Articles
കൂടുതല്‍ തോറ്റ സ്ഥാനാര്‍ഥി പ്രസിഡന്റാകും!
രമണനെ അറിയാമല്ലോ. മലയാളിക്ക് മറക്കാന്‍ കഴിയില്ല, ആ പേര്. ചങ്ങമ്പുഴയെ ചങ്ങമ്പുഴയാക്കിയ കാവ്യം. കാനനച്ഛായയില്‍ ആടുമേയ്ക്കാന്‍ ഞാനും വരട്ടെയോ നിന്റെ കൂടെ…ഈ വരികള്‍ ഇന്നും ഒന്ന് മൂളാത്തവരായി ആരുണ്ട്? പിന്നെയുണ്ടായി കേരളത്തില്‍ നിരവധി രമണന്‍മാര്‍. കഴിഞ്ഞ മാസം ഒരു വാര്‍ത്ത. കേരളക്കരയിലെ രമണന്‍മാര്‍ ഒത്തുചേര്‍ന്നു. കമ്മിറ്റിയുണ്ടാക്കി. അതിലൊരു രമണന് സഹായം നല്‍കുകയാണ്. ഓരോ മാസവും ഓരോ രമണന്‍മാര്‍ രോഗിയായ രമണന് ധനസഹായം നല്‍കും. നന്മ. നാടിന് മാതൃക.
കേരളത്തിലെത്ര മത്തായിമാരുണ്ട് എന്ന് പണ്ട് ഒരു എഴുത്തുകാരന്‍ ചോദിച്ചിരുന്നു. ടെലഫോണ്‍ ഡയറക്ടറിയില്‍ നോക്കിയപ്പോഴാണ് ഈ ഒരാശയം വന്നതത്രേ. പിന്നെ ചോദ്യങ്ങളായി. കേരളത്തിലെത്ര മുഹമ്മദ്മാരുണ്ട്? എത്ര ഗോപാലന്‍മാരുണ്ട്? രാധ, സാറ, ജാനകി..?
സാമൂഹിക മാധ്യമങ്ങള്‍ വന്നതോടെ കൂട്ടായ്മകളായി. എളുപ്പം ഒത്തുചേരാനായി. ഒരേ പേരുകാര്‍ ഒരുമിക്കുന്നു. ആഹ്ലാദം. പേരുകള്‍ സ്‌നേഹമായി, സൗഹൃദമായി. അവ പടര്‍ന്നു പന്തലിക്കുന്നു. നാസര്‍മാര്‍ ഒത്തുചേര്‍ന്നതാണ് അവസാന വാര്‍ത്ത.
ചില പേരുകാര്‍ ദുഃഖിതരാണ്. അവര്‍ എണ്ണത്തില്‍ കുറവാണ്. ബാബുവും ബാലനും കുറഞ്ഞു വരുന്നു. പൊക്കനും പോക്കറും ചാത്തുവും നാരായണിയും കദിയയും വിരലിലെണ്ണാകുന്നവര്‍ മാത്രമായി ചുരുങ്ങി. കടുങ്ങ്വോനെ കാണാനില്ല. പര്യയിമാര്‍ ഓര്‍മയായി. മാഞ്ചി, വെള്ളായി, അരിയായി എത്രയെത്ര ഓര്‍മകള്‍.
അതിനൊരു പരിഹാരമുണ്ട്. ഈയിടെ താടിയുള്ളവര്‍ ഒത്തുചേര്‍ന്നു. വലിയ താടിക്കാരന്‍ പ്രസിഡന്റ്. താടി കുറച്ച് കുറഞ്ഞവന്‍ സെക്രട്ടറി. അപ്പോള്‍ വനിതകള്‍ എന്തു ചെയ്യും? നീളമുള്ള മുടിയുള്ളവര്‍ക്ക് ഒന്നാകാം. മുടിയന്‍മാര്‍ എന്ന് അവരെ വിളിക്കല്ലേ.
നീളമുള്ളവര്‍ക്കും ആകാം ഒത്തുചേരല്‍. ഏറ്റവും നീളം കൂടിയവനെ രക്ഷാധികാരിയാക്കാം. നീളം കുറഞ്ഞവര്‍ വെറുതെ ഇരിക്കേണ്ട. അവരും കൂട്ടായ്മകള്‍ ഉണ്ടാക്കട്ടെ.
അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും കൂടിച്ചേരാം. കേസുകള്‍ ചര്‍ച്ച ചെയ്യാം. നല്ല നല്ല വക്കീലിനെ കുറിച്ച് ആലോചിക്കാം. കേസുകളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം? പര്‌സപര സഹായ സഹകരണ സംഘം.
പാര്‍ട്ടികളില്‍ നിന്ന് പല കാലങ്ങളായി പുറത്താക്കപ്പെട്ടവര്‍ക്കും ഒത്തു ചേരാം. ഒന്നാകാം. പാര്‍ട്ടികള്‍ക്ക് വേണ്ടി പടപൊരുതിയവരാണ്. പാര വെച്ചും ഗ്രൂപ്പ് കളിച്ചും പാര്‍ട്ടി വളര്‍ത്തുകയും തളര്‍ത്തുകയും ചെയ്തവര്‍. പഴയ നേതാക്കളേ, ഒന്നാകൂ, നിങ്ങള്‍ക്ക് നഷ്ടപ്പെടാനൊന്നുമില്ല…
മലയാളിക്ക് വയസാകുന്നില്ലെന്നാണ് കേള്‍ക്കുന്നത്. എഴുപത് കഴിഞ്ഞവരുടെ മുടിയും മീശയും കറു കറെ കറുത്തത്. രാവിലെ കരി ഓയില്‍ തേക്കുകയാണ്. ഇവര്‍ക്കും കൂട്ടായ്മയാകാം. കേരളത്തില്‍ അങ്ങോളമിങ്ങോളം അംഗങ്ങളെ കിട്ടും. ഓള്‍ കേരള ഡൈ യൂനിയന്‍. ദിവസവും പാത്രത്തിലെ കരി ഓയിലില്‍ മുങ്ങുന്നവനെ പ്രസിഡന്റാക്കാം. ഈ പരിപാടി സ്‌പോണ്‍സര്‍ ചെയ്യുന്നത് നമ്മുടെ കമ്പനിക്കാര്‍ തന്നെ.
ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പുകളുടെ ഫലം വന്നതേയുള്ളൂ. ജയിച്ചവര്‍ ഭാഗ്യവാന്‍മാര്‍. തോറ്റവരുടെ കാര്യമോ? വഴിയുണ്ട്. തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടും ഇതുവരെ ജയിക്കാത്തവര്‍ക്ക് ഒത്തു ചേരാം. അതിനും ആളെ കിട്ടും. അപ്പോള്‍ പ്രസിഡന്റ് ആരാകും? സംശയമെന്ത്, കൂടുതല്‍ തോറ്റ സ്ഥാനാര്‍ഥി തന്നെ!