Articles
പാലായിലുയരുന്ന ചിഹ്നം വിളികള്‍
രണ്ടിലകൊണ്ട് നഗ്നത മറച്ച ആദം- ഹവ്വാമാരുടെ ചിത്രം മൈക്കല്‍ ഏഞ്ചലോ വരച്ചിട്ടുണ്ട്. വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന കേരളകോണ്‍ഗ്രസിന്റെ അനേക പിളര്‍പ്പുകള്‍ക്കിടയില്‍ ആനയും കുതിരയും ഒട്ടകവുമൊക്കെ കൈവിട്ടു പോയതിന്റെ ലജ്ജ മറക്കാനായിരിക്കണം കെ എം മാണി ആദം ഹവ്വാമാരുടെ രണ്ടിലകള്‍ സ്വന്തം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു ചിഹ്നമായി സ്വീകരിച്ചത്. ഇപ്പോഴിതാ ആ രണ്ടിലകളും പി ജെ ജോസഫ് എന്ന തൊടുപുഴക്കാരന്‍ അപഹരിച്ചുകൊണ്ടു പോയത് പാലായിലെ വോട്ടര്‍മാരെ ജാള്യത്തിലാക്കിയിരിക്കുന്നു. അതല്ലേ സ്വന്തം മുന്നണിയിലെ നേതാവായ പി ജെ ജോസഫിനെ കൂവിത്തോല്‍പ്പിക്കാന്‍ അവര്‍ മുതിര്‍ന്നത്. പാലായിലെ കുറുക്കന്മാര്‍ മാത്രമല്ല അവിടുത്തെ മനുഷ്യരും കൂവല്‍ കലയില്‍ വിദഗ്ധരാണ്. ഏതായാലും തുടക്കം നന്നായിട്ടുണ്ട്. ഇലക്ഷന്‍ കമ്മീഷന്റെ മുമ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായും യു ഡി എഫ് നേതൃത്വത്തിന് മുമ്പില്‍ അവരുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായും നോമിനേഷന്‍ നല്‍കിയ ടോം ജോസ് ആവശ്യപ്പെട്ട ചിഹ്നങ്ങളില്‍ ഫുട്‌ബോള്‍ തന്നെ അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചിരുന്നെങ്കില്‍ പാലായിലെ വോട്ടര്‍മാര്‍ക്ക് സന്തോഷമാകുമായിരുന്നു. ഫുട്‌ബോള്‍ ഒരു പ്രതീകമാണ്. ആര്‍ക്കു വേണമെങ്കിലും തട്ടിക്കളിക്കാവുന്ന സാധനം.
തിരഞ്ഞെടുപ്പുകളെ പോലെ തന്നെ തിരഞ്ഞെടുപ്പു ചിഹ്നങ്ങള്‍ക്കും ഒരു ചരിത്രമുണ്ട്. രാമചന്ദ്രഗുഹ പറയുന്നു, “പാശ്ചാത്യ ജനാധിപത്യങ്ങളില്‍ മിക്ക സമ്മതിദായകര്‍ക്കും കക്ഷികളെ പേരു കൊണ്ടു തന്നെ തിരിച്ചറിയാം. ഇവിടെ സമ്മതിദായകര്‍ക്കു കാര്യങ്ങള്‍ എളുപ്പമാകാനായി ചിത്ര പ്രതീകങ്ങള്‍ ഉപയോഗിക്കപ്പെടുകയായിരുന്നു. നിത്യ ജീവിതത്തില്‍ അവര്‍ അഭിമുഖീകരിക്കുന്ന വസ്തുക്കളുടെ പ്രതീകങ്ങളാകയാല്‍ വോട്ടര്‍മാര്‍ക്ക് എളുപ്പം മനസ്സിലാക്കാന്‍ കഴിയും. ഒരു ജോഡി കാളകള്‍, ആന, മണ്‍വിളക്ക് ഇതിനൊക്കെ പുറമേ ആയിരുന്നു ഒരോ സ്ഥാനാര്‍ഥിക്കും അവരുടെ ചിഹ്നം പതിച്ച പ്രത്യേകം പ്രത്യേകം പെട്ടികള്‍”. ഈ ഏര്‍പ്പാട് പരിണമിച്ചാണ് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിലേക്ക് ഇപ്പോഴത്തെ ബഹുവിധ ചിഹ്നങ്ങള്‍ ഇടിച്ചു കയറിയത്. അടുത്ത പരിണാമം എന്ന നിലയിലാകാം, തങ്ങള്‍ക്ക് ചിഹ്നമേ വേണ്ട, നേതാവിന്റെ ചിത്രം മതിയെന്ന് പാലാ പാര്‍ട്ടിയുടെ ഒരു വിഭാഗം പറയുന്നത്. ശരിയാണ്. നേതാക്കന്മാര്‍ മരിച്ചാലും അവരുടെ ചിത്രങ്ങള്‍ ജനമനസ്സുകളില്‍ തറഞ്ഞു നില്‍ക്കും. അത്തരം ഒരു നേതാവായിരുന്നു പാലായിലെ ജോസ് മാണിയുടെ പിതാവും നിഷാ ജോസ് മാണിയുടെ ഭര്‍തൃ പിതാവുമായിരുന്ന കെ എം മാണി. എന്തുകൊണ്ട് ഇത്തരം നേതാക്കന്മാര്‍ വീണ്ടും വീണ്ടും ജനപ്രീതി കൈവരിച്ച് അധികാര സ്ഥാനങ്ങള്‍ പാരമ്പര്യ അവകാശമായി അനുഭവിച്ചു പോരുന്നു എന്ന ചോദ്യത്തിന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു നല്‍കിയ ഉത്തരം താഴെ പകര്‍ത്തുന്നു.
“പ്രായപൂര്‍ത്തി വോട്ടവകാശമെന്ന ആധുനിക ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികളുടെ ഗണം അവരുടെ ചിന്താ ദൗര്‍ബല്യം മൂലവും പ്രചാരണ രംഗത്തെ ശബ്ദാധിക്യം മൂലവും നിഷ്പ്രഭമാകുന്നു. സമ്മതിദായകന്‍ തിരഞ്ഞെടുക്കുന്ന വ്യക്തിയുടെ ഗുണത്തിന് പകരം അയാളെ കേന്ദ്രീകരിച്ചു മുഴങ്ങി കേള്‍ക്കുന്ന ശബ്ദ ഘോഷങ്ങളോട് പ്രതികരിക്കാന്‍ വോട്ടര്‍മാര്‍ നിര്‍ബന്ധിതരാകുന്നു. ആവര്‍ത്തന വിരസമായ വാഴ്ത്തിപ്പാടലുകള്‍ക്കു മുമ്പില്‍ സമ്മതിദായകര്‍ എന്തു വേണമെന്നറിയാതെ അങ്കലാപ്പിലാകുന്നു. ഫലമോ ഒരു സ്വേച്ഛാധിപതിയെയോ സംവേദന ശീലമില്ലാത്ത ബുദ്ധിശൂന്യനായ രാഷ്ട്രീയക്കാരനെയോ ജനപ്രതിനിധി സഭകളിലേക്കു പറഞ്ഞയക്കേണ്ടി വരുന്നു. അങ്ങനെ വിജയിച്ചു വരുന്ന ഏതു രാഷ്ട്രീയക്കാരനും ലോകത്തെ സകല ശബ്ദഘോഷവും സഹിച്ചു കൊണ്ടുതന്നെ രണ്ട് കാലില്‍ നില്‍ക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ ഒടുവില്‍ ശബ്ദഘോഷം താങ്ങാനാകാതെ മറ്റെല്ലാവരും വീണു പോകുമ്പോള്‍ അയാള്‍ വീണ്ടും വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നു”. നെഹ്‌റുവിന്റെ ഈ വിലയിരുത്തല്‍ അക്ഷരാര്‍ഥത്തില്‍ യാഥാര്‍ഥ്യമാകുന്ന ചിത്രമാണ് പാലായില്‍ കാണുന്നത്.
പാലായില്‍ ചിഹ്നം ഒരു പ്രശ്‌നമല്ലെന്നാണ് ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നത്. പാലായുടെ മാണിക്യം എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട കെ എം മാണി കേവലം ഒരു വ്യക്തിയല്ല ഒരു ചിഹ്നമാണെന്നാണ് അദ്ദേഹത്തിന്റെ പുത്രനും അനുയായി വൃന്ദവും വായ്ത്താരി മുഴക്കുന്നത്. ഇവിടെയാണ് ചിഹ്നത്തിന്റെ പ്രസക്തി അന്വേഷണ വിധേയമാക്കേണ്ടത്. മഹത്തായ ഏത് ആദര്‍ശങ്ങളെയും ചിഹ്നങ്ങളിലേക്കു വെട്ടിയൊതുക്കുക ഒരുകാലത്ത് അനിവാര്യമായിരുന്നു. കാരണം സാമാന്യ ജനങ്ങളുടെ സാക്ഷരതാശേഷി ചിഹ്നങ്ങള്‍ക്കപ്പുറത്തേക്കു വ്യാപരിക്കാന്‍ പ്രാപ്തി നേടിയിരുന്നില്ല. അതിനാല്‍ നുകംവെച്ച കാളകളും കൈപ്പത്തിയും അരിവാള്‍ ചുറ്റികയും സാധാരണ മനുഷ്യരുടെ പ്രതീക്ഷകളുടെ പ്രതീകങ്ങളായി ഇടംപിടിച്ചു. വന്നു വന്നിപ്പോള്‍ ചിഹ്നങ്ങള്‍ക്കൊന്നും യാതൊരു പ്രസക്തിയും ഇല്ലാതെയായിരിക്കുന്നു.
ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പു കാലത്ത് ശങ്കേഴ്‌സ് വീക്കിലിയില്‍ അക്കാലത്തെ വോട്ടു പിടിത്തമെന്ന അഭ്യാസത്തെ കളിയാക്കി ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരുന്നു. കറുത്ത കോട്ടിട്ട വണ്ണമുള്ള ഒരാള്‍ പലതരം മനുഷ്യര്‍ക്കിടയില്‍ വോട്ടു ചോദിച്ചു നടക്കുകയാണ്. എല്ലുന്തിയ ഒരു കര്‍ഷകനോട് അയാള്‍ പറയുന്നു, കര്‍ഷകര്‍ക്കു ഭൂമി, അതാണെന്റെ ലക്ഷ്യം. നല്ല വസ്ത്രം ധരിച്ച ഒരു യുവാവിനോടു പറയുന്നു, ഭൂപ്രഭുക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടും. ഒരിടത്ത് താന്‍ ദേശസാത്കരണത്തെ പൂര്‍ണമായി പിന്താങ്ങുന്നു എന്ന് പറയുന്ന അയാള്‍ തന്നെ മറ്റൊരിടത്ത് സ്വകാര്യ സംരംഭകത്വം പ്രോത്സാഹിപ്പിക്കും എന്നാണ് പ്രഖ്യാപിക്കുന്നത്. സാരിയുടുത്ത ഒരു വനിതയോട് താന്‍ ഹിന്ദുകോഡ് ബില്ലിന്റെ ആളാണെന്നു പറയുന്നു. കുടുമ വെച്ച ഒരു ബ്രാഹ്മണനോട് നമ്മുടെ സംസ്‌കാരം സംരക്ഷിക്കും എന്നാണയാള്‍ തട്ടിവിടുന്നത്.
1952ലെ ഇതേ കാര്‍ട്ടൂണ്‍ തന്നെയാണ് 2019 ആയിട്ടും ഇന്ത്യയിലെ തിരഞ്ഞെടുപ്പു രംഗത്ത് നമ്മള്‍ ഇപ്പോഴും കാണുന്ന ചിത്രം. എന്തു കൊണ്ടിങ്ങനെ സംഭവിക്കുന്നു? സമൂഹം ഇപ്പോഴും കെട്ടിയിടപ്പെട്ടുകൊണ്ട് തുഴയുന്ന ഒരു വഞ്ചിയാണ്. എത്ര ആയാസത്തോടെ തുഴഞ്ഞാലും ഈ വഞ്ചി നില്‍ക്കുന്നിടത്തു നില്‍ക്കുകയല്ലാതെ ഒരിഞ്ചു പോലും മുന്നോട്ടു പോകുകയില്ല.
പാലായിലേക്കു തന്നെ പോകാം. സഖറിയയുടെ കഥകളിലെ ഉരുളികുന്നം തന്നെയാണ് ഈ പാലാ. സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിലടിഞ്ഞു കൂടാന്‍ വിധിവശാല്‍ നിയുക്തരായവരാണ് പാലായിലെ ഭൂരിപക്ഷം. തൊട്ടടുത്തുള്ള കോട്ടയം താലൂക്കിലെ ക്രിസ്ത്യാനികള്‍ പാലാ ഉള്‍പ്പെട്ട മീനച്ചില്‍ താലൂക്കിലെ ക്രിസ്ത്യാനികളെ പഴയ കൂറ്റുകാര്‍ എന്ന പരിഹാസപ്പേരില്‍ അടയാളപ്പെടുത്തുന്നു. പുത്തന്‍ കൂറ്റുകാരും പഴയ കൂറ്റുകാരും ഒരേ പോലെ തങ്ങള്‍ അകപ്പെട്ടു കിടക്കുന്ന മത യാഥാസ്ഥിതികതയുടെയും പ്രാദേശിക സങ്കുചിതത്വങ്ങളുടെയും തടവറയില്‍ തന്നെയാണ് സ്ഥിരതാമസം. ഇപ്പോള്‍ വലതുപക്ഷ രാഷ്ട്രീയത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന എല്ലാ നേതാക്കള്‍ക്കും, സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷമുള്ള ചരിത്രം മാത്രമേ സ്വന്തം ബയോഡാറ്റയില്‍ രേഖപ്പെടുത്താനുണ്ടാകൂ. ഈ പ്രദേശത്തെ അധികമാരും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ ദേശീയ രാഷ്ട്രീയത്തിനു എന്തെങ്കിലും സംഭാവനകള്‍ അര്‍പ്പിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളവരല്ല.
പാലായില്‍ ഇപ്പോള്‍ ഒരു ഉപ തിരഞ്ഞെടുപ്പ് അനിവാര്യമാക്കിയത് കെ എം മാണിയുടെ നിര്യാണമാണ്. മരിക്കുന്നതിനു മുമ്പു തന്നെ തന്റെ സുപ്രധാന സ്വകാര്യ സമ്പാദ്യമായ കേരള കോണ്‍ഗ്രസ്(എം) എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അനന്തരാവകാശിയായി സ്വന്തം മകനെ തന്നെ വാഴിക്കുന്നതില്‍ കെ എം മാണി പ്രകടിപ്പിച്ച കൗശലം ഭാവി രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്കൊരു പഠന വിഷയം തന്നെയാണ്.
പുതിയ തലമുറയിലെ പലരുടെയും ധാരണ അന്തരിച്ചകെ എം മാണി കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാപക നേതാവാണെന്നാണ്. അടിസ്ഥാനരഹിതമായ ഈ ധാരണകളെ പൊളിച്ചെഴുതാന്‍ പാകത്തിലുള്ള ഒരു പുസ്തകമാണ് അന്തരിച്ച ജോസഫ് പുലിക്കുന്നേല്‍ എഴുതിയ “കേരള കോണ്‍ഗ്രസിന്റെ സ്ഥാപന ചരിത്രം”. കേരള രാഷ്ട്രീയത്തില്‍ ഇന്ന് യോജിച്ചും വിയോജിച്ചും നില്‍ക്കുന്ന അഞ്ച് കേരള കോണ്‍ഗ്രസുകള്‍ ഉണ്ടെന്നതും അവയെല്ലാം സാമാന്യേന ഐക്യജനാധിപത്യ മുന്നണി (യു ഡി എഫ്) എന്ന രാഷ്ട്രീയ സംവിധാനത്തിന്റെ ഭാഗമാണെന്നതും രാഷ്ട്രീയ വിദ്യാര്‍ഥികള്‍ മനസ്സിരുത്തി പഠിക്കേണ്ടതുണ്ട്. കോട്ടയത്തെ ലക്ഷ്മി നിവാസ ഓഡിറ്റോറിയത്തില്‍ വെച്ച് 120ല്‍ താഴെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് 1964 ഒക്‌ടോബര്‍ ഒമ്പതാം തീയതി കേരള കോണ്‍ഗ്രസിന് രൂപം നല്‍കിയത്.
വിമോചന സമരാനന്തര കേരളത്തില്‍ അധികാരം കൈയാളിയ കോണ്‍ഗ്രസ് വലതുപക്ഷ സഖ്യത്തിലെ രണ്ട് നേതാക്കന്മാര്‍ തമ്മില്‍ ഞാനോ വലുത്, നീയോ വലുത് എന്ന കിടമത്സരത്തിന്റെ അനന്തര ഫലമായിരുന്നു കേരള കോണ്‍ഗ്രസ്. ഒരു വശത്ത് ഈഴവനായ ആര്‍ ശങ്കറും മറുവശത്ത് പി ടി ചാക്കോ എന്ന നസ്രാണിയും. മന്നത്ത് പത്മനാഭനും ആര്‍ ബാലകൃഷ്ണപ്പിള്ളയും ഉള്‍പ്പെടെയുള്ള സവര്‍ണ ഹിന്ദു പ്രഭുക്കന്മാര്‍ ഈഴവ പക്ഷത്തെ പുറംന്തള്ളി നസ്രാണി പക്ഷത്തിനു ശക്തിപകര്‍ന്നു. നസ്രാണി പക്ഷത്തു നിന്ന് ഫാദര്‍ വടക്കന്‍ എന്ന ഒരു കത്തോലിക്കാ വൈദികനും അദ്ദേഹം പ്രസിദ്ധീകരിച്ച “തൊഴിലാളി” പത്രവും പി ടി ചാക്കോയുടെ എതിര്‍ ചേരിയില്‍ അണിനിരന്നു. കേവലം ചായക്കോപ്പയിലെ കൊടുങ്കാറ്റുപോലെ അവസാനിക്കേണ്ടിയിരുന്ന ഈ ചേരിപ്പോരിനു ബലം പകര്‍ന്നത് 1963 ഡിസംബര്‍ എട്ടാം തീയതി തൃശ്ശൂരില്‍ വെച്ച് സംഭവിച്ച ഒരു ചെറിയ കാറപകടമായിരുന്നു. ആലുവായില്‍ നിന്ന് പീച്ചിയിലേക്കു പോകുകയായിരുന്ന ആഭ്യന്തര വകുപ്പുമന്ത്രി പി ടി ചാക്കോയുടെ കാര്‍ ഒരു പിടിവണ്ടിയില്‍ മുട്ടി. പിടിവണ്ടി മറിഞ്ഞ് കാല്‍നട യാത്രക്കാരിയായ ഒരു സ്ത്രീക്ക് പരുക്കേറ്റു. കാറോടിച്ചിരുന്നത് പി ടി ചാക്കോ തന്നെയായിരുന്നു. കാറിന്റെ പിന്‍ സീറ്റില്‍ തൃശ്ശൂര്‍ ഡി സി സി മെമ്പറായിരുന്ന പത്മ എസ് മേനോന്‍ എന്ന വനിതയും ഉണ്ടായിരുന്നു. ഇതു വലിയ കോളിളക്കങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കും കാരണമായി. പലര്‍ക്കും സദാചാര പോലീസ് ചമയാന്‍ വീണുകിട്ടിയ അവസരം. പി ടി ചാക്കോയുടെ രാജിക്കായുള്ള മുറവിളികള്‍ ശക്തമായി.
ഗത്യന്തരമില്ലാതെ 1964 ഫ്രെബുവരി 20ാം തീയതി ചാക്കോ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെച്ചു. ഈഴവനായ ആര്‍ ശങ്കറും നായരായ സി കെ ഗോവിന്ദന്‍ നായരും ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളുടെ ജിഹ്വയായ പത്രവും ചേര്‍ന്ന് കത്തോലിക്കനായ ചാക്കോയെ ദ്രോഹിച്ചു എന്ന ചിന്ത മീനച്ചില്‍ താലൂക്കിലെ കത്തോലിക്കരുടെ ഇടയില്‍ പ്രബലമായി.
കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോര് അതിന്റെ മൂര്‍ധന്യത്തില്‍ എത്തി നില്‍ക്കുമ്പോഴായിരുന്നു പി ടി ചാക്കോയുടെ നിര്യാണം (1964 ആഗസ്റ്റ് 1). അതുവരെയും ചാക്കോ ഗ്രൂപ്പില്‍ അടിയുറച്ചു നിന്നു. കോണ്‍ഗ്രസുകാര്‍ക്ക് മറ്റൊരു പാര്‍ട്ടി രൂപവത്കരിക്കുകയല്ലാതെ മറ്റു മാര്‍ഗമൊന്നുമുണ്ടായിരുന്നില്ല. രാഷ്ട്രീയത്തിന് അതുവരെയുണ്ടായിരുന്ന ആദര്‍ശ പരിവേഷം ഈ കാലം മുതല്‍ പൂര്‍ണമായും നഷ്ടമായി. രാഷ്ട്രീയം ഒരു അവസരവാദ കലയായി മാറി. കോണ്‍ഗ്രസ് കേരളത്തില്‍ മാത്രമല്ല ദക്ഷിണേന്ത്യയിലാകെ തിരഞ്ഞെടുപ്പു പരാജയം നേരിട്ടു. 1964 സെപ്തംബറില്‍ ശങ്കര്‍ മന്ത്രിസഭക്കെതിരെ പി കെ കുഞ്ഞ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം 15 കോണ്‍ഗ്രസ് എം എല്‍ എമാരുടെ മറുകണ്ടം ചാടലിലൂടെ പാസ്സായി. കത്തോലിക്ക ബിഷപ്പുമാരുടെയും നായര്‍ സമുദായ മേധാവി മന്നത്തു പത്മനാഭന്റെയും കലവറയില്ലാത്ത പിന്തുണ മുന്‍കൂര്‍ ഉറപ്പാക്കിയായിരുന്നു കോണ്‍ഗ്രസിലെ ഈ വിമതരുടെ മറുകണ്ടം ചാടല്‍.
ഒരു കാലത്ത് ജനഹൃദയങ്ങളില്‍ പൂജാ വിഗ്രഹങ്ങളായി ചേക്കേറിയ പല നേതാക്കന്മാരും ഇപ്പോള്‍ ജയിലിലാണ്. ബാര്‍കോഴ, നോട്ട് എണ്ണുന്ന യന്ത്രം തുടങ്ങി കെ എം മാണിയുടെ പേരില്‍ ഉയര്‍ന്നു വരാത്ത ആരോപണങ്ങളില്ല. എന്നിട്ടും തലനാരിഴ വ്യത്യാസത്തില്‍ അദ്ദേഹം രക്ഷപ്പെട്ടു. അദ്ദേഹത്തിന് ഒരിക്കല്‍ പോലും ജയിലില്‍ പോകേണ്ടി വന്നില്ല. ഓരോ തിരഞ്ഞെടുപ്പു കഴിയുന്തോറും മാണിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും വളര്‍ച്ച താഴോട്ടായിരുന്നെങ്കിലും ഭാഗ്യം കരിങ്ങോഴയ്ക്കൂല്‍ കുടുംബത്തെ വിട്ടുമാറുകയുണ്ടായില്ല. പ്രസിദ്ധ സാഹിത്യകാരന്‍ സഖറിയയുടെ ഭാഷ കടമെടുത്തു പറഞ്ഞാല്‍ പാലാക്കാരെ ആരെയും പുസ്തകം വായിക്കുക എന്ന ദുഃശ്ശീലം തൊട്ടു തീണ്ടിയിട്ടില്ലാത്തതിനാല്‍ ഈ ഉപ തിരഞ്ഞെടുപ്പിലും കെ എം മാണിയെ ചിഹ്നമാക്കി മത്സരിക്കുന്ന ജോസ് മോന്റെ സ്വന്തം സ്ഥാനാര്‍ഥി നിയമസഭയില്‍ എത്തുമെന്ന് തന്നെയാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമൊക്കെ വിശ്വസിക്കുന്നത്. അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ.