Editors Pick
കാരുണ്യച്ചിറകിലേറി ഇവർ വിശുദ്ധ ഭൂമിയിലേക്ക്
തിരൂർ: നാളുകളായി കാത്തുവെച്ച തങ്ങളുടെ ആഗ്രഹ സാഫല്യത്തിനായി 48 പേർ സ്വപ്‌ന യാത്രക്കൊരുങ്ങുകയാണ്. നാല് ചുവരുകൾക്കുള്ളിൽ ചക്രക്കസേരകളിൽ ജീവിതം തള്ളിനീക്കാൻ വിധിക്കപ്പെട്ടെങ്കിലും വിശുദ്ധ ഭൂമിയിലെത്താനുള്ള അതിയായ ആഗ്രഹം മനക്കരുത്ത് കൊണ്ട് സാക്ഷാത്കരിക്കുകയാണ് ഈ ഭിന്നശേഷിക്കാർ.
ഭൂമിയിൽ കാലൊന്നമർത്തി ചവിട്ടാനാകാത്ത ഇവരെങ്ങനെ വീടിന് വെളിയിലിറങ്ങുമെന്ന് ശങ്കിച്ചവർക്ക് മുമ്പിൽ രാജ്യാതിർത്തികൾക്കപ്പുറം തങ്ങൾ മനസ്സിൽ സൂക്ഷിച്ച വിശുദ്ധ ഗേഹം പുണരാനുള്ള ഒരുക്കത്തിലാണ് മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നുള്ള 22 പുരുഷന്മാരും 26 സ്ത്രീകളുമടങ്ങുന്ന ഉംറ സംഘം. ജീവിതത്തിലൊരു വിമാന യാത്രയോ ബസ് യാത്രകളോ ചെയ്യാത്തവരാണ് ആകാശ യാത്രക്കൊരുങ്ങുന്നത്. സംസ്ഥാനത്തു നിന്ന് ആദ്യമായാണ് പരസഹായം വേണ്ട ഇത്രയും പേർ ഒരേവിമാനത്തിൽ യാത്ര ചെയ്യുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. നിശ്ചയദാർഢ്യം കൊണ്ട് അതിജയിക്കാനാകാത്ത വെല്ലുവിളികളില്ലെന്ന് ഒരിക്കൽകൂടി തെളിയിക്കുകയാണിവർ.
ണ്യഭൂമിലെത്താനുള്ള അതിയായ ആഗ്രഹം മൂലം പാസ്‌പോർട്ട് എടുക്കുകയും വിവിധ കാരണങ്ങളാൽ നാല് തവണ യാത്ര മുടങ്ങുകയും ചെയ്ത തിരൂർ പുറത്തൂരിലെ അസ്‌ലം 10 വർഷത്തിന് ശേഷം ഉംറ നിർവഹിക്കാനുള്ള അവസരം ഒത്തുവന്നതിന്റെ സന്തോഷത്തിലാണ്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വിശുദ്ധഭൂമിയിലേക്ക് യാത്ര പറഞ്ഞിറങ്ങുമ്പോഴും തന്റെ സ്വപ്‌നം മനസ്സിൽ വിങ്ങുന്ന വേദനയായി അവശേഷിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറായി തൊഴിലെടുക്കുന്ന അദ്ദേഹം സ്വന്തമായി പണം സ്വരൂപിച്ചാണ് ഉംറക്ക് പുറപ്പെടുന്നത്. കൂടെ യാത്ര ചെയ്യുന്ന പലരും അവശതകൾക്കിടയിലും സ്വന്തമായി കണ്ടെത്തിയ പണവും സുമനസ്സുകളുടെ സാമ്പത്തിക പിന്തുണയും കൊണ്ടാണ് തങ്ങളുടെ നാളുകളായുള്ള ആഗ്രഹം സാക്ഷാത്കരിക്കാനൊരുങ്ങുന്നത്. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സേവകരുടെ “ചേർത്തുനിർത്താം” വളണ്ടിയേഴ്‌സ് വിംഗ് വാട്‌സാപ്പ് കൂട്ടായ്മയാണ് പുണ്യഗേഹം കനവിൽ കണ്ട് നിർവൃതിയടയാൻ മാത്രം വിധിക്കപ്പെട്ടവർക്ക് സ്വപ്‌ന സാഫല്യത്തിന് വഴിയൊരുക്കിയത്.
ചക്രക്കസേരയിൽ കഴിയുന്നവരുടെ കൂട്ടായ്മയായ ആൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷനും ഇവർക്ക് എല്ലാവിധ പിന്തുണയും നൽകുന്നു. മുനീർ പൊന്മള, നൗശാദ് അരിപ്ര, ശാജിദ് മലപ്പുറം, നിയാസ് പൊന്മള, വിഷ്ണു മുണ്ടുപറമ്പ, ലൈലാ അങ്ങാടിപ്പുറം തുടങ്ങിയവരാണ് ഇതിന് നേതൃത്വം നൽകിയത്.
നാളെ നെടുമ്പാശ്ശേരി, കരിപ്പൂർ എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുന്ന സംഘം ഉംറ നിർവഹിച്ച് അടുത്ത മാസം 10ന് നാട്ടിൽ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. 12 വളണ്ടിയർമാർ ഇവരെ അനുഗമിക്കുന്നുണ്ട്. ജിദ്ദയിലെ പാലിയേറ്റീവ് കോ-ഓഡിനേഷൻ കമ്മിറ്റി ഇവരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. ഇവർക്കാവശ്യമായ സേവനങ്ങളും മെഡിക്കൽ സഹായങ്ങളും ലഭ്യമാക്കുന്നതിന് സന്നദ്ധ സേവകരെയും നേഴ്‌സുമാരെയും ഇരു ഹറമുകളിലും വിമാനത്താവളത്തിലും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.