Articles
'സിറാജ്' അതിജീവനത്തിന്റെ വജ്രായുധം
ഒന്നുമില്ലായ്മയിൽ നിന്നു നമ്മെ -സുന്നി പ്രസ്ഥാനത്തെ ഇന്നു കാണുന്ന പലതുമാക്കിയ അലാവുദ്ദീന്റെ അത്ഭുതവിളക്കാണു സിറാജ്. ഇത് കേവലമൊരു പത്രമല്ല; ഭാഷാന്തരം പോലെ വെറുമൊരു വിളക്കുമല്ല; കാലത്തിന്റെ നെറുകയിൽ നാം സ്ഥാപിച്ച വിളക്കുമരമാണ്, ഒരു ജനതക്കു ദിശനിർണയിച്ചു കൊടുത്ത
വഴിവെളിച്ചം. നമ്മൾ ഒന്നുമല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. നമുക്കുകൂടി അവകാശപ്പെട്ടതെല്ലാം ഒരുകൂട്ടർ അന്യായമായി കൈയ്യടക്കി നിഷ്കരുണം നമ്മെ പുറന്തള്ളിയ കാലം. അന്നു നമുക്കു നഷ്ടപ്പെട്ടതെല്ലാം പിന്നീട് നാം ഒറ്റയ്ക്കു നിന്നു പൊരുതി വീണ്ടെടുത്തു. ഈ വീണ്ടെടുപ്പിന്റെ ഊർജവും പ്രകാശവും സിറാജായിരുന്നു.
പത്രം ഒരു ജനതയുടെ നാക്കാത്ത്, പ്രതിരോധത്തിന്റെയും പ്രത്യാക്രമണത്തിന്റെയും തോക്കാണ്. നമ്മെ സംബന്ധിച്ചിടത്തോളം സിറാജ് ഇതു രണ്ടുമാണ്, ഇതിൽ കുറഞ്ഞ ഒന്നുമല്ല.
സിറാജില്ലായിരുന്നെങ്കിൽ നാമില്ല, ഇല്ല എന്നു പറഞ്ഞാൽ ഇല്ല എന്നുതന്നെ. ഇഷ്ടപ്പെടുന്നവർക്കും കൊണ്ടു നടക്കുന്നവർക്കുതന്നെയും സിറാജിനെക്കുറിച്ചു പലതരം പരാതികളുണ്ട്, ഉവ്വ്;കുറ്റങ്ങളുണ്ട്, കുറവുകളുമുണ്ട്. എല്ലാം ശരിവച്ചു കൊണ്ട് പറയാം;കുറ്റങ്ങളും കുറവുകളുമെല്ലാമുള്ള സിറാജ് നമ്മുടെ -സുന്നി പ്രസ്ഥാനത്തിന്റെ നട്ടെല്ലാണ്. പ്രസ്ഥാനത്തിന്റെതു മാത്രമല്ല; ഒരോ പ്രവർത്തകന്റെയും.
നമ്മുടെ സംഘടനാ ഘടകങ്ങൾ, സ്ഥാപനങ്ങൾ, സേവന പ്രവർത്തനങ്ങൾ, പൊതു ഇടപെടലുകൾ, സമൂഹവുമായുള്ള വിനിമയങ്ങൾ… സിറാജില്ലായിരുന്നെങ്കിൽ ഇതെല്ലാം തമസ്കരിക്കപ്പെട്ടു പോകുമായിരുന്നു, നമ്മുടെ മുന്നേറ്റങ്ങളെല്ലാം നമ്മിൽ തന്നെ അവസാനിച്ചുപോകുമായിരുന്നു. അന്നു സമുദായത്തിന് ഒരു പത്രമുണ്ടായിരുന്നു -പരസ്യക്കൂലി കൊടുത്തിട്ടും നമ്മുടെ വാർത്തകൾക്ക് ഇടം നൽകാൻ വിസമ്മതിച്ചവർ. ഒന്നു പറയാം: സിറാജില്ലായിരുന്നെങ്കിൽ ശത്രുക്കൾ നമ്മെ പങ്കിട്ടെടുക്കുമായിരുന്നു, പട്ടണം പൊടി പോലെ മൂക്കിൽ വലിച്ചു കളയുമായിരുന്നു! സുന്നി അതിജീവനത്തിന്റെ വജ്രായുധമാണു സിറാജ്.
മൂന്നരപ്പതിറ്റാണ്ടിനു ശേഷവും നിലനിൽകുന്നുവെന്നതാണ് സിറാജിന്റെ മഹത്വം. കോടികളുടെ ആസ്തിയുള്ള ദേശീയ രാഷ്ട്രീയപ്പാർട്ടികൾ മുതൽ പണ ചാക്കുകളെ മുന്നിൽ നിറുത്തി ചില വൻകിടക്കാർ ഇറക്കിയ ബിഗ് ബജറ്റ് പത്രങ്ങൾ വരെ പൂട്ടിപ്പോയ നാടാണു കേരളം. പിടിച്ചുനിന്നു നമ്മൾ എല്ലാ കാറ്റിലും കോളിലും. ഒരോ പ്രവർത്തകനും അതിന്റെ ദണ്ഡം സഹിച്ചിട്ടുണ്ട്. മുപ്പത്തഞ്ചു വർഷം! കുറച്ചൊന്നു നമ്മൾ സഹിച്ചത്. ഇപ്പോൾ സുന്നി പ്രസ്ഥാനത്തിന്റെ അഭിമാനാർഹമായ മുന്നേറ്റങ്ങൾ കാലവും സമൂഹവും അംഗീകരിച്ചിരിക്കുന്നു. പോരാട്ടങ്ങളുടെയും വിജയങ്ങളുടെയും ആ തിളങ്ങുന്ന ചരിത്രം കാലത്തിനു മുന്നിൽ തുറന്നുവച്ചത് സിറാജാണ്. വക്രീകരിച്ചതും ചായം പിടിപ്പിച്ചതുമായ വാർത്താലോകത്ത് നേരിനൊപ്പം നിന്നു സിറാജ്, കാലത്തിനു നേരെ തിരിച്ചുപിടിച്ച കണ്ണാടിയാണ് സിറാജ് – മൂന്നരപ്പതിറ്റാണ്ട് അതിനും സാക്ഷി.
അതങ്ങനെയെ വരൂ. മുപ്പത്തഞ്ചു വർഷങ്ങൾക്കു മുമ്പ് ഇന്നേ ദിവസം കോഴിക്കോട് വച്ച് സിറാജിന് തിരിതെളിയുമ്പോൾ കേരളം കണ്ട ഉന്നത ശീർഷരായ പണ്ഡിത മഹത്തുക്കളും ആത്മീയ വ്യക്തിത്വങ്ങളും അതിനു സാക്ഷിയായിരുന്നു. റഈസുൽ മുഹഖിഖീൻ മൗലാനാ കണ്ണിയത്ത് അഹ്മദ് മുസ്ലിയാരുടെ ഉത്തരം ഉറപ്പിക്കാവുന്ന പ്രാർത്ഥനാ വചസ്സുകൾ കൊണ്ടാണ് ആ ചടങ്ങ് ആരംഭിച്ചത്. ശംസുൽ ഉലമാ ഇ.കെ ഉസ്താദായിരുന്നു അന്നത്തെ അധ്യക്ഷൻ, ശ്രദ്ധേയമായ പ്രകാശനച്ചടങ്ങിന്റെ ഉത്ഘാടകൻ ബഹുവന്ദ്യരായ കോട്ടുമല ഉസ്താദായിരുന്നു, വേദിയുള്ളതിലേറെ പണ്ഡിതമാരും സയ്യിദന്മാരും നേതാക്കളും സദസ്സിലുണ്ടായിരുന്നു. ഇത്രയേറെ ആത്മീയ വ്യക്തിത്വങ്ങൾ ഒത്തു ചേർന്ന അനുഗൃഹീതമായ ആ വേദിയിൽ സിറാജ് പ്രകാശനം എന്ന മഹത്തായ കർമത്തിനു വേണ്ടി എല്ലാവരും ചേർന്നു നിയോഗിച്ചത് കാലഘട്ടത്തിന്റെ ഇതിഹാസ പുരുഷൻ താജുൽ ഉലമാ സയ്യിദ് അബ്ദുർറഹ്മാൻ അൽ ബുഖാരി അവർകളെയായിരുന്നു. ആ ഒറ്റ ചടങ്ങിൽ നിന്നു തന്നെ നിലനിൽപിന്റെ ഊർജം സിറാജ് നേടിക്കഴിഞ്ഞിരുന്നു.
വിളക്കണഞ്ഞാൽ പകരം വരുന്നത് ഇരുട്ടാണ്. അതു കൊണ്ട് ഈ പ്രകാശഗോപുരം കൺ തുറന്നിരിക്കാൻ നമുക്ക് കാവൽക്കാരാകാം.