Connect with us

Articles

ഇനി കുറച്ച് ബ്രേക്കില്ലാ ന്യൂസുകള്‍...!

Published

|

Last Updated

രാവിലെ ഓഫീസിലേക്ക് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ കൈയിലെ കടലാസ് ഒന്നു കൂടി നോക്കി. എല്ലാം എടുത്തിട്ടുണ്ടോ എന്നാണ്. മൊബൈല്‍ ഫോണ്‍ കൈയിലുണ്ട്. ചാര്‍ജര്‍ ബാഗിലും. ലാപ് അവിടെത്തന്നെയുണ്ടെന്ന് ഉറപ്പു വരുത്തി. ചായ കുടിക്കുമ്പോള്‍ തന്നെ ഹെല്‍മറ്റ് തലയില്‍ വെച്ചതാണ്. മറന്നു പോയാലോ എന്നു കരുതി. ഡ്രൈവിംഗ് ലൈസന്‍സ്, ആര്‍ സി, പുക… അതൊക്കെ ഒന്നു കൂടി എടുത്തു നോക്കണം. അല്ലെങ്കില്‍ സ്ഥിതി അറിയാമല്ലോ. ആകെ കട്ടപ്പുക. ആയിരം രൂപ മുതലാണ് പിഴ.

ഈ മാസം ഒന്നാം തീയതി തുടങ്ങിയതാണ് ഈ ചിട്ടവട്ടങ്ങളൊക്കെ. ഇത്ര ശ്രദ്ധ മറ്റൊരു കാര്യത്തിനും ഉണ്ടെന്ന് തോന്നുന്നില്ല. കുട്ടികളുടെ പഠനം എന്തായി എന്ന് അന്വേഷിക്കാന്‍ നേരം കിട്ടാറില്ല. അമ്മക്കുള്ള മരുന്ന് വാങ്ങാന്‍ പലപ്പോഴും മറന്നു പോകുന്നു. ബന്ധുവീട്ടില്‍ പോയിട്ട് എത്ര നാളായി?

ബൈക്കില്‍ കയറുമ്പോള്‍ ഭാര്യ ഓടി വന്നു പറഞ്ഞു. ഇതാ നിങ്ങളുടെ ഇയര്‍ ഫോണ്‍. ശരിയാണ്. അതെടുക്കാന്‍ മറന്നു. ഒഴിവു സമയത്ത് സഹപ്രവര്‍ത്തകര്‍ പാട്ടുകേള്‍ക്കുമ്പോള്‍ വെറുതെ ഇരിക്കേണ്ടി വന്നേനേ…

റോഡില്‍ നിറയെ കുഴികളാണ്. അതൊക്കെ വെട്ടിച്ച് വണ്ടി ഓടിക്കാന്‍ നല്ല പ്രാക്ടീസ് തന്നെ വേണം. അടുത്തുകൂടി പോകുന്ന സഹവണ്ടിക്കാരന്‍ ചെളി തെറിപ്പിച്ചാല്‍ അനങ്ങാതിരിക്കണം. അതോ തെറി പറയണോ?
ഈ കുഴിയൊക്കെ വെട്ടിച്ച്, ചെളിയില്‍ കാലു കുത്താതെ വണ്ടി ഓടിക്കുന്നവന് കൊടുത്താലെന്താ, ഒരു കുഴി അവാര്‍ഡ്. ലൈസന്‍സ് കിട്ടാന്‍ എട്ടും എച്ചും എഴുതേണ്ട ആവശ്യം തന്നെയില്ല. നമ്മുടെ റോഡിലൂടെ വണ്ടി ഓടിച്ചാല്‍ മതി. എണ്ണൂറ് പ്രാവശ്യം എട്ടും എച്ചും എഴുതും. എന്താ പോരേ? അവസാനത്തെ കുഴിയും പിന്നിടുമ്പോള്‍ അപ്പോള്‍ തന്നെ കൊടുക്കണം ലൈസന്‍സ്!

ഇടതുവശം വഴി മറികടക്കരുതെന്നാണ് നിയമം. ചിലപ്പോള്‍ വശം മറക്കും. വലതുവശത്ത് ആവശ്യത്തിന് സ്ഥലമില്ലാത്തതാണ് പ്രശ്‌നം. കുഴി വെട്ടിക്കാനുള്ള വശം മറക്കുന്നു. ദിശ മറക്കുന്നു. വശം കെടുന്നു.
നിയമം കര്‍ശനമാക്കുന്നത് നല്ലതാണ്. തല രക്ഷപ്പെടും. നല്ല റോഡുകളും വേണം. ലൈസന്‍സ് കൊടുക്കുമ്പോള്‍ വണ്ടി ഓടിക്കാന്‍ അറിയുന്നവനേ അത് നല്‍കാവൂ.
കഴിഞ്ഞ ദിവസം ഭര്‍ത്താവും ഭാര്യയും ബൈക്കില്‍. ഭര്‍ത്താവാണ് വണ്ടി ഓടിക്കുന്നത്. പോലീസുകാര്‍ കൈകാണിച്ചു. ലൈസന്‍സ് ഉണ്ടോ എന്നായി ചോദ്യം. ഭര്‍ത്താവ് സത്യം പറഞ്ഞു. എനിക്ക് ലൈസന്‍സ് ഇല്ല. ഭാര്യക്ക് ഉണ്ട്.

അപ്പോള്‍ വണ്ടി ഭാര്യ ഓടിച്ചാല്‍ പോരേ എന്നായി പോലീസുകാരന്‍. ഭാര്യക്ക് ഓടിക്കാന്‍ അറിയില്ലെന്ന് ഭര്‍ത്താവ്! ഞാന്‍ രണ്ട് പ്രാവശ്യം ടെസ്റ്റ് കഴിഞ്ഞു. പൊട്ടിപ്പോയി. എന്നാലും വണ്ടി ഓടിക്കാനറിയാം!
ബസ്സിലും സീറ്റ് ബെല്‍റ്റ് വരാന്‍ പോകുന്നു. ഇല്ലേല്‍ പിഴയാണ്. ആലോചിച്ചപ്പോള്‍ രസം തോന്നി. സീറ്റിലിരുന്ന് ഇയര്‍ ഫോണ്‍ കുത്തിയിട്ട് പാട്ടു കേള്‍ക്കാം. സീറ്റില്‍ നിന്ന് വീഴുമെന്ന പേടി വേണ്ട. നന്നായി ഉറങ്ങാം. ബ്രേക്കിടുമ്പോള്‍ തലയിടിക്കുമെന്ന പേടി വേണ്ട. വണ്ടി കുഴിയില്‍ ചാടുന്നത് നമ്മളറിയുകയേയില്ല.

യാത്രക്കാര്‍ ഇങ്ങനെ സുരക്ഷിതമായി പോകുമ്പോള്‍ ഈ വണ്ടികളൊക്കെ ഉണ്ടാക്കുന്നവരുടെ സ്ഥിതിയെന്താണ്. ഒരു ബെല്‍റ്റുമവര്‍ക്കില്ല. വീണു പോകുമോ എന്ന പേടിയിലാണ് അവര്‍. മാരുതിയും അശോക് ലെയ്‌ലാന്‍ഡും ഉത്പാദനം കുറക്കുകയാണ്. മാന്ദ്യമാണ്. കച്ചവടമില്ല. സാമ്പത്തിക രംഗമാണെങ്കില്‍ ബ്രേക്കില്ലാ വണ്ടി പോലെ. എന്തൊക്കെയോ ചെയ്യുന്നുണ്ട്. ഒന്നും ഫലിക്കുന്നില്ല. എങ്ങോട്ടോ പായുകയാണ്. ബ്രേക്കിംഗ് ന്യുൂസല്ല, ബ്രേക്കില്ലാ ന്യൂസ്..!

Latest