Kozhikode
മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അപകടം തുടർക്കഥയാകുന്നു; പത്ത് വർഷത്തിനിടെ മരിച്ചത് 40 പേർ
കോഴിക്കോട്: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ തുഷാരഗിരിയോട് ചേർന്നുള്ള വെള്ളച്ചാട്ടങ്ങളിൽ അപകടം തുടർക്കഥയാകുന്നു. ഇരുവഴിഞ്ഞിപ്പുഴയിലെ അരിപ്പാറ, പതങ്കയം വെള്ളച്ചാട്ടങ്ങളിലായി പത്ത് വർഷത്തിനിടെ 40തോളം പേരാണ് ഒഴുക്കിൽ പെട്ട് മരിച്ചത്. ഇതിൽ ഏറെയും അയൽ ജില്ലകളിൽ നിന്നുള്ള യുവാക്കളും വിദ്യാർഥികളുമാണ്.
പതങ്കയത്ത് കുളിക്കുന്നതിനിടെ കൊണ്ടോട്ടി പെരുവള്ളൂർ കാടപ്പടി നാടകശ്ശേരി അബ്ദുൽ അസീസിന്റെ മകൻ ആശിഖ്(23) ഒഴുകിപ്പോയതാണ് അവസാന സംഭവം. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. അഞ്ചാം ദിവസവും തിരച്ചിൽ തുടരുന്നതിനിടെ മൂന്ന് പേർ ഇതേ പുഴയിലെ ആനക്കാംപൊയിൽ മുത്തപ്പൻപുഴ ഭാഗത്ത് മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.
മുന്നറിയിപ്പുകൾ അവഗണിച്ചും പുഴയിൽ ഇറങ്ങുന്നതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
തുഷാരഗിരി വന പ്രദേശത്ത് നിന്ന് ഒഴുകിയെത്തുന്ന ഇരുവഞ്ഞിപ്പുഴയുടെ വിവിധ ഭാഗങ്ങളിലുള്ള വെള്ളച്ചാട്ടം കാണാൻ 100 കണക്കിന് ആളുകളാണ് ഒഴുകിയെത്തുന്നത്. ഉത്സവ ദിവസങ്ങളിലും അവധി ദിവസങ്ങളിലും സന്ദർശകരുടെ എണ്ണം പതിൻ മടങ്ങാണ്. ഒഴുക്ക് കുറവാണെന്ന് തോന്നുന്ന ചുഴികളിൽ ഇറങ്ങി കുളിക്കുന്നതിനിടെയാണ് പലരും ഒഴുകിപ്പോകുന്നത്.
പാറകൾക്ക് മുകളിൽ കയറി ഫോട്ടോ എടുക്കുന്നതിനിടെയും നനഞ്ഞ കാലുമായി പാറക്കെട്ടിലൂടെ നടക്കുന്നതിനിടെയും അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ഏറെ തണുപ്പുള്ള വെള്ളത്തിൽ ഏതാനും സമയം നിൽക്കുന്നതോടെ കൈ കാലുകൾ തളരുന്നതിനാൽ ഒഴുക്കിൽ പെട്ടവർക്ക് രക്ഷപ്പെടാൻ കഴിയാറില്ല. പാറക്കല്ലുകളിൽ ഇടിച്ച് പരുക്കേൽക്കുന്നതോടെ മരണത്തിന് കീഴടങ്ങുകയാണ് പതിവ്. മഴക്കാലത്ത് ഈ പ്രദേശത്തേക്ക് ആളുകൾ എത്താതിരിക്കുക മാത്രമാണ് പരിഹാരമെന്ന് നാട്ടുകാർ പറയുന്നു.
അരിപ്പാറ വെള്ളച്ചാട്ടം വിനോദ സഞ്ചാര കേന്ദ്രമായി അംഗീകരിച്ചതിനാൽ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.
പതങ്കയത്ത് അപകട സാധ്യത കൂടുതലായതിനാൽ വിനോദ സഞ്ചാര കേന്ദ്രമാക്കുന്നത് വൻ ദുരന്തം ക്ഷണിച്ചു വരുത്തലാകുമെന്നാണ് വിലയിരുത്തൽ.
അതിനാൽ തന്നെ ഇവിടെ ജീവനക്കാരെ നിയോഗിക്കാനും കഴിയില്ല. പുഴയോരത്തേക്ക് വിനോദ സഞ്ചാരികൾ പ്രവേശിക്കുന്ന വഴി വേലി സ്ഥാപിച്ച് അടക്കണമെന്നാണ് ആവശ്യമുയരുന്നത്.