Connect with us

Articles

ഗാന്ധിയോർമ സമരമാണ്

Published

|

Last Updated

ഓർമ സമരമാണ്, ചില സമയങ്ങളിൽ ഓർമ അതിതീവ്രമായ സമരമായി, കാലഘട്ടത്തിന്റെ അനിവാര്യതയായി മാറും. ഗാന്ധിയുടെ ഓർമകൾ അയവിറക്കുന്നതിനെ നമുക്ക് രണ്ടാമത്തെ ഗണത്തിൽപ്പെടുത്താം. പണത്തിന്റെ ഹുങ്കിലോ അധികാരത്തിന്റെ തിണ്ണബലത്തിലോ ജാതിയുടെ പിൻബലത്താലോ ആയിരുന്നില്ല ഗാന്ധിജി രാജ്യത്തിന്റെ നേതൃപദവിയിലേക്ക് കടന്ന് വരുന്നത്. മറിച്ച് നിരന്തരമായി പീഡനങ്ങൾ നേരിട്ട്, വ്യത്യസ്തമായ വഴികളിലൂടെയുള്ള പ്രതിഷേധങ്ങളിലൂടെ പൊതുജനങ്ങൾക്കൊപ്പം ചേർന്ന് നിന്ന് സമാധാനപൂർണമായി സ്വാതന്ത്ര്യം നേടിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു എന്ന കാരണത്താലാണ് ഗാന്ധിജി മഹത്വമർഹിക്കുന്നതും രാഷട്രപിതാവായി വിശേഷിപ്പിക്കപ്പെട്ടതും.

1919ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് സ്വാതന്ത്ര്യമെന്ന പരമമായ ലക്ഷ്യത്തിൽ നിന്ന് രാജ്യത്തെ പൗരന്മാരെ പിന്തിരിപ്പിക്കാനായില്ല. മാത്രമല്ല അത് പൗരന്മാരെ കൂടുതലായി സമരമുഖത്തേക്കെത്താനുള്ള പ്രേരകമായി വർത്തിക്കുകയായിരുന്നു. എന്നാൽ കോൺഗ്രസ് നേതാവ് ബാല ഗംഗാധര തിലകൻ അന്തരിച്ചത് കോൺഗ്രസിന് ചെറിയ നിലക്കെങ്കിലും ആഘാതമേൽപ്പിച്ചു. ഈ അവസരത്തിലാണ് മഹാത്മാ ഗാന്ധി എന്ന നേതാവ് പ്രത്യക്ഷപ്പെടുന്നത്. അഹിംസയിലൂന്നിയ സമരമാർഗങ്ങളിലൂടെ ജാതി-മത-വർണ ഭേദമന്യേ സർവർക്കും തുല്യ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിനായി ഗാന്ധിജി മുന്നിൽ നിന്ന് നയിച്ചു.

തുടർന്നുള്ള ബുദ്ധിപരമായ, വികാരത്തിനടിമപ്പെടാതെയുള്ള ആസൂത്രിതമായ നീക്കങ്ങളാണ് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് ശക്തി പകർന്നത്. 1920- 22 കാലഘട്ടങ്ങളിലെ നിസ്സഹകരണ പ്രസ്ഥാന പ്രവർത്തനങ്ങളിലൂടെ ബ്രട്ടീഷ് ഭരണകൂടത്തിന് വലിയ വെല്ലുവിളി ഉയർത്താനും ശക്തമായ താക്കീത് നൽകാനും ഗാന്ധിജിക്ക് കഴിഞ്ഞു. ഗാന്ധിയുടെ സമാധാനപൂർണമായ ഈ സമര മാർഗത്തോട് രാജ്യത്തെ ജനങ്ങൾ ഐക്യപ്പെട്ട് ഭരണകൂട നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളെ ബഹിഷ്‌കരിക്കുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. തുടർന്ന് ഗാന്ധിജി ഭരണകൂട വിരുദ്ധ വികാരം സൃഷ്ടിച്ചു എന്ന പേരിൽ തുറങ്കലിലടക്കപ്പെടുകയും ചെയ്തു.

1930- 31 കാലഘട്ടത്തിൽ ദിനവും 15 മൈലോളം നടന്ന് ദണ്ഡിയിലെത്തി നേതൃത്വം നൽകിയ ഉപ്പു സത്യഗ്രഹം ഗാന്ധിജിയെ ലോകം ശ്രദ്ധിക്കാനിടയാക്കി. രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കാനുള്ള വഴികൾ തേടുമ്പോഴൊക്കെ തന്നെ മതങ്ങൾക്കിടയിലുള്ള അകൽച്ചയും അസഹിഷ്ണുതയും പൂർണമായും ഇല്ലാതാക്കാനുള്ള എല്ലാ മാർഗങ്ങളും ഗാന്ധിജി തേടിയിരുന്നു. 1942ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭമാണ് സ്വാതന്ത്ര്യത്തിന്റെ നെരിപ്പോടിലേക്ക് രാജ്യത്തെ നയിച്ചത്. സമാധാനപൂർണമായി ആരംഭിച്ച പ്രക്ഷോഭം പതിയെ അക്രമത്തിലേക്ക് വഴുതി വീഴുകയും പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ഗാന്ധിയുടെ സന്ദേശം രാജ്യത്തൊട്ടാകെ പടരുകയും ജനങ്ങൾ ഇളകി മറിയുകയും ചെയ്തു. തുടർന്ന് നിരന്തരമായ നയതന്ത്ര ഇടപെടലുകളിലൂടെയും അഹിംസയിലൂന്നിയ പോരാട്ടങ്ങളിലൂടെയും ഗാന്ധിജി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് വഴിദൂരം കുറച്ചു. അദ്ദേഹത്തിന്റെ സ്വപ്‌നം പൂവണിഞ്ഞുവെങ്കിലും രാജ്യത്തിന്റെ വിഭജനം ഗാന്ധിജിയെ കൂടുതൽ അസ്വസ്ഥനാക്കുകയായിരുന്നു. ജിന്നയുമായും നെഹ്‌റുവുമായും തുടർച്ചയായി കത്തെഴുത്തിലൂടെയും ഇടപെടലുകളിലൂടെയം വിഭജന സാധ്യതകൾ പാടേ ഇല്ലാതാക്കാൻ ഗാന്ധിജി നടത്തിയ അശ്രാന്ത പരിശ്രമങ്ങൾ ചരിത്രത്തിൽ വായിക്കാനാവുന്നുണ്ട്. വിഭജനാനന്തരം കലാപ ഭൂമികളിൽ സമാധാനത്തിന്റെ ദൂതുമായി പറന്ന് നടക്കുകയായിരുന്നു രാഷട്ര പിതാവ്. രാജ്യത്തെ സമ്പന്ന വർഗത്തിനേക്കാൾ പ്രാധാന്യമർഹിക്കുന്നത് അശരണരായ താഴേത്തട്ടിലുള്ള ജനങ്ങളാണെന്ന് സമൂഹത്തെ എപ്പോഴും ഓർമിപ്പിച്ച അദ്ദേഹം, ഇത്തരം വിഭാഗങ്ങളുടെ ഉന്നമനത്തിനായി വിവിധങ്ങളായ പദ്ധതികൾ ആസൂത്രണം ചെയ്യുകയുമുണ്ടായി.

നാം ഗാന്ധിയുടെ ചരിത്രം വായിക്കുന്നതെന്തിനാണ്? അദ്ദേഹം തന്റെ ജീവിതം ഉഴിഞ്ഞുവെച്ചത്, ജീവൻ സമർപ്പിച്ചത് ഏത് രൂപത്തിലുള്ള ഇന്ത്യയുടെ സംസ്ഥാപനത്തിന് വേണ്ടിയായിരുന്നു എന്ന ധാരണയിലെത്താനാണ്. ഇനി സമകാലിക ഇന്ത്യയിലേക്ക് വരാം. ഗാന്ധിയുടെ അഹിംസയിലൂന്നിയുള്ള, മാനവികതയുടെ വികാസത്തിന് പ്രാധാന്യം കൽപ്പിക്കുന്ന ചിന്തകളും സങ്കൽപ്പങ്ങളും രാജ്യത്തുനിന്ന് അന്യമായിരിക്കുന്നു.

അശരണരുടെ കണ്ണീരൊപ്പലാണ് ജനാധിപത്യം എന്ന് ഉദ്‌ഘോഷിച്ച ഗാന്ധിജിയിൽ നിന്ന് കോർപറേറ്റുകളുടെ വളർച്ചയിൽ സുഖം കണ്ടെത്തുന്ന ഭരണക്രമത്തിലേക്ക് രാജ്യം എത്തിപ്പെട്ടിട്ടുണ്ട്. ജനാധിപത്യ, മതേതരത്വ, സമത്വ സുന്ദര ഇന്ത്യയെന്ന സ്വപ്‌നത്തിൽ നിന്ന് തെന്നിമാറി രാജ്യം അതിദൂരം സഞ്ചരിച്ചിട്ടുമുണ്ട്. പാവപ്പെട്ടവരുടെ ഭാണ്ഡത്തിൽ കൈയിട്ട് വാരി കോർപറേറ്റുകൾക്ക് വാരിക്കോരി നൽകുന്ന ഏജൻസിയായി ഭരണകൂടം പരിണമിച്ചു. എതിർ ശബ്ദങ്ങളുയർത്തുന്നവരെ നിലക്ക് നിർത്തി, നിഷ്‌കാസനം ചെയ്യുന്ന നിലപാടിലേക്ക് രാജ്യം എത്തിപ്പെട്ടു. ഇത് ആകസ്മികമായി സംഭവിച്ചതല്ല, മറിച്ച് കാലങ്ങളായുള്ള ആസൂത്രണത്തിന്റെയും പ്രവർത്തനങ്ങളുടെയും ഫലമാണ്. ഇവിടെയാണ് ഗാന്ധിയൻ ദർശനങ്ങളുടെയും കാഴ്ചപ്പാടുകളുടെയും പുനർവായനക്ക് പ്രാധാന്യം വർധിക്കുന്നത്.

മഹാത്മാഗാന്ധി തന്നെയാണ് നമ്മുടെ രാഷ്ട്ര പിതാവ് എന്ന് ആവർത്തിച്ച് വിളിച്ച് പറയേണ്ട സാഹചര്യമാണിന്ന് സംജാതമായിട്ടുള്ളത്. കേവലം അതിശയം ജനിപ്പിക്കാനുള്ള വാക്കായിട്ടല്ല ഇതിനെ വായിക്കേണ്ടത്, ഇന്ത്യൻ സാഹചര്യങ്ങൾ ചൂഴ്ന്നന്വേഷിക്കുമ്പോൾ ഗാന്ധി തന്നെയാണ് രാഷ്ട്രപിതാവ് എന്ന് ആവർത്തിച്ച് ആവർത്തിച്ച് വിളിച്ച് പറയേണ്ടതിന്റെ ആവശ്യകത നമുക്ക് ബോധ്യമാകും. 1944 ജൂലൈ 6ന്‌ സിംഗപ്പൂർ റേഡിയോയിലൂടെ സുഭാഷ് ചന്ദ്രബോസാണ് ഗാന്ധിജിയെ രാഷ്ട്രപിതാവെന്ന് ആദ്യമായി വിളിച്ചത്. എന്നാൽ ഇന്ന് രാഷ്ട്ര പിതാവെന്ന ഫ്രെയിമിൽ നിന്ന് മഹാത്മാ ഗാന്ധിയെ വെട്ടി മാറ്റി ആ സ്ഥാനത്ത് തങ്ങൾക്ക് അഭിമതരായവരെ പ്രതിഷ്ഠിക്കാനുള്ള ശ്രമം ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. ഇത് ഗാന്ധിജിയെന്ന വ്യക്തി അനഭിമതനായത് കൊണ്ടല്ല, മറിച്ച് അദ്ദേഹം പ്രതിനിധാനം ചെയ്ത ആശയങ്ങളും ദർശനങ്ങളും ഇന്നത്തെ ഭരണക്കാരുടെ എതിർദിശയിൽ വരുന്നത് കൊണ്ടാണ്. ഇത്തരത്തിലുള്ള ഗൂഢാലോചനയുടെ പ്രത്യക്ഷമായ ഉദാഹരണമാണ് ഗാന്ധിജിക്ക് ബദലായി സർദാർ വല്ലഭ്ഭായി പട്ടേലിനെ ഉയർത്തിക്കൊണ്ട് വരുന്ന രാഷ്ട്രീയം.

സർദാർ വല്ലഭ്ഭായി പട്ടേലിനെ ഫാദർ ഓഫ് യുനൈറ്റഡ് ഇന്ത്യ എന്ന നാമത്തിൽ അവതരിപ്പിച്ചതിന്റെ നിഗൂഢതകൾ രാജ്യം കാണാനിരിക്കുന്നതേയുള്ളൂ. രാഷ്ട്ര പിതാവെന്ന നാമം ഇന്ന് പരക്കെ ഉപയോഗിക്കാമെന്ന സ്ഥിതിവിശേഷം നിലവിൽ വന്നിട്ടുണ്ട്. മോദിയെ കഴിഞ്ഞ ദിവസം ഫാദർ ഓഫ് ഇന്ത്യ എന്ന് വിശേഷിപ്പിച്ചുവല്ലോ. സെപ്തംബറിലെ മോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് മോദിയെ ഫാദർ ഓഫ് ഇന്ത്യയായി പരിചയപ്പെടുത്തിയത്.

എന്നാൽ രാജ്യത്തെ ഈ രൂപത്തിൽ നിർമിച്ചെടുത്ത, അതിനായി ജീവൻ കൊടുത്ത ഗാന്ധിജിയെന്ന മഹാത്മാവാണ് ഞങ്ങളുടെ രാഷ്ട്രപിതാവെന്ന് ഉത്തരം നൽകാൻ ആ വേദിയിൽ ആരുമുണ്ടായില്ല. ഇത് മനഃപൂർവമായ മൗനമാണ്. തീവ്രവർഗീയ നിലപാട് സ്വീകരിക്കുന്നവരുടെയൊക്കെ ആഗ്രഹസഫലീകരണമാണ് രാഷ്ട്രപിതാവെന്ന ഫ്രെയിമിൽ നിന്ന് ഗാന്ധിജിയെ അടർത്തിമാറ്റുകയെന്നത്.

Latest