Malappuram
ദുരന്തത്തിൽ പതറാതെ നന്മ മനസ്സുമായി സുമോദ്
എടക്കര: “അഛനും അമ്മക്കും പകരം വെക്കാൻ മറ്റൊന്നിനുമാകില്ല” കവളപ്പാറ ഉരുൾപൊട്ടലിൽ അച്ഛനെയും അമ്മയെയും നഷ്ടമായ സുമോദിന്റെ വാക്കുകളാണിത്. കഴിഞ്ഞമാസം എട്ടിന് രാത്രിയിൽ കവളപ്പാറ ഉരുൾപൊട്ടലിൽ ജീവിതത്തിലെ ഏറ്റവും വലിയനഷ്ടം സംഭവിച്ചത്. ഇതിലും വലിയ നഷ്ടങ്ങളൊന്നും ഇനി ജീവിതത്തിൽ സംഭവിക്കാനില്ലെന്നും സുമോദ് പറയുന്നു.
സർക്കാർ പ്രഖ്യാപിച്ച ധനസഹായം കഴിഞ്ഞ ദിവസം ബേങ്ക് അക്കൗണ്ടിലെത്തിയിരുന്നു. കിട്ടിയ സഹായധനത്തിൽ നിന്നും ഒരു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ ആഗ്രഹം. ഉടനെ അനുജൻ സുമേഷും സഹോദരി സുമിതയുമായും കൂടിയാലോചിച്ചു. സുമോദിന്റെ ആഗ്രഹത്തിന് അവർ പിന്തുണ നൽകി.
കവളപ്പാറയിൽ മണ്ണിടിച്ചിലുണ്ടായി വീട് നിൽക്കുന്ന സ്ഥലത്ത് ഒന്നും അവശേഷിക്കാതെ കുറച്ച് മൺകൂനകൾ മാത്രം ബാക്കിയാക്കിയപ്പോഴും മണ്ണുമാന്തി യന്ത്രങ്ങൾ മൃതദേഹങ്ങൾക്ക് വേണ്ടി തിരച്ചിൽ നടത്തുമ്പോഴും അവരെവിടെയങ്കിലും ജീവനോടെ ഉണ്ടാകുമെന്ന പ്രതീക്ഷ ഏഴാം നാൾ അച്ഛന്റെയും അമ്മയുടെയും മൃതദേഹം പുറത്ത് എടുക്കുന്നത് വരെ സുമോദിന് ഉണ്ടായിരുന്നു. ഹിറ്റാച്ചി ഡ്രൈവർക്ക് മണ്ണ് മാന്താനുള്ള സ്ഥലം പറഞ്ഞ് കൊടുത്തുകൊണ്ട് ഒപ്പമുണ്ടായിരുന്ന സുമോദിന്റെ കാതിലേക്ക് രണ്ട് പേരുണ്ടെന്നും അത് ഒരു പുരുഷനും സ്ത്രീയും ആണെന്ന ശബ്ദം പെരുമ്പറ മുഴങ്ങുന്നതുപോലെ വന്ന് പതിച്ചപ്പോഴും അത് അച്ഛനും അമ്മയുമാകരുതേ എന്ന പ്രാർഥനയിലായിരുന്നു സുമോദ്.
കുടുംബത്തിലെ മറ്റെല്ലാവരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് പറഞ്ഞയച്ച് ബെംഗളൂരിലുള്ള സുമോദിനെ അന്ന് ഉച്ചക്ക് ഫോണിൽ വിളിച്ചപ്പോൾ ഇവിടെ ഒരു കുഴപ്പവുമില്ലെന്നും അയൽവാസികളൊക്കെ ഇവിടെയുള്ളപ്പോൾ വേറൊരിടത്തേക്കും പോകേണ്ടതില്ലെന്നും എന്തെങ്കിലും പ്രശ്‌നമുള്ളതായി തോന്നിയാൽ പോകാമെന്നും അച്ഛൻ പറഞ്ഞിരുന്നു. വൈകിട്ടോടെ മഴ കനത്തപ്പോൾ കുറച്ച് ദൂരെയുള്ള വലിയച്ഛന്റെ വീട്ടിൽ പോയ അമ്മയും അച്ഛനും ഏഴുമണിയോടുകൂടി ഭക്ഷണം കഴിച്ച് തിരിച്ചുവരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് പോയ സമയത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്.
ഇവരെയോർത്ത് സുമോദ് ഇപ്പോഴും തേങ്ങുകയാണ്. “എന്തിനായിരുന്നു നിങ്ങൾ വീട്ടിലേക്ക് തിരിച്ചുപോയത്… ഒരു രാത്രി അവിടെത്തന്നെ തങ്ങാമായിരുന്നില്ലേ… എങ്കിൽ എന്റെ കുട്ടികൾക്ക് അവരുടെ അച്ഛച്ചനെയും അച്ഛമ്മയെയും നഷ്ടപ്പെടുമായിരുന്നോ… ഞങ്ങൾക്ക് നിങ്ങളെ നഷ്ടപ്പെടുമായിരുന്നോ…ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചല്ലേ ഞങ്ങളെ വളർത്തിയത്…. ഇപ്പോൾ ജീവിതം ഒരു കരക്ക് എത്തിത്തുടങ്ങിയപ്പോൾ അതിൽ പങ്കുചേരാൻ നിങ്ങളില്ലാതെ പോയില്ലേ…”
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ ഘട്ടത്തിലും കൂടെ നിന്നവരോടും അച്ഛന്റെയും അമ്മയുടെയും മൃതദേഹം ഒരു പോറൽപോലും ഏൽക്കാതെ പുറത്തെടുത്ത് തന്നവരോടും നന്ദി പറയാൻ സുമോദിന് വാക്കുകളില്ല.