Connect with us

Book Review

ഒരു നഗരത്തിന്റെ ആത്മകഥ

Published

|

Last Updated

മധുരിക്കുന്ന കോഴിക്കോട് • എഡി. ജോൺ അഗസ്റ്റിൻ

ഒരു നഗരത്തിന്റെ ആത്മകഥയാണ് ആ നഗരത്തെക്കുറിച്ചുള്ള ഓർമകളും അനുഭവങ്ങളും. “മധുരിക്കുന്ന കോഴിക്കോട്” എന്ന പുസ്തകം കോഴിക്കോട് നഗരത്തിന്റെ ആത്മകഥയാണെന്ന് പറയാം. പൗരാണികമായ ഈ നഗരത്തെക്കുറിച്ച് പുസ്തകങ്ങളും ചരിത്ര രേഖകളും എഴുതപ്പെട്ടിട്ടുണ്ടെങ്കിലും, വ്യത്യസ്ത തലമുറകളിലും മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച 80ലേറെ എഴുത്തുകാർ ഈ പുസ്തകത്തെ തങ്ങളുടെ അനുഭവസാക്ഷ്യംകൊണ്ട് സമ്പന്നമാക്കിയിരിക്കുന്നു. ഇവരിൽ പലതും പല നാടുകളിൽ നിന്ന് കോഴിക്കോട് എത്തിപ്പെടുകയും, നഗരത്തിന്റെ സ്‌നേഹ പരിചരണങ്ങളിൽ വഴിപ്പെട്ട് ഇവിടെ തന്നെ വേരുകളാഴ്ത്തിയവരുമാണ്. തന്റെ അനുഭവം എം ടി എഴുതിയത് മിക്കവരെ സംബന്ധിച്ചും ഒരു സത്യമാണ്. അദ്ദേഹം എഴുതുന്നു: “ഞങ്ങൾ നാട്ടിൻപുറത്ത് പിറന്ന ആളുകളെ സംബന്ധിച്ചിടത്തോളം കോഴിക്കോടായിരുന്നു ഏറ്റവുമടുത്ത വലിയ നഗരം. എന്റെ കുട്ടിക്കാലത്ത് പത്ത് പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് ഞാനാദ്യമായി അച്ഛന്റെ കൂടെ കോഴിക്കോട് വരുന്നത്. അച്ഛൻ സിലോണിലായിരുന്നു. അച്ഛന് കോഴിക്കോട്ടെ ബേങ്കിൽ വരണം. അങ്ങനെ ഞാൻ പള്ളിപ്പുറത്ത് നിന്ന് കോഴിക്കോട്ടേക്ക് വണ്ടി കയറി. അതാണ് ഈ നഗരവുമായുള്ള ബാല്യത്തിലെ ഒരു മുഖദർശനം.
കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് തൊഴിൽ തേടിയാണ് പിന്നീട് എം ടി കോഴിക്കോട്ടെത്തുന്നത്. 1956 കാലമാണത്. ആ കാലം മുതൽ കോഴിക്കോട് നഗരം വിട്ടുപോകാൻ വയ്യാത്തവണ്ണം അദ്ദേഹം ഈ നഗരവുമായി ഇഴുകിച്ചേർന്നു.

മാനാഞ്ചിറയുടെയും മിഠായിത്തെരുവിന്റെയും ബഹളങ്ങളിലും സാംസ്‌കാരിക ഇടപെടലുകളിലും നിറഞ്ഞുനിന്ന പിൽക്കാലം എം ടി ഈ പുസ്തകത്തിൽ ഓർമിച്ചെടുക്കുന്നുണ്ട്. നന്മയുടെയും സത്യസന്ധതയുടെയും ഈറ്റില്ലമെന്ന പേര് കോഴിക്കോടിന് മുമ്പേയുണ്ട്. ചരിത്ര ശേഷിപ്പുകളുടെ ഈ നഗരം സ്‌നേഹ- സൗഹാർദത്തിന്റേതുകൂടിയാണ്. “ഒരു തെരുവിന്റെ കഥ”യിൽ എസ് കെ പൊറ്റക്കാട് അര റാത്തൽ വറുത്ത കായ വാങ്ങി കീശയിലിട്ട് കടപ്പുറത്ത് കാറ്റ് കൊള്ളാൻ പോകുന്ന ഓമഞ്ചിയെക്കുറിച്ച് മനോഹരമായി വരച്ചിടുന്നുണ്ട്. ഓരോ നഗരത്തിനും അതിന്റേതായ ആത്മാവും തനിമയും ഉണ്ടെങ്കിലും കോഴിക്കോടിന്റെ ശേഷിപ്പ് പ്രൗഢികൾ കുറയാത്ത ആത്മസാക്ഷാത്്കാരങ്ങൾ തന്നെ!
മലയാള ഭാഷയിലെ പല പുകൾപെറ്റ എഴുത്തുകാർക്കും ഒരു വളർച്ചയാണ് കോഴിക്കോട്. അവർക്കെല്ലാം ഒരുപാട് സൗഹൃദങ്ങൾ ഈ നഗരം വാരിക്കോരി കൊടുത്തിട്ടുണ്ട്. യു എ ഖാദറും തിക്കോടിയനും കെ എ കൊടുങ്ങല്ലൂരും അക്കിത്തവും കക്കാടും എൻ പിയും തുടങ്ങി ഒട്ടേറെ പേർ. അക്ഷരത്തിന്റെ പോരിശ ഒരു ഭാഗത്ത് പൂത്ത് തളിർത്തപ്പോഴും മറുഭാഗത്ത് കോഴിക്കോട് തുറമുഖം മലബാറിലെ ഏറ്റവും കൂടുതൽ കയറ്റിറക്ക് നടത്തിയിരുന്ന ഒരു തുറമുഖമായി വളർന്നു. സാംസ്‌കാരിക- സാഹിത്യ വളർച്ചയെയും സാമ്പത്തിക- സാമൂഹിക വളർച്ചയെയും ഒരുപോലെ പോറ്റി വളർത്തിയ ഒരു നഗരം. ആശ്ചര്യങ്ങൾ ഒളിപ്പിച്ചുവെച്ച നഗരമാണ് കോഴിക്കോടെന്ന് എൻ എസ് മാധവൻ പറയുന്നത് ശ്രദ്ധേയമാണ്. തന്റെ ലേഖനത്തിൽ ഒരിടത്ത് കോഴിക്കോടിനെ അലക്‌സാൻഡ്രിയ മഹാനഗരത്തോട് പോലും അദ്ദേഹം ഉപമിക്കുന്നുണ്ട്.

സംരക്ഷിക്കപ്പെടാതെ പോയ ചരിത്ര ശേഷിപ്പുകൾ കൊണ്ടുമാത്രം നശിച്ചുപോകുന്ന ഒരു നഗരമെന്ന പ്രത്യേകതയും അദ്ദേഹം എടുത്തു പറയുന്നു. രുചിയുടെയും സൗഹൃദങ്ങളുടെയും നാട് മാത്രമല്ല കോഴിക്കോട്. ഗ്രാമഹൃദയങ്ങൾ ഉള്ളിൽ പേറുന്ന നഗരമാണത്. പല നഗരങ്ങളും അതിദ്രുതം മാറിമറഞ്ഞപ്പോൾ കോഴിക്കോട് മാത്രം ഗ്രാമീണതയുടെ പല ധാരകളെ കൈയൊഴിയാതെ, വേറിട്ടു നിന്നു. മിഠായിത്തെരുവിൽ മിഠായിയും വർണ ശബളതയാർന്ന ഹലുവയും മാത്രമല്ല, സംസ്‌കാരവും കൂടിയുണ്ടെന്ന് ഒരു രാത്രി സഞ്ചാരിക്ക് വേഗത്തിൽ ബോധ്യപ്പെടും. ചീനക്കാർ മുതൽ അറബികളും പാഴ്‌സികളും യൂറോപ്യന്മാരും നിരന്തരം ഇടപാടുകൾ നടത്തി വശംകെട്ടിട്ടും കോഴിക്കോട്ടെ മിഠായിത്തെരുവിന്റെ ഹൃദയമിടിപ്പ് പച്ചയായ ഗ്രാമീണതയുടെ അടിയൊഴുക്കുകൊണ്ട് ശീതീകരിക്കപ്പെട്ടു. പാട്ടും എഴുത്തും മാത്രമല്ല, സിനിമയും നാടകവും കേരളീയർക്ക് ആവേശമാക്കിയതിൽ കോഴിക്കോടിന് ചെറുതല്ലാത്ത പങ്കുണ്ട്. മലയാള നാടക വേദിയുടെ അഭിമാനവും ആവേശവുമായിരുന്ന കെ ടി യും, പി എം താജും കാലത്തിന്റെ കുത്തിയൊഴുക്കിൽ മാഞ്ഞുപോകാതെ കൂടുതൽ കൂടുതൽ തെളിയുന്നുണ്ടെങ്കിൽ അതിന് നാം ഈ നഗരത്തോട് കടപ്പെട്ടിരിക്കും. മത- ജാതി ആധിപത്യ ബോധത്തെ കീഴ്‌മേൽ മറിച്ചു കേരളത്തിന്റെ ഈ നാടക കൃത്തുക്കൾ കോഴിക്കോടിന്റെ സംഭാവന തന്നെയാണ്.
ഗയയിലെ ബുദ്ധന് ബോധോധയം പകർന്ന ആൽമരത്തിന്റെ ഒരു ശാഖ ഈ കോഴിക്കോടൻ മണ്ണിലുണ്ടെന്ന് പുസ്തകം എഡിറ്റ് ചെയ്ത ജോൺ അഗസ്റ്റിൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒരു പുസ്തകത്തിൽ എൺപതിലേറെ എഴുത്തുകാരുടെ വൈവിധ്യമാർന്ന ഓർമകളെയും അനുഭവങ്ങളെയും ചേർത്തുവെക്കുക എന്ന ശ്രമകരമായ ജോലി തന്റെ ഉൾക്കാഴ്ചകൊണ്ടും നിരീക്ഷണ പാടവം കൊണ്ടും അദ്ദേഹം മികവുറ്റതാക്കിയിട്ടുണ്ട്. “തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പടർന്ന” വിശ്വാസത്തിന്റെ വേരുകൾ ഈ പുസ്തകത്തിന്റെ വായനയിലൂടെ അനുവാചകന് ലഭിക്കും. അങ്ങനെയെല്ലാം നിരീക്ഷിക്കുമ്പോൾ ഈ ബൃഹത്കൃതി കോഴിക്കോടിന്റെ ചരിത്ര ശേഷിപ്പായി മാറുമെന്ന കാര്യത്തിൽ സംശയമില്ല. കേരളത്തിന്റെ മഹാനായ എഴുത്തുകാരൻ പി സിയെന്ന ഉറൂബിനെക്കുറിച്ച് പുസ്തകത്തിൽ ഒരു ലേഖനമുണ്ട്-ഓർമകളുടെ എഴുന്നള്ളത്ത് എന്ന പേരിൽ. മാവൂർ റോഡിലും മിഠായിത്തെരുവിലും നാലാം ഗേറ്റിലുമെല്ലാം വൈകുന്നേരം തന്റെ കാലൻ കുടയും നിലത്തു കുത്തി വഴിപോക്കരോട് കുശലാന്വേഷണങ്ങൾ നടത്തി സാവധാനം നടന്നുനീങ്ങുന്ന ആ ധിഷണാശാലിയായ കഥപറച്ചിലുകാരനെ തന്മയത്വത്തോടെ നാഗിന അവതരിപ്പിക്കുന്നുണ്ട്. പൊന്നാനിയുടെ മണ്ണിൽനിന്ന് കോഴിക്കോട്ടെത്തി ഇവിടുത്തെ സൗഹൃദപ്പെരുക്കങ്ങളിൽ സ്വയം അലിഞ്ഞില്ലാതായ എഴുത്തുകാരനാണ് ഉറൂബ്. വൈയക്തികമായ ജീവിതത്തിൽ നിന്നും “സുന്ദരന്മാരെയും സുന്ദരികളെ”യും കാണിച്ചുതന്ന ഇതിഹാസകാരൻ. വെളുത്ത നീണ്ട ഖദർ ജുബ്ബയും കറുത്ത കരയുള്ള മുണ്ടും അതേ നിറമുള്ള കണ്ണടയും ധരിച്ച് കഷണ്ടി കയറിയ തലയിൽ സൂര്യവെളിച്ചത്തെ അടയിരുത്തി തിരക്കുകളിലൂടെ മുറുക്കിത്തുപ്പി നടന്ന ഉറൂബിനെ കോഴിക്കോട് നഗരം എളുപ്പത്തിൽ മറക്കാനിടയില്ലെന്ന് ലേഖകൻ പറയുന്നു.

അദ്ദേഹം മരിച്ചിട്ട് നൂറാം ജന്മദിനം ആഘോഷിക്കുന്ന ഈ വേളയിൽ ഇത്തരമൊരു വ്യക്തിഗത ചിത്രത്തിന് പ്രസക്തിയുണ്ട്. മലബാർ ക്രിസ്ത്യൻ കോളജിന് സമീപത്തുണ്ടായിരുന്ന സദാനന്ദൻ നെഴ്ത്തു കമ്പനിയിൽ ജീവനക്കാരനായെത്തി ഈ നഗരത്തിൽ ജീവിച്ചവനായിരുന്നല്ലോ ഉറൂബ്. ഒരു നഗരത്തിന് പല പേരുകൾ ചേരുന്നത് അപൂർവമാണ്. കേരളത്തിൽ കോഴിക്കോടിന് മാത്രം അവകാശപ്പെട്ടതാണത്. ഈ നഗരം നന്മയുടേത് ആവുന്നതിനോടൊപ്പം മധുരത്തിന്റെയും രുചിഭേദങ്ങളുടെയും നഗരമാണ്. ഫുട്‌ബോളും നാടകവും മതമായി സ്വീകരിച്ച ദേശപ്പെരുമ. മിഠായിത്തെരുവിലൂടെ നടക്കുന്ന ഏതൊരു വ്യക്തിക്കും പുത്തൻ വസ്ത്രങ്ങളുടെ സുഗന്ധത്തോടൊപ്പം മൊയ്തീൻ പള്ളിത്തെരുവിലെ അത്തറിൻ മണവും സ്വാഗതമോതും. ബീച്ചിലെ കാറ്റാടി മരച്ചുവട്ടിലെ സല്ലാപങ്ങളും മാനാഞ്ചിറ സ്‌ക്വയറിലെ പുൽത്തകടിലും, കണ്ടലിന്റെ തണലേറ്റ് നിൽക്കുന്ന സരോവരം പാർക്കും വിസ്മയത്തിന്റെ ചാരുതകളാണ്. നാടകവും സംഗീതവും സാഹിത്യ ചർച്ചകളും തീക്ഷ്ണമാക്കുന്ന ടാഹോർ ഹാളിലെ ഉച്ച വെയിലുകളും സായംസന്ധ്യയും ഏതൊരു മറുനാട്ടുകാരനെയും ഈ നഗരത്തെ അത്രമേൽ പുണഞ്ഞ് കിടക്കും. മരിച്ചവരും ജീവിച്ചിരിക്കുന്നവരും ഒരുമിച്ചുലയുന്ന വിഭ്രാന്ത രാവുകൾ അടക്കം ചെയ്ത മറ്റേത് നഗരമുണ്ട് ഇന്ത്യയിൽ?

വളരെ പ്രാചീന കാലം മുതൽക്കുതന്നെ കേരളത്തിലെ മുഖ്യമായ വാണിജ്യ കേന്ദ്രങ്ങളിൽ ചരിത്ര പ്രസിദ്ധികൊണ്ട് ഒന്നാം നിരയിലാണ് കോഴിക്കോട്. ഇവിടുത്തെ മറ്റൊരു ചരിത്ര പ്രസിദ്ധമായ പള്ളിയാണ് മിശ്കാൽ പള്ളി. കുറ്റിച്ചിറയിൽ സകല പ്രൗഢിയോടുംകൂടി തലയുയർത്തി നിൽക്കുന്ന ഈ പള്ളിക്ക് ഏഴ് നൂറ്റാണ്ടോളം പഴക്കമുണ്ടെന്നാണ് ചരിത്രരേഖകൾ. പതിനാലാം നൂറ്റാണ്ടിൽ കോഴിക്കോട് താമസമാക്കിയിരുന്ന കപ്പലുടമയും വാണിജ്യ പ്രമുഖനുമായ നഹൂദ മിശ്കാൽ എന്ന അറബി പ്രമുഖനാണ് ഏഴ് നിലകളുള്ള ഈ കൂറ്റൻ പള്ളി പണിതത്. അറബ് ദേശക്കാരനായിരുന്നെങ്കിലും തനതായ കേരളീയ വാസ്തുശിൽപ്പ കലാരീതിയാലാണ് ഇതിന്റെ നിർമാണം. ഈ പള്ളിയെക്കുറിച്ച് ഇവിടെ പറയാൻ കാരണം, മധുരിക്കുന്ന കോഴിക്കോട് എന്ന പുസ്തകത്തിന്റെ വിഷയ വൈവിധ്യത്തെ സൂചിപ്പിക്കാനാണ്.

“ചരിത്രത്തിൽ നാം സംഭവങ്ങളെന്നോ വസ്തുതകളെന്നോ വ്യവഹരിക്കുന്നതെല്ലാം അധികാരത്തിന്റെ പ്രവർത്തന ഫലമായി ഉണ്ടായതാണ്” എന്ന് ഫൂക്കോയുടെ ഒരു നിരീക്ഷണമുണ്ട്. ഈ പുസ്തകത്തെക്കുറിച്ചും ശരിയാണത്. സ്‌നേഹം മാത്രം കൊടുക്കാൻ തത്പരപ്പെട്ടവരുടെ കൂട്ടായ്മയിൽ വളർന്നു പന്തലിച്ച നഗരം കോഴിക്കോടിന്റെ മണ്ണിലേക്ക് വന്ന് ഇവിടം സ്ഥിരമാക്കിയവരും, ഈ മണ്ണിലെത്തിപ്പെട്ട് ജീവിതത്തിന്റെ നാനാദേശങ്ങളിലേക്ക് ജീവിതം പറിച്ചുനട്ട പ്രതിഭകളും ഒന്നോ രണ്ടോ അല്ല. സാഹിത്യത്തിൽ മാത്രമല്ല, രാഷ്ട്രീയത്തിലും സാംസ്‌കാരിക രംഗത്തും അവരുടെ വേരുകൾ പടർന്നു കിടപ്പാണ്. പേരുകൾ പറഞ്ഞാൽ നിരവധി താളുകൾ വേണ്ടിവരും. എങ്കിലും കെ കേളപ്പനും അബ്ദുർറഹ്മാൻ സാഹിബും ബഷീറും, എം ടിയും മുതൽ കക്കാടും അക്കിത്തവും, ജി എൻ പിള്ളയും, കെ എ കൊടുങ്ങല്ലൂരും തുടങ്ങി നീളുകയാണ് ആ പട്ടിക. തന്റെ ഏഴാമത്തെ വയസ്സിൽ കോഴിക്കോട് വന്ന് ഒടുവിൽ മലബാർ ക്രിസ്ത്യൻ കോളജിൽ അധ്യാപകനായി മാറിയ ഒ വി വിജയൻ വരെ ഈ “വംശപരമ്പര”യിൽ വരും. പുസ്തകത്തിൽ എം ജി എസ് നാരായണൻ ഇങ്ങനെ കുറിക്കുന്നു: പരശ്ശുരാമന്റെ മഴുക്കഥ, മഹാബലിയുടെ സോഷ്യലിസ കഥ, സെന്റ് തോമസിന്റെ കേരള സന്ദർശന കഥ തുടങ്ങി ഒട്ടേറെ മിത്തുകളുടെ സമാഹാരമായിട്ടാണല്ലോ കേരള ചരിത്രം ഇപ്പോഴും നിലനിൽക്കുന്നത്. ബുദ്ധിപരമായും സാംസ്‌കാരികമായും വളർച്ചയെത്താത്ത ജനതയുടെ ചരിത്രം എന്നും വസ്തുതകളേക്കാൾ കെട്ടുകഥകളെ താലോലിക്കുന്നു. ഈ പുസ്തകം കെട്ടുകഥകളുടെ കെട്ടഴിക്കുകയല്ല, മറിച്ച് പലരും അനുഭവിച്ചതും കണ്ടറിഞ്ഞതും കൂട്ടിച്ചേർക്കലോ, കൂട്ടിക്കിഴിക്കലോ കൂടാതെ നമുക്ക് മുന്നിൽ വിസ്തരിക്കുകയാണ്. അനുഭവ സാക്ഷ്യങ്ങൾക്കൊപ്പം ഇതൊരു ചരിത്രമെഴുത്തുകൂടിയാണ്. ആ ചരിത്രമെഴുത്തിൽ ഒരു നഗരം നെഞ്ച് വിരിച്ച് നിൽക്കുന്നത് നാം കാണുന്നു.

അബ്ദുല്ല പേരാമ്പ്ര
• abdullaperambra@gmail.com

---- facebook comment plugin here -----

Latest