Connect with us

Articles

ദുരിതാശ്വാസ ധനസഹായം: പരാതികളും പരിഹാരവും

Published

|

Last Updated

ഐ ടി രംഗത്തെ സാധ്യതകള്‍ ഏറെ ഉപയോഗപ്പെടുത്തിയിട്ടുള്ള സംസ്ഥാനമാണ് കേരളം. അതിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് മുതല്‍ വില്ലേജ്, പഞ്ചായത്ത് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏറെയും നിലവില്‍ പേപ്പര്‍ രഹിത സേവന കൈമാറ്റ രീതിയിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു.
സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നുള്ള സേവനങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി ഓണ്‍ലൈന്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ക്കെന്ന പോലെ ഉദ്യോഗസ്ഥര്‍ക്കും സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്യാനുള്ള അവസരങ്ങളാണ് ഉണ്ടായിട്ടുള്ളത്.

നിലവില്‍ പഞ്ചായത്ത്, വില്ലേജ്, താലൂക്ക് എന്നിങ്ങനെയുള്ള സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ നിന്നെല്ലാം സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ വ്യക്തികള്‍ നേരിട്ട് എത്തേണ്ട ദുരവസ്ഥയില്‍ നിന്ന് ജനം ഏറെക്കുറെ മോചിതരായിരിക്കുന്നു. ലോകത്തെവിടെ നിന്നും മേല്‍ പറഞ്ഞ സ്ഥാപനങ്ങളിലേക്ക് അപേക്ഷകള്‍ നല്‍കുന്നതിനും സര്‍ട്ടിഫിക്കറ്റുകളും റസിപ്റ്റുകളും കൈപ്പറ്റുന്നതിനുമുള്ള അവസ്ഥയിലേക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണമായി എത്തിയിട്ടില്ലെങ്കില്‍ പോലും ഇവ ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ മുഖേനയുള്ള അപേക്ഷകള്‍ സ്വീകരിച്ച് കൊണ്ടിരിക്കുന്നതിന്റെ ഭാഗമായി ഓഫീസുകളിലെ ജനത്തിരക്ക് കുറയുകയും അപേക്ഷകരും ഉദ്യോഗസ്ഥരും തമ്മിലുണ്ടാകാറുള്ള വാക്കേറ്റങ്ങളും അനാവശ്യമായ ബഹളങ്ങളും ഒഴിവാക്കാനാകുകയും ചെയ്തിരിക്കുന്നു. അക്കാരണത്താല്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വസ്ഥമായി തൊഴില്‍ ചെയ്യാനുള്ള സാഹചര്യവും ഉണ്ടായിരിക്കുന്നു.

ഓണ്‍ലൈന്‍ സംവിധാനം മൂലം പൊതു ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ഏറ്റവും വലിയ നേട്ടമെന്താണെന്ന് പരിശോധിച്ചാല്‍, അപേക്ഷയോടൊപ്പം കൈക്കൂലിയും കൂടെ ചേര്‍ത്ത് വെക്കേണ്ട ഗതികേടില്‍ നിന്ന് അവര്‍ക്ക് ഒരു പരിധി വരെ മോചനം ലഭിച്ചിരിക്കുന്നു എന്നതാണ്. അതോടൊപ്പം അത്തരമൊരു സംവിധാനം നടപ്പാക്കിയതിനെ തുടര്‍ന്ന് തങ്ങള്‍ക്ക് കാലങ്ങളായി കിട്ടിക്കൊണ്ടിരുന്ന കൈക്കൂലി നഷ്ടമായതിനാല്‍ പുതിയ വഴികള്‍ സ്വീകരിച്ച് കൊണ്ടിരിക്കുന്ന വലിയ വിഭാഗം ഉദ്യോഗസ്ഥരെയും കാണാന്‍ കഴിയും.

സര്‍ക്കാറുകള്‍ പ്രത്യേക സാഹചര്യങ്ങളില്‍ പ്രഖ്യാപിക്കാറുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷകള്‍ നല്‍കാന്‍ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളില്‍ നേരിട്ട് എത്തുന്നവര്‍ ധാരാളമാണ്. ഇവരില്‍ പലരും കൈക്കൂലി നല്‍കാന്‍ നിര്‍ബന്ധിക്കപ്പെട്ട് കൊണ്ടിരിക്കുന്നു.

സാമ്പത്തികാനുകൂല്യങ്ങളും ക്ഷേമ പെന്‍ഷനുകളും ഉള്‍പ്പെടെയുള്ള ഒട്ടുമിക്കതും അര്‍ഹരായവരുടെ ബേങ്ക് അക്കൗണ്ടുകളിലേക്കാണ് സര്‍ക്കാര്‍ നിക്ഷേപിക്കുന്നത്. കഴിഞ്ഞ തവണ വരെയും പഞ്ചായത്ത് ഓഫീസുകള്‍ മുഖേന വിതരണം ചെയ്ത് കൊണ്ടിരുന്ന തൊഴിലില്ലായ്മാവേതനം അടുത്ത ടേമില്‍ ബേങ്ക് അക്കൗണ്ട് മുഖേനയായിരിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. വേതന വിതരണം പോലും രാഷ്ട്രീയ ലക്ഷ്യത്തോടെ കൈകാര്യം ചെയ്ത് കൊണ്ടിരുന്ന പഞ്ചായത്ത് ജീവനക്കാരും ഭരണസമിതിയും ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ അസംതൃപ്തരാകുന്നത് സ്വാഭാവികമാണ്..

മുമ്പെങ്ങും ഇല്ലാത്ത വിധം ജനങ്ങള്‍ കൂട്ടത്തോടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി അപേക്ഷകളുമായി പഞ്ചായത്ത് – വില്ലേജ് ഓഫീസുകളില്‍ നേരിട്ട് ചെല്ലുന്നതാണ് 2018ലെയും 2019ലെയും ആഗസ്റ്റ് മാസങ്ങളില്‍ കാണാനായത്. അപേക്ഷകരില്‍ ഏറെയും പ്രളയ ദുരന്തങ്ങള്‍ക്ക് ഇരകളായിട്ടുള്ളവരും അപേക്ഷകള്‍ ദുരിതാശ്വാസത്തിന്റെ ഭാഗമായുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയുള്ളവയുമായിരുന്നു. ദുരിതാശ്വാസ ക്യാമ്പ് വഴി അപേക്ഷ സമര്‍പ്പിച്ചവരും ഏറെയാണ്. ക്യാമ്പുകള്‍ മുഖേന അപേക്ഷകള്‍ സമര്‍പ്പിച്ചവരൊക്കെയും അധികാരികള്‍ ആവശ്യപ്പെട്ട രേഖകള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പലരുടെയും അപേക്ഷകള്‍ അപൂര്‍ണവും അവ്യക്തവുമാണെന്ന് വ്യക്തമാക്കി കൊണ്ടുള്ള വിവരങ്ങളാണ് വില്ലേജ് ഓഫീസുകളിലെ നോട്ടീസ് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

പ്രളയാനന്തര ദുരിതങ്ങള്‍ക്കിടയില്‍ ഏറെ പ്രയാസങ്ങള്‍ നേരിട്ടവരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ അപേക്ഷകള്‍ സമര്‍പ്പിച്ചവരില്‍ അധികപേരും. ഇവര്‍ വില്ലേജ് ഓഫീസുകളില്‍ നേരിട്ട് ചെന്ന് വീണ്ടും അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട ദുരവസ്ഥയാണ് തന്‍മൂലം ഉണ്ടായിരിക്കുന്നത്. വില്ലേജ് ഓഫീസുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ലിസ്റ്റ് ശ്രദ്ധയില്‍ പെടാത്തവര്‍ക്കും, ദുരിതാശ്വാസ സഹായധനം ലഭിക്കുന്നതിന് വേണ്ടി എന്തെല്ലാം രേഖകളാണ് ഹാജരാക്കേണ്ടതെന്നതിനെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അനാവശ്യമായ ഇടപെടലുകള്‍ മൂലം അപൂര്‍ണമായ രേഖകള്‍ സമര്‍പ്പിച്ചവര്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ സഹായ ധനം നിഷേധിക്കപ്പെടാനുള്ള സാധ്യതയും ഏറെയാണ്.

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളും പഞ്ചായത്ത് ഓഫീസുകളുമെല്ലാം ഇ ഫയലിംഗ് സംവിധാനത്തിലേക്ക് മാറുകയും നിലവില്‍ കരം അടക്കുന്നതും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതും അവ അനുവദിക്കുന്നതുമെല്ലാം അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ്. എന്നിരിക്കെ പ്രളയാനന്തര ദുരിതാശ്വാസ സഹായ ധനം ലഭിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷകളും മറ്റും അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ സമാനമായ സംവിധാനങ്ങള്‍ വഴിയോ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടത് തന്നെയായിരുന്നു. എങ്കില്‍ ഒരിക്കല്‍ അപേക്ഷ നല്‍കിയവരില്‍ പലര്‍ക്കും വീണ്ടും അപേക്ഷകള്‍ നല്‍കേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടുമായിരുന്നില്ല. തന്നെയുമല്ല ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സ്വജന പക്ഷപാതപരവും അവിഹിതവുമായ ഇടപെടലുകളും ഇതുമൂലം അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നതിനുള്ള അവസരങ്ങളും ഒഴിവാക്കാനാകുമായിരുന്നു.

ദുരിതാശ്വാസ സഹായ ധനത്തിന് വേണ്ടിയുള്ള അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബേങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകര്‍പ്പുകളും നഷ്ടങ്ങള്‍ സംബന്ധിച്ച പൂര്‍ണ വിവരങ്ങളുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. വാസ്തവത്തില്‍ പ്രളയത്തിന്റെ ഭാഗമായുണ്ടായ നഷ്ടങ്ങളുടെ വിവരങ്ങള്‍ ഒഴിച്ച് അപേക്ഷകരെയും അവരുടെ കുടുംബത്തെയും സംബന്ധിച്ച് സര്‍ക്കാറിന് അറിയേണ്ടതൊക്കെയും ആധാറിലൂടെ കണ്ടെത്താനാകും. എന്നിരിക്കെ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ദുരിതബാധിതരെ കൂടുതല്‍ പ്രയാസപ്പെടുത്താതിരിക്കാനാണ് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടിയിരുന്നത്.

വില്ലേജ് ഓഫീസുകളില്‍ അപേക്ഷ നല്‍കിയ അര്‍ഹരോടൊപ്പം അനര്‍ഹരും കടന്ന് കൂടിയിട്ടുണ്ടാകാമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാകാം അര്‍ഹരെ കണ്ടെത്തുന്നതിന് വേണ്ടി അപേക്ഷകരുടെ വീടുകളില്‍ നേരിട്ട് ചെന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.

അപേക്ഷകരുടെ വീടുകളില്‍ പ്രത്യേക ഉദ്യോഗസ്ഥ സംഘം സന്ദര്‍ശനം നടത്തിയാണ് നഷ്ടപരിഹാരം കണക്കാക്കുക. വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി /പ്രതിനിധി, എന്‍ജിനീയര്‍ /ഓവര്‍സിയര്‍ എന്നിവരടങ്ങിയ മൂന്നംഗ ഉദ്യോഗസ്ഥ സംഘത്തോടൊപ്പം ജനപ്രതിനിധികളെയും കൂടെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായാണ് വാര്‍ത്ത. വാസ്തവത്തില്‍ ഉദ്യോഗസ്ഥ സംഘത്തോടൊപ്പം ജനപ്രതിനിധികള്‍ എന്ന് പറയപ്പെടാറുള്ള രാഷ്ട്രീയ നേതാക്കളെയുംകൂടി ഉള്‍പ്പെടുത്തുന്നതിലൂടെ ഗുണത്തേക്കാള്‍ ഉപരി ദോഷമാണ് സംഭവിക്കുക.
ദുര്‍ബല വിഭാഗങ്ങള്‍ എന്ന് കണക്കാക്കിയിട്ടുള്ള വിധവകള്‍, വികലാംഗര്‍ എന്നിവരുടെ ക്ഷേമ പെന്‍ഷനുകള്‍ക്ക് വേണ്ടിയുള്ള അപേക്ഷകളില്‍ പോലും രാഷ്ട്രീയ വിരോധത്താല്‍ യഥാസമയം തീര്‍പ്പ് കല്‍പ്പിക്കാതെ നീട്ടിക്കൊണ്ട് പോകാറുണ്ട് ചില ജനപ്രതിനിധികള്‍. ഇവര്‍ മേല്‍ പറഞ്ഞ ഉദ്യോഗസ്ഥ പരിശോധനാ സംഘത്തോടൊപ്പം ചേരുന്നതോടെ കൊട്ടാരം നഷ്ടപ്പെട്ടവര്‍ കുടില്‍ നഷ്ടപ്പെട്ടവരുടെയും കുടില്‍ നഷ്ടപ്പെട്ടവര്‍ കൊട്ടാരം നഷ്ടപ്പെട്ടവരുടെയും പട്ടികകളില്‍ സ്ഥാനം പിടിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. 2018ലെ പ്രളയാനന്തര അനുഭവങ്ങള്‍ അതാണ് ബോധ്യപ്പെടുത്തിയിട്ടുള്ളത്. 2008 ലെ പ്രളയാനന്തര ദുരിതാശ്വാസ സഹായധനം വിതരണം ചെയ്യുന്നതില്‍ കാലതാമസം നേരിട്ടതിന് പിന്നിലുള്ള യഥാര്‍ഥ കാരണം ഇടത്-വലത് വ്യത്യാസം കൂടാതെയുള്ള പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ അവിഹിത ഇടപെടലുകളും സ്വാര്‍ഥ താത്പര്യങ്ങളുമാണെന്ന് തിരിച്ചറിയാത്തവരായി ആരും തന്നെ ഉണ്ടാകാനിടയില്ല.

2018ലെ പ്രളയവും അതിന്റെ ഭാഗമായുണ്ടായ ദുരന്തങ്ങളും തുടര്‍ന്ന് നടന്ന ദുരിതാശ്വാസ നടപടികളുമെല്ലാം സംസ്ഥാന സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതവും ആദ്യാനുഭവങ്ങളുമായിരുന്നു. എന്നാല്‍ 2019 ലെ പ്രളയം പ്രതീക്ഷിതവും പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ പരിചിതവുമായിരുന്നു. കഴിഞ്ഞ പ്രളയ കാലത്തെ അനുഭവങ്ങള്‍ പാഠമായി ഉള്‍കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നുവെങ്കില്‍ ഇത്തവണ ദുരിത ബാധിതരെ കണ്ടെത്തുന്നതിനോടൊപ്പം അവര്‍ക്ക് സഹായധനം ലഭിക്കാനാവശ്യമായ അപേക്ഷകള്‍ സ്വീകരിക്കുന്നതിലും ലളിതവും കുറ്റമറ്റതുമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാമായിരുന്നു.

ഇനിയുമൊരു പ്രളയമുണ്ടാകരുതെന്ന് തന്നെയാണ് ഏവരും ആഗ്രഹിക്കുന്നത്. എങ്കിലും സമാനമായ സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നാല്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അത്തരത്തിലൊരു നടപടി ഉണ്ടാകുമെന്ന് തന്നെയാണ് പൊതുജനം പ്രതീക്ഷിക്കുന്നത്.

Latest