Connect with us

Ongoing News

റിസര്‍വ് ബേങ്ക് ഇനി റിസര്‍വില്ലാ ബേങ്ക്

Published

|

Last Updated

ഓണം വരികയാണ്. മാവേലി ഇത്തവണയും നാട് കാണാനുള്ള ഒരുക്കത്തിലായിരിക്കും. മഴയാണ്, കാലം തെളിഞ്ഞു വരുന്നതേയുള്ളൂ. എന്നാലും ഇത്തവണയും കാണും. കഴിഞ്ഞ തവണ കണ്ടതൊന്നും ഇനി കാണണമെന്നില്ല. മലകളും വീടും ആള്‍ക്കാരും… എല്ലാം പോയി. ഉരുള്‍ പൊട്ടലാണ്. മല അങ്ങനെത്തന്നെ ഒഴുകി വരികയാണ്. അപ്പോള്‍ കഴിഞ്ഞ തവണ കണ്ട കുറെ മുഖങ്ങള്‍ ഇപ്പോഴും മണ്ണിനടിയിലാണ്. അവരുടെ കുടുംബാംഗങ്ങളുടെ വേദന…

ഇതിനൊക്കെ ആരാണ് ഉത്തരവാദികള്‍ എന്നല്ലേ. ഞങ്ങള്‍ തന്നെ. വീടുണ്ടാക്കാനും അതിലും വലിയ മതിലുണ്ടാക്കാനും മത്സരമല്ലേ? എത്രയെത്ര മലകളാണ് ഞങ്ങള്‍ നാട്ടിലെത്തിച്ചത്. ഒരു കാര്യം പറയാതെ വയ്യ. ദുരന്തമുണ്ടായിക്കഴിഞ്ഞപ്പോള്‍ ഞങ്ങളിതെല്ലാം നിര്‍ത്തി. ഒരു തരത്തിലുള്ള ഖനനവും പാടില്ലെന്ന്. ആശ്വാസം. ഏയ്, ആശ്വസിക്കാന്‍ വരട്ടെ. ഇപ്പോള്‍ അതൊക്കെ പിന്‍വലിച്ചിരിക്കുകയാണ്. വീണ്ടും മണ്ണുമാന്തി യന്ത്രത്തിന്റെ മുരള്‍ച്ച തുടങ്ങി.

കുറേപേരിപ്പോഴും ക്യാമ്പിലാണ്. വീട് നഷ്ടപ്പെട്ടവര്‍. അവിടെ എല്ലാവരും ഒന്നാണ്. താങ്കളുടെ കാലത്തേതു പോലെ. ഇനി എപ്പോഴാണ് വീടുണ്ടാകുകയെന്നോ, എപ്പോള്‍ മടങ്ങാനാകുമോ എന്നറിയാത്തവര്‍. ദുരന്തസാക്ഷികള്‍! കഴിഞ്ഞ വര്‍ഷവും ഇതേ അവസ്ഥയായിരുന്നു. പ്രളയം, മണ്ണിടിച്ചില്‍. സോയില്‍ പൈപ്പിംഗ് എന്നൊക്കെ പറയുന്നുണ്ട്. അടുത്ത വര്‍ഷത്തെ സ്ഥിതി എന്താകുമെന്ന് ആര്‍ക്കറിയാം?
ചില്ലറയല്ല, ബുദ്ധിമുട്ട്. പണി കുറവാണ്. പണം വരുന്നില്ലെന്ന് പറയുന്നു. സര്‍ക്കാറുകളും പ്രയാസത്തിലാണ്. കടം വാങ്ങി, കടം വാങ്ങി കെണിയിലാകുമോ എന്നാണ് സംശയം. ശമ്പളക്കാലം വരുമ്പോള്‍ ആകെ വെപ്രാളത്തിലാണ് സര്‍ക്കാര്‍. ചെലവും കൂട്ടുന്നുണ്ട്. പുതിയ കസേരയുണ്ടാക്കി ഓരോരുത്തരെ കുടിയിരുത്തുകയാണ്. മുണ്ടു മുറുക്കി ഉടുക്കുകയാണ് പാവങ്ങള്‍. അവരോ? പുതിയ മുണ്ട് വാങ്ങി ഉടുക്കുന്നു. റിസര്‍വ് ബേങ്കിന്റെ പണവും വാങ്ങിയെടുത്തു. ഇനി റിസര്‍വില്ല. ഇങ്ങനെ പോയാല്‍ റിസര്‍വില്ലാ ബേങ്ക് എന്ന് പറയേണ്ടി വരുമോ?

ബിസ്‌കറ്റ് കമ്പനിക്കാരാണ് വലയുന്നത്. പിടിച്ചു നില്‍ക്കാനാകുന്നില്ലെന്ന്. കുറേപ്പേരെ പിരിച്ചുവിടാന്‍ പോകുന്നു. ജി എസ് ടിയാണ് പാരയായതെന്ന് പാര്‍ലെ. ഇനി പേര് പാരെജി എന്നാക്കിയാലോ? ബ്രിട്ടാനിയയും കുഴങ്ങുകയാണ്. പിടി വിട്ടു പോകുമോ എന്നാണ് പേടി. വണ്ടിയുണ്ടാക്കുന്നവര്‍ക്കുമുണ്ട് ആശങ്ക. പണക്കാരും പാവപ്പെട്ടവരും ഒന്നു പോലെ…
മന്നവേന്ദ്രാ വിളങ്ങുന്നു
ചന്ദ്രനെപ്പോലെ നിന്‍ മുഖം.

ഈ വരികള്‍ കേട്ടിട്ടുണ്ടാകും. പണ്ടൊരു കവി രാജാവിനെ സ്തുതിക്കാന്‍ എഴുതിയതാണ്. ആകാശത്ത് തിളങ്ങി നില്‍ക്കുന്ന അമ്പിളിമാമന്റെ സൗന്ദര്യം കണ്ടപ്പോള്‍ കവിക്ക് തോന്നിയതാണ്. 916ന്റെ തിളക്കം. അപ്പോള്‍ത്തന്നെ എഴുതി. രാജാവിനും സന്തോഷമായി. കവിക്കും സന്തോഷമായി. അക്കൗണ്ടില്‍ പണം വന്നിട്ടുണ്ടാകും.

ഇനിയെങ്ങാന്‍ രാജാവിന്റെ മുഖത്തെ അമ്പിളിയോടുപമിച്ചാല്‍ അടി കിട്ടും. നമ്മുടെ ചന്ദ്രയാന്‍ അയച്ച ചന്ദ്രന്റെ പടം കണ്ടില്ലേ. ജെ സി ബി കയറിയ മല പോലെയുണ്ട്. കുണ്ടും കുഴിയും നിറയെ. പിന്നെ കുന്നും പാറയും. മുഖക്കുരു നിറഞ്ഞ മുഖം പോലെ. മുമ്പെങ്ങാന്‍ ഇത് മനസ്സിലായിരുന്നെങ്കില്‍ കവിക്ക് സസ്‌പെന്‍ഷന്‍ ഉറപ്പ്.
വേഗമിങ്ങ് വന്നോളൂ. നടക്കുമ്പോള്‍ ശ്രദ്ധിക്കണേ… റോഡാണോ, തോടാണോ എന്ന് നിശ്ചയമില്ല. ഓഫറുകളും നോക്കി നടക്കുമ്പോള്‍… കുഴിയില്‍ വീണാല്‍ വീണത് തന്നെ… നോക്കണേ…

Latest