Connect with us

Articles

പാല്‍, പാലട, പാലാരിവട്ടം

Published

|

Last Updated

പാല. പാലാറൊഴുകും നാടേത് എന്നൊരു പാട്ട് പണ്ട് കേട്ടിരുന്നു. നീലക്കാറണി മലയാളം എന്നാണ് ഉത്തരം. ഒന്നാം ക്ലാസിലെ പാട്ടാണ്. പാല എന്നൊരു ആറുണ്ടത്രേ. നിരവധി ആറുകളില്‍ ഒന്ന്. ഈ ആറുകളൊക്കെ ചേര്‍ന്നാല്‍ കേരളമായി, മലയാളമായി. മാവേലി വാണതിവിടെയാണ്. മാവേലി വരുന്നതിവിടേക്കാണ്. ഇപ്പോള്‍ നൂറായിരം ആറുണ്ട്, റോഡുകളില്‍.

പാല. ഏഴിലം പാല പൂത്തു പൂമരങ്ങള്‍ കുട പിടിച്ചു എന്നു തുടങ്ങുന്ന ഗാനം പഴയതാണ്. പാല പൂത്താല്‍ ആ നാട്ടില്‍ മാത്രമല്ല, അന്യ നാട്ടിലുമെത്തും അതിന്റെ മണം. മനുഷ്യര്‍ക്ക് മാത്രമല്ല, യക്ഷികള്‍ക്കും യക്ഷന്‍മാര്‍ക്കും പ്രിയം ഈ പാലമരം. പാലച്ചുവട്ടിലൂടെ പോകുമ്പോള്‍ സൂക്ഷിക്കണേ എന്ന് പഴമക്കാര്‍. ഇപ്പോള്‍ പാലമരം കാണാനുണ്ടോ, ആവോ?

പാലാഴി എന്നൊരു ആഴി ഉണ്ടായിരുന്നത്രേ. കഥയാണ്. ദേവന്‍മാരും അസുരന്‍മാരും പാലാഴി കടയാന്‍ തീരുമാനിച്ചു. തമ്മില്‍ കണ്ടാല്‍ മിണ്ടാത്തവരാണ്. എന്നാലും പാലാഴി കടഞ്ഞാല്‍ അമൃത് കിട്ടുമല്ലോ എന്നോര്‍ത്താണ്. പാഴാവില്ല എന്നര്‍ഥം. അമൃത് കിട്ടിയപ്പോഴോ ദേവന്‍മാര്‍ അസുരന്‍മാരെ പറ്റിച്ച് അമൃതുമായി ദേവലോകത്തേക്ക് പോയി. അന്നുമുണ്ട് ഈ പറ്റിക്കല്‍. ആരെ പറ്റിച്ചാണെങ്കിലും വേണ്ടില്ല, നമുക്കും കിട്ടണം…

പാലട എന്നു കേട്ടാല്‍ നാവില്‍ വെള്ളമൂറുന്ന കാലമുണ്ടായിരുന്നു. സദ്യക്ക് അവസാനമെത്തും ഇവന്‍. പാലടപ്പായസം. അട കൊണ്ടാണ് ഈ പായസം. വീട്ടിലുണ്ടാക്കും അന്ന്. ഇന്നോ? കടയില്‍ കിട്ടും. സദ്യ തന്നെ കടയില്‍ നിന്ന് വീട്ടിലെത്തുന്ന കാലമാണ്. ഇനി ഓണ്‍ലൈനിലും വന്നേക്കാം, ഓണ സദ്യ!

പാല് വാങ്ങാന്‍ പോയ കാലം. അതിരാവിലെ പാത്രവുമായി പോകണം. ഗ്ലാസാണ് അളവ്. അര ഗ്ലാസ് പാല്‍. അഞ്ചെട്ടു പേരുള്ള വീട്ടില്‍ അര ഗ്ലാസ് പാൽ കൊണ്ട് ചായ വെളുപ്പിക്കണം. ചായ വെളുത്തതാണോ, ചുവന്നതാണോ എന്ന് തെളിച്ചു പറയാനാകില്ല. എങ്കിലും പാല്‍ച്ചായ കുടിച്ചല്ലോ എന്ന് മനസ്സില്‍. ഇന്ന് സ്‌കൂളില്‍ പാലുണ്ട്. പക്ഷേ, കുട്ടികള്‍ക്ക് തീരെ ഇഷ്ടമില്ല. ചിലര്‍ കുടിച്ചാലായി.
പാല്‍ വലിയൊരു ബിസിനസ്സാണിന്ന്. ക്ഷീര കര്‍ഷകരും സൊസൈറ്റികളും ചേര്‍ന്ന വലിയൊരു പ്രസ്ഥാനം. കേരളം കണികണ്ടുണരുന്ന നന്‍മ എന്നൊക്കെയാണ് പറയുന്നത്. ചിലപ്പോള്‍ കണികണ്ടുണരുന്നത് നന്മ കുറഞ്ഞ പാലുകളുമാണ്. ഗുണനിലവാരം കുറഞ്ഞ പാല്‍ വിപണികളില്‍. എന്നാലും ഒരു പാക്കറ്റ് പാലും പത്രവും എടുത്ത് പോകുന്ന കാഴ്ച ഇന്നുമുണ്ട്, നാട്ടില്‍. ഇപ്പോഴിതാ പാലിന് വില കൂട്ടുന്നു. ഏഴ് രൂപ വരെ കൂടുമെന്ന്. കുടുംബ ബജറ്റില്‍ ഇത്തിരി വര്‍ധന വേണ്ടി വരും, ബാലാ…

പാലായിലേക്ക് വരാം. മാണി സാറിന്റെ പാലാ. അവിടെ തിരഞ്ഞെടുപ്പാണ്. രണ്ടിലയില്ല. പാര്‍ട്ടി സ്ഥാനാര്‍ഥിയാണ്. പക്ഷേ, ചിഹ്നം കിട്ടിയില്ല. കൈതച്ചക്കയാണ് ഒത്തു വന്നത്. ജോസും ജോസഫുമാണ് കളിക്കാര്‍. നല്ല കളിയാണ്. കൂവല്‍ തുടങ്ങി, കൈയടിയും. ഇനി എന്തെല്ലാം കാണാനിരിക്കുന്നു. പാലം വലിക്കുമോ? ആരു ജയിച്ചാലും തോറ്റാലും പാലാ ചരിത്രമാകും. അടുത്ത തിരഞ്ഞെടുപ്പുകളില്‍ പാലാ വിഷയമാകും, ചിലര്‍ക്ക് വിഷമമാകും.

ഇനി പാലാരിവട്ടത്തേക്ക്. അവിടെ പാലമാണ്. ആവശ്യമായ സാധനങ്ങളൊന്നും ഇല്ല. പണം വെട്ടിക്കാന്‍ പാലത്തിന്റെ രൂപം തന്നെ മാറ്റി. പാലം ഉയര്‍ന്നു. അഴിമതി നിറഞ്ഞു. കീശ കവിഞ്ഞു. ചിലര്‍ അഴിക്കുള്ളിലായി. ഇത് ചെറിയ വട്ടം മാത്രം. വെട്ടിപ്പു മാത്രം. ഇനി എന്തൊക്കെ കാണാനും കേള്‍ക്കാനുമിരിക്കുന്നു, പാലാരിവട്ടമേ…

Latest