Connect with us

Articles

അനാവശ്യ വിവാദങ്ങള്‍ക്ക് പിന്നില്‍

Published

|

Last Updated

പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം തികയുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ഥി ക്ഷേമത്തിലും നീതിബോധത്തിലും ഊന്നിയ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ട് കുതിക്കുകയാണ്. ദേശീയ, അന്തര്‍ദേശീയ നിലവാരത്തിലുള്ള സര്‍വകലാശാലകളും കോളജുകളും സംസ്ഥാനത്ത് ഉണ്ടാകണമെന്നും അധ്യാപന-അധ്യയന മേഖലകള്‍ ഉയര്‍ന്ന അക്കാദമിക നിലവാരത്തിന്റെ പേരില്‍ അറിയപ്പെടണമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടുവെച്ച കാഴ്ചപ്പാടുകള്‍ക്ക് അനുസൃതമായിട്ടാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ട് പോകുന്നത്. സര്‍വകലാശാലകളിലെ സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരുടെ (രജിസ്ട്രാര്‍, പരീക്ഷാ മേധാവി, ഫിനാന്‍സ് ഓഫീസര്‍) സേവന കാലാവധി രാജ്യത്തെ മികച്ച സര്‍വകലാശാലകള്‍ക്ക് സമാനമായി നാല് വര്‍ഷമായി നിജപ്പെടുത്തി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു കൊണ്ടായിരുന്നു മാറ്റത്തിന്റെ തുടക്കം. മുന്‍ കാലങ്ങളില്‍ വൈസ്ചാന്‍സലര്‍ നിയമനങ്ങള്‍ ജാതി, മതാടിസ്ഥാനത്തില്‍ വീതം വെച്ചിരുന്ന സ്ഥിതിവിശേഷമാണുണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട് വലിയ ആക്ഷേപങ്ങളാണ് പലപ്പോഴും ഉയര്‍ന്നുകേട്ടിരുന്നത്. ഇത്തരത്തില്‍ നിയമിക്കപ്പെട്ട പല വൈസ് ചാന്‍സലര്‍മാരും സര്‍വകലാശാലകളുടെ ഭരണനിര്‍വഹണ വിഭാഗവുമായും അക്കാദമിക് സമിതികളുമായും നിരന്തരം ഉണ്ടാക്കിക്കൊണ്ടിരുന്ന കലഹങ്ങള്‍ സര്‍വകലാശാലകളുടെ ശോഭ കെടുത്തിയിരുന്നത് ആര്‍ക്കാണ് അറിയാത്തത്? എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ അഞ്ച് സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരായി അക്കാദമിക് രംഗത്തെ പ്രഗത്ഭരും പണ്ഡിതരുമായവരെ കണ്ടെത്തി നിയമിച്ചു. ഇതോടൊപ്പം തന്നെ സര്‍വകലാശാലകളില്‍ സിലബസ് പരിഷ്‌കരണവും ആരംഭിക്കാനായി. നിരവധി എതിര്‍പ്പുകള്‍ മറികടന്ന് മലയാളം സര്‍വകലാശാലക്കായി ഭൂമിയേറ്റെടുക്കാനായതും സാങ്കേതിക സര്‍വകലാശാലക്കുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ക്ക് തുടക്കമിടാനായതും സ്മരണീയമാണ്. സംസ്ഥാന ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു.
മുന്‍ കാലങ്ങളില്‍ ഓരോ സര്‍വകലാശാലകളിലും വ്യത്യസ്ത തീയതികളില്‍ ആരംഭിച്ചിരുന്ന ഒന്നാം വര്‍ഷ ബിരുദ – ബിരുദാനന്തരബിരുദ ക്ലാസ്സുകള്‍ ഈ വര്‍ഷം ഏകീകൃത തീയതികളില്‍, യഥാക്രമം ജൂണ്‍17നും ജൂണ്‍24നും ആരംഭിച്ചത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്.

ബിരുദ പ്രോഗ്രാമുകളുടെ അവസാന വര്‍ഷ പരീക്ഷാ ഫലം ഏപ്രില്‍ 30നകവും അവസാന വര്‍ഷ ബിരുദാനന്തരബിരുദ പരീക്ഷാഫലം മെയ് 31നകവും പ്രസിദ്ധീകരിക്കണമെന്ന നിര്‍ദേശവും സര്‍വകലാശാലകള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. സര്‍വകലാശാലകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സേവനങ്ങളെല്ലാം ഓണ്‍ലൈനില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് എല്ലാ യൂനിവേഴ്‌സിറ്റികളിലും പുരോഗമിക്കുന്നത്. മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്, കോളജ് മാറ്റം, കണ്‍ഡോണേഷന്‍, തുല്യതാസര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, ഹാള്‍ ടിക്കറ്റ്, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയെല്ലാം മിക്ക സര്‍വകലാശാലകളും ഓണ്‍ലൈനില്‍ ലഭ്യമാക്കിക്കഴിഞ്ഞു. വിവിധ പ്രൊജക്റ്റുകള്‍ക്കായി സര്‍വകലാശാലകള്‍, കോളജുകള്‍ എന്നിവിടങ്ങളിലെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായുള്ള റൂസ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് 194 കോടി രൂപയും രണ്ടാം ഘട്ടത്തിന് 374 കോടി രൂപയും ഇതിനകം അനുവദിച്ചു കഴിഞ്ഞു.

കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അഞ്ച് പൈതൃക കോളജുകള്‍ മെച്ചപ്പെടുത്തി. കുസാറ്റിന് കിഫ്ബി വഴി 240 കോടി രൂപയുടെ ധന സഹായമാണ് അനുവദിച്ചിരിക്കുന്നത്. സ്വന്തമായി കെട്ടിടമില്ലാത്ത എല്ലാ ഗവ. കോളജുകള്‍ക്കും സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിര്‍മിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
സര്‍വകലാശാലകളില്‍ 2,198 അസിസ്റ്റന്റ്, 825 കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് നിയമനങ്ങള്‍ നടത്തി. സര്‍ക്കാര്‍ എന്‍ജിനീയറിംഗ്- പോളിടെക്‌നിക് കോളജുകളിലായി 497 അധ്യാപക തസ്തികകളിലേക്കും ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ 692 അധ്യാപക തസ്തികകളിലേക്കും 507 അനധ്യാപക തസ്തികകളിലേക്കും നിയമനങ്ങള്‍ നടത്തി. സര്‍വകലാശാലകളിലും ഒഴിഞ്ഞു കിടക്കുന്ന അധ്യാപക തസ്തികകള്‍ നികത്തുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്.

മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കാത്ത അധ്യാപകരുടെ ശമ്പളം എഴുതേണ്ടതില്ലെന്ന് ഉത്തരവിറക്കുകയും മൂല്യനിര്‍ണയത്തില്‍ പിഴവ് വരുത്തുന്ന അധ്യാപകര്‍ക്ക് കനത്ത പിഴ ചുമത്തുകയും ചെയ്ത് സര്‍ക്കാര്‍ നടത്തുന്ന ക്രിയാത്മക ഇടപെടലുകള്‍ പലര്‍ക്കും ഇഷ്ടപ്പെടുന്നില്ലെന്നത് ഒരു വസ്തുതയാണ്. ഈ മാറ്റം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ് സര്‍വകലാശാലകള്‍ക്കെതിരെയും വ്യക്തിപരമായും ദുരാരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. സര്‍വകലാശാലയിലെ ക്രിയാത്മകമായ മാറ്റങ്ങള്‍ക്ക് നേതൃത്വപരമായ പങ്കല്ലാതെ മറ്റൊരു തരത്തിലുള്ള ഇടപെടലുകളും ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തിയിട്ടില്ല. മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നടന്നുവെന്നു പറയപ്പെടുന്ന പോസ്റ്റ് മോഡറേഷന്‍ അവരുടെ സിന്‍ഡിക്കേറ്റാണ് തീരുമാനിച്ചത്. അതില്‍ മന്ത്രിക്കോ മന്ത്രിയുടെ ആഫീസിനോ യാതൊരു പങ്കുമില്ല. എം ജി സര്‍വകലാശാലയുടെ ഈ നടപടിക്ക് സമാനമായി 2012ല്‍ യു ഡി എഫ് കാലത്ത് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റും അതേവര്‍ഷം തന്നെ കുസാറ്റും ബി ടെക് കോഴ്‌സിന് പോസ്റ്റ് മോഡറേഷന്‍ നല്‍കിയിരുന്നു.

ശ്രീഹരിയെന്ന മിടുക്കനായ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുടെ കാര്യത്തിലും വിജി എന്ന അനാഥ പെണ്‍കുട്ടിയുടെ കാര്യത്തിലും ഒരു ഭരണാധികാരിയില്‍ നിക്ഷിപ്തമായ ചുമതല മാത്രമാണ് നിര്‍വഹിച്ചത്. ഏതു ചട്ടങ്ങളെയും അതിന്റെ അന്തഃസത്തയെ ഹനിക്കാതെ തന്നെ മാനുഷികമായും വിദ്യാര്‍ഥി സൗഹൃദമായും കാണാനും പ്രയോഗിക്കാനുമാകും എന്നാണ് അനാവശ്യ വിവാദവും മാധ്യമ വിചാരണയും നേരിട്ട മേല്‍ പറഞ്ഞ രണ്ട് നടപടികളും തെളിയിക്കുന്നത്. ദുരാരോപണങ്ങള്‍ ഉന്നയിച്ചും വ്യക്തിഹത്യ നടത്തിയും ഉന്നത വിദ്യാഭ്യാസ രംഗത്ത് തുടങ്ങിവെച്ച മാറ്റങ്ങളെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങള്‍ ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയും.

---- facebook comment plugin here -----

Latest