Connect with us

Articles

മരട് ഫ്‌ളാറ്റ് പൊളി(റ്റി)ക്കല്‍...

Published

|

Last Updated

ദോശ നന്നായി പൊളിയുന്നുണ്ടെന്ന് അമ്മ. മൈദ മാവാണ്. പൊളിയുക എന്ന വാക്ക് ആദ്യമായി കേട്ടത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ചൂടായ കല്ലില്‍ നിന്ന് ദോശ പൊളിച്ചെടുക്കുകയാണ്. വക്കു പൊട്ടാതെ.
പൊളി പറയുന്ന കൂട്ടുകാരന്‍ ഒന്നാം ക്ലാസില്‍. ഇടക്കിടെ മാങ്ങാപ്പൊളി കൊണ്ടത്തന്നു. വലിയ പൊളിയാണ് അവന്‍ പറയുന്നതെന്ന് പിന്നീടാണ് മനസ്സിലായത്. കഥകള്‍ നുണയാണെന്ന് വന്നപ്പോള്‍ അവനെ പൊളിച്ചടുക്കി. പോ, മോനേ, പൊളിയാ, അളിയാ…

പാട്ട് അടിപൊളിയായിട്ടുണ്ടെന്നാണ്. അഭിനയവും അടിപൊളി. വിവാഹസദ്യ അടിപൊളി. പൊളി വിട്ട് കളിയില്ല, മലയാളിക്ക്. ചിട്ടിക്കമ്പനി പൊളിച്ചു കൊടുത്തതാരാ? നടത്തിപ്പുകാര്‍ തന്നെ. നാട്ടുകാര്‍ക്ക് നന്നായി പൊള്ളി.

റോഡ് ടാറിട്ടു. അടിച്ചുപൊളി. നാട്ടുകാരുടെ വക പായസം. നാലാം നാള്‍ മഴ പെയ്തപ്പോള്‍ റോഡ് പൊളിഞ്ഞു. ടാര്‍ ഒഴുകിപ്പോയി. പാലത്തിന്റെ സ്ഥിതിയും അതു തന്നെ. ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ പാലം പൊളിഞ്ഞു. പൊട്ടും പൊളിയും. ഇതൊന്നും പൊളിക്കാന്‍ ആരും വേണ്ട, കേട്ടോ. കൃത്യസമയത്ത് പൊളിഞ്ഞു കൊള്ളും. പിന്നെ വീണ്ടും ടാറിടല്‍, പാലം നിര്‍മാണം. പിന്നെയോ, അടുത്ത പൊളിക്ക് കാത്തിരിപ്പ്.

തിയ്യറ്ററില്‍ സിനിമ വന്നാല്‍ പൊളിച്ചു കൊടുക്കാന്‍ ആള്‍ക്കാര്‍ വരുമത്രേ. കൂവലും ബഹളവും. കാണികള്‍ പറഞ്ഞു പോകും, വെറും പൊളി. നിര്‍മാതാവിന്റെ കീശ പൊളിഞ്ഞു പാളീസ്!

ഗാനമേള ട്രൂപ്പുകാര്‍ ആദ്യം ഒരു ഭക്തിഗാനം. പിന്നെയൊരു മെലഡി. അടിപൊളി പാട്ട് തുടങ്ങുന്നതോടെ ഗ്രൗണ്ടില്‍ അടി തുടങ്ങും. പാട്ടുകാര്‍ വീട്ടില്‍ പോയി നന്നായി ഉറങ്ങും. നാട്ടുകാരോ, അടിച്ചു പിരിയും.

പൊളിക്കുന്നതില്‍ മിടുക്കന്‍മാരാണ് നമ്മള്‍. പൊളിച്ചു കൈയില്‍ കൊടുക്കും. മന്ത്രിസഭ തന്നെ പൊളിച്ചു കൊടുത്തവരാണ്. അല്ല പിന്നെ. സുപ്രീം കോടതി ഈയിടെ പറഞ്ഞു, മരട് ഫ്‌ളാറ്റ് പൊളിക്കണം. പൊളിക്കല്ലേ എന്ന് അപ്പീല്‍. പൊളിക്കണമെന്ന് കോടതി. അപ്പീല്‍ വീണ്ടും. ഒടുവില്‍ അപ്പീല്‍ കൊടുത്തവര്‍ ഫ്‌ളാറ്റായി. പൊളിച്ചേ തീരൂ എന്നായി കോടതി. ഉദ്യോഗസ്ഥരതാ നോട്ടീസുമായി ഓടുന്നു. ഫ്‌ളാറ്റിന്റെ ഭിത്തിയില്‍ ഒട്ടിക്കുന്നു. പൊളിക്കാന്‍ കമ്പനികളെ തേടുന്നു. പിരിമുറുക്കം.

ചാനലുകള്‍ക്ക് കോളായി. ഫ്‌ളാറ്റ് ന്യൂസുകള്‍ ഫ്‌ളാഷായി. പൊളിക്കുന്നത് ലൈവാക്കണം. ചര്‍ച്ച. മഴക്കാലത്തിന് ശേഷം ടി വികള്‍ക്ക് മുമ്പില്‍ വീണ്ടും ജനം. പൊളിക്കുമോ?
ഫ്‌ളാറ്റ് ഉടമകള്‍ സമരം തുടങ്ങി. ആദ്യം അറച്ചു നിന്ന പാര്‍ട്ടിക്കാര്‍ അടവുമാറ്റി. അരയും തലയും മുറുക്കി. നഗരസഭ ഓഫീസ് മാര്‍ച്ച്, ഫ്‌ളാറ്റ് യാത്ര. കുറേ കുടുംബങ്ങളുണ്ട്, ഫ്‌ളാറ്റില്‍. അവരുടെ ബന്ധുക്കള്‍. പാര്‍ട്ടിയിലെ കണക്കപ്പിള്ളമാര്‍ പെരുക്കിപ്പെരുക്കി നോക്കുമ്പോള്‍ വാപൊളിച്ചു പോയത്രേ. എത്രായിരം വോട്ടാണ് ഫ്‌ളാറ്റില്‍.
നേതാക്കള്‍ ഫ്‌ളാറ്റുകളില്‍. പൊളിക്കലിലുമുണ്ട് പൊളിറ്റിക്‌സ്. വല്യേട്ടന്‍ ഫ്‌ളാറ്റുകാര്‍ക്കൊപ്പം. ഇറങ്ങുമ്പോള്‍ ഒറ്റക്കാവില്ല, മക്കളേ എന്ന്. ചെറിയേട്ടന് പൊളിച്ചേ അടങ്ങൂ. കൂടെ വി എസും സുധീരനും. ചെന്നിത്തല പൊളിക്കരുതെന്ന കൂട്ടത്തിലാണ്. മാനുഷിക പരിഗണന വേണമെന്ന്.
ജനങ്ങള്‍ എവിടെ നില്‍ക്കും? നേതാക്കളാണേല്‍ പല തട്ടില്‍. പൊളിക്കണം, പൊളിക്കരുത്. പാവം ജനം. അവര്‍ വാ പൊളിച്ചു പോകുന്നു!

Latest