Connect with us

Religion

പുതുവത്സരം

Published

|

Last Updated

സൂര്യന്റെയും ചന്ദ്രന്റെയും ചലനങ്ങളെ അടിസ്ഥാനപ്പെടുത്തി ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ, വർഷങ്ങൾ എന്നിങ്ങനെ കാലവും സമയവും കണക്കാക്കുന്ന രീതി പ്രാചീന കാലം മുതൽക്കുള്ളതാണ്. മുസ്‌ലിംകൾ ജീവിതകാലചക്രത്തെ പൊതുവെ ചാന്ദ്ര വർഷവുമായാണ് ബന്ധപ്പെടുത്തിയിട്ടുള്ളത്.

“രാവിനെയും പകലിനെയും നാം രണ്ട് ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. രാവാകുന്ന ദൃഷ്ടാന്തത്തെ നാം മങ്ങിയതാക്കുകയും പകലാകുന്ന ദൃഷ്ടാന്തത്തെ നാം പ്രകാശം നിറഞ്ഞതാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള അനുഗ്രഹങ്ങൾ തേടുന്നതിന്ന് വേണ്ടിയും വർഷങ്ങളുടെ എണ്ണവും കണക്കും നിങ്ങൾ മനസ്സിലാക്കാൻ വേണ്ടിയും ഒരോ കാര്യവും നാം വിശദീകരിച്ചിരിക്കുന്നു (ഇസ്‌റാഅ്: 12).
ഹിജ്‌റ കലൻഡർ ആണ് ലോകവ്യാപകമായി ഉപയോഗിക്കുന്ന ചാന്ദ്ര കലൻഡർ. മുഹമ്മദ് നബി (സ) മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്ത എ ഡി 622 മുതലാണ് ഹിജ്‌റ വർഷം ആരംഭിക്കുന്നത്. ഹിജ്‌രി കലൻഡർ മതപരമായ കാര്യങ്ങൾക്കാണ് കൂടുതൽ ഉപയോഗിക്കുന്നത്. സഊദി അറേബ്യയിൽ ഔദ്യോഗിക കലൻഡറായി അംഗീകരിച്ചിട്ടുണ്ട്. സ്‌കോട്ട്‌ലാൻഡിൽ കണ്ടെത്തിയ ചാന്ദ്ര കലൻഡറാണ് ഇന്ന് ലഭ്യമായവയിൽ വെച്ച് ഏറ്റവും പഴക്കമുള്ളത്. 8000 വർഷങ്ങൾക്കപ്പുറമാണിത് രൂപപ്പെടുത്തിയത്.

ചന്ദ്രന്റെ കലകൾക്കും വൃദ്ധിക്ഷയങ്ങൾക്കുമനുസരിച്ച് രൂപപ്പെടുത്തിയതാണ് ചാന്ദ്ര കലൻഡർ. കൃത്യമായ 354.37 ദിനങ്ങളാണ് ചാന്ദ്ര കലൻഡറിലുള്ളത്. സൗര വർഷവുമായി 11 മുതൽ 12 വരെ ദിവസങ്ങളുടെ വ്യത്യാസമുണ്ട്. എന്നാൽ, ഓരോ 33 വർഷം കൂടുമ്പോഴും ഹിജ്‌റ കലൻഡറിന് ഒരു വർഷത്തെ കുറവുണ്ടാവുന്നതോടൊപ്പം സൗര വർഷവുമായി യോജിച്ച് വരുന്നു. ചാന്ദ്ര കലൻഡറുകൾ എന്ന് വിളിക്കപ്പെടുന്ന ചൈനീസ്, ഹിന്ദു, ഹീബ്രു കലൻഡറുകൾ യാഥാർഥത്തിൽ സൗര- ചാന്ദ്ര കലൻഡറുകളാണ്. ചാന്ദ്ര കലൻഡറുകളും ചാന്ദ്ര- സൗര കലൻഡറുകളും മാസത്തിന്റെ ആദ്യ ദിനം ഏതാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്. ചൈനീസ് കലൻഡർ പോലുള്ള ചാന്ദ്ര- സൗര കലൻഡറുകളിൽ ഒരു മാസത്തിന്റെ ആദ്യ ദിനം ഒരു പ്രത്യേക സമയ മേഖലയിൽ പൂർണ ചന്ദ്രൻ (New moon) വരുന്ന ദിനമായിരിക്കും. ചില ഹിന്ദു കലൻഡറുകളിൽ പൂർണ ചന്ദ്രന് ശേഷമുള്ള ദിനമാണ് മാസത്തിലെ ആദ്യ ദിനമായി പരിഗണിക്കുക. എന്നാൽ, ഹീബ്രു കലൻഡറുകളിൽ ചന്ദ്ര കല തെളിയുന്നതിന് മുമ്പുള്ള ദിനമായിരിക്കും മാസത്തിലെ പ്രഥമ ദിനം.

സൂര്യന്റെ ഉദയാസ്തമയം ദിനേനെയുള്ള പ്രതിഭാസമായതിനാൽ നിസ്‌കാരാദി ദിനംപ്രതി ചെയ്യേണ്ട ആരാധനാ കർമങ്ങളെ സൂര്യനെ അടിസ്ഥാനമാക്കിയും ചന്ദ്രന്റെ പരിക്രമണം മാസാന്തമുള്ള പ്രതിഭാസമായതിനാൽ നോമ്പ്, ഹജ്ജ് തുടങ്ങിയ ആരാധനാ കർമങ്ങളെ ചന്ദ്രനെ അടിസ്ഥാനമാക്കിയുമാണ് സമയ നിർണയം നടത്തിയിരിക്കുന്നത്. ആഗോള തലത്തിൽ കലൻഡർ സംവിധാനം 12 മാസങ്ങളിൽ നിർണിതമാണ്. മാസങ്ങൾ 12 ആണെന്ന് ഖുർആനിൽ അല്ലാഹു വെളിപ്പെടുത്തുന്നുണ്ട്.
“ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കൽ മാസങ്ങളുടെ എണ്ണം 12 ആകുന്നു. അവയിൽ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാൽ ആ നാല് മാസങ്ങളിൽ നിങ്ങൾ നിങ്ങളോട് തന്നെ അക്രമം പ്രവർത്തിക്കരുത് (തൗബ 36).” തിരുവചനത്തിലൂടെ വ്യക്തമാകുന്നതും അത് തന്നെയാണ്. “അല്ലാഹു ആകാശ ഭൂമികളെ സൃഷ്ടിച്ചത് മുതൽ കാലം അതിന്റെ ക്രമത്തിൽ സഞ്ചരിക്കുന്നുണ്ട്. ഒരു വർഷം 12 മാസമാണ്. ദുൽഖഅദ്, ദുൽഹജ്ജ്, മുഹർറം എന്നീ മൂന്ന് തുടർ മാസങ്ങൾ, ജമാദുൽ ഉഖ്‌റയുടെയും ശഅബാന്റെയും ഇടയിലുള്ള റജബ് എന്നീ നാല് മാസങ്ങൾ യുദ്ധം നിഷിദ്ധമായവയാണ്.

ഗ്രിഗോറിയൻ കലൻഡർ പ്രകാരം ഒരു മാസം മുപ്പതോ മുപ്പത്തിയൊന്നോ ദിനങ്ങളാണ്. എന്നാൽ ഹിജ്‌രി കലൻഡർ പ്രകാരം പൂർണമായ ദിനങ്ങൾ മുപ്പതാണ്. അതായത് ഒരു പൂർണ ചന്ദ്രൻ മുതൽ അടുത്ത പൂർണ ചന്ദ്രൻ വരെയുള്ള കാലയളവ്. ഒരു മാസം 29ന് അസ്തമിച്ച രാത്രിയുടെ തുടക്കത്തിലെവിടെയെങ്കിലും ചന്ദ്രക്കീറ് കണ്ടാൽ പുതിയ മാസം ആരംഭിക്കുകയായി. ചന്ദ്രവർഷവും അന്ന് മുതൽ കണക്കാക്കി തുടങ്ങും. അതിനാൽ തന്നെ ഹിജ്‌രി കലൻഡർ പ്രകാരം ചില മാസങ്ങൾ 29 ദിവസങ്ങളായിരിക്കും. ഒരു ചന്ദ്ര മാസത്തിൽ ശരാശരി 29.530589 ദിനങ്ങളാണുള്ളതെന്നും കണക്കാക്കിയിട്ടുണ്ട്.

ഖലീഫ ഉമറി(റ)ന്റെ കാലത്ത് അനറബി പ്രദേശങ്ങളിൽ ഇസ്‌ലാം വ്യാപിച്ചപ്പോൾ വിശ്വാസികൾക്ക് പൊതുവായി ഒരു കാലഗണന സമ്പ്രദായം വേണമെന്ന അഭിപ്രായം ഉയർന്നു വന്നു. ഒന്നാം മാസം ഏതായിരിക്കണമെന്ന ചർച്ചയിൽ റമസാൻ, ദുൽഹിജ്ജ തുടങ്ങിയ അഭിപ്രായങ്ങൾ ഉടലെടുത്തെങ്കിലും ഖുർആൻ പരിശുദ്ധ മാസങ്ങളായി എണ്ണിയവയിൽ ആദ്യം മുഹർറം ആണെന്നും ഹാജിമാർ ഹജ്ജ് കഴിഞ്ഞ് നാടുകളിൽ തിരിച്ചെത്തി പുതു ജീവിതം ആരംഭിക്കുന്നത് മുഹർറം മുതലാണെന്നുള്ള ഉസ്മാനി(റ)ന്റെ യുക്തിപൂർവമായ വീക്ഷണമാണ് മുഹർറത്തിൽ നിന്ന് തന്നെ വർഷം തുടങ്ങാൻ നിമിത്തമായത്. മുഹർറം എന്ന നാമം പ്രഥമ മാസത്തിന് ലഭിച്ചത് യുദ്ധം നിഷിദ്ധമായത് കൊണ്ടാണെന്നും ഇബ്‌ലീസിന് സ്വർഗം വിലക്കപ്പെട്ടത് കൊണ്ടാണെന്നും അഭിപ്രായമുണ്ട്.

സഹൽ അബ്ദുല്ല
• muhammedsahlabdulla@gmail

muhammedsahlabdulla@gmail