Connect with us

Cover Story

മലയാളത്തിന്റെ സന്തോഷം

Published

|

Last Updated

മലയാളം പറഞ്ഞാൽ മനസ്സിലാകുന്ന കമ്പ്യൂട്ടറിനെയും മൊബൈൽ ഫോണിനെയും കുറിച്ച് ആലോചിച്ചുനോക്കൂ. നിങ്ങൾ മലയാളത്തിൽ പറയുന്നതിനനുസരിച്ച് കമ്പ്യൂട്ടർ അനുസരിക്കുക, ടൈപ്പ് ചെയ്യുകയോ ചിത്രം വരക്കുകയോ അങ്ങനെ എന്തും മാതൃഭാഷയിൽ യാഥാർഥ്യമാകുന്ന ഒരു കാലം അതിവിദൂരമല്ല. ഈയൊരു ലക്ഷ്യത്തിനായി, എഴുത്തിനും വായനക്കുമെല്ലാമപ്പുറം മലയാള ഭാഷയുടെ ഭാവിയെ കുറിച്ച് നിരന്തരം ചിന്തിക്കുകയും പ്രവർത്തിക്കുകയും അതിനായി പ്രത്യേകം സാങ്കേതിക വിദ്യകൾ മെനഞ്ഞെടുക്കുകയും ചെയ്യുകയാണ് പാലക്കാട്ടുകാരനായ സന്തോഷ് തോട്ടിങ്ങൽ. മലയാളം ഭാഷാമേഖലയിലെ കാതലായ സംഭാവനകൾക്ക് ഈ വർഷത്തെ രാഷ്ട്രപതിയുടെ മഹർഷി ഭദ്രയാൻ വ്യാസ് സമ്മാൻ തേടിയെത്തിയത് ഈ യുവാവിനെയാണ്. സംസ്‌കൃതം, പേർഷ്യൻ, അറബി, പാലി, ക്ലാസിക്കൽ ഒറിയ, ക്ലാസിക്കൽ കന്നഡ, ക്ലാസിക്കൽ തെലുഗ്, ക്ലാസിക്കൽ മലയാളം തുടങ്ങിയ ഭാഷകൾക്കുള്ള സംഭാവന പരിഗണിച്ച് 30നും 45നും ഇടക്കുള്ള യുവ പ്രതിഭകൾക്കാണ് ഈ പുരസ്‌കാരം ലഭിക്കുക.

സന്തോഷ്
തിരഞ്ഞെടുത്ത വഴി

എഴുത്തിനും വായനക്കും സംസാരത്തിനുമപ്പുറം നാം നിത്യവും ഉപയോഗിക്കുന്ന ഭാഷയുടെ ഭാവി എന്തായിരിക്കും? ആദ്യകാലത്ത് താളിയോലയിലും എല്ലിലും കല്ലിലുമൊക്കെയായിരുന്നു എഴുത്ത് വികസിച്ചത്. കടലാസ് വന്നതോടെ അച്ചടിയിലേക്ക് പുരോഗമിച്ചു. പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളുമെല്ലാമുണ്ടായി. കമ്പ്യൂട്ടറിന്റെയും ഇൻറർനെറ്റിന്റെയും വരവോടെ കടലാസെഴുത്തും വായനയുമെല്ലാം കമ്പ്യൂട്ടറിലേക്കും എന്തിനധികം മൊബൈൽ ഫോണിലേക്കും വ്യാപിച്ചു. ഇന്ന് ലോകത്തെ വിവിധ രാജ്യങ്ങളിലിരുന്ന് കമ്പ്യൂട്ടറിലൂടെ പത്രങ്ങളും സോഷ്യൽ മീഡിയയിലെ മലയാളം എഴുത്തുമെല്ലാം വായിക്കുന്ന നാം ഓർക്കാത്ത ചിലതുണ്ട്. മാറ്റത്തിന്റെ ഈ പാതയിൽ തുല്യതയില്ലാത്ത സംഭാവന നൽകിവരുന്നവർ ലോകത്തിന്റെ പല ഭാഗത്തായി ജോലി ചെയ്യുന്നവരാണ്. അവരാകട്ടെ, ഭാഷാ പണ്ഡിതരോ അധ്യാപകരോ എഴുത്തുകാരോ ഒന്നുമല്ല. കമ്പ്യൂട്ടറിന്റെ മുമ്പിൽ കുത്തിയിരുന്ന് പണിയെടുക്കുന്ന എന്നാൽ, ഇന്നുവരെ പരസ്പരം അധികം കണ്ടുപരിചയം പോലുമില്ലാത്ത സന്നദ്ധ സേവകരാണ് അവർ. തങ്ങളുടെ തൊഴിലിന്റെ ഒഴിവു വേളകളിലെല്ലാം മലയാള ഭാഷയുടെ ഭാവി സാങ്കേതികവിദ്യകളെ കുറിച്ച് അഗാധമായി ചിന്തിക്കുകയും ചർച്ച ചെയ്യുകയും അതിനായി തന്ത്രങ്ങൾ മെനയുകയും ചെയ്യുന്ന കൂട്ടരിലെ പ്രമുഖനാണ് സന്തോഷ് തോട്ടിങ്ങൽ.
നാം ഇന്ന് ഇൻറർനെറ്റിൽ കാണുന്ന മലയാളം ലിപിയിൽ വായിക്കാനും എഴുതാനുമെല്ലാം ആകർഷണീയമായ മഞ്ജരി എന്ന അക്ഷര രൂപം (ഫോണ്ട്) തയ്യാറാക്കിയത് ഇദ്ദേഹമാണ്. മഞ്ജരി ഫോണ്ടിന് പുറമെ കുറച്ചുകൂടി ഭംഗിയോടെ എഴുതാൻ രൂപകൽപ്പന ചെയ്ത ചിലങ്ക ഫോണ്ടും സന്തോഷ് തയ്യാറാക്കിയത് തന്നെ. ഭാഷാ ശാസ്ത്രജ്ഞനോ വ്യാകരണ പണ്ഡിതനോ ഒന്നുമല്ലെങ്കിലും മലയാള ഭാഷക്ക് സന്തോഷിനെ പോലുള്ളവർ നൽകുന്ന സംഭാവന അധികമാരും ഇതുവരെ ചർച്ച ചെയ്തിട്ടില്ല. മലയാള ഭാഷയെയും ഭാഷാ ശാസ്ത്രത്തെയും കുറിച്ച് വിജ്ഞാനം പകരാൻ സന്തോഷമാണ് സന്തോഷിന്. മലയാള ഭാഷാ സാങ്കേതികവിദ്യയെ കുറിച്ച് ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പോയി സംസാരിക്കുന്ന വേറെ മലയാളികൾ ഉണ്ടോ എന്ന് സംശയമാണ്. രാഷ്ട്രപതിയുടെ പുരസ്‌കാര വിവരം വന്ന് അധികം വൈകാതെ അയർലാൻഡിലേക്കാണ് സന്തോഷ് പോയത്. ഡബ്ലിൻ സിറ്റി യൂനിവേഴ്‌സിറ്റിയിൽ നടന്ന പതിനേഴാമത് മെഷീൻ ട്രാൻസ്‌ലേഷൻ ഉച്ചകോടിയിൽ മലയാളത്തിന്റെ പദഘടനാ വിശകലനത്തെ (Morphology Analysis) സംബന്ധിച്ച് പ്രബന്ധം അവതരിപ്പിക്കാനുള്ള ക്ഷണപ്രകാരമായിരുന്നു അത്.

മഞ്ജരിയും
ചിലങ്കയും

കേരളത്തിലെ ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രവർത്തകന് എന്തൊക്കെയാണ് ചെയ്യാനുള്ളത് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിന് ഇദ്ദേഹം തിരഞ്ഞെടുത്തത് ഭാഷാ സാങ്കേതിക മേഖല ആയിരുന്നു. സോഫ്റ്റ്‌വെയർ മേഖലയെ അറിവിന്റെ കുത്തകയാക്കി വെക്കുന്നതിനെതിരായിരുന്നു തുടക്കത്തിലേ സന്തോഷ്. അങ്ങനെയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ മേഖലയുമായി പ്രവർത്തിക്കുന്നത്. മലയാളം എങ്ങനെ കമ്പ്യൂട്ടറുകളിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിലൂടെ എത്തിക്കാം എന്നതായിരുന്നു മനസ്സിലെ ചോദ്യം. ആ ചോദ്യത്തിനുള്ള ഉത്തരമെന്ന നിലക്ക് മലയാളം പറഞ്ഞാൽ മനസ്സിലാകുന്ന കമ്പ്യൂട്ടർ (ടെക്സ്റ്റ് ടു സ്പീച്ച് സിസ്റ്റം) എന്ന സാങ്കേതികവിദ്യക്കുള്ള ശ്രമം തുടങ്ങി. പക്ഷേ, അതിന് മുമ്പ് കമ്പ്യൂട്ടറിൽ മലയാളം ടൈപ്പ് ചെയ്യാൻ സാധിക്കണമല്ലോ എന്ന പ്രശ്‌നത്തിലായി. അതിന് പരിഹാരം കണ്ടെത്താൻ ശ്രമിച്ചപ്പോഴാണ് മലയാളം നേരാവണ്ണം സ്‌ക്രീനിൽ കാണണമല്ലോ എന്ന പ്രശ്‌നമുദിച്ചത്. അതിനായുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഫോണ്ടുകളുണ്ടാക്കാൻ (കമ്പ്യൂട്ടറുകളിലെ അക്ഷര രൂപങ്ങൾ) തുടങ്ങിയത്.
കമ്പ്യൂട്ടറുകളിൽ സ്വന്തമായി ഡിസൈൻ ചെയ്ത ഫോണ്ടുകൾ രൂപപ്പെടുത്താനായി വർഷങ്ങളോളമാണ് ചെലവഴിച്ചത്. ജോലിക്കിടയിലെ ഒഴിവു വേളകൾ ഇതിനായുള്ള സാങ്കേതികവിദ്യയുടെ പിന്നാലെയായിരുന്നു. സഹധർമിണിയായ കാവ്യമനോഹറും ഊ ഉദ്യമത്തിൽ സന്തോഷിനൊപ്പം പ്രയത്‌നിച്ചു. മറ്റുള്ളവർ രൂപകല്പന ചെയ്ത ഫോണ്ടുകളുടെ സാങ്കേതികവിദ്യ വർഷങ്ങളോളം ചെയ്തപ്പോൾ സ്വയം വരച്ചുനോക്കാൻ തോന്നി. ഒടുവിൽ അത് ഫലം കണ്ടു. മഞ്ജരി, ചിലങ്ക എന്നിങ്ങനെ മനോഹരങ്ങളായ രണ്ട് ഫോണ്ടുകൾ സ്വതന്ത്ര ലൈസൻസിൽ പുറത്തിറക്കാൻ അവർക്കായി. എല്ലാത്തിനും പിന്തുണയും സാങ്കേതിക സഹായവുമായി “സ്വതന്ത്ര മലയാളം” എന്ന കൂട്ടായ്മയുടെ പിന്തുണയും ഉണ്ടായിരുന്നു. സ്വതന്ത്രമായി ആർക്കും ഉപയോഗിക്കാമെന്നതാണ് ഇവയുടെയെല്ലാം പ്രത്യേകത. ആദ്യം ഓരോ അക്ഷരത്തെയും വലിയ ക്യാൻവാസിൽ വരച്ചു ചേർക്കണം. ഇവ പിന്നീട് കമ്പ്യൂട്ടറിലേക്ക് സ്‌കാൻ ചെയ്യും. തുടർന്ന് ഡിസൈനിംഗ് പൂർത്തിയാക്കി കോഡിംഗ് നൽകും. അങ്ങനെ ഫോണ്ട് പിറക്കുകയായി. ഇതിനൊക്കെ മാസങ്ങളുടെ അധ്വാനമുണ്ട്. ആ അധ്വാനങ്ങൾ ഓരോ ദിവസവും അംഗീകരിക്കപ്പെടുകയാണ്. കഴിഞ്ഞ ദിവസം മുതൽ ഈ ഫോണ്ടുകൾക്ക് ഗൂഗിൾ വരെ അവരുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ അംഗീകാരം നൽകിയിരിക്കുന്നു. ഗൂഗിളിന്റെ ഡോക്‌സ്, സ്പ്രഡ്ഷീറ്റ്, പ്രസന്റേഷൻ തുടങ്ങിയവയിൽ ഇനി മലയാളത്തിലുള്ള ചിലങ്ക, മഞ്ജരി ഫോണ്ടുകൾ ലോകത്തെവിടെയുമുള്ള ആർക്കും ഉപയോഗിക്കാം. അവ ഉപയോഗിച്ച് കത്തുകളോ ചോദ്യക്കടലാസുകളോ എന്ത് ഡോക്യുമെന്റുകളും യഥേഷ്ഠം തയ്യാറാക്കാം.

അക്ബറലി ചാരങ്കാവ്
• meriakbar@gmail.com