Articles
ഹൃദ്രോഗം ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നം
ഇന്ന് മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നമാണ് ഹൃദ്രോഗം. നമ്മുടെ ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളാണ് ഇതിന് വലിയൊരു കാരണം. ഹൃദ്രോഗം വരുന്നതിന് പല കാരണങ്ങളുണ്ട്. അതിനെ റിസ്‌ക് ഫാക്ടേഴ്‌സ് എന്നാണ് അറിയപ്പെടുന്നത്. ജീവിതശൈലി രോഗങ്ങളായി അറിയപ്പെടുന്ന പ്രമേഹം, പ്രഷര്‍, കോളസ്‌ട്രോള്‍, പുകവലി, പൊണ്ണത്തടി, മാനസിക പിരിമുറുക്കം, പാരമ്പര്യം എന്നിവയാണ് പ്രധാനമായും ഹൃദ്രോഗത്തിന് കാരണങ്ങളായ റിസ്‌ക് ഫാക്ടര്‍.
അടുത്തിടെയായി ഹൃദ്രോഗം ലോകമെമ്പാടും ക്രമാതീതമായി വര്‍ധിച്ചുവരുന്നതായി കാണപ്പെടുന്നു. ഇതിനെ തടയിടുന്നതിന് വേണ്ടി ജനങ്ങളില്‍ ബോധവത്കരണം നടത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ലോകമെമ്പാടും സെപ്തംബര്‍ 29ന് ലോക ഹൃദയദിനമായി ആചരിക്കുന്നത്.
2000 മുതലാണ് ഇത് ആചരിക്കാന്‍ തുടങ്ങിയത്. ഓരോ വര്‍ഷവും ഓരോ പ്രമേയത്തെ ആധാരമാക്കിയാണ് ബോധവത്കരണം നടത്തുന്നത്. ഈ വര്‍ഷത്തെ പ്രമേയം “ബി എ ഹെര്‍ട്ട് ഹീറോ” എന്നാണ്. ഹൃദയത്തിന് ചില പ്രോമിസ് നല്‍കി സ്വന്തം ഹൃദയത്തെ ഹീറോ ആക്കുക എന്നതാണ് പ്രമേയം. ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ഹൃദയത്തിന് വേണ്ടി വ്യായാമം ചെയ്യുകയും പുകവലി ഒഴിവാക്കുകയും ചെയ്യുമെന്ന് എല്ലാവരും സ്വന്തം ഹൃദയത്തിന് വാഗ്ദാനം ചെയ്യുക എന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
ഹൃദ്രോഗത്തെ വലിയൊരളവ് വരെ നമുക്ക് പ്രതിരോധിക്കാവുന്നതാണ്. അതുകൊണ്ടുതന്നെയാണ് ഇവിടെ ബോധവത്കരണത്തന്റെ പ്രസക്തി. ഈയൊരു സന്ദേശമാണ് സാധാരണ ജനങ്ങളില്‍ എത്തിക്കേണ്ടത്.
അടുത്ത കാലത്തായി ഹൃദ്രോഗത്തിന്റെ സ്വഭാവത്തില്‍ വലിയ മാറ്റം കാണുന്നുണ്ട്. പൊതുവേ സ്ത്രീകളില്‍ ഹൃദ്രോഗം താരതമ്യേന കുറവാണ്. സ്ത്രീ ഹോര്‍മോണായ എസ്‌ട്രോജന് പൊതുവേ ഹൃദ്രോഗത്തെ പ്രതിരോധിക്കാനുള്ള ശക്തിയുള്ളതുകൊണ്ടാണ് ഇത്. എന്നാൽ, സ്ത്രീകള്‍ക്കുള്ള ഈയൊരു പ്രൊട്ടക്ഷന്‍ ഇപ്പോള്‍ കുറഞ്ഞു വരുന്നതായും ഹൃദ്രോഗം കൂടിവരുന്നതായും കാണപ്പെടുന്നു.
അതുപോലെ സാധാരാണയായി ഹൃദയാഘാതം മുതിര്‍ന്ന ആളുകളിലായിരുന്നു കണ്ടുവന്നിരുന്നത്. എന്നാല്‍, ഈയിടെയായി മുപ്പതുകളിലും നാല്‍പ്പതുകളിലും ഹൃദ്രോഗം വരുന്നത് വ്യാപകമായിരിക്കുകയാണ്. ഹൃദ്രോഗം യുവാക്കളില്‍ കൂടുതലായി കണ്ടുവരുന്നതും അതിന്റെ ചികിത്സാ ചെലവ് വര്‍ധിക്കുന്നതും ഇന്ന് വലിയ ഒരു സാമൂഹിക പ്രശ്‌നം കൂടിയാണ്. അതുകൊണ്ടാണ് ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് വേള്‍ഡ് ഹെര്‍ട്ട് ഫൗണ്ടേഷന്‍ ഹൃദ്രോഗ പ്രതിരോധത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രമേയങ്ങളോടെ എല്ലാ വര്‍ഷവും സെപ്തംബര്‍ 29 ഹൃദയദിനമായി ആചരിക്കുന്നത്.