Connect with us

Articles

പണപ്പെട്ടി കാശ്‌ലെസ്സിലേക്ക്!

Published

|

Last Updated

ആളില്ലാ വിമാനം തകര്‍ന്നു വീണെന്ന്. ഹാവൂ, രക്ഷപ്പെട്ടു. ആളപായമില്ലല്ലോ. ശത്രു രാജ്യങ്ങളെ ആക്രമിക്കാനാണ് ഇത്തരം വിമാനങ്ങള്‍ പറത്തുന്നത്. ശത്രുവിനെ തകര്‍ത്ത് പുറപ്പെട്ട സ്ഥലത്ത് തന്നെ തിരിച്ചെത്തും. ഓരോരോ കണ്ടുപിടിത്തങ്ങളേയ്…

ഡ്രൈവറില്ലാ കാറുകള്‍ ഇന്ത്യയിലേക്കും വരാന്‍ പോകുന്നു. കേറി ഇരുന്നാല്‍ മതി. എത്തേണ്ടിടത്ത് എത്തും. അങ്ങോട്ട്, ഇങ്ങോട്ട് എന്നൊന്നും ഇനി പറയേണ്ടി വരില്ല. യൂറോപ്പില്‍ ഇത്തരം വാഹനങ്ങള്‍ വന്നു കഴിഞ്ഞു. സീറ്റ് ബെല്‍റ്റിടേണ്ട. ലൈസന്‍സ് വേണ്ട. സര്‍ക്കാറിന് നാല് കാശ് പോയത് തന്നെ. പിഴയിടാനാകില്ലെന്ന്.

ആളില്ലാ വാഹനങ്ങള്‍ പണ്ടേ കേരളത്തിലുണ്ട്. ആന വണ്ടി തന്നെ. ആളെ കണ്ടാല്‍ കയറ്റില്ല. കൈ കാണിച്ചാല്‍ നിര്‍ത്തില്ല. ആളെകേറ്റാ വണ്ടികള്‍. അങ്ങനെ ഓടുകയാണ്. കാലമേറെയായി. കടത്തിലാണ് കക്ഷി. മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും കടം പെരുകുന്നു. യൂനിയനുകള്‍ സജീവം. പക്ഷേ, ആര്‍ക്കുമില്ല, വണ്ടി ലാഭത്തിലാക്കണമെന്ന്. ആളില്ലെങ്കിലും കടമുണ്ട് എന്ന് ചുരുക്കം. കൂടെ ഓടുന്ന സ്വകാര്യ ബസുകളോ? ലാഭത്തിലാണ്.

ആളില്ലാ പാര്‍ട്ടികള്‍. പ്രസിഡന്റ് കാസര്‍ക്കോട്ടുകാരന്‍. സെക്രട്ടറി തിരുവനന്തപുരത്ത്. മധ്യകേരളത്തില്‍ അങ്ങിങ്ങായി കുറെപ്പേര്‍. തീര്‍ന്നു. എന്നാലും പത്രത്തില്‍ ദിവസവും കാണും വാര്‍ത്ത. പ്രതിഷേധങ്ങള്‍, ആവശ്യങ്ങള്‍, റിലീസുമായി പത്രമോഫീസില്‍. കേരള റിലീസ് പാര്‍ട്ടി! ഉദ്ഘാടനമുണ്ടെങ്കില്‍ മുന്‍ നിരയില്‍ കാണും, ചുണ്ടില്‍ നീണ്ട ചിരിയുമായി. നിലവിളക്ക് കൊളുത്തുമ്പോള്‍, നാട മുറിക്കുമ്പോള്‍ നമ്മെ നാടാകെ കാണണമെന്ന്. വലിയ പാര്‍ട്ടിക്കാരൊക്കെ പിന്തള്ളപ്പെടും, ഈ ഈര്‍ക്കിലിക്കാര്‍ വരുമ്പോള്‍. മുന്നണികളുള്ളതിനാല്‍ രക്ഷ. എവിടെയും കയറിപ്പറ്റാം.

ആളില്ലാ സ്‌കൂളുകളുണ്ട്, കേരളത്തില്‍. എന്നു വെച്ചാല്‍ കുട്ടികളില്ലാത്ത വിദ്യാലയങ്ങള്‍. തെളിച്ചു പറഞ്ഞാല്‍ നാലോ, അഞ്ചോ കുട്ടികളുള്ളത്. അടച്ചു പൂട്ടാന്‍ പറ്റില്ല. ജനരോഷം. മാഷന്‍മാര്‍ കണക്കിനുണ്ടാകും. ശമ്പളവും കണക്കിന് കിട്ടും. മത്സരമാണ്. അപ്പുറത്തെയും ഇപ്പുറത്തെയും സ്‌കൂളുകാര്‍ വണ്ടിയുമായി വന്ന് കൊണ്ടു പോകുകയാണ്. ആളില്ലാ സ്‌കൂളിലെ മാഷന്‍മാരുടെ മക്കളുമുണ്ടാകും അക്കൂട്ടത്തില്‍.
ആളില്ലാ കസേരകളെ കുറിച്ച് മുമ്പേ കേട്ടിട്ടുണ്ട്. ഓഫീസില്‍ ചെന്നാല്‍ ഉദ്യോഗസ്ഥനെ കാണില്ല. കസേര കാലി. ചിലപ്പോള്‍ കര്‍ച്ചീഫ് കാണും, ചീഫെവിടെ? ചായ കുടിക്കാനോ, കൂട്ടുകാരനോട് വര്‍ത്തമാനം പറയാനോ പോയതാകും. ഓരോ ഫയലും ഓരോ ജീവിതമാണ് എന്നാണല്ലോ. ഈ ജീവിതങ്ങളെ അനാഥമാക്കി ഇയാളെങ്ങു പോയി?

ഉള്ളതു പറയാലോ. കുറെയാളുകള്‍ക്ക് വീടില്ല. ചിലര്‍ തെരുവില്‍, പുറമ്പോക്കില്‍. മറ്റുള്ളവര്‍ വാടക വീട്ടില്‍. ആളില്ലാ വീടുകളുമുണ്ട്, കേരളത്തില്‍. പത്തും നൂറുമല്ല, ആയിരക്കണക്കിന്. വലിയ വീട് നിര്‍മിക്കുന്നു. പാലു കാച്ചല്‍ കഴിഞ്ഞ് കുടുംബത്തോടൊപ്പം വിദേശത്തേക്ക്. രണ്ടുമൂന്ന് വര്‍ഷം കഴിഞ്ഞ് ഒന്നു വന്നെങ്കിലായി. പ്രായമുള്ള മാതാപിതാക്കളുണ്ടെങ്കില്‍ വൃദ്ധസദനത്തിലാക്കും. നമുക്കവിടെ സുഖം തന്നെ!

ബേങ്കുകളില്‍ ആളെ കുറക്കാനാണ് പരിപാടി. അതായത് കസ്റ്റമേഴ്‌സ് അധികം അങ്ങോട്ടു വരേണ്ടെന്ന്. ഇനി കൂടുതല്‍ തവണ പണം പിന്‍വലിച്ചാലും നിക്ഷേപിച്ചാലും കാശ് കൊടുക്കണം. കാശെണ്ണുന്നതിനും പണം വാങ്ങുമത്രേ. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാനാണ് ഇത്. അധികം കാശു കൊണ്ട് കളിക്കരുതെന്ന്. കാശ്‌ലെസ്സ് എക്കോണമി വരണമെന്നാണ്. ചിലപ്പോള്‍ ബേങ്കിന്റെ ബോര്‍ഡ് നോക്കിയാലും പിഴ വരും. നോക്കുപിഴ!
അല്ലെങ്കിലും എക്കോണമി കാശ്‌ലെസ്സ് ആയിക്കൊണ്ടിരിക്കുകയാണ്. നാട്ടുകാരുടെ കൈയില്‍ കാശില്ല. ആളൊഴിഞ്ഞ മാര്‍ക്കറ്റുകളാണ്. വണ്ടി വേണ്ട. ടയറുകാര്‍ കടയടച്ചു കഴിഞ്ഞു. ധനമന്ത്രി ഇടക്കിടെ ഇളവുമായി വരുന്നുണ്ട്. ഉത്തേജനമാണ്. കാര്യമുണ്ടെന്ന് തോന്നുന്നില്ല.

കണാരേട്ടന്റെ കടയില്‍ കസ്റ്റമേഴ്‌സ് കുറഞ്ഞു. ഏറിയാല്‍ പത്തിരുപത്തഞ്ച് ചായ. ചെലവും കഴിച്ച് ഒന്നും മിച്ചമില്ല. പണപ്പെട്ടി കാശ്‌ലെസ്സിലേക്ക്!

---- facebook comment plugin here -----

Latest