Connect with us

Kerala

ഷാജുവിന്റെ കുറ്റസമ്മതം; കൊലപാതകത്തെ കുറിച്ച് അറിഞ്ഞിരുന്നു

Published

|

Last Updated

കോഴിക്കോട്/താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി ജോളിയുടെ ഭര്‍ത്തവാന്റെ മൊഴിയും പുറത്ത്. ജോളി നടത്തിയ കൊലപാതങ്ങളെ കുറിച്ച് നേരത്തെ അറിഞ്ഞിരുന്നുവെന്ന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു സക്കറിയ മൊഴി നല്‍കി. ജോളിയെ പേടിയായിരുന്നുവെന്നും തന്നെയും കൊല്ലുമെന്ന് ഭയന്നാണ് ഇക്കാര്യങ്ങള്‍ പുറത്ത് പറയാതിരുന്നതെന്നാണ് ഷാജു മൊഴി നല്‍കിയത്. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനു ശേഷം ഷാജുവിനെ വിട്ടയച്ചതായി കെ ജി സൈമണ്‍ അറിയിച്ചു. കൂടുതല്‍ വ്യക്തതകള്‍ക്ക് ശേഷം തുടര്‍ നടപടികളുണ്ടാകും.

ആദ്യ ഭാര്യ സിലിയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന് അറിയാമായിരുന്നുവെന്നാണ് ഷാജുവിന്റെ മൊഴി. ഭക്ഷണം കഴിച്ച ശേഷം കുഴഞ്ഞു വീണ് മൂന്നാം നാള്‍ 2014 മെയ് 3 നായിരുന്നു ഷാജുവിന്റെ മകള്‍ ആല്‍ഫൈനിന്റെ മരണം. ദന്താശുപത്രിയില്‍ വച്ച് കുഴഞ്ഞ് വീണായിരുന്നു 2016 ജനുവരിയില്‍ സിലി മരിച്ചത്. കുടിവെള്ളം കഴിച്ചതിനു ശേഷം ജോളിയുടെ മടിയില്‍ കിടന്നാണ് മരിച്ചത്. ഈ സമയം ഷാജു അവിടെ ഉണ്ടായിരുന്നു.  ഈ കൊലപാതകങ്ങള്‍ക്ക് സാഹചര്യം ഒരുക്കിക്കൊടുത്തത് താനാണെന്നും ഷാജു സമ്മതിച്ചു. ജോളിയുമായി പ്രണയത്തിലായിരുന്നുവെന്നും ബാധ്യതയാകുമെന്ന് ജോളി പറഞ്ഞതിനാലാണ് മകളെ കൊന്നതെന്നും മൊഴി നല്‍കി. മരനേയും കൊല്ലാന്‍ പദ്ധതിയിട്ടെങ്കിലും ഉപേക്ഷിച്ചു. ഷാജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവ് സക്കറിയയെയും ചോദ്യം ചെയ്‌തേക്കും.

കൊലപാതക വിവരം തനിക്കറിയില്ലായിരുന്നു എന്നായിരുന്നു ഷാജു ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ ജോളിയുടെ മകനും ആദ്യഭര്‍ത്താവിന്റെ സഹോദരിയും ഷാജുവിനെതിരെ രംഗത്തെത്തിയിരുന്നു. ആദ്യ ഭാര്യയുടേയും കുഞ്ഞിന്റെയും കൊലപാതകം ഷാജുവിന് അറിയാമായിരുന്നുവെന്ന് ജോളിയും ഇന്ന് മൊഴി നല്‍കിയിരുന്നു. കൊലപാതക വിവരം ഷാജുവിനെ അറിയച്ചപ്പോള്‍ അവള്‍ മരിക്കേണ്ടവള്‍ തന്നെയാണ് എന്നായിരുന്നു പ്രതികരണമെന്നും ജോളി മൊഴി നല്‍കിയതിനു പിന്നാലെയാണ് ഷാജുവിന്റെ കുറ്റസമ്മതം.

ഷാജുവിനെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യലിനായി വടകര എസ് പി ഓഫീസിലേക്ക് മാറ്റുകയായിരുന്നു.

വ്യാജ വില്‍പത്രം നിര്‍മിക്കാന്‍ ജോളിയെ സഹായിച്ചെന്ന സംശയമുള്ള ഡെപ്യൂട്ടി തഹസില്‍ ജയശ്രീയെയും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. റോയിയുടെ മരണം അന്വേഷിച്ച് മുന്‍ എസ്.ഐ രാമനുണ്ണിയെയും ചോദ്യം ചെയ്യും.

 

ജോളി താമസിച്ചിരുന്ന പൊന്നാമറ്റം വീട് പോലീസ് പൂട്ടി
സീൽ ചെയ്യുന്നു

 

പതിനൊന്ന് പേർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നാണ് സൂചന. കഴിഞ്ഞ ദിവസം അറസ്റ്റിലായ ജോളിയടക്കമുള്ള മൂന്ന് പ്രതികളെ വിട്ടുകിട്ടാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകി. ഇവരെ വിട്ടുകിട്ടിയാൽ മാത്രമേ സംഭവത്തിൽ കണ്ണികളായ കൂടുതൽ പേരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുകയുള്ളൂ. കൊലപാതകത്തിന് ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചെന്ന് ജോളി മൊഴി നൽകിയ സാഹചര്യത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം നീളുമെന്ന് വ്യക്തമായിട്ടുണ്ട്.

അതിനിടെ, കല്ലറ പൊളിച്ച് നടത്തിയ ഫോറൻസിക് പരിശോധനാ റിപ്പോർട്ട് ഉടൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് റൂറൽ എസ് പി. കെ ജി സൈമൺ കണ്ണൂർ ഫോറൻസിക് ലാബിലേക്ക് കത്തയച്ചു. റിമാൻഡിലുള്ള ജോളിയെ ബുധനാഴ്ച തന്നെ വിട്ടുകിട്ടാനാണ് പോലീസ് ശ്രമിക്കുന്നത്. ഒരു രാഷ്ട്രീയ നേതാവ് ജോളിക്ക് നൽകിയ ഒരു ലക്ഷം രൂപയുടെ ചെക്ക് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് എന്തിനാണ് നൽകിയതെന്ന് വ്യക്തമായിട്ടില്ല. ജോളിയുടെ ഒരു വർഷത്തെ ഫോൺ കോളുകൾ പോലീസ് പരിശോധിച്ചു. ഇതിൽ നിന്ന് ചില സുപ്രധാന വിവരങ്ങൾ ലഭിച്ചതായി സൂചനയുണ്ട്. ബേങ്ക് അക്കൗണ്ടും പോലീസ് പരിശോധനക്ക് വിധേയമാക്കും. എൻ ഐ ടിയുടെ വ്യാജ ഐ ഡി കാർഡുണ്ടാക്കി നൽകിയത് ആരെന്നതിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. ജോളിയുടെ സ്വദേശമായ കട്ടപ്പന കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ജോളിക്ക് പ്രദേശത്തെ പൗരപ്രമുഖരുമായി വഴിവിട്ട ബന്ധവും സ്വാധീനവും ഉണ്ടായിരുന്നതായുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.

ജോളി താമസിച്ചിരുന്ന പൊന്നാമറ്റം വീട് പോലീസ് പൂട്ടി ഇന്നലെ രാവിലെ സീൽ ചെയ്തിരുന്നു. കോടഞ്ചേരി പോലീസ് എത്തിയാണ് വീട് പൂട്ടി സീൽ ചെയ്തത്. ഉച്ചയോടെ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ഹരിദാസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ഫോറൻസിക് വിദഗ്ധരും വീട് തുറന്ന് പരിശോധന നടത്തി. ഏറെ വൈകിയാണെങ്കിലും തെളിവുകൾ ലഭിക്കുമെന്ന നിഗമനത്തിലാണ് പരിശോധന നടത്തിയതെന്ന് ഡി വൈ എസ് പി പറഞ്ഞു. നേരത്തെ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ വീട്ടിൽ പരിശോധന നടത്തി കേസിലേക്ക് ആവശ്യമായ തെളികൾ ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടക്കുമെന്നാണ് സൂചന.

എൻ ഐ ടിക്കടുത്തുള്ള ജോളിയുടെ ബ്യൂട്ടി പാർലർ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കി. ബുധനാഴ്ച ജോളിയെ വീട്ടിലെത്തിച്ച് തെളിവെടുക്കുമെന്നാണ് സൂചന. ജോളിയുടെ രണ്ടാമത്തെ ഭർത്താവ് ഷാജുവിന് സംഭവത്തിൽ ബന്ധമുണ്ടോയെന്നറിയണമെങ്കിൽ ജോളിയെ വീണ്ടും ചോദ്യം ചെയ്യണം. ജോളി കുറ്റം സമ്മതിച്ച സാഹചര്യത്തിലാണ് ശനിയാഴ്ച തന്നെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് ഒരു കുടുംബത്തിലെ ആറ് പേർ ഒരേ സാഹചര്യത്തിൽ മരിച്ചത്.

Latest