Articles
ആഘോഷിക്കേണ്ടതില്ലാത്ത അതിര്‍ത്തി വാര്‍ത്തകള്‍
ബാലാകോട്ട് വീണ്ടും തീവ്രവാദികള്‍ ശക്തമാകുന്നുവെന്ന വാര്‍ത്ത ചെന്നൈയില്‍ ഇന്നലെ നടന്ന പത്രസമ്മേളനത്തില്‍ കരസേനാ മേധാവി വിപിന്‍ റാവത്ത് പുറത്തുവിട്ടിരിക്കുകയാണ്. വിഭജനാനന്തരം ഇന്ത്യയോടും പാക്കിസ്ഥാനോടും ചേരാന്‍ വിസമ്മതിച്ച് സ്വതന്ത്രമായി നിന്ന ജമ്മു കശ്മീരിന് ഹിതപരിശോധന പോലും ഒഴിവാക്കി ഇന്ത്യയോടൊപ്പം ചേരാന്‍ 1947ല്‍ ഭാരതം നല്‍കിയ ആനുകൂല്യമായിരുന്നു ആര്‍ട്ടിക്കിള്‍ 370. ഇത് റദ്ദാക്കിയതിന്റെ ശേഷം അരങ്ങേറുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ രണ്ട് ദുരൂഹതകള്‍ അവശേഷിക്കുകയാണ്. 40 ജവാന്മാര്‍ വീരമൃത്യു വരിച്ച പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ- പാക് ബന്ധം ദിനംപ്രതി വഷളായിരുന്നു. അന്നത്തെ വാര്‍ത്താ വിശകലനങ്ങളിലെ പോരായ്മയും വാര്‍ത്തകളിലെ തന്നെ വിശ്വാസ്യതയും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. അനുദിനം വളര്‍ച്ച കൈവരിക്കുന്ന സാങ്കേതിക വിദ്യയും സോഷ്യല്‍ മീഡിയയും മനുഷ്യ നന്മക്കും മാനവിക പുരോഗതിക്കും വേണ്ടി ഫലപ്രദമായി വിനിയോഗിക്കുമ്പോഴും നിക്ഷിപ്ത താത്പര്യക്കാര്‍ ഇവയെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വ്യാപകമായി ദുരുപയോഗം ചെയ്ത് ആഘോഷിച്ച ഒരു സന്ദര്‍ഭമായിരുന്നു ബാലാകോട്ടെ ഇന്ത്യയുടെ തിരിച്ചടിക്ക് ശേഷം ഉണ്ടായത്.
വാര്‍ത്തകളിലെ വിശ്വാസ്യത തന്നെയാണ് പ്രാഥമിക പ്രശ്നം. പ്രാദേശികമായി നടക്കുന്ന മുഴുവന്‍ സംഭവങ്ങളുടെയും യാഥാര്‍ഥ്യം നാം തത്സമയം അറിയുന്നതു പോലെ അറിയാനോ നേരില്‍കണ്ട് റിപ്പോര്‍ട്ട് ചെയ്യാനോ സാധിക്കാത്തതാണ് അതിര്‍ത്തിയില്‍ നടക്കുന്ന ഏറ്റുമുട്ടലുകളും സൈനിക ഭീകരാക്രമണങ്ങളും. ഒരു പാക് ഭീകരന്‍ ഇന്ത്യന്‍ സുരക്ഷാ സേനക്കു നേരെ വെടിയുതിര്‍ക്കുന്നതും സുരക്ഷാ സേന പ്രത്യാക്രമണം നടത്തുന്നതും അതിര്‍ത്തിയിലെ പാക് സൈനിക ക്യാമ്പുകള്‍ക്കും ഇന്ത്യയിലെ സൈനിക ക്യാമ്പുകള്‍ക്കും നേരെ പരസ്പരം വെടിയുതിര്‍ക്കുന്നതും തത്സമയം വീക്ഷിച്ച് ഒരു പത്രപ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട് ചെയ്ത് പുറം ലോകത്ത് എത്തിക്കുക എന്നത് അത്യന്തം ക്ലേശകരമാണ്.
പിന്നെയെങ്ങനെയാണ് ഭീകരരെ വധിച്ചതും ഏറ്റുമുട്ടല്‍ നടന്നതും പിസ്റ്റളുകള്‍ കണ്ടെത്തിയതും നാമറിയുന്നത്? സൈനിക കേന്ദ്രങ്ങളോ ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളോ പുറത്തു വിടുന്നതാണ് അവയൊക്കെയും. ഇതിലെ സുതാര്യതയും കൃത്യതയും പലപ്പോഴും ചോദ്യം ചെയ്യപ്പെടാറുണ്ട്. ജനവാസ കേന്ദ്രങ്ങളിലെ വിഘടനവാദി നീക്കങ്ങളും പെട്ടെന്ന് പൊട്ടിപ്പുറപ്പെടുന്ന ആഭ്യന്തര കലഹങ്ങളും കലാപങ്ങളും സൈനികര്‍ക്ക് നേരെയുള്ള കല്ലേറ് സമരങ്ങളും ഇതിനൊരപവാദമാണ്. പലതും ഏകപക്ഷീയമാണെങ്കിലും നേരില്‍ വീക്ഷിച്ച് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ അതിര്‍ത്തി വാര്‍ത്തകള്‍ പലപ്പോഴും ഗോപ്യവും നിഗൂഢവുമാണ്. ഇന്ത്യയും പാക്കിസ്ഥാനും അവരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ വാര്‍ത്തകളെ പുറംലോകത്ത് എത്തിക്കുകയുള്ളൂ.
12 മിറാഷ് യുദ്ധവിമാനങ്ങള്‍ ബാലാകോട്ടിലെ ഭീകരവാദി ക്യാമ്പുകളെ ലക്ഷ്യമാക്കി നീങ്ങുകയും മുന്നൂറോളം ജയ്ഷെ മുഹമ്മദ് ഭീകരരെ വധിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്ന സൈനിക നീക്കത്തെക്കുറിച്ച് പാക്കിസ്ഥാന്‍ വിശദീകരിച്ചത്, ഇന്ത്യ പാക് മണ്ണില്‍ ഒരു നാശവും വിതച്ചില്ല എന്നായിരുന്നു. ചില വൃക്ഷങ്ങള്‍ കരിഞ്ഞു എന്നല്ലാതെ ഇന്ത്യക്ക് ഒരു പോറലുമേല്‍പ്പിച്ചില്ല എന്ന് മാത്രമല്ല, യുദ്ധ സജ്ജമായ എഫ് 16 വിമാനങ്ങള്‍ പ്രതിരോധം തീര്‍ത്തപ്പോള്‍ മിറാഷ് വിമാനങ്ങള്‍ പിന്തിരിഞ്ഞു എന്നുമായിരുന്നു. അജഗജാന്തരമുണ്ട് ഈ വാദഗതികള്‍ തമ്മില്‍. ശരി ഒന്ന് മാത്രമായിരുന്നു. ഇന്ത്യ അതിര്‍ത്തി കടന്നു എന്ന് ഇരു രാജ്യങ്ങളും സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, ഏതു തരത്തിലുള്ള സൈനിക നടപടിയാണ് നടത്തിയത് എന്നതില്‍ അവ്യക്തത തുടരുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിരോധിക്കാന്‍ ഒരുങ്ങിയ പാക്കിസ്ഥാന്റെ എഫ് 16 വിമാനങ്ങള്‍ 12 മിറാഷ് വിമാനങ്ങള്‍ കണ്ടതോടെ ഭയന്ന് പിന്മാറി എന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.
ദുരൂഹതകള്‍ മാത്രം അവശേഷിക്കുകയാണ്. ഊഹങ്ങള്‍ തീര്‍ക്കുന്ന ഇത്തരം പ്രതികരണങ്ങള്‍ ഭരണാധികാരികളെ കടുംകൈ ചെയ്യാന്‍ പ്രചോദിപ്പിക്കും എന്നതില്‍ സംശയമില്ല. 350ഓളം ഭീകരരെ നാമാവശേഷമാക്കിയ വാര്‍ത്ത പാക്കിസ്ഥാന്‍ നിഷേധിക്കുകയും റിപ്പോര്‍ട്ട് ചെയ്യാന്‍ അന്താരാഷ്ട്ര മാധ്യമങ്ങളെ ക്ഷണിക്കുകയും ചെയ്തിരുന്നു. ഇവിടെയാണ് വീണ്ടും തീവ്രവാദികള്‍ ക്യാമ്പ് ചെയ്യുന്നതായി വിവരം ലഭിച്ചിരിക്കുന്നത്. ഇന്ത്യയുടെ മിഗ്-21 വിമാനം തകര്‍ന്ന് അഭിനന്ദന്‍ വര്‍ധമാന്‍ പാക് കസ്റ്റഡിയിലായ വാര്‍ത്ത ആദ്യ മണിക്കൂറില്‍ നിഷേധിച്ചുവെങ്കിലും പിന്നീട് ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ വിദേശകാര്യ വക്താവ് രതീഷ് കുമാര്‍ സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം, രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ത്തുവെന്ന് അവകാശവാദം പിന്നീട് പാക്കിസ്ഥാനും തിരുത്തുകയുണ്ടായി. എഫ് 16 വിമാനങ്ങള്‍ക്ക് ഒന്നും സംഭവിച്ചില്ല എന്ന പാക് വാദം, തകര്‍ന്ന എഫ് 16 വിമാനത്തിന്റെ ദൃശ്യങ്ങള്‍ എ എന്‍ ഐ പുറത്തു വിട്ടതോടെ പൊളിയുകയായിരുന്നു. ആധിപത്യമുറപ്പിക്കാന്‍ വ്യാജ മേല്‍ക്കൈ വാര്‍ത്തകള്‍ സൃഷ്ടിക്കുക എന്ന പതിവ് ശൈലി പ്രകടമാകുമ്പോള്‍ വസ്തുതകള്‍ അതേപടി അനാവരണം ചെയ്യപ്പെടാതെ പോകുകയാണ്. രണ്ടാം എന്‍ ഡി എ സര്‍ക്കാര്‍ അധികാരാരോഹണം നടത്തുന്നതിന് മുമ്പ് ദുരൂഹതകള്‍ ഉരുണ്ടു കൂടിയത് അതിര്‍ത്തിക്കപ്പുറത്തുള്ള ബാലാകോട്ടിലായിരുന്നു. എന്നാല്‍ അധികാരത്തിലേറിയതിനു ശേഷം അതിര്‍ത്തിക്കിപ്പുറത്ത്, കശ്മീരിലാണ് ദുരൂഹതകളഖിലവും. അരിച്ചിറങ്ങി പ്രാദേശികതലത്തില്‍ വേരു പിടിക്കുകയാണ് ഇത്തരം നിഗൂഢതകള്‍.
വാസ്തവത്തില്‍ സമസ്ത സംഘര്‍ഷങ്ങളുടെയും ഭീകരതാണ്ഡവങ്ങളുടെയും മുഖ്യ കാരണം ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ ജിഹാദി ദര്‍ശനങ്ങളില്‍ അമളി പറ്റി രാജ്യത്തിന് നേരെ നിറയൊഴിക്കുന്ന ചാവേറുകളായ ഹിസ്ബുല്‍ മുജാഹിദീന്‍, ലഷ്‌കറെ ത്വയ്ബ തുടങ്ങിയ ജിഹാദി ഔട്ട്‌ലെറ്റുകള്‍ നടത്തുന്ന ഒളിയാക്രമണങ്ങളും മനുഷ്യത്വ രഹിതമായ കൊലപാതകങ്ങളുമാണ്. ഇത്തരം ജിഹാദി ഗ്രൂപ്പുകളുടെ സമൂലമായ വിപാടനം സമാധാന സംസ്ഥാപനത്തിനു അനിവാര്യമാണ്. ജനവാസമില്ലാത്ത ദേശത്ത് തമ്പുകളില്‍ കഴിയുന്ന 350ഓളം ഭീകരവാദികളെ തുടച്ചുനീക്കി എന്നു പറയുമ്പോള്‍ പാക്കിസ്ഥാന്‍ എങ്ങനെയാണ് ഇന്ത്യയെ തിരിച്ചടിക്കുക? അതിനു മറുപടിയായി ഇന്ത്യയിലേക്ക് സൈനിക നീക്കം നടത്തിയാല്‍ പാക്കിസ്ഥാന്‍ കാലങ്ങളായി പ്രത്യക്ഷത്തില്‍ നിഷേധിക്കുന്ന ഭീകരവാദികള്‍ക്ക് വേണ്ടിയായിരിക്കില്ലേ ആ യുദ്ധം? 350 ഭീകരവാദികള്‍ക്ക് വേണ്ടി ഇന്ത്യയോട് പോരിനിറങ്ങിയാല്‍ അന്താരാഷ്ട്രതലത്തില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെടുകയും ചെയ്യും. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷവും പാക്കിസ്ഥാന്‍ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. തികച്ചും ഇന്ത്യയുടെ അധീനതയില്‍ പ്രത്യേക പദവിയോടെ നിലകൊള്ളുന്ന ജമ്മു, കശ്മീര്‍, ലഡാക്ക് മേഖലകളില്‍ അവകാശവാദമുന്നയിച്ച് യു എന്‍ മുഖേന അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയും മനസ്സും പിടിച്ചു പറ്റാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. അമേരിക്കയും ഫ്രാന്‍സുമെല്ലാം ഇന്ത്യക്കൊപ്പം നിന്നതോടെ പാക്കിസ്ഥാന്‍ പൂര്‍ണമായും ചിത്രത്തില്‍ നിന്നു തന്നെ മായുകയായിരുന്നു. എന്നാല്‍ കശ്മീരികളോട് രാജ്യത്തിന്റെ ഭരണകൂടം ചെയ്തത് ചരിത്രപരമായ വഞ്ചനയാണെന്നതില്‍ തര്‍ക്കമില്ല. രാജ്യത്തോടൊപ്പം നില്‍ക്കാന്‍ വാഗ്ദാനങ്ങള്‍ സര്‍വതും ചെയ്ത്, ഒടുവില്‍ ഒന്നൊന്നായി എടുത്തുകളഞ്ഞ്, പൗരവേട്ടയിലൂടെ നിരന്തരം മനം മടുപ്പിച്ച്, യുവാക്കളെ ഭീകരവാദത്തിലേക്ക് പ്രോത്സാഹിപ്പിച്ച് അവസാനം അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഏഴ് ലക്ഷത്തിലധികം സൈനികരുടെ കാവലില്‍ ചരിത്രം തമസ്‌കരിച്ചാണ് പ്രത്യേക പദവി റദ്ദാക്കിയത്. ആഗസ്റ്റ് അഞ്ച് മുതല്‍ കശ്മീരില്‍ എന്താണ് നടക്കുന്നതെന്ന് അവ്യക്തവും ദുരൂഹവുമാണ്. പ്രത്യേക പദവി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോലും, അറ്റോര്‍ണി ജനറല്‍ കോടതിയില്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം, ഇതുവരെ കശ്മീരില്‍ നാല്‍പതിനായിരം സിവിലിയന്‍മാര്‍ക്ക് മൃത്യൂ സംഭവിച്ചു. മീഡിയക്ക് കൂച്ചുവിലങ്ങിട്ടും ഫാറൂഖ് അബ്ദുല്ലയും ഉമര്‍ അബ്ദുല്ലയും മെഹ്ബൂബ മുഫ്ത്തിയും ഉള്‍പ്പെടെയുള്ള നിരവധി രാഷ്ട്രീയ പ്രമുഖരെയും ജയില്‍ സമാനമായ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചും സൈനികരവിടെ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? അവിടം ശാന്തമാണെങ്കില്‍ പിന്നെന്തിനാണ് വാര്‍ത്തകള്‍ മൂടി വെക്കുന്നതും മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതും? ഫോണും ഇന്റര്‍നെറ്റും നിഷേധിച്ച് ഇരുണ്ട ജീവിതം നയിക്കാന്‍ നിര്‍ബന്ധിക്കുന്നത് എന്തിനാണ്? എല്ലാം സമാധാനമാണെങ്കില്‍ വാര്‍ത്തകളൊക്കെയും സമാധാനമായി തന്നെ പുറത്തു വരേണ്ടതല്ലേ?
ബാലാകോട്ടെ ആക്രമണത്തിനു ശേഷവും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷവും നടന്ന, ചരിത്ര വിരുദ്ധമായ, അവ്യക്തവും അപൂര്‍ണവുമായ വാര്‍ത്തകള്‍ വിശകലനങ്ങള്‍ ചെയ്ത് സ്ഥിതി കൂടുതല്‍ വഷളാക്കുന്ന സംഘ്പരിവാര്‍ സോഷ്യല്‍ മീഡിയ അഡിക്റ്റുകള്‍ രാജ്യസ്നേഹികളും ദേശഭക്തരും അല്ല. പകരം അമിത വൈകാരികത നിയന്ത്രിക്കുന്ന, വിവേകം തീണ്ടിയിട്ടില്ലാത്ത രാജ്യദ്രോഹികള്‍ മാത്രമാണ്. ഇത്തരം വാര്‍ത്തകളെ ആഘോഷമാക്കി പൊങ്കാലയിടുന്നവര്‍ ഒരു കാര്യം അറിയണം. ഇന്ത്യന്‍ എയര്‍ഫോഴ്സ് വിമാനം പാക്കിസ്ഥാന്‍ സൈന്യം വെടിവെച്ചിടുമ്പോള്‍ പാക്കിസ്ഥാനിലും ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. ഇരു രാജ്യങ്ങളിലെയും ജനങ്ങളെ പരസ്പരം ആഘോഷിപ്പിച്ച് ഭരണാധികാരികളെ പ്രകോപിപ്പിക്കുന്നത് എത്രത്തോളം ജുഗുപ്സാവഹമാണ്? ഭീകരവാദം പോലെ തുടച്ചു നീക്കേണ്ടതാണ് കാടുകയറുന്ന സോഷ്യല്‍ മീഡിയ ഭീകരവാദവും. ചുരുക്കത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ എന്തൊക്കെയോ നടക്കുന്നു. മറ്റെന്തൊക്കെയോ പുറത്തുവരുന്നു. ഇത് കേട്ടപാതി കേള്‍ക്കാത്ത പാതി രാജ്യസ്നേഹത്തിന്റെ മൂടുപടമണിഞ്ഞ രാജ്യദ്രോഹികള്‍ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. കഥയറിയാത്ത യുദ്ധഭ്രാന്തര്‍ തുള്ളുന്നു. മുതലെടുപ്പ് രാഷ്ട്രീയം കളം വാഴുന്നു. ധീരജവാന്മാര്‍ക്ക് പ്രണാമങ്ങള്‍ നേരുന്നു. എല്ലാം മിറാഷ് എന്ന വാക്ക് സൂചിപ്പിക്കുന്നത് പോലെ മരീചികയായി നിലനില്‍ക്കുന്നു.