്കുന്നതെന്ന് വെറുതെ ഒന്നാലോചിച്ചു പോയി. നന്ദി. നമസ്‌കാരം.

ജി പി രാമചന്ദ്രന്‍
• gpramachandran@gmail.com

 

Latest