Connect with us

Articles

ഭാഷാ സ്‌നേഹമാകാം, ഭ്രാന്ത് വേണ്ട

Published

|

Last Updated

കേരളത്തില്‍ പി എസ് സി പരീക്ഷ മലയാളത്തില്‍ എഴുതുന്നതിനെ കുറിച്ച് ചര്‍ച്ച നടക്കുന്ന കാലമാണിത്. ഒപ്പം കേന്ദ്രം ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുമോ എന്ന് ഭയപ്പാടോടെ പലരും ചര്‍ച്ച ചെയ്യുന്നു. ഭാഷയെക്കുറിച്ചും ഭാഷാ സ്‌നേഹത്തെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ഇതിലേറെ നല്ല കാലം ഉണ്ടോ? ഭാഷാ ജ്ഞാനം, ഭാഷാ സ്‌നേഹം, ഭാഷാ ഭ്രാന്ത് ഇവ തമ്മിലുള്ള വ്യതിരിക്തത വ്യവച്ഛേദിച്ച് അറിയേണ്ടിയിരിക്കുന്നു എന്നു തോന്നുന്നു. ഭാഷയെ ഉപയോഗപ്പെടുത്തുക, അതിനെ സ്‌നേഹിക്കുക, അതിനോട് ഭ്രാന്ത് ഉണ്ടാകുക ഈ മൂന്ന് അവസ്ഥകളെക്കുറിച്ച് ധാരണ ഉണ്ടായാല്‍ പ്രശ്‌നങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോകാം എന്ന് കരുതുന്നു. ആവശ്യ നിര്‍വഹണത്തിന് വേണ്ടിയോ ഇഷ്ടം തോന്നിയോ ഒരു ഭാഷ പഠിക്കുന്നു എന്നതിലപ്പുറം ദേശീയതയുടെയോ മറ്റെന്തെങ്കിലും കാരണങ്ങളുടെയോ പേരില്‍ ഏതെങ്കിലും ഭാഷ പഠിക്കണം എന്ന് നിര്‍ബന്ധിക്കുന്നത് മറ്റേതൊരു അവകാശ ലംഘനത്തെയും പോലെ നീതി നിഷേധം തന്നെയാണ്.

ഒന്നിലധികം ഭാഷകള്‍ പഠിക്കുകയോ അവയെ സ്‌നേഹിക്കുകയോ ചെയ്യുന്നത് സ്വന്തം ഭാഷയോടുള്ള കൃതഘ്നതക്ക് കാരണമാകുമെന്ന് വിശ്വസിക്കാന്‍ സ്വന്തം അനുഭവം അനുവദിക്കുന്നില്ല.

ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദം, ബിരുദാനന്തര ബിരുദം, ബി എഡ്, സെറ്റ് എന്നിവ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ഒരാളാണ് ഈ കുറിപ്പുകാരന്‍. എന്നാല്‍ ഇതൊന്നും മാതൃഭാഷയോടുള്ള സ്‌നേഹവും മമതയും കുറയാന്‍ കാരണമായിട്ടില്ല. നേരെമറിച്ച് സ്വന്തം ഭാഷയെ കൂടുതല്‍ മനസ്സിലാക്കാനും പഠിക്കാനും അത് ഉപകരിച്ചു എന്നതാണ് സത്യം.

എണ്‍പതുകളില്‍ മടപ്പള്ളി ഗവണ്‍മെന്റ് കോളജില്‍ ബിരുദത്തിനു പഠിക്കുന്ന കാലം. സാഹിത്യവാരഫലക്കാരന്‍ എം കൃഷ്ണന്‍ നായരുടെ കലാകൗമുദിയിലെ പംക്തി മുടങ്ങാതെ വായിക്കും. പല ഇംഗ്ലീഷ് വാക്കുകളുടെയും യോജിച്ച മലയാളം പദങ്ങള്‍ നല്‍കുന്ന ഒരു പതിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇത് രസകരവും സ്വാംശീകരിക്കത്തക്കതായും തോന്നി. അങ്ങനെ പേര് എഴുതുമ്പോള്‍ അതോടൊപ്പം “രണ്ടാം വര്‍ഷ ആംഗലേയ ബിരുദ വിദ്യാര്‍ഥി, മടപ്പള്ളി സര്‍ക്കാര്‍ കലാലയം” എന്നിങ്ങനെ എഴുതാന്‍ ആരംഭിച്ചു.

പിന്നീടാണ് അധ്യാപകവൃത്തിയിലേക്ക് തിരിഞ്ഞത്. സ്‌കൂള്‍ കലോത്സവ വേദികളിലെ അനൗണ്‍സ്‌മെന്റുകളില്‍ മലയാളവും ഇംഗ്ലീഷും കൂട്ടിക്കുഴച്ചുള്ള മംഗ്ലീഷ് പ്രയോഗങ്ങള്‍ അരോചകമായി തോന്നി. ഉദാ: “മേക്കപ്പ് കഴിഞ്ഞ പാര്‍ട്ടിസിപ്പന്‍സ് സ്റ്റേജിന് പിന്നില്‍ റിപ്പോര്‍ട്ട് ചെയ്യണം.” ഒന്നുകില്‍ ഇംഗ്ലീഷ് അല്ലെങ്കില്‍ മലയാളം മാത്രം ഉപയോഗിച്ചു കൊണ്ട് ഇത് നടത്തിയാല്‍ എന്താണ് എന്ന ഒരു ചിന്ത നാമ്പെടുത്തു. ഇതുമായി ബന്ധപ്പെട്ട സാങ്കേതികപദങ്ങളുടെ എല്ലാം മലയാളം കണ്ടുപിടിക്കാന്‍ ശ്രമിച്ചു, കുറെയേറെ വിജയിച്ചു. കലോത്സവ വേദികളില്‍ മലയാള പദങ്ങള്‍ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള അനുഖ്യാതി (അനൗണ്‍സ്‌മെന്റ്) ശ്രദ്ധ പിടിച്ചു പറ്റി. സംസ്ഥാന കലോത്സവം കോഴിക്കോട് വെച്ച് നടന്നപ്പോള്‍ ഒന്നാംനമ്പര്‍ വേദിയില്‍ നിന്ന് ഈ അനുഖ്യാതി കേട്ടപ്പോള്‍ പലരും അന്വേഷിച്ചു വന്നു. അന്ന് നടത്തിയ അനുഖ്യാതിയില്‍ നിന്ന് ഒരു ഭാഗം.
“വേദി ചാലകന്റെ കൈയിലെ സമയ സൂചികയില്‍ ഇപ്പോള്‍ സമയം 12 മണി. കൃത്യം 12.15നകം ഇപ്പോള്‍ വേദിയില്‍ നടന്നു കൊണ്ടിരിക്കുന്ന പെണ്‍കുട്ടികളുടെ സംഘ നൃത്ത മത്സരത്തില്‍ ഒന്നാമത്തെ വൃന്ദത്തിലെ 2436 എന്ന സംഖ്യ പ്രതിനിധാനം ചെയ്യുന്ന മത്സര സംഘം ചമയവും വസ്ത്രധാരണവും പൂര്‍ത്തിയാക്കി വേദിക്ക് പിന്നില്‍ എത്തിച്ചേരാത്ത പക്ഷം മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കപ്പെടും എന്ന് ഖേദപൂര്‍വം അറിയിക്കുന്നു.”

ആദ്യ കാലത്ത് കുറേ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു എങ്കിലും പിന്നീട് എല്ലാവരും അംഗീകരിച്ചു. ഒരുപാട് പേര്‍ ഇതിനെ പിന്തുടരാനും തുടങ്ങി.
പറഞ്ഞുവന്നത് കൂടുതല്‍ ഭാഷകള്‍ പഠിക്കുന്നത് മാതൃഭാഷയോടുള്ള സ്‌നേഹ കുറവിന് കാരണമാകില്ല എന്ന് തന്നെയാണ്. എന്നാല്‍ ഏതു ഭാഷയും പഠിക്കുന്നത് ആവശ്യത്തിനോ താത്പര്യത്തിനോ അല്ലാതെ നിര്‍ബന്ധം കൊണ്ട് ആകരുത് എന്നും.

Latest