Connect with us

Ongoing News

ഉപതിരഞ്ഞെടുപ്പ്: തീപാറും വട്ടിയൂർക്കാവ്

Published

|

Last Updated

തിരുവനന്തപുരം: മൂന്ന് മുന്നണികളും ഒരു പോലെ പ്രതീക്ഷ െവച്ചു പുലർത്തുന്ന വട്ടിയൂർക്കാവിൽ ഇക്കുറിയും തീപാറും മത്സരമാണ്. എൽ ഡി എഫ് കൈവശം വെച്ചിരുന്ന തിരുവനന്തപുരം നോർത്ത് മണ്ഡലം പിന്നീട് വട്ടിയൂർക്കാവായി മാറിയപ്പോൾ അത് യു ഡി എഫ് തങ്ങളുടെ സ്വന്തം മണ്ഡലമാക്കി മാറ്റുകയായിരുന്നു. ഇരു മുന്നണികൾക്കും ഭീഷണിയായി ബി ജെ പിയും മത്സര രംഗത്ത് സജീവമാണ്.

2011 ലെ തിരഞ്ഞെടുപ്പിലാണ് നോർത്ത് മണ്ഡലം വട്ടിയൂർക്കാവായത്. മണ്ഡലത്തിന്റെ ഭാഗമായിരുന്ന വട്ടിയൂർക്കാവ്, കുടപ്പനക്കുന്ന് പഞ്ചായത്തുകളും കോർപറേഷനിലെ പത്ത് വാർഡുകളും ശാസ്തമംഗലം, കുന്നുകുഴി, നന്തൻകോട്, കണ്ണമൂല വാർഡുകളും ചേർന്നാണ് വട്ടിയൂർക്കാവ് മണ്ഡലം നിലവിൽവന്നത്. പഞ്ചായത്തുകൾ കോർപറേഷനോട് കൂട്ടിച്ചേർത്തതോടെ 24 വാർഡുകളും നാലാഞ്ചിറ വാർഡിന്റെ പകുതിയും മണ്ഡലത്തിലായി. മണ്ഡലത്തിന്റെ ഭാഗമായിരുന്ന ഉള്ളൂർ, കടകംപള്ളി പഞ്ചായത്തുകൾ കഴക്കൂട്ടം മണ്ഡലത്തിന്റെ ഭാഗമായി.
കേരള രാഷ്ട്രീയത്തിലെ വമ്പൻമാർ വാഴുകയും വീഴുകയും ചെയ്ത പഴയ തിരുവനന്തപുരം നോർത്ത് വട്ടിയൂർക്കാവായി മാറിയപ്പോൾ മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത് രണ്ട് ഘടകങ്ങളാണ്. നായർ സമുദായത്തിന് മണ്ഡലത്തിലുള്ള ശക്തിയും ബി ജെ പിയുടെ സ്വാധീനവും. നിയമസഭയിലേക്ക് രണ്ടാം വിജയം ലക്ഷ്യമിട്ടിറങ്ങിയ എം വിജയകുമാറിന് 1991ൽ 340 വോട്ടിന്റെ മാത്രം ഭൂരിപക്ഷമാണ് ലഭിച്ചത്. എൻ എസ് എസിന്റെ പിന്തുണയുള്ള രാഷ്ട്രീയ പാർട്ടിയായിരുന്ന എൻ ഡി പിയുടെ സ്ഥാനാർഥി രവീന്ദ്രൻ തമ്പിയായിരുന്നു എതിരാളി. എൻ ഡി പി ഇല്ലാതായെങ്കിലും നായർ സമുദായത്തിന്റെ പിന്തുണ ആർക്കാണോ അവർ ജയിച്ചുവരുന്നതാണ് മണ്ഡലത്തിന്റെ പൊതുചിത്രം.

കെ മുരളീധരന്റെ സിറ്റിംഗ് സീറ്റ് നിലനിർത്തുക എന്ന വെല്ലുവിളിയാണ് യു ഡി എഫിന് മുന്നിൽ. ഇതോടൊപ്പം നാല് മാസം മുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ നേടിയ ലീഡ് താഴാതെ നോക്കുകയും വേണം. മുമ്പ് തങ്ങളുടെ കൈയിലായിരുന്ന തിരുവനന്തപുരം നോർത്ത് മണ്ഡലം വട്ടിയൂർക്കാവായപ്പോൾ കൈ വിട്ടെങ്കിലും മേയർ ബ്രോയിലൂടെ അത് തിരിച്ചുപിടിക്കാനാണ് എൽ ഡി എഫ് പടവെട്ടുന്നത്.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിലെ രണ്ടാം സ്ഥാനം ഒന്നാമതാ ക്കാനുള്ള അവസരവും സാധ്യതയുമാണ് ബി ജെ പിക്ക് മുന്നിൽ.

2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ ശശി തരൂരിന് 21,000 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്ത് എൽ ഡി എഫ് എത്തിയപ്പോൾ മൂന്നാമതെത്തിയ എൻ ഡി എക്ക് ലഭിച്ചത് 12,934 വോട്ടുകൾ മാത്രം. 2011 നിയമസഭാ തിരഞ്ഞെടുപ്പിൽ മുരളീധരൻ 16,167 വോട്ടുകൾക്കാണ് ജയിച്ചു കയറിയത്. ബി ജെ പിക്ക് ലഭിച്ചത് 13,494 വോട്ടുകൾ മാത്രം. എന്നാൽ മോദി തരംഗം ആഞ്ഞടിച്ച 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കളി മാറി.
വട്ടിയൂർക്കാവ് മണ്ഡലത്തിൽ തരൂരിനേക്കാൾ 2,926 വോട്ടുകൾ നേടി ബി ജെ പി സ്ഥാനാർഥി ഒ രാജഗോപാൽ മുന്നിലെത്തി. എൽ ഡി എഫാകട്ടെ 13,000 വോട്ടുകൾക്ക് പിറകിലായി. ഈ പ്രതീക്ഷയിൽ 2016ൽ മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർഥിയായി കുമ്മനം രാജശേഖരനെത്തി. പക്ഷേ കെ മുരളീധരനിലൂടെ കോൺഗ്രസ് മേൽക്കൈ തിരിച്ചുപിടിച്ചു. കുമ്മനത്തിന് 7,622 വോട്ടുകളുടെ തോൽവി.
എന്നാൽ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ തരൂരിന്റെ ഭൂരിപക്ഷം 2,836 ആയി കുറഞ്ഞത് ഇത്തവണ യു ഡി എഫിനെ ആശങ്കപ്പെടുത്തുന്നുണ്ട്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ രണ്ടാമതെത്തിയ തരൂർ ഇത്തവണ ഒന്നാമതായിരുന്നു. അന്ന് ഒന്നാമതായിരുന്ന എൻ ഡി എ രണ്ടാം സ്ഥാനത്തുമായി. എൽ ഡി എഫ് രണ്ട് തവണയും മൂന്നാമത്. രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എൽ ഡി എഫിന് ഇത്തവണ വട്ടിയൂർക്കാവിൽ ജീവൻമരണ പോരാട്ടമാണ്.

അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പിൽ ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് എൽ ഡി എഫ് കളം നിറഞ്ഞ് പ്രചാരണ രംഗത്തുണ്ട്. എൽ ഡി എഫിന്റെ സ്ഥാനാർഥിയായി തിരുവനന്തപുരം മേയർ അഡ്വ. വി കെ പ്രശാന്തും, യു ഡി എഫ് സ്ഥാനാർഥിയായി ഡോ. കെ മോഹൻകുമാറും, ബി ജെ പി സ്ഥാനാർഥിയായി അഡ്വ. എസ് സുരേഷുമാണ് ഏറ്റുമുട്ടുന്നത്.

Latest