Articles
ആഫ്രിക്കയിലെ വെള്ളരിപ്രാവ്
കഴിഞ്ഞ ജൂലൈയിൽ എത്യോപ്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതതല യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥരെല്ലാം സാമൂഹിക മാധ്യമത്തിലെ ആ പ്രചാരണം കണ്ട് ഞെട്ടി. തങ്ങളുടെ പ്രധാനമന്ത്രി ആബി അഹ്മദ് അലി എരിത്രിയ സന്ദർശിക്കുന്നുവെന്ന വാർത്തയാണ് സാമൂഹിക മാധ്യമങ്ങളിൽ പരന്നത്. അതും എരിത്രിയയിലെ ഫേസ്ബുക്ക്, ട്വിറ്റർ ഉപയോക്താക്കളിലൂടെയാണ് എത്യോപ്യൻ ഉന്നത ഉദ്യോഗസ്ഥർ ഈ യാത്രാവിവരമറിഞ്ഞത്. അത്രയും രഹസ്യമാക്കിയാണ് ആബി അഹ്മദ് കഴിഞ്ഞ വർഷം സമാധാന കരാറിലെത്തിയ ശേഷം രണ്ടാം തവണയും എരിത്രിയയിലേക്ക് പുറപ്പെട്ടത്. എരിത്രിയ- എത്യോപ്യ അതിർത്തിയിൽ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന പ്രശ്‌നത്തിനാണ് അധികാരത്തിലെത്തി 90 ദിവസം കൊണ്ട് ആബി അഹ്മദ് മുൻകൈയെടുത്ത് മഞ്ഞുരുക്കം സാധ്യമാക്കിയത്. കഴിഞ്ഞ ജൂണിൽ സുഡാനിലെ സൈനിക ഭരണകൂടം നൂറിലധികം പ്രക്ഷോഭകരെ കൊന്നപ്പോൾ അവിടെ ആദ്യം പറന്നെത്തി പ്രതിപക്ഷവുമായി ചർച്ച പുനരാരംഭിക്കുന്നതിന് പ്രേരിപ്പിച്ച ആഫ്രിക്കൻ ഭരണാധികാരി ആബിയായിരുന്നു. മാത്രമല്ല, തന്റെ മധ്യസ്ഥ ശ്രമത്തിന് സഊദി അറേബ്യയുടെയും യു എ ഇയുടെയും പിന്തുണ നേടാനും അദ്ദേഹത്തിനായി. ഈ ചർച്ചകളാണ് കഴിഞ്ഞ ആഗസ്റ്റിൽ സുഡാനിലെ അധികാര പങ്കുവെക്കലിലേക്ക് നയിച്ചത്. ഇങ്ങനെ, ആഫ്രിക്കയിൽ സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും സാധ്യതകൾ പരമാവധി നടപ്പാക്കാനുള്ള അദ്ദേഹത്തിന്റെ തീവ്ര യത്‌നമാണ് സമാധാനത്തിനുള്ള നൊബേൽ ലബ്ധിയിലേക്ക് വഴിവെച്ചതും.
എത്യോപ്യയും എരിത്രിയയും തമ്മിൽ യുദ്ധമുണ്ടാകുന്നത് 1998- 2000 കാലയളവിലാണ്. അന്നുമുതൽ രണ്ട് പതിറ്റാണ്ടോളം ഈ അതിർത്തി സംഘർഷഭരിതമായിരുന്നു. ഇവിടെ സമാധാനം പുലർത്താനും അതുവഴി രാജ്യത്തിന്റെ സമ്പത്ത് വൻതോതിൽ പ്രതിരോധാവശ്യത്തിന് ചെലവഴിക്കുന്നത് തടയാനും പ്രതിജ്ഞാബദ്ധമായാണ് 43കാരനായ ആബി കഴിഞ്ഞ വർഷം ഏപ്രിലിൽ പ്രധാനമന്ത്രിയാകുന്നത്. മൂന്ന് മാസത്തിനുള്ളിൽ, ജൂലൈയിൽ എരിത്രിയയുമായി സമാധാന കരാറിലെത്താൻ അദ്ദേഹത്തിനായി. രാജ്യത്തെ ഏറ്റവും വലിയ സമൂഹമായ ഒറോമോയുടെ പ്രതിഷേധത്തെ തുടർന്നാണ് ആബിയുടെ അധികാര ലബ്ധിയുണ്ടാകുന്നത്. അധികാരത്തിലെത്തിയ ഉടനെ ടൈഗ്രയൻ സമൂഹത്തിലെ നിരവധി ഉന്നത ഉദ്യോഗസ്ഥരെ അഴിമതിയും അധികാര ദുർവിനിയോഗവും ആരോപിച്ച് പുറത്താക്കിയിരുന്നു. മോശം പ്രവർത്തനം കാഴ്ച വെച്ച സ്ഥാപനങ്ങൾ വെട്ടിച്ചുരുക്കി. മാത്രമല്ല, അധികാരം ഏറ്റെടുത്ത ഉടനെ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുകയും ചെയ്തു. എരിത്രിയയുമായുള്ള സമാധാന കരാറിന് വിവിധ ഗൾഫ് രാജ്യങ്ങളുടെ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു. ചോർച്ച ഭയന്ന് പല നീക്കങ്ങളും സർക്കാറിൽ പോലും ചർച്ച ചെയ്യാതെയുമായിരുന്നു. മുൻ ഭരണാധികാരികളെ പ്രധാന സ്ഥാനങ്ങളിൽ നിയമിച്ചതും രാജ്യത്തിന്റെ ആദ്യ വനിതാ പ്രസിഡന്റായി സഹ്‌ലെ വർക് സെവ്‌ദെയെ കൊണ്ടുവന്നതും അദ്ദേഹത്തിന്റെ പ്രധാന പരിഷ്‌കരണങ്ങളായി വിലയിരുത്തപ്പെടുന്നു. ചരിത്രപ്രാധാന്യമുള്ള കഫ പ്രവിശ്യയിലെ ബെശാശയിൽ 1976 ആഗസ്റ്റ് 15നാണ് അഹ്മദ് അലിയുടെയും ഓർത്തഡോക്‌സ് ക്രിസ്ത്യാനിയായ ടെസറ്റ വോൾഡയുടെയും മകനായി ആബി അഹ്മദ് അലി ജനിക്കുന്നത്. എത്യോപ്യൻ നാഷനൽ ഡിഫൻസ് ഫോഴ്‌സിൽ നിന്ന് ഡിഗ്രിയെടുത്ത അദ്ദേഹം ലണ്ടനിലെ ഗ്രീൻവിച്ച് യൂനിവേഴ്‌സിറ്റിയിൽ ഉപരിപഠനം നടത്തിയിട്ടുണ്ട്. ദീർഘകാലം സൈനികനായിരുന്നു.
എരിത്രിയയുമായുള്ള യുദ്ധ സമയത്ത് ശത്രുസൈന്യം നിലയുറപ്പിച്ചത് കണ്ടെത്താനുള്ള ഇന്റലിജൻസ് സംഘത്തിന്റെ തലവൻ ആയിരുന്നു. 2010 മുതൽ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയ അദ്ദേഹം ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രധാനമന്ത്രി പദവിയിലെത്തി. ആഡിസ് അബാബ യൂനിവേഴ്‌സിറ്റിയിൽ നിന്ന് 2017ൽ പി എച്ച് ഡി നേടി. എത്യോപ്യയിലെ കാലങ്ങളായുള്ള വർഗീയ സംഘർഷവും അതിന്റെ പരിഹാരവും എന്നതായിരുന്നു ഗവേഷണ വിഷയം. സൈനികനായിരിക്കെ പരിചയപ്പെട്ട സഹപ്രവർത്തക സിനാഷ് ടയാച്യു ആണ് പത്‌നി.
മൂന്ന് പെൺകുട്ടികളുണ്ട്. ഈയടുത്ത് ഒരു മകനെ ദത്തെടുത്തിരുന്നു. അരക്ഷിതാവസ്ഥയും ആക്രമണങ്ങളും അസ്ഥിരതയുമാണ് ആഫ്രിക്കൻ രാജ്യങ്ങളുടെ മുഖമുദ്രയെന്ന ലോകകാഴ്ചപ്പാടിനെ സമാധാന പാതയിലൂടെ പൊളിച്ചെഴുതുക കൂടിയാണ് എത്യോപ്യൻ പ്രധാനമന്ത്രി ആബി. അതിന് കൂടുതൽ കരുത്ത് പകരുന്നതാണ് ഈ നൊബേൽ അംഗീകാരം.