Travelogue
പ്രകൃതി പാഠം പകർന്ന് ഇന്ത്യാ പര്യടനം
ഒറ്റക്കും കൂട്ടായുമൊക്കെ യാത്രകൾ നടത്തുന്നവരുടെ എണ്ണം കൂടിവരുന്ന കാലമാണിത്. ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. യാത്ര ചെയ്യാൻ ഇഷ്ടമുള്ളവരാണ് എല്ലാവരും. പക്ഷേ ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പല ഇഷ്ടങ്ങളും നമുക്ക് സഫലമാക്കാനാകില്ല. എങ്കിലും യാത്ര ഒരു സ്വപ്‌നമായി മനസ്സിൽ അവശേഷിക്കും. പെട്ടെന്ന് തീരുമാനമെടുത്ത് നടപ്പാക്കുന്ന യാത്രകളും ദീർഘകാലം മനസ്സിലിട്ട് പരുവപ്പെടുത്തി പോകുന്ന യാത്രകളുമുണ്ട്. ഇതിൽ രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ട യാത്രികരാണ് തൃശൂർ സ്വദേശികളായ അനു സി ജെ, അൽഫോൺസാ സ്റ്റിമ സ്റ്റീഫൻ ദമ്പതികൾ. ഏറെ നാളത്തെ സ്വപ്‌നമാണ് ഇവർ ഈ യാത്രയിലൂടെ സഫലീകരിക്കുന്നത്. ആഗസ്റ്റ് 26 മുതൽ ഒരു ചെറിയ സ്‌കൂട്ടറിൽ ഇന്ത്യൻ പര്യടനത്തിലാണ് ഇവർ. വെറുതെ യാത്രക്കായി ഇറങ്ങിപ്പുറപ്പെട്ടതല്ല ഈ ദമ്പതികൾ. തങ്ങളുടെ യാത്രക്ക് ഒരു ലക്ഷ്യമുണ്ടാവണമെന്ന് അവർ ആഗ്രഹിച്ചു. അതിനാൽ യാത്രാവാഹനമായ സ്‌കൂട്ടറിൽ മരങ്ങൾ സംരക്ഷിക്കൂ, ഭൂമിയെ രക്ഷിക്കൂ (SAVE TREES, SAVE EARTH) എന്നൊരു ആദർശസൂക്തവും പതിച്ചു. എന്നാൽ ഇത് പതിച്ചതുകൊണ്ട് മാത്രം ആ സന്ദേശം ഏതെങ്കിലും രീതിയിൽ പ്രാവർത്തികമാകുമോ എന്നൊരു സംശയമുണ്ടായിരുന്നു. അതിനുള്ള മാർഗവും ഇവർ തന്നെ കണ്ടെത്തി. യാത്രയിൽ സുരക്ഷിതമായി മരങ്ങൾ വളരാൻ സാധ്യതയുള്ള സ്ഥലങ്ങളിലൊക്കെ വൃക്ഷ- ഫല- ലതാദികളുടെ വിത്തുകൾ വിതറുക. അതിനായി ചെമ്പകം, പുളി, മദിരാശി എന്നീ മരങ്ങളുടെ വിത്തുകൾ കൈയിൽ കരുതി. ഇങ്ങനെ ചെറുരീതിയിൽ എങ്കിലും വാഹനത്തിൽ ഒട്ടിച്ച ആദർശസൂക്തത്തോട് നീതി പുലർത്തുന്ന ഒരു യാത്രകൂടിയാണിത്.
സഫലമീ സ്വപ്‌നം
വീട്ടിൽ നിന്ന് സ്‌കൂട്ടറുമായി ഇറങ്ങുമ്പോൾ തങ്ങളെ സംബന്ധിച്ചിടത്തോളം അതൊരു വലിയ സ്വപ്‌നത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടിയായിരുന്നു. സ്‌കൂൾ കാലഘട്ടം മുതൽ പാഠപുസ്തകത്തിൽ വായിച്ച, നേരിൽ കാണാനാഗ്രഹിച്ച താജ്മഹലും കുത്തബ്മിനാറും പിന്നെ ഒരു 15 വർഷത്തോളമായി കശ്മീർ കാണണമെന്നുള്ള അതിയായ മോഹം ഇതെല്ലാമായിരുന്നു ഇങ്ങനെയൊരു സാഹസികയാത്രക്ക് പിന്നിൽ. പക്ഷേ കൈയിൽ കാശില്ലാതെയും ജോലി ഒഴിവാക്കിക്കൊണ്ടുമുള്ള യാത്ര സ്വപ്നം കാണാൻ പോലും കഴിയില്ല. പോകണമെന്നുള്ള ആഗ്രഹം മാത്രം മനസ്സിലിട്ട് പാകപ്പെടുന്നതിനിടക്കാണ് ഗൾഫിൽ ജോലി കിട്ടുന്നത്. സ്വപ്‌നം വെറും സ്വപ്‌നം മാത്രമായി അവശേഷിച്ചു. അതിനിടക്ക് ഗൾഫിൽ വെച്ചുണ്ടായ ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങൾ പാതിവഴിയിൽ നിലച്ചുപോയ സ്വപ്‌നം വീണ്ടും പൊടിതട്ടിയെടുക്കാൻ കാരണമായി. ആരോഗ്യമുള്ള കാലത്തെ ആഗ്രഹങ്ങൾ സഫലീകരിക്കാനാകൂ എന്ന ബോധ്യത്തിനൊടുവിൽ ജോലി രാജിവെച്ച് നാട്ടിലെത്തി. യാത്രാകമ്പമുള്ള ഭാര്യയും കൂടെ പോരാൻ തയ്യാറായി. ഒടുവിൽ രണ്ടും കൽപ്പിച്ച് ഞങ്ങൾ ഇന്ത്യ എന്ന മഹാരാജ്യത്തെ കണ്ടും അനുഭവിച്ചും അറിയാനിറങ്ങി.
സ്‌കൂട്ടറിലുള്ള ഞങ്ങളുടെ യാത്ര തന്നെ വലിയ വെല്ലുവിളിയാണ്. കശ്മീരിലെ റോത്താംഗ് പാസ്, സോജിലാ പാസ്, ഏറ്റവും ഉയരമുള്ള (18,380 അടി) മോട്ടോറബിൾ റോഡ് ആയ കർത്തുംഗ് ലാ ടോപ്പ് ഇവിടങ്ങളിലേക്ക് പവറുള്ള വണ്ടികളിലാണ് പൊതുവേ എല്ലാവരും സാഹസിക യാത്ര നടത്താറുള്ളത്. എന്നാൽ പവർ കുറഞ്ഞ വണ്ടിയിൽ സാധാരണക്കാർക്കും ഇത്തരം ലക്ഷ്യങ്ങൾ നേടാനാകുമെന്ന് ആളുകളെ ബോധ്യപ്പെടുത്താനാണ് സ്‌കൂട്ടർ തിരഞ്ഞെടുത്തത്. എന്നാൽ കശ്മീരിലെത്തിയപ്പോൾ ഇത്രയധികം ലഗേജുകളും രണ്ടാളുകളും ഈ ചെറിയ വണ്ടി മുകളിലെത്തിക്കുമോ എന്ന പേടി ഞങ്ങളെ ആശങ്കപ്പെടുത്തി. ദൈവാനുഗ്രഹത്താൽ ഒരു കുഴപ്പവുമില്ലാതെ കാർത്തുംഗ് ലാ ടോപ്പിലെത്തി. യാത്രക്കിടയിൽ ചരിത്രപ്രസിദ്ധമായ എല്ലാ സ്ഥലങ്ങളും സന്ദർശിക്കുന്നുണ്ട്. ഈ വഴിയിലൊക്കെ ലഭിച്ച സ്വീകാര്യത, വ്യക്തികൾ, സ്ഥാപനങ്ങൾ ഇവരുടെയൊക്കെ സഹായം എടുത്തുപറയേണ്ടതാണ്. പള്ളിയിലെ അച്ചനും ക്ഷേത്രത്തിലെ പൂജാരിയും ഒരേ മനസ്സോടെ സഹായിച്ചു.
ഭോപ്പാലിൽ ഞങ്ങളുടെ യാത്രക്ക് വേണ്ട എല്ലാ സഹായവുമായെത്തിയത് അവിടുത്തെ പള്ളിയിലെ അച്ചൻമാരായിരുന്നു. ഹൈദരാബാദിലെ ഫിലിം സിറ്റി കാണാൻ വേണ്ട ടിക്കറ്റ് എടുത്തുതന്നതും (ഒരാൾക്ക് ടിക്കറ്റ് ചാർജ് 2,300 രൂപ) ഞങ്ങൾക്കൊപ്പം വന്നതും കാര്യങ്ങൾ പറഞ്ഞു തന്നതും അവിടുത്തെ ക്ഷേത്ര പൂജാരിയാണ്. അതുപോലെ ഡൽഹിയിൽ ഞങ്ങളെ സഹായിച്ചത് സാജു പള്ളം എന്ന വ്യക്തിയാണ്. സത്യം പറഞ്ഞാൽ ഇത് വല്ലാത്തൊരു അനുഭവമാണ്. ഈ യാത്ര ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു തരുന്നുണ്ട്. മധ്യപ്രദേശിലൂടെ കടന്നുവരുമ്പോൾ മാത്രമാണ് ഇത്തിരി ദുരനുഭവം നേരിട്ടത്. എന്നാലും വലിയ കുഴപ്പമില്ലാതെ അതും കൈകാര്യം ചെയ്തു. വണ്ടിക്ക് ഇതുവരെയായിട്ടും കുഴപ്പമൊന്നുമില്ല. ഓയിൽ ചെയ്ഞ്ച്, വാട്ടർ സർവീസ് ഇവയൊക്കെ ടി വി എസുകാർ ഫ്രീ ആയി ചെയ്തു തന്നു. രണ്ട് ഹെൽമറ്റും ഗിഫ്റ്റ് ആയി കിട്ടി. അങ്ങനെ കുറേ കാര്യങ്ങൾ. നമുക്ക് ചിന്തിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു ഇവയൊക്കെ. സഹായിച്ചവർ ഭൂരിഭാഗവും മലയാളികളായിരുന്നു. കെ എൽ നമ്പർ കണ്ട് കശ്മീരിലെ പട്ടാളക്കാർ ഇങ്ങോട്ട് വന്ന് വിശേഷങ്ങൾ പങ്കുവെച്ചു. ശ്രീനഗറിലെത്തിയപ്പോൾ അവിടെ 65 ദിവസമായി ഫോണോ നെറ്റോ മറ്റ് വാർത്താമാധ്യമങ്ങളോ ഒന്നും തന്നെയില്ല. റോഡൊക്കെ വിജനമാണ്. കടകൾ അടഞ്ഞുകിടക്കുന്നു. പട്ടാളക്കാർ റോഡിൽ റോന്ത് ചുറ്റുന്നുണ്ട്. ഈ സന്ദർഭം വളരെ ഭയപ്പെടുത്തുന്നതായിരുന്നു. എന്നാലും കശ്മീർ ജനതയുടെ സ്‌നേഹത്തിന് മുന്നിൽ ഇതൊക്കെ നിസ്സാരമായിരുന്നു. കാരണം മാധ്യമങ്ങളൊക്കെ അവരെ അങ്ങനെ ആണല്ലോ ചിത്രീകരിക്കുന്നത്. ആ ജനതയെ അടുത്തറിയാൻ പറ്റിയത് ഈ യാത്രയിലെ നല്ല അനുഭവമാണ്. അതിനിടെ ദാൽ തടാകത്തിലേക്കുള്ള യാത്രക്കിടെ വഴി കാണിക്കാൻ ഞങ്ങളെ പിന്തുടർന്നുവന്ന ബൈക്ക് യാത്രികനെ മറക്കാൻ പറ്റില്ല. യാത്രക്കിടെ കൈവശം കരുതിയിരുന്ന വിത്തുകൾ ഹൈദരാബാദ്, മൈസൂർ, മുംബൈ എന്നിവിടങ്ങളിലെ വിജനമായ പാതയോരങ്ങളിൽ വിതറി. പഞ്ചാബിലെത്തിയപ്പോൾ വിത്തൊക്കെ തീർന്നു. കാർഗിലിൽ നിന്നു വരുന്ന ഒരു സംഘം കുറച്ച് പുളിങ്കുരു തന്നു. അതാണ് പിന്നീട് ഉപകരിച്ചത്.
ശരിക്കും ഇത് ഇന്ത്യയിലെ കാണാനാഗ്രഹിച്ച സ്ഥലങ്ങളിലേക്ക് വിവിധ സംസ്‌കാരങ്ങളെ അടുത്തറിയാനുള്ള യാത്രയായിരുന്നു. എപ്പോഴോ മനസ്സിൽ കയറിക്കൂടിയ താമരശ്ശേരി ചുരം, വിവിധ കൊട്ടാരങ്ങൾ, ചരിത്രമുറങ്ങുന്ന സ്തൂപങ്ങൾ, സ്വാതന്ത്ര്യ സമര സേനാനികൾ ജീവൻ ബലി നൽകിയ ജാലിയൻ വാലാബാഗ് പോലുള്ള സ്ഥലങ്ങൾ, കർണാടകയിലെ ബാനർഹട്ട ദേശീയോദ്യാനം, ഗുണ്ടൽപേട്ടിലെ പൂപ്പാടങ്ങൾ, ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റി. ഗ്വാളിയോറിലെ കോട്ടയും ഭക്തി നിർഭരമായ സായാഹ്നവും. ഭോപ്പാൽ പട്ടണത്തിന്റെ നടുവിലെ മനോഹര തടാകങ്ങൾ. ഡൽഹിയിലെ ബഹായി മതക്കാരുടെ ലോട്ടസ് ടെംപിൾ, ഡൽഹിയിലെ ചരിത്ര സ്മാരകങ്ങൾ, ഗാന്ധിജി അടക്കമുള്ള മഹാത്മാക്കൾ അന്തിയുറങ്ങുന്ന രാജ്ഘട്ട്, മണാലിയുടെ മനോഹാരിത, കശ്മീരിലെ കുളിരും മഞ്ഞും, ലഡാക്കിലെ മനോഹര കാഴ്ചകൾ, കാർഗിലിൽ യുദ്ധ സ്മരണകളുയർത്തുന്ന മ്യൂസിയം, ശ്രീനഗറിലെ മനോഹരമായ ദാൽ തടാകം. ഷിംലയിലെ ചരിത്ര പഴക്കമുള്ള നാരോ ഗേജ് ട്രെയിൻ, വാഗാ ബോർഡർ, പഞ്ചാബിലെ വാർ ഹീറോസ് മ്യൂസിയം, അമൃത്‌സറിലെ സുവർണ ക്ഷേത്രം… അങ്ങിനെയങ്ങിനെ ഒരുപാട് കാഴ്ചകൾ കാണാനുള്ള ഒരു യാത്ര. മഞ്ഞും മരുഭൂമിയും കാടും കടന്ന് ഞങ്ങളുടെ കൊച്ചുവണ്ടി കാഴ്ചയുടെ വിവിധ അനുഭൂതികളിലേക്കാണ് ഞങ്ങളെ കൊണ്ടെത്തിച്ചത്.
വാക്കുകൾ കൊണ്ട് വിവരിക്കാൻ പറ്റുന്നതിനും അപ്പുറമാണത്. പറയുന്നതിന്റെ നാലിരട്ടിയുണ്ട് അതിന്റെ തീവ്രത. ആരോഗ്യമുള്ള സമയത്ത് നമ്മൾ ജോലിയുടെയും സമ്പത്തിന്റെയും പുറകെ ഓട്ടത്തിലായിരിക്കും. അതിനിടക്ക് മനസ്സിലെ ചെറിയ ആഗ്രഹങ്ങൾ പോലും കാണാനും അറിയാനും ശ്രമിക്കില്ല. എല്ലാം പിന്നീടാകാം എന്നു കരുതി മാറ്റിവെക്കും. അവസാനം എല്ലാം പൂർണതയിലെത്തി സ്വതന്ത്രമാവുമ്പോഴേക്കും ആരോഗ്യം നമ്മെ തളർത്തിയിരിക്കും. ആരോഗ്യമുള്ള സമയത്ത് കാഴ്ചകൾ കാണുക, സഞ്ചരിക്കുക. ശിഷ്ടകാലം കണ്ട കാഴ്ചകളെയും സഞ്ചരിച്ച വഴികളെയും കുറിച്ചുള്ള സ്മരണകൾ അയവിറക്കി ജീവിക്കുക. ഈ ധാരണയാണ് യാത്രയിൽ ഞങ്ങൾക്ക് തുണയാവുന്നത്.
യാത്ര പഠിപ്പിച്ച പാഠങ്ങൾ
താനൊറ്റക്കോ അതല്ല യാത്രാകമ്പമുള്ള സംഘത്തിനൊപ്പമോ ആണ് ഈ യാത്ര നടത്തിയിരുന്നതെങ്കിൽ തനിക്ക് മറ്റൊന്നും നോക്കേണ്ടതില്ല. പക്ഷേ ഭാര്യ തനിക്കൊപ്പമുള്ളതിനാൽ കൂടുതൽ ശ്രദ്ധയും സാമ്പത്തിക സുരക്ഷിതത്വവും വേണ്ടിവരും. അത് കണക്കുകൂട്ടലുകൾക്കും അപ്പുറത്തായിരിക്കും. പക്ഷേ പണത്തിന്റെ മൂല്യത്തേക്കാൾ ഈ യാത്ര സമ്മാനിച്ച ഒട്ടനവധി നല്ല ഓർമകളുണ്ട്. പഠിപ്പിച്ച പാഠങ്ങളുണ്ട്. അതൊന്നും കാശുകൊടുത്ത് വാങ്ങാൻ കഴിയില്ല. കണ്ണ് നിറഞ്ഞുപോയ ഒട്ടനവധി മുഹൂർത്തങ്ങളുണ്ട്. നമ്മളിതുവരെ കാണുകയോ ഇനി വീണ്ടും കാണുമെന്ന് ഒരുറപ്പ് പോലുമില്ലാത്ത നിരവധിപേർ. അങ്ങനെയൊരാളാണ് ഭോപ്പാലിലെ പള്ളിയിലെ അച്ചനായ വിശ്രമജീവിതം നയിക്കുന്ന ആന്റണി ചിറമ്മേലച്ചൻ. പേസ് മേക്കർ വെച്ചാണ് അച്ചന്റെ മുന്നോട്ടുള്ള ജീവിതം തന്നെ. അതിന്റെ ഗാരന്റിയാകട്ടെ വെറും പത്ത് വർഷവും. അങ്ങനെയുള്ള ഫാദർ ഭോപ്പാലിൽ ഞങ്ങൾക്ക് വേണ്ട എല്ലാ സഹായങ്ങളും ഒരുക്കി കൂടെ തന്നെ നിന്നു. അവസാനം മടങ്ങേണ്ട ദിവസം താമസിക്കുന്ന രണ്ടാം നിലയിലെ മുറിയിലേക്ക് ബുദ്ധിമുട്ടി കയറി വന്ന ഫാദർ ഒരു കവർ എന്റെ ഭാര്യക്ക് നൽകി. അതിൽ 3000 രൂപയുണ്ടായിരുന്നു. നിങ്ങൾ പോകുന്ന വഴിക്ക് പെട്രോളടിക്കാനുള്ള പണമാണിതെന്ന് പറഞ്ഞു. ഞങ്ങൾക്കത് സങ്കടമായി. വേണ്ടാന്ന് പറഞ്ഞപ്പോൽ നിർബന്ധപൂർവം കൈയിൽ വെച്ചു തന്നു. അത് ഞങ്ങൾ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. സുന്ദരമായ ഈ യാത്രയുടെ ഓർമക്കായി. അതുകൊണ്ട് തന്നെ വീണ്ടുമൊരിക്കൽ കൂടി പറയുന്നു വാക്കുകൾക്ക് അപ്പുറമാണ് ഈ യാത്രയിലെ ഓരോ നിമിഷവും. അതിനാൽ ഞങ്ങൾ യാത്ര തുടരുകയാണ്.
ധന്യ എ
• Dhanya0304@gmail.com