Connect with us

Kerala

മേയർ 'ബ്രോ' കളം പിടിച്ചത് യുവത്വത്തിന്റെ കരുത്തിൽ

Published

|

Last Updated

തിരുവനന്തപുരം: യുവത്വത്തിന്റെ കരുത്തിൽ യു ഡി എഫിന്റെ നെടുംകോട്ട വെട്ടിപ്പിടിച്ച് വട്ടിയൂർക്കാവിന്റെ സ്വന്തം മേയർ ബ്രോ. വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ ചരിത്രത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ ആദ്യ വിജയമെന്ന നേട്ടവും പ്രശാന്തിന് സ്വന്തം. 2015 നവംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം വാർഡിൽനിന്ന് കൗൺസിലറായി നഗരസഭയിലേക്ക് ചുവടുറപ്പിച്ച പ്രശാന്തിനെ കാത്തിരുന്നത് നേട്ടങ്ങളുടെ പൂച്ചെണ്ടുകൾ മാത്രമാണ്.

കോർപറേഷൻ വാർഡുകളിൽ സി പി എമ്മിന്റെ മുതിർന്ന നേതാക്കളെല്ലാം പരാജയപ്പെട്ടപ്പോൾ അപ്രതീക്ഷിതമായി മേയർ സ്ഥാനം പ്രശാന്തിനെ തേടിയെത്തി. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന സ്ഥാനവും 34-ാം വയസ്സിൽ പ്രശാന്തിന് സ്വന്തമായി. വികസന കാഴ്ചപ്പാടുകളും ചെറുപ്പത്തിന്റെ ഊർജ്ജസ്വലതയുംകൊണ്ട് നഗരവാസികളുടെ മനസ്സിലിടം നേടിയ പ്രശാന്ത് കഴിഞ്ഞ പ്രളയകാലത്തോടെ സംസ്ഥാനത്തിന്റെ മേയർ ബ്രോയുമായി.

3,272 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയായിരുന്നു കഴക്കൂട്ടം വാർഡിൽനിന്ന് കോർപറേഷനിലേക്കുള്ള പ്രശാന്തിന്റെ വരവ്. ഇതും കോർപറേഷൻ തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്ക് ലഭിച്ച ഏറ്റവും മികച്ച ഭൂരിപക്ഷമാണ്. 2,000 മുതൽ 5,000 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിക്കാൻ പറ്റിയേക്കും എന്നു കരുതിയ മണ്ഡലത്തിലാണ് ത്രികോണ മത്സരത്തിനൊടുവിൽ 14,438 എന്ന മികച്ച മാർജിനിൽ പ്രശാന്ത് ജയിച്ചു കയറുന്നത്.

മേയർ എന്ന നിലയിൽ വലിയ വിവാദങ്ങളും ആരോപണങ്ങളുമൊന്നുമുണ്ടാക്കാതെ തന്നെ നാല് വർഷം കോർപറേഷന് നേതൃത്വം നൽകാൻ പ്രശാന്തിനായി. കഴിഞ്ഞ പ്രളയ കാലത്ത് നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പ്രശാന്തിന്റെ പ്രതിച്ഛായക്ക് മാറ്റുകൂട്ടി. ട്രോളുകളിലൂടെയും വാർത്തകളിലൂടെയും പ്രശാന്ത് സംസ്ഥാനത്തിന് തന്നെ സുപരിചിതനായി. പ്രളയകാലത്തെ ദുരിതാശ്വസ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചതും തിരുവനന്തപുരം മേയർ എന്ന നിലയിലുള്ള ജനകീയ പ്രവർത്തനവും ചേർന്ന് സൃഷ്ടിച്ചെടുത്ത മികച്ച പ്രതിച്ഛായ വട്ടിയൂർക്കാവിൽ വി കെ പ്രശാന്തിന് കാര്യമായി ഗുണം ചെയ്തു.
കഴക്കൂട്ടത്ത് എസ് കൃഷ്ണൻ- ടി വസന്ത ദമ്പതികളുടെ മകനായി 1981 ഏപ്രിൽ 11 നാണ് പ്രശാന്തിന്റെ ജനനം. തുമ്പ സെന്റ്‌സേവ്യേഴ്‌സ് കോളജിൽ നിന്ന് ബിരുദവും ലോ അക്കാദമിയിൽ നിന്ന് എൽ എൽ ബിയും നേടി. സ്‌കൂൾ വിദ്യാഭ്യാസ കാലയളവിൽ എസ് എഫ് ഐയുടെ സജീവ പ്രവർത്തകനായിരുന്നു. തുമ്പ സെന്റ്സേവ്യഴ്‌സ് കോളജിൽ മാഗസിൻ എഡിറ്ററും കോളജ് ചെയർമാനും ആയിരുന്നു.
2015 വരെ അഭിഭാഷകനായി പ്രവർത്തിച്ചു. എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗമായിരുന്നു. കൂടാതെ ഡി വൈ എഫ് ഐ കഴക്കൂട്ടം ബ്ലോക്ക് സെക്രട്ടറിയായും ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും പ്രവർത്തിച്ചു. 2005 മുതൽ 2010 വരെ കഴക്കൂട്ടം പഞ്ചായത്ത് അംഗമായിരുന്നു. എം ആർ രാജിയാണ് ഭാര്യ. ആലിയ, ആര്യൻ എന്നിവരാണ് മക്കൾ.

Latest