Articles
കൊലക്കത്തി രാഷ്ട്രീയം: ചിലത് സംഭവിക്കുന്നുണ്ട്
കണ്ണൂർ, കാസർകോട് ജില്ലകളിൽ വിശേഷിച്ചും, കേരളത്തിലാകെയും വലിയൊരു രാഷ്ട്രീയ പരിവർത്തനത്തിന് തുടക്കം കുറിക്കുകയാണ്. കൊലപാതക രാഷ്ട്രീയത്തിൽ നിന്നുള്ള പിൻമടക്കമാണ് അത്. മുഖ്യധാരാ പ്രസ്ഥാനങ്ങളിൽ കേരളത്തിൽ ഒന്നാം സ്ഥാനത്തുള്ള സി പി എമ്മും കേരളക്കരയിൽ വേരുറപ്പിക്കാൻ തീവ്രശ്രമം തുടരുന്ന ബി ജെ പിയും തിരിച്ചടികളിൽ പാഠം പഠിച്ചതോടെ ജനങ്ങളെ വെറുപ്പിക്കുന്ന കൊലപാതക രാഷ്ട്രീയത്തിന് അവധി നൽകുകയാണ്. ഒരു തരത്തിലുമുള്ള പ്രകോപനങ്ങളിലും വീഴരുതെന്ന് ഇരു പാർട്ടികളും വ്യക്തമായ സന്ദേശം അണികൾക്ക് നൽകിക്കഴിഞ്ഞുവെന്നാണ് കണ്ണൂർ, കാസർകോട് ജില്ലകളിലെ ഉന്നതർ നൽകുന്ന സൂചന. സി പി എം പരസ്യമായി തന്നെ ഇക്കാര്യം പറഞ്ഞപ്പോൾ ബി ജെ പി രഹസ്യ സ്വഭാവത്തിലാണ് കീഴ്ഘടകങ്ങൾക്ക് താക്കീത് നൽകിയിട്ടുള്ളത്.
ബി ജെ പിയുടെ പുതിയ നീക്കത്തിന് കാരണം കേന്ദ്ര നേതൃത്വത്തിൽ നിന്നുള്ള പ്രവർത്തന മാർഗരേഖയാണ്. ഇക്കാര്യം പ്രാദേശിക നേതാക്കൾ സമ്മതിക്കുന്നുണ്ട്. നേതൃത്വമറിയാതെ കുഴപ്പങ്ങളിലേക്ക് ചാടിയാൽ ഒരു വിധത്തിലുമുള്ള സംരക്ഷണം ഇനി പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് അണികൾക്ക് നൽകിയ വാമൊഴി സർക്കുലർ. ഇരു പാർട്ടികളുടെയും ഇന്നലെകളിലേക്ക് തിരിഞ്ഞു നോക്കി ചികയുന്നവർക്ക് വിശ്വസിക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടാകുമെങ്കിലും സംഗതി വാസ്തവമാണ്- തലവേദനകളെ ഇനി വച്ചുപൊറുപ്പിക്കില്ല. സി പി എമ്മിന്റെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലെ പ്രധാന പ്രമേയം തന്നെ കൊലപാതക രാഷ്ട്രീയത്തിനെതിരെയായിരുന്നു. പാർട്ടി ബന്ധുക്കളും പരമ്പരാഗതമായി പാർട്ടിയിൽ വിശ്വസിക്കുന്നവരും കൊലപാതക രാഷ്ട്രീയം അംഗീകരിക്കുന്നില്ലെന്ന തിരിച്ചറിവ് ഇത്തരം ഒരു തീരുമാനത്തിലെത്താൻ പ്രേരിപ്പിക്കുന്നുണ്ട്.
കൊല്ലത്ത് നിന്ന് വന്ന കോൺഗ്രസ് നേതാവ് രാജ് മോഹൻ ഉണ്ണിത്താൻ, മുൻ എം എൽ എയും പാർട്ടി ജില്ലാ സെക്രട്ടറിയും കാസർകോടുകാർക്ക് ഏറെ സുപരിചിതനുമായ കെ പി സതീശ് ചന്ദ്രനെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വീഴ്ത്തിയത് കല്യോട്ടെ ഇരട്ടക്കൊലപാതക വിഷയം മുഖ്യ പ്രചാരണ ആയുധമാക്കിയാണെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ട്.
രാഷ്ടീയത്തിലെ ഗതിവിഗതികൾ നിശ്ചയിക്കുന്നതിൽ നിർണായക ശക്തിയായ സ്ത്രീ വോട്ടർമാരുടെ മനസ്സുകൾ ഒന്നടങ്കം അക്രമ -കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ചു തുടങ്ങിയതും പാർട്ടികളെ മാറിച്ചിന്തിപ്പിക്കുന്ന ഘടകമാണ്.
കേരളത്തിൽ ബി ജെ പിക്ക് അടിത്തറ ഭദ്രമാക്കണമെങ്കിൽ സ്ത്രീ വോട്ടർമാരുടെ കാരുണ്യം വേണമെന്നാണ് അവരുടെയും വിലയിരുത്തൽ. കൊലപാതക രാഷ്ട്രീയത്തിൽ ഭർത്താവും മകനും സഹോദരനും നഷ്ടപ്പെടുന്ന സ്ത്രീകളാണ് ഈ രാഷ്ട്രീയ സംസ്‌കാരത്തിനെതിരെ കൂടുതൽ പ്രതികരിക്കുന്നത്. സ്ത്രീ വോട്ടർമാരെ കൂടെ നിർത്തണമെങ്കിൽ അക്രമത്തിന്റെ ഭാഷ ഉണ്ടാകരുതെന്ന് ബി ജെ പി നേതൃത്വം തഴേ തട്ടിലുള്ള പ്രവർത്തകരെ ഓർമപ്പെടുത്തി വരികയാണ്. സി പി എം ചെയ്തതു പോലെ സാമൂഹിക പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടാനും മാന്യമായും വിനയത്തോടെയും പെരുമാറാനും ബി ജെ പി നിർദേശിച്ചിട്ടുണ്ടത്രെ.
സി പി എം നേരത്തേ തന്നെ കൊലപാതക രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും പുതിയ സംഭവപരമ്പരകളിൽ അണികൾ ചെന്നു ചാടുന്നത് നിർത്താനായിരുന്നില്ല. ഇനിയത് തുടരാനാകില്ലെന്ന് വ്യക്തമായ സന്ദേശമാണ് പാർട്ടി നൽകുന്നത്. പുതിയ തലമുറയെ പാർട്ടിയോട് ചേർത്ത് നിർത്താൻ ഈ ചുവടുമാറ്റം അനിവാര്യമാണെന്ന് പാർട്ടി കാണുന്നു. ഈ ദിശയിലുള്ള കൂടുതൽ പരസ്യമായ നിലപാടുകൾ വരും നാളുകളിൽ പാർട്ടിയിൽ നിന്നുണ്ടാകും.