Cover Story
അരുത്, ഭാഷകൊണ്ട് വിഭജിക്കരുത്
? കുട്ടിക്കാലം വിചിത്രാനുഭവങ്ങളുടെ കയത്തിൽ നിപതിച്ച ഒരു ജീവിതമാണല്ലോ. എങ്ങനെയായിരുന്നു പൊയ്‌പ്പോയ കാലം
. ഏതൊരാൾക്കും അവരവരുടെ കുട്ടിക്കാലത്തെ കുറിച്ചു പറയാനുണ്ടാകും. എഴുത്തുകാരാകുമ്പോൾ കുട്ടിക്കാലത്തെക്കുറിച്ചുള്ള നൊൾസ്റ്റാൾജിയയെ കുറിച്ച് പറയുമ്പോഴാണ്, ആ കാലത്തിൽ ഊന്നി നിന്ന് സർഗപ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴാണ് എഴുത്ത് പൂർണമാകുന്നത്. എന്നെ സംബന്ധിച്ചിടത്തോളം കുട്ടിക്കാലം എന്നുള്ളത് ഏഴ് വയസ്സ് മുതലുള്ളതാണ് ഓർമയിലുള്ളത്. അതുവരെയും എന്റെ ജീവിതം നമ്മുടെ ഈ നാടുമായി, കേരളവുമായി ഒരുബന്ധവുമില്ലാത്ത മറ്റൊരിടത്തായിരുന്നു. പഗോഡകൾ, ബുദ്ധമതക്കാർ, ബർമീസ് സ്ത്രീകൾ, പഗോഡയിലെ ഉത്സവച്ചന്തകൾ, ബുദ്ധമതാനുയായികളായ പഗോഡകളിലെ ശിഷ്യന്മാർ എല്ലാം അടങ്ങിയതാണ് ആ കുട്ടിക്കാലത്തിന്റെ നേരിയ ഓർമകൾ.
ഞാൻ ജനിച്ചത് ബർമക്കാരിയുടെ മകനായിട്ടാണ്. ഏഴ് വയസ്സ് വരെ ബർമയിലായിരുന്നു. എന്റെ പിതാവ് കൊയിലാണ്ടി ഭാഗത്തുള്ള ഒരാളാണ്. മൊയ്തീൻ കുട്ടി ഹാജി. അദ്ദേഹം ബർമയിലെ ബില്ല്യം മാർക്കറ്റിലെ കച്ചവടക്കാരനായിരുന്നു. ബർമയിൽ നിന്ന് വളരെ കിഴക്കുള്ള റങ്കൂൺ പട്ടണത്തിൽ നിന്ന് അകലെയുള്ള മോൺസ്റ്റേറ്റിലെ ഒരു ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. ജനിച്ച ഉടനെ എന്റെ മാതാവ് മരിച്ചു. അതുകൊണ്ട് പെറ്റുമ്മയുടെ മണം പോലും ശ്വസിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. മുലപ്പാലിന്റെ ഗന്ധം, പശിമ എന്നൊക്കെ എഴുത്തുകാർ പറയാറുണ്ട്. അതൊന്നും ഞാൻ അറിഞ്ഞിട്ടില്ല. ചെറിയൊരു ഓർമ വരുമ്പോൾ ഞാൻ മാതാവിന്റെ അനിയത്തിയുടെ കൂടെയാണ് താമസിച്ചിരുന്നത്.
? കൊച്ചുനാളിൽ തന്നെ അഭയാർഥികളിൽ ഒരാളായി പലായനം ചെയ്യേണ്ടി വന്നിരുന്നു. അതെക്കുറിച്ചുള്ള ഓർമകൾ
കുട്ടിക്കാലത്തെ കുറിച്ചോർക്കുമ്പോൾ എന്റെ മനസ്സിൽ തെളിയുന്ന ചിത്രം ഇവയാണ്. ആദ്യമായി എന്റെ മാതാവിന്റെ അനുജത്തിയുടെ ബർമീസ് കുടുംബം, അവരുടെ സ്‌നേഹവായ്പ്, പിന്നീട് എന്നെ നദിയിൽ നിന്ന് ഉയർത്തിയെടുത്ത ചൈനക്കാരൻ. ബർമമയമായ ഈ ചിത്രങ്ങൾ മൂലം ഉപ്പക്ക് എന്നെ നാട്ടിലേക്ക് കൊണ്ടുപോകണം, ഇവൻ ബർമക്കാരുടെ കൂടെയായിപ്പോകുമല്ലോ എന്ന ആധിയാണുണ്ടായിരുന്നത്. ഈ അവസരത്തിലാണ് ഇന്ത്യൻ കച്ചവടക്കാരും മറ്റു നാടുകളിൽ നിന്ന് വന്നവരുമെല്ലാം ബർമയിൽ നിന്ന് ഒഴിഞ്ഞുപോകണം എന്ന ഉത്തരവ് വരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭമാണ്. ജാപ്പ് സൈന്യങ്ങൾ റങ്കൂൺ പട്ടണത്തെ ബോംബിട്ടു നശിപ്പിക്കും. അവർ ബർമയെ അധീനതയിലാക്കും എന്നൊക്കെയുള്ള വളരെ ഭയം നിറഞ്ഞ വാർത്തകൾ വന്നു. ഏറെ ഭയം നിറഞ്ഞ ഒരു അന്തരീക്ഷവും അന്നുണ്ടായിരുന്നു. അങ്ങനെ ബർമയെ ബോംബിട്ടു നശിപ്പിക്കാൻ തുടങ്ങുന്ന സമയത്ത് അഭയാർഥികളായ ഇന്ത്യക്കാരും മറ്റുള്ളവരും ബർമ വിടാൻ തീരുമാനിക്കുന്നു. ആ പലായനം മോൺ സ്റ്റേറ്റിൽ നിന്ന് മലയടിവാരങ്ങളിലൂടെ നടന്ന് നടന്ന് ചിറ്റഗോംഗ് അഭയാർഥി ക്യാമ്പുകളിൽ എത്തി. അവിടെ നിന്നാണ് ഓരോരുത്തരും അവരവരുടെ നാട്ടിലേക്ക് പോകാനുള്ള മാർഗങ്ങൾ തേടുന്നത്. പിതാവ് പോകുന്നതിനു മുമ്പ് ബർമയിലെത്തിപ്പെട്ട ആളാണ് പിതാവിന്റെ ജ്യേഷ്ഠൻ. പിതാവിന്റെ ഈ ബർമീസ് ബന്ധം ഒരിക്കലും മൂത്താപ്പ എന്നു വിളിക്കുന്ന പിതാവിന്റെ ജ്യേഷ്ഠൻ അംഗീകരിച്ചിരുന്നില്ല. ഞാൻ പിൽക്കാലത്ത് മനസ്സിലാക്കിയ അറിവാണ്. എപ്പോഴും ആ കാരണം പറഞ്ഞ് എന്നെ കാണുമ്പോഴൊക്കെ ചെവിക്കു പിടിച്ച്, മീശപിരിച്ച് ശുണ്ഠിപിടിക്കുന്ന രീതിയിലായിരുന്നു അദ്ദേഹം. വളരെ മോശകരമായ രീതിയിൽ. പിന്നീട് വളരെ പ്രായമായപ്പോഴാണ് അദ്ദേഹം എന്നെ സ്‌നേഹത്തോടുകൂടി വിളിക്കാനും അടുപ്പിക്കാനും ഒക്കെ തുടങ്ങിയത്. അഭയാർഥി പ്രവാഹത്തിൽ അദ്ദേഹവുമുണ്ടായിരുന്നു.
ഭൂമിശാസ്ത്രപരമായി എനിക്ക് അത് വളരെ നിശ്ചയം പോര. ഒമ്പത് വയസ്സുകാരനായ എനിക്ക് മറ്റ് അഭയാർഥികളുടെ കൂടെ നടന്നു പോകാം എന്നല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു. നടക്കാൻ പോലും വയ്യായിരുന്നു. കുറേ സമയം പിതാവ് തോളിലേറ്റും. പിന്നെ കുറേ പിതാവിന്റെ മരുമകൻ തോളിലേറ്റും. ഏതോ ഒരതിർത്തിയിൽ വാഹനം വന്നു നിന്നു. എല്ലാവരും ഇറങ്ങി. പിന്നീട് നടത്തമായിരുന്നു. മലകയറ്റങ്ങൾ. ഇറക്കങ്ങൾ. മുമ്പേ കടന്നു പോയവരുടെ കാലടികൾ പിന്തുടർന്നു. വനത്തിലൂടെയും വെളിമ്പറലുകളിലൂടെയും നിരനിരയായ മനുഷ്യപ്രവാഹം. ഞാൻ ബാപ്പയുടെ ചുമലിലായിരുന്നു.
എത്ര രാവുകൾ, എത്ര പകലുകൾ. ആർക്കും അറിയില്ലായിരുന്നു. അന്നു നടന്നത് അരാക്കാൻ മലകളിലൂടെയായിരുന്നു എന്ന ഭൂമിശാസ്ത്രം അറിയുന്നത് പിന്നീട് എത്രയോ വർഷങ്ങൾക്കുശേഷമാണ്. അഭയാർഥികൾ അനുഭവിച്ച പങ്കപ്പാടുകൾ, വീരസാഹസങ്ങൾ, ബാപ്പയും കൂട്ടുകാരും അയവിറക്കുന്നത് കേട്ടപ്പോൾ യാത്രയുടെ കാഠിന്യം ഊഹിച്ചു. ജീവൻ തിരിച്ചുകിട്ടിയെന്ന വിശ്വാസം വന്നത് അക്യാവിലെത്തിയപ്പോഴായിരുന്നു. യാത്രക്കിടയിൽ മരിച്ചുവീണ ഉറ്റവരേയും അരാക്കാൻ കാടുകളിൽ ഉപേക്ഷിച്ചു. ബർമയിലെ സമ്പാദ്യങ്ങൾ അവിടെയും. ഉപേക്ഷിക്കാതെ ഒക്കത്തേന്തിയെത്തിച്ചത് എന്നെയായിരുന്നു.
? ഭാഷയുടെയും ദേശത്തിന്റേയും അപരിചിത ലോകത്ത് എത്തിപ്പെട്ടപ്പോൾ എന്തുതോന്നി? നാടിനേയും വീടിനേയും സ്‌നേഹിച്ചുതുടങ്ങിയത് എപ്പോൾ?
. ഒരു വേണ്ടാചെക്കനായിട്ടാണ് ഞാൻ നാട്ടിലേക്ക് പോരുന്നത്. മറ്റുള്ളവർക്ക് വേണ്ടാത്ത ഒരു ചെക്കനായിട്ട്. പിതാവിന് തന്റെ അനുരാഗവായ്പിലുണ്ടായ പ്രതീകമായി ഞാൻ നാട്ടിലെത്തുന്നു. അകൽച്ചയുടെയും അടുപ്പത്തിന്റെയും പ്രതീകമായി.
നാട് എന്നു പറഞ്ഞാൽ പിതാവിന്റെ ഉമ്മയുടെ വീട്. കൊയിലാണ്ടിയിൽ. കൊയിലാണ്ടിയിലെ കടൽക്കര ഭാഗത്തുള്ള മുസ്‌ലിംകൾ തിങ്ങിപ്പാർക്കുന്ന കോവിൽക്കണ്ടി ദേശത്ത് ഒരു മുസ്്ലിം വീട്. അവിടെ പിതാവിന്റെ ഉമ്മ. പിതാവിന്റെ ഉമ്മയുടെ അനിയത്തിമാർ ബന്ധുക്കൾ ഇവരെല്ലാമുള്ള ഒരു കൂട്ടുകുടുംബത്തിലേക്കാണ് ഞാൻ വന്നെത്തുന്നത്. അവിടുന്ന് തുടങ്ങുന്നതാണ് വാസ്തവത്തിൽ എന്റെ രണ്ടാം കുട്ടിക്കാലം. ആ കുട്ടിക്കാലത്ത് ഞാൻ അനുഭവിച്ചത് അതുവരെ പരിചയമില്ലാത്ത ഒരു രീതിയാണ്. എനിക്ക് പരിചയമുള്ള ഭൂപ്രകൃതി, തേക്കുമരങ്ങളും താഴ്‌വരകളും നദിയും പ്രത്യേകതരം ആളുകളും പഗോഡകളും മറ്റമുള്ള ഭൂപ്രദേശത്തു നിന്ന്, കുട്ടിക്കാലം എന്നു പറയുന്ന ഒരു അനാഥത്വത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു മുസ്്ലിം മരുമക്കത്തായ തറവാട്ടിലേക്കാണ് ഞാൻ എത്തുന്നത്. അവിടുത്തെ കുടുംബനാഥ എന്നത് എന്റെ ഉപ്പയുടെ ഉമ്മയാണ്. അവർ എന്നെ സ്വന്തം മകനായി വളർത്തി. ഒമ്പത് പത്ത് വയസ്സുവരെ അവരാണ് എന്നെ വളർത്തിയത്. അവരിലൂടെയാണ് ഞാൻ മലയാള ഭാഷ പഠിക്കുന്നത്. അവരിലൂടെയാണ് ഞാൻ എന്റെ നാടിനെ, കേരളത്തെ ആദ്യം കാണുന്നത്..
? ഏറെ വിവാദങ്ങൾ സൃഷ്ടിച്ചതാണല്ലോ ഹിന്ദി ഭാഷ നിർബന്ധമാക്കുക എന്ന തീരുമാനം. ഇതിനോട് അങ്ങയുടെ അഭിപ്രായം എന്താണ്
. ഭാഷ എന്ന നിലക്ക് ഹിന്ദി പഠിക്കണമെന്നതിലും നിത്യ ജീവിതത്തിൽ ഉപയോഗപ്പെടുത്തണമെന്നതിലും എനിക്ക് എതിരഭിപ്രായമില്ല. അത് ഭാഷ എന്ന നിലക്ക് മാത്രമാണ്. ഹിന്ദി, ഉറുദു അങ്ങനെയുള്ള ഭാഷകൾ വടക്കേ ഇന്ത്യയിൽ സാമാന്യമായി ജനങ്ങൾ വീട്ടു ഭാഷയായിട്ടു തന്നെ ഉപയോഗിക്കുന്നുണ്ട്. തെക്കെ ഇന്ത്യയിൽ മാത്രമാണ് അങ്ങനെയില്ലാത്തത്. തെക്കേ ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലാണ് ഓരോരുത്തരും ആശയങ്ങൾ വിനിമയം ചെയ്യുന്നത്. മലയാളികളാണെങ്കിൽ മലയാളത്തിൽ തമിഴന്മാരാണെങ്കിൽ തമിഴിൽ, തെലുങ്കൻമാരാണെങ്കിൽ തെലുങ്കിൽ കന്നടക്കാർ ആണെങ്കിൽ അങ്ങനെ… ഒരു ഭാഷ എന്ന നിലക്ക് പൊതുവേദിയിൽ ഭരണ ഭാഷയുടെ സൗകര്യങ്ങൾ ഹിന്ദിക്ക് നൽകണമെന്ന് പറയുന്നതിലും വലിയ ആശയക്കുഴപ്പമൊന്നുമില്ല. അതേസമയം, ആ ഭാഷയിലുള്ള പല കാര്യങ്ങളെയും ഒരു തരം സാംസ്‌കാരിക അപച്യുതിയിലേക്ക് നയിക്കുന്ന രീതിയിലേക്കാണ് സംഗതികൾ കലാശിച്ചു കൊണ്ടിരിക്കുന്നത്. ഉദാഹരണത്തിന് ഹിന്ദിയിൽ അല്ലെങ്കിൽ ഹിന്ദുസ്ഥാനിൽ നമ്മൾ പറയുന്ന സുഹൃത്ത് എന്ന വാക്ക് ദോസ്ത് എന്ന രീതിയിലാണ് ഉപയോഗിക്കുന്നത്. അത് ആ ദോസ്ത് എന്ന നിലയിൽ പ്രയോഗിക്കുമ്പോൾ അതിൽ കൻമഷത്തിന്റെ അംശമില്ല. കാരണം, സൗഹൃദത്തിന്റെ ഏറ്റവും വലിയ മാനമാണ് ദോസ്ത് എന്ന പ്രയോഗത്തിലൂടെ സാധിക്കുന്നത്. ഹിന്ദിയിലായാലും ഉറുദുവിലായാലും ശരി വടക്കേ ഇന്ത്യയിൽ പൊതുവേ ഉപയോഗിക്കപ്പെടുന്ന ദോസ്ത് എന്ന പദം മിത്ര് എന്ന രീതിയിൽ സംസ്‌കൃത ഭാഷയെ അവലംബിക്കുമ്പോഴാണ് ഇതിന് കുഴപ്പം വരുന്നത്. ഒരു പ്രത്യേകമായ ഭാഷയുടെ മറ്റൊരു തലം ഇതിലുണ്ടാക്കുന്നുണ്ട്. ഇതിനെയാണ് നമ്മൾ എതിർക്കുന്നത്. ഭാഷ എന്ന നിലക്ക് ഹിന്ദിയുടെ വാക്കുകളും പ്രയോഗങ്ങളും നമുക്ക് സ്വാഗതാർഹമാണ്. അതേസമയം, അതിനെ മറ്റൊരു തരത്തിൽ ഹൈന്ദവവത്കരിക്കാനുള്ള ശ്രമം നടക്കുന്നു. ആ സംരംഭത്തെയാണ് നാം കരുതിയിരിക്കേണ്ടത്, എതിർക്കേണ്ടത്. ഒരു ഭാഷാ പ്രയോഗത്തിലൂടെ നമ്മുടെ അടിമനസ്സിലെവിടെയോ ഉറങ്ങിക്കിടക്കുന്ന ഒരു തരം ഹൈന്ദവ ബോധത്തെ തട്ടിയുണർത്തുന്ന തരത്തിൽ ഭാഷയെ വികലപ്പെടുത്താനുള്ള ഒരു ശ്രമം ഹിന്ദി അത്യാവശ്യമാണ് എന്ന് വാദിക്കുന്നതിലൂടെ ഇതിന്റെ സംഘാടകർ ഉദ്ദേശിക്കുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
.