Articles
പൗരത്വ പട്ടികയിലെ പ്രതികാര രാഷ്ട്രീയം
അസാമിലെ ഏറ്റവും പീഡിത വിഭാഗം ഏതാണെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ, അത് മുസ്‌ലിംകള്‍ എന്നു തന്നെയാണ്. ഈ വടക്കു കിഴക്കന്‍ സംസ്ഥാനത്ത് പല ഗോത്രങ്ങളും അധിനിവേശക്കാരും ഇഷ്ടം പോലെ ഉണ്ടെങ്കിലും മുസ്‌ലിം സമുദായത്തെ മാത്രം എന്തുകൊണ്ടാകും ഭരണകൂടം ലക്ഷ്യം വെക്കുന്നത്? അതിന് പല കാരണങ്ങള്‍ ഇല്ലാതില്ല. പക്ഷേ, അതിലേക്ക് കടക്കുന്നില്ല. ഇപ്പോഴത്തെ മുസ്‌ലിം പ്രശ്‌നം പൗരത്വ പട്ടികയുടേതാണ്. നാളെ ലക്ഷക്കണക്കിനു വരുന്ന അസാം സ്വദേശികളുടെ വിധി നിര്‍ണയ ദിവസമാണ്. ഹിറ്റ്‌ലറുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ മാനവും കാത്ത് നില്‍ക്കുന്നവരെ പോലെയാണ് അവരുടെ അവസ്ഥ. പൗരത്വ പട്ടികയില്‍ നിന്ന് പുറത്താകുക എന്നാല്‍ മരണം വരിക്കുക എന്നതാണ്. മുസ്‌ലിംകളെ സംബന്ധിച്ച് പ്രത്യേകിച്ചും. ഈ പട്ടികയില്‍ നിന്ന് എത്ര പേര്‍ പുറത്ത് പോകേണ്ടി വരുമെന്നോ ഇനിയെത്ര പേര്‍ക്ക് പൗരത്വം അനുവദിച്ചു കിട്ടുമെന്നോ ഭരണ കൂടത്തിനോ ഇരകള്‍ക്കോ ഇനിയും മനസ്സിലായിട്ടില്ല. പുറത്ത് പോയവര്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് എന്തൊക്കെയാകും എന്ന ആധി മറുഭാഗത്തുണ്ട്. കേന്ദ്രമോ സംസ്ഥാനമോ ഈ കാര്യത്തില്‍ ധീരമായ ഒരു നിലപാട് എടുത്തിട്ടില്ല എന്നതു തന്നെ പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
1991 കാലത്ത് സൈക്കിയയാണ് അസാമിന്റെ മുഖ്യമന്ത്രി. ഉള്‍ഫ തീവ്രവാദികള്‍ അസാമില്‍ നിര്‍ബാധം അഴിഞ്ഞാടുന്ന കാലമാണത്. ഈ കാലത്ത് ലേഖകന്‍ അന്നാട്ടിലുണ്ട്. ആ സമയങ്ങളിലെ മുസ്‌ലിം ജനവിഭാഗത്തിന്റെ കണ്ണീരും സങ്കടവും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഭരണകൂടം മാത്രമല്ല, മുസ്‌ലിംകളെ അവിടെ വേട്ടയാടുന്നത്. പല പേരുകളില്‍ അറിയപ്പെടുന്ന ഗോത്ര വര്‍ഗങ്ങളുടെയും തീവ്രവാദ ഗ്രൂപ്പുകളുടെയും ഇരകളാണവര്‍. അസംഘടിതരായ ഈ ഹതഭാഗ്യരെയാണ് ഭരണകൂടമിപ്പോള്‍ ലക്ഷ്യമിടുന്നത്. അതിന് സര്‍ക്കാര്‍ പറയുന്ന ആ സ്ഥിരം പല്ലവി, അസാമിലെ മുസ്‌ലിംകള്‍ അധിനിവേശക്കാരാണെന്നാണ്. ഇത് തീര്‍ത്തും ശരിയല്ല. ഇന്ന് പൗരത്വ പട്ടികയിലുള്ള സിംഹഭാഗവും വര്‍ഷങ്ങളായി അസാം മണ്ണില്‍ പാര്‍ക്കുന്നവരാണ്. റിക്ഷ വലിച്ചും കൃഷി ചെയ്തും അനാദി കടകള്‍ നടത്തിയും ഉപജീവനം കൊള്ളുന്നവര്‍. സര്‍ക്കാര്‍ സര്‍വീസില്‍ മുസ്‌ലിംകളുടെ പ്രാതിനിധ്യം തുലോം കുറവാണ്. അന്യ സംസ്‌കാരങ്ങളുമായി ഒത്തുചേര്‍ന്ന് സമാധാന പ്രിയരായി കഴിയുന്നവരാണ് അസാം മുസ്‌ലിംകള്‍. മുസ്‌ലിം സമുദായം ഒരു കാലത്തും അസാമിന്റെ ചരിത്രത്തില്‍ ഒരു കലാപത്തിനോ വിഘടന വാദത്തിനോ കൂട്ടുനില്‍ക്കുന്നവരോ അതിനുവേണ്ടി ആയുധങ്ങള്‍ ശേഖരിച്ചവരോ അല്ല. എന്നാല്‍ മുസ്‌ലിം ഇതര സമൂഹം അസാമില്‍ അങ്ങനെയുണ്ട് താനും. ബോഡോ തീവ്രവാദികളുടെ ചരിത്രം തന്നെ കലാപത്തിന്റെയും വിഘടന വാദത്തിന്റെതുമാണ്.
മ്യാന്‍മറിലെ റോഹിംഗ്യന്‍ മുസ്‌ലിംകളുടെ സമകാലീന ചരിത്രം ഇന്ത്യയുടെ മുന്നിലുണ്ട്. രക്തം ചിന്താന്‍ വേണ്ടി മാത്രം വിധിക്കപ്പെട്ടവരാണവര്‍. ഒരു ഭൂപടത്തിലും സ്ഥാനമില്ലാത്തവര്‍. സമുദ്രത്തിന്റെ ആഴങ്ങളില്‍ ഒഴുകി നടക്കാന്‍ വിധിക്കപ്പെട്ടവര്‍. ഇവരെ പൗരത്വത്തിന്റെ പേരിലാണ് വേട്ടയാടപ്പെടുന്നത്. അസാം മുസ്‌ലിംകളെ റോഹിംഗ്യകളോട് ഉപമിച്ചാല്‍ അത് അതിശയോക്തിപരമാകില്ല. കാരണം, അന്തിമപ്പട്ടിക പുറത്തുവന്ന ശേഷം പുറത്താക്കപ്പെടുന്നവരെ ഭരണകൂടം എങ്ങനെ സമീപിക്കും എന്നതിനെ ആശ്രയിച്ചിരിക്കും അവരുടെ ഭാവി. ഏതൊരു സമൂഹത്തിലും കുടിയേറ്റക്കാരുടെ ഭാവി, അവര്‍ക്കായി സമൂഹം കരുതിവെച്ച അവകാശങ്ങള്‍ എന്നിവയെല്ലാം ഒരു പ്രാന്തവത്കൃത സമൂഹത്തിന്റെ ഭാവി നിര്‍ണയ രേഖകളാണ്. രാജ്യം തന്നെ ഒരു തടവറയായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ പൗരത്വം നഷ്ടപ്പെടുന്ന ഒരു വ്യക്തിയുടെ ജീവിതവും ഭാവിയും ആര്‍ക്കും പ്രവചിക്കാന്‍ എളുപ്പമാകും. പട്ടികയില്‍ നിന്ന് പുറത്തു പോകേണ്ടി വരുന്നവര്‍ രേഖകളില്ലാത്തവരായിരിക്കും. അവര്‍ കുടിയേറ്റക്കാരും മറ്റൊരു രാജ്യത്തെ പൗരന്മാരുമായി കണക്കാക്കപ്പെടും. ഇത്തരത്തിലുള്ള ഭരണകൂട ഭീഷണി നിലനില്‍ക്കുന്ന ഒരു പശ്ചാത്തലത്തില്‍ അന്തിമ പട്ടികയെ ജാഗ്രതയോടെ വേണം സമീപിക്കാന്‍.
ഒരു നിയമം പ്രത്യേക സമുദായത്തെ മാത്രം ലക്ഷ്യം വെക്കുമ്പോഴാണ് ആ ഭരണകൂടത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം നഗ്‌നമാക്കപ്പെടുക. അസാമില്‍, തിബറ്റ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് കുടിയേറി പാര്‍ത്തവരുണ്ട്. ഇവരില്‍ മിക്കവരും അമുസ്‌ലിംകളാണ്. അസാമിലെ ക്രമസമാധാന പ്രശ്‌നങ്ങളില്‍ ചെറുതല്ലാത്ത സ്വാധീനം ചെലുത്തുന്നവരാണിവര്‍. എന്നാല്‍ ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ ഇത്തരക്കാരെക്കുറിച്ച് മൗനം അവലംബിക്കുന്നു. അവര്‍ മുസ്‌ലിംകളല്ല എന്നതാണ് കാരണം. ഇവര്‍ക്ക് പൗരത്വ പട്ടികയില്‍ ഇടം വേണ്ടേ എന്നൊന്നും ചോദിക്കരുത്. വംശഹത്യക്ക് പുറത്തുള്ളവരാണ് ഈ രാജ്യക്കാര്‍. ജനിച്ചുവീണ മണ്ണില്‍ നിന്ന് പുറന്തള്ളപ്പെടുന്നതിനോളം ദുര്യോഗം ഒരു സമൂഹത്തിന് മറ്റെന്തുണ്ട്? ഒരു സുപ്രഭാതത്തില്‍ അഭയാര്‍ഥിയായി മാറുന്നതിനേക്കാള്‍ ഭയാനകമായി ആ വ്യക്തിക്ക് എന്തുണ്ട്.
അസാമിലെ മുസ്‌ലിം സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് മാറി മാറി വരുന്ന സര്‍ക്കാറുകളെല്ലാം ഒരേ പോലെ കുറ്റക്കാരാണ്. ബി ജെ പിയെ പോലെ കോണ്‍ഗ്രസിനും അതില്‍ പങ്കാളിത്തമുണ്ട്. പക്ഷേ, ബി ജെ പി വര്‍ഗീയ രാഷ്ട്രീയം ഊതിപ്പെരുപ്പിക്കുന്നു എന്ന പ്രത്യേകതയുണ്ട്. 1956ലെ തിരഞ്ഞെടുപ്പ് പട്ടിക പുതുക്കാത്തതിനെ സംബന്ധിച്ച് അന്നും ഇന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മൗനമാണ്. ബംഗ്ലാദേശിന്റെ രൂപവത്കരണത്തോടെ പൂര്‍വ പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയ അഭയാര്‍ഥികളെ വെച്ചാണ് ഓരോ പാര്‍ട്ടിയും അധികാരമേറിയതെന്ന ചരിത്ര സത്യം ആരു തന്നെ മറച്ചുവെച്ചാലും പുറത്താകും. അസാമിലെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍, 1985ല്‍ രാജീവ് ഗാന്ധി ഉണ്ടാക്കിയ കരാര്‍ വ്യവസ്ഥയുടെ തുടര്‍ച്ചയായി പൗരത്വ പട്ടികയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അപ്പോള്‍ ഇന്ന് അസാം മുസ്‌ലിംകള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥക്ക് കാരണം ഇന്ത്യ ഭരിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ. അതുകൊണ്ടാണ് ലോകത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകരും ഇന്ത്യയിലെ മനുഷ്യ സ്‌നേഹികളും അസാം പൗരത്വ പ്രശ്‌നം ഗൗരവത്തോടെ കാണുന്നത്. കൃത്യമായ ഒരു നയ സമീപനത്തോടെയല്ലാതെ ഈ സാഹചര്യത്തെ ഭരണകൂടം സമീപിക്കരുതെന്ന് അവര്‍ പേര്‍ത്തും പേര്‍ത്തും ആവശ്യപ്പെടുന്നത്. ഇന്ത്യയെ മറ്റൊരു ആഭ്യന്തര കലാപത്തിലേക്ക് തള്ളിവിടാന്‍ പ്രേരകമാകരുത് വിധിന്യായങ്ങള്‍.
പൗരത്വ പട്ടികയുടെ അന്തിമ ഘട്ടത്തില്‍ നിന്ന് പുറത്ത് പോകേണ്ടി വരുന്നവര്‍ക്ക് ഭരണകൂടം 10 തടങ്കല്‍ പാളയങ്ങളും നൂറില്‍ പരം ഫോറിന്‍ ട്രൈബ്യൂണലുകളും ഒരുക്കി വരുന്നുണ്ടെന്ന് ചില റിപ്പോര്‍ട്ടുകളില്‍ വായിച്ചു. ഈ തടങ്കല്‍ പാളയങ്ങളും പ്രവര്‍ത്തനവും മറ്റും എങ്ങനെയാകുമെന്ന ആശങ്ക ഓരോ ഇന്ത്യക്കാരനും ഉണ്ടായിരിക്കേണ്ടതാണ്. കാരണം, ലോകത്തിലെ പല തടങ്കല്‍ പാളയങ്ങളും കുപ്രസിദ്ധമാണല്ലോ. ഈ പാളയങ്ങളില്‍ അടക്കപ്പെടുന്നത് നമ്മുടെ സഹോദരങ്ങളാണെന്ന മനോവിചാരമാണ് മുഖ്യം. പൗരത്വ പട്ടികയില്‍ നിന്ന് പുറന്തള്ളപ്പെടുന്നവരുടെ അവകാശങ്ങളും ഭാവിയും ആരുടെ കൈകളിലാണ് സുരക്ഷിതമാകുക എന്ന മറുചോദ്യവുമുണ്ട്.
അസാമിന്റെ ആകെ ജനസംഖ്യയുടെ 12 ശതമാനത്തില്‍ ഏറെ പേരും പുറത്താക്കപ്പെടുന്ന പൗരന്മാരാണെന്നാണ് ഒരു ഏകദേശ കണക്ക്. ഇവരിലധികവും മുസ്‌ലിംകളാണ്. ബംഗാളി ഭാഷ സംസാരിക്കുന്നവര്‍ മുസ്‌ലിംകള്‍ മാത്രമല്ല, ഹിന്ദു സമുദായത്തില്‍ പെട്ടവരും ഉണ്ട്. അസാമിലെ ആകെയുള്ള 1.15 കോടി വരുന്ന മുസ്‌ലിം ജനസംഖ്യയില്‍ എത്ര പേര്‍ക്ക് രേഖകളുണ്ടാകുമെന്ന കാര്യം വരും ദിവസങ്ങളില്‍ ഭരണകൂടം വിശദീകരിക്കും. നമ്മളത് കേട്ടിരിക്കും. പരമ്പരാഗതമായി കോണ്‍ഗ്രസിന് വോട്ട് ചെയ്തുവരുന്ന ഈ പാവങ്ങളില്‍ ഭൂരിഭാഗത്തെയും കോണ്‍ഗ്രസ് കൈവിട്ടു കഴിഞ്ഞു. പൗരത്വ പട്ടികയില്‍ നിന്ന് പുറത്ത് പോകേണ്ടി വരുന്നവര്‍ സുപ്രീം കോടതിയെയോ ട്രൈബ്യൂണലുകളെയോ സമീപിച്ചാല്‍ തന്നെ അത് തീര്‍പ്പാക്കാന്‍ വര്‍ഷങ്ങളെടുക്കും. സര്‍ക്കാര്‍ കണക്കു പ്രകാരമുള്ള 100 ട്രൈബ്യൂണല്‍ പ്രവര്‍ത്തിച്ചാല്‍ പോലും രക്ഷയില്ല എന്നര്‍ഥം. അപ്പോള്‍ പുറത്താക്കപ്പെടുന്നവര്‍ കോടതി വിധി വരുന്നതോടെ രാജ്യം വിട്ടു പോകുകയോ തടങ്കല്‍ പാളയങ്ങളില്‍ ജീവിതം ഹോമിക്കുകയോ ചെയ്യേണ്ടി വരുമെന്നര്‍ഥം.
ഇന്ത്യയുടെ നീതിന്യായ പീഠങ്ങളിലും ട്രൈബ്യൂണലുകളിലും ഹിന്ദുത്വ അജന്‍ഡകള്‍ വെച്ചുപുലര്‍ത്തുന്ന ന്യായാധിപന്മാരെക്കൊണ്ട് നിറച്ചിരിക്കുകയാണ് മോദിയും അമിത് ഷായും. റിട്ടയേഡ് ജഡ്ജിമാരാണ് പല ട്രൈബ്യൂണലുകളെയും നിയന്ത്രിക്കുന്നത്. ഇവരാകട്ടെ ഹൈന്ദവ ആദര്‍ശങ്ങളുടെ വക്താക്കളും ബി ജെ പി അനുകൂലികളുമാണ്. പലപ്പോഴും അസാം വംശീയതക്ക് വേണ്ടി നടന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നവരാണ് പല ജഡ്ജിമാരും. ഇവരില്‍ നിന്ന് മുസ്‌ലിംകള്‍ക്ക് നീതി ലഭിക്കുക ക്ഷിപ്രസാധ്യമല്ല. പല നീതിനിര്‍വഹണ ഘട്ടങ്ങളിലും ബംഗാളി ഹിന്ദുക്കള്‍ക്ക് ലഭിച്ച പരിചരണം മുസ്‌ലിംകള്‍ക്ക് കിട്ടിയിട്ടില്ല എന്നതാണ് വസ്തുത. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ, സര്‍ക്കാര്‍ പറയുന്ന ആയിരക്കണക്കിന് വരുന്ന മുസ്‌ലിംകളെ തിരിച്ച് ബംഗ്ലാദേശിലേക്ക് തന്നെ അയക്കാന്‍ നടപടിയെടുത്താല്‍, ആ രാജ്യം അത് സ്വീകരിക്കില്ലെന്നു മാത്രമല്ല, ഇന്ത്യയുമായി ഉണ്ടാക്കിയ ഒരു ധാരണയുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ഒഴിഞ്ഞുമാറുകയും ചെയ്യാം. കാരണം, ധാക്കയില്‍ വെച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി അസാമിലെ ശുദ്ധീകരണം ബംഗ്ലാദേശിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഉറപ്പ് കൊടുത്തിട്ടുമുണ്ട്. ഇന്ത്യയുടെ മാത്രം ആഭ്യന്തര പ്രശ്‌നമായിട്ടാണ് അസാം പൗരത്വത്തെ മന്ത്രി കണ്ടത്. ചുരുക്കത്തില്‍ അങ്ങനെയൊരു സാധ്യതയും സര്‍ക്കാര്‍ അടച്ചു എന്നര്‍ഥം.