Vazhivilakk
മീലാദുർറസൂൽ ജമാഅത്തുകാർക്ക് ആകാവുന്നത്
മുത്തുറസൂലിന്റെ തിരുപ്പിറവിനാൾ കടന്നുവരുമ്പോൾ ഒരുഭാഗത്ത് ആനന്ദവും മറുഭാഗത്ത് അങ്കലാപ്പും രൂപപ്പെടുന്ന വിരുദ്ധദൃശ്യമാണ് കാണുന്നത്. ഒരുപക്ഷെ ‘ആന്റീ അഹ്‌ലുസ്സുന്നകൾ’ നടത്തിയ ചരിത്രപരമായ ആന മണ്ടത്തരമായിരിക്കും മീലാദുന്നബിയെ കേടാചാരമായി പുച്ഛിച്ച് കാൽക്കീഴിലുരച്ചത്. കൊല്ലം കഴിയുന്തോറും പൊതുജനം ആ പുച്ഛത്തെ എത്രയാഴത്തിൽ കുഴിവെട്ടിമാടുന്നു എന്ന് സൂക്ഷമമായി നിരീക്ഷിക്കുന്ന ഏതൊരു സാധാരണക്കാരനും മനസ്സിലാകും. ഏറക്കാലം പിടിച്ചു നിൽക്കാനാകില്ല അളിഞ്ഞുതുടങ്ങിയ ഈ മൃതവാദവും പേറി, ഉറപ്പ്!
ഇവിടെ ജമാഅത്തുകാരോട് പറയാനുള്ളത് നിങ്ങൾ ഏറ്റവും ചുരുങ്ങിയത് ഇത്രയെങ്കിലും ചെയ്യാൻ ശ്രമിക്കണം. നിങ്ങൾക്കതാവും. മുജാഹിദിനെപ്പോലുള്ള ശൗര്യശാഠ്യങ്ങൾ നിങ്ങൾക്കില്ല എന്നുള്ളത് നിങ്ങളുടെ ഒരു പ്ലസ് പോയിന്റാണ്. അഥവാ നമ്മുടെ പുതുതലമുറയുടെ അകതാരുകളിൽ മുത്ത് നബി പൂത്തുനിൽക്കണം. അതിന് അവരുടെ തലച്ചോറ്റിലേക്ക് വിവരക്കൊട്ട കൊട്ടിയാലോ, സൈദ്ധാന്തിക ‘ഭാഷണങ്ങളുടെ പേമഴ പെയ്യിച്ചാലോ പോരാ. മറിച്ച് ഇശ്കിന്റെ ഈർപ്പം ഉറയുന്ന വൈകാരിക- അതെ അങ്ങനെ തന്നെ- കുടുംബ സാമൂഹിക പശ്ചാത്തലം സൃഷ്ടിച്ചുകൊടുക്കണം. അതിനെന്താ വഴി എന്ന് നിങ്ങൾ വ്യക്തിപരമായി സ്വന്തം സ്വന്തം ആലോചിച്ച് നോക്കിയാൽ പോര. ശൂറാലെവലിൽ തന്നെ ഗൗരവമായി കൂട്ടാലോചന നടത്തണം.
റബീഉൽ അവ്വൽ മാസത്തിലാവണമെന്നോ നബിദിനമെന്ന് പേരിടണമെന്നോ ഇല്ല. ചില പദങ്ങൾ കേട്ട് ശീലിക്കുക വഴി മനസ്സിലുണ്ടായ പൂപ്പൽ പ്രശ്‌നം സൃഷ്ടിക്കുന്നത് മനസ്സിലാകുന്നുണ്ട്. ‘ഉപ്പാന്റെ ആണ്ട്, ‘ഉപ്പാപ്പാന്റെ ഉറൂസ്’ എന്നതൊക്കെ വ്യവഹാരിക ദഹനക്കേട് ഉണ്ടാക്കിയേക്കാം. അതിനെ ‘പിതാവിന്റെ ശ്രാദ്ധം,’ ‘പുണ്യാത്മാവിന്റെ ജയന്തിയാഘോഷം’ എന്നൊക്കെ മാറ്റിപ്പറയേണ്ടിവരും. അതും ഒരർഥത്തിൽ പ്രശ്‌നം തന്നെയാണ്. ഭാഷയോടും സാഹിത്യത്തോടും കടുപ്പപ്പെട്ട അറ്റാച്ച്‌മെന്റ് ഉണ്ടെന്ന് പ്രകാശിപ്പിക്കും വിധം പേര് സ്വീകരിക്കുകയും പദം ഉപയോഗിക്കുകയും ചെയ്യുമ്പോൾ അത് അദബിനോട് പോരടിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. അക്കാര്യത്തിൽ ജമാഅത്തിന് നല്ലോണം മാർക്ക് കുറവാണെന്ന കാര്യം വ്യസനസമേതം അറിയിക്കാതിരിക്കാൻ വയ്യ!
അത് പ്രമാണങ്ങളിൽ നിന്നെന്നതിനേക്കാൾ ഉള്ളിൽ നിന്ന് തെളിഞ്ഞ് കിട്ടേണ്ടതാണ്. അതിന് ഒരു പുണ്യഗുരുവിന്റെ അരം കൊണ്ട് നമ്മുടെ ഉൾകണ്ണാടി ഉരച്ച് തെളിയിക്കേണ്ടതുണ്ട്. അതിന്റെ അഭാവത്തിലാണ് ഖുർആൻ പഠനത്തിൽ അഊദുവിന് ‘ശരണം തേടുന്നു’ എന്നർഥം കൊടുക്കുന്നത്. വാസ്തവത്തിൽ ‘ശരണം’ എന്ന വാക്കിന് എന്താ കേട്?. ഒരു കേടുമില്ല. നിഘണ്ടു നോക്കിയാൽ ആർക്കും മനസ്സിലാകുന്ന കാര്യമാണ്. പോകട്ടെ, ‘റാഇനാ, ഞങ്ങളെ പരിഗണിക്കണേ എന്ന വാക്കിനെന്താ കുഴപ്പം. ഒരു കുഴപ്പവുമില്ല. സംക്ഷിപ്തശുദ്ധ അറബി വാക്കാണത്. പക്ഷേ ഖുർആൻ പറഞ്ഞത് അങ്ങനെ പറയേണ്ടെന്നാണ്. പകരം ‘ഉൻളുർനാ’ എന്ന് പറയണമെന്നാണ്.. ആ രണ്ടിന്റെയും ഇടയിൽ വളരെ സുഷ്മമായ ഒരിടം മറഞ്ഞ് കിടക്കുന്നുണ്ട്. അത് കണ്ടുപിടിച്ച് കാര്യങ്ങൾ ഉൾക്കൊള്ളാൻ ശ്രമിച്ചാൽ ജമാഅത്തിന് എത്രയോ മാറ്റ് കൂടും. അതു വ്യക്തമാക്കേണ്ടതിലേക്കായി ചിലതുകൂടി ചേർത്ത് പറയാം.
‘വാക്കുകളിലെന്തിരിക്കുന്നു?’എന്ന് പറയേണ്ടത് നമ്മളല്ല; ഷേക്സ്പിയറിനതാകാം. ആദരിക്കപ്പെടുന്ന വൃത്തപരിധിയിൽ വെച്ച് പദപ്രയോഗം നടത്തുമ്പോൾ നമ്മൾ ലേശം കെയർഫുൾ ആവുന്നത് നന്ന്. ഉദാഹരണത്തിന് ശ്രീകൃഷ്ണ ജയന്തി, ശ്രീനാരായണ ഗുരു ജയന്തി, വാഗ്ഭടാനന്ദ ജയന്തി എന്നൊക്കെ നാം കേൾക്കാറുണ്ട്. പക്ഷേ, അതിനോട് കിടപിടിച്ചുകൊണ്ട് ശരണം തേടുന്നു എന്ന് ‘അഊദു’ബിന് അർഥം പറഞ്ഞ അതേ ഭാഷാ നിലവാരത്തിൽ നിന്നുകൊണ്ട് നബിജയന്തി എന്ന് ജമാഅത്ത് ലഘുലേഖയെഴുതുമ്പോൾ മുത്ത് നബിയുടെ ആശിഖീങ്ങളായ പാവങ്ങളുടെ ഇടനെഞ്ച് ഇടിഞ്ഞുപൊളിയുന്നുണ്ട്. ദയവ് ചെയ്ത് എന്താ ജയന്തി എന്ന് പറഞ്ഞാൽ ജന്മദിനം എന്നന്നെയല്ലേ എന്ന് തിരിച്ച് ചോദിച്ച് ജമാഅത്ത് തോൽപ്പിക്കല്ല. ഇത് തോൽക്കാനോ ജയിക്കാനോ വാദിക്കാനോ മറിച്ചിടാനോ ഉദ്ദേശിച്ചുള്ളതല്ല. മറിച്ച് ഒരാൾക്കെങ്കിലും, അതെ പതിനായിരത്തിൽ ഒരാൾക്കെങ്കിലും, പുനരാലോചനക്ക് വകനൽകിയെങ്കിലോ എന്ന ഒറ്റ പ്രതീക്ഷയിലെഴുതുന്നതാണ്.
ഏതു പദവും എങ്ങനെയുമാകാം എന്ന വിശ്വാസപ്രകാരം നബിജയന്തി എന്നെഴുതാൻ ധൈര്യം കാണിച്ച ജമാഅത്ത് ചത്തു എന്ന വാക്ക് കേൾക്കുമ്പോഴേക്ക് ഹാലിളകരുതായിരുന്നു. മനസ്സിലായില്ല? പറയാം. നബിദിനത്തെ വിമർശിച്ചുകൊണ്ട് ജമാഅത്തിറക്കിയ ലഘുലേഖക കിട്ടുന്നു. വായിച്ചുനോക്കുമ്പോൾ കണ്ണിൽ തടഞ്ഞത് നബിജയന്തി. മനസ്സ് പൊള്ളിനീറി. സ്റ്റാഫ് റൂമിൽ കയറി ജമാഅത്ത് സഹപ്രവർത്തകരെ വിളിച്ചുകൂട്ടി.
ഞാനൊരു കാര്യം ചോദിച്ചാൽ നിങ്ങൾ പ്രകോപിക്കുമോ?
ഇല്ല. ഉറപ്പാണോ?
യെസ്, പറയ്
വെറുപ്പോ മുഷിപ്പോ തോന്നുമോ
ഇല്ല, ചങ്ങാതീ, ഒന്ന് പറയ്
ഉറപ്പല്ലേ?
ആ… അതെ..
അല്ല, നിങ്ങളെ മൗദൂദി എന്നാ ചത്തത് ?
ഔവവ്വാവ്വാാാ….
ശക്തമായ ഉറപ്പ് കൊടുത്തിട്ടും അന്നേരം എന്തുകൊണ്ടോ നേതാവിനോടുള്ള അതിരറ്റ ആദരം കാരണം അവരുടെ കണ്ണ് ചുവന്നു, കവിൾ കറുത്തു. ഭാവത്തിൽ മഹാചുഴലി ചുറ്റിക്കറങ്ങി. മുത്ത് നബിയെപറ്റി ശ്രീനാരായണ മട്ടിൽ ജയന്തി എന്ന് പറയാൻ നിനക്ക് ലാഘവത്വം. മൗദൂദിയെ പറ്റി ഏറ്റവും ജനകീയമായ ചാവു പറയുമ്പോഴേക്ക് ഉള്ളിൽ ലാവ തിളക്കുക? ഇതെന്ത് ഏർപ്പാടപ്പാ? നിങ്ങൾ വിചാരിക്കും ജമാഅത്തിനെ കുത്താനായിട്ട് ഞാനൊരു സാങ്കൽപ്പിക കഥ മെനഞ്ഞതാവാം എന്ന്. അല്ല! ഈ സംഭവം നടന്നത് തിരൂരങ്ങാടി പി എസ് എം ഒ കോളജിലാണ്. പ്രൊഫ. യു സി അബ്ദുൽ മജീദാണ് ചോദ്യകർത്താവ്. നിജസ്ഥിതി അറിയാൻ നേരിട്ട് വിളിക്കാം. ഫോൺ നമ്പർ രിസാല ഡയറക്ടറിയിൽ തെരയണമെന്നില്ല, പിടിച്ചോ 9895223006
പക്ഷേ, യു സി സാറിന്റെ ‘എന്നാ ചത്തത്’ എന്ന ചോദ്യത്തോട് ഒരാൾക്ക് വേണേ വ്യക്തിപരമായി വിയോജിക്കാം. ഏറ്റവും നല്ലത് ‘മൗദൂദി സമാധി’ എന്നായിരുന്നു എന്ന് ചോദിക്കലായിരുന്നു. ജമാഅത്തുകാരാകുമ്പോൾ അങ്ങനെയാണ് നല്ലത്. അതേസമയം മൗദൂദി മുജാഹിദിന്റെ നേതാവായിരുന്നെങ്കിൽ മുജാഹിദിനോട് മേൽവിധം ചോദിക്കുക ഉചിതമാവുമായിരുന്നു. ജമാഅത്തും മുജാഹിദും പദപ്രയോഗത്തിൽ അങ്ങനെ ഒരു വ്യത്യാസമുണ്ട്. സമൂഹത്തിലെ അത്യാവശ്യം വിദ്യാഭ്യാസവുമുള്ള വിഭാഗം എന്ന് കരുതിയ അവർ സർവമതക്കാരും ഉള്ള കവലകളിൽ എന്ത് ചീഞ്ഞഭാഷയിലുള്ള സംവാദ സംസ്‌കാരമാണ് പരിചയപ്പെടുത്തിയത് എന്ന് തിരിഞ്ഞുനോക്കുമ്പോൾ നമ്മിൽ പുച്ഛം നുരയുന്നില്ലേ? മുൻഷിമാരും മാഷമ്മാരുമുള്ള ഒരു ഫാക്ഷനിൽ നിന്ന് കുറച്ച് കൂടി മാന്യമനോഹരമായ സംവാദഭാഷയായിരുന്നില്ലേ ഉണ്ടാവേണ്ടിയിരുന്നത്? മാന്യമായിരുന്നു ജമാഅത്തിന്റെ സംവാദപരമായ തെരുവോര പരിചരണമെന്നത് ശ്ലാഘധന്യമാണ്.
ഇത് പറയുമ്പോൾ ഒരാൾക്കിങ്ങനെ തിരിച്ച് ചോദിക്കാം. എന്നാൽ അത്തരമൊരു പ്രസംഗങ്ങൾക്ക് മറുപടി തീർത്ത പ്രതിരോധ പ്രഭാഷണങ്ങൾ ചിലപ്പോഴെങ്കിലും ചന്ത‘ഭാഷയിൽ ആയിപ്പോയതിനെ പറ്റി എന്താ ഒന്നും മിണ്ടാത്തത് എന്ന്? അപലപനീയം!!! വിശ്വാസികളായ പൊതുജനത്തിന്റെയും സഹോദര മത സമൂഹങ്ങളുടെയും ഇടയിൽ ആത്മനിന്ദ നിറയുംവിധം നമ്മുടെ തെരുവ് പ്രസംഗങ്ങളും സംവാദങ്ങളും ആരിൽ നിന്നെല്ലാം തരംതാണു പോയിട്ടുണ്ടോ അതെല്ലാം കുറ്റകരം തന്നെയാണ്. ആദർശ സംവാദത്തിൽ വ്യക്തിപരമായ സ്വഭാവ ദൂഷ്യങ്ങൾ കലർന്ന് ചേരുക, അഹന്തയും ദുരുദ്യേശ്യവും ഈഗോയിസവും കൊമ്പുകുലുക്കുക, എന്നിട്ടവയെല്ലാം ശരികളായി പിൻതലമുറ മാതൃകയാക്കുക-വിചാരണ നേരിടുന്നുണ്ട് ഇതെല്ലാം. ഇന്നീ സമരം സൂചന മാത്രം… സൂചന കണ്ടു പഠിച്ചില്ലെങ്കിൽ… സോറി ചിലപ്പോൾ എസ്സെഫൈ ആകേണ്ടി വരുന്നു!
അപ്പോൾ വന്നത്, അതേ, പേരിലും കാര്യമുണ്ടെന്നു തന്നെ. നബിദിനമെന്ന പ്രയോഗത്തിനോടോ റബീഉൽ അവ്വൽ മാസത്തെ പ്രത്യേകമായി തിരഞ്ഞുപിടിക്കുന്നതിലോ ഇഷ്ടക്കേടുണ്ടെങ്കിൽ പിന്നെ തത്കാലം അതിന്റെ പിന്നിൽ പോവണ്ടാ, മറ്റെന്തെങ്കിലും അദബുള്ള പേര് കണ്ടുപിടിച്ചോ. ഇഷ്ടമുള്ള മാസം, ഇഷ്ടമുള്ള സമയം കണ്ടെത്തിക്കോ? എന്നിട്ട് ഭാര്യയേയും മക്കളേയും വിളിച്ച് വളച്ചിരുത്തി മുത്ത്‌നബിയാകുന്ന പുണ്യവാളത്വത്തിന്റെ പൂമരത്തെ അവർക്ക് മുകളിലേക്ക് പിടിച്ചുകുലുക്കിക്കൊട്! നബിയുടെ പൂമണം പതഞ്ഞുതൂകുന്ന പുണ്യമലരുകൾ അവരെ പുതഞ്ഞുമൂടട്ടെ. ആയതിലേക്ക് പ്രകീർത്തനഗദ്യവും ശിർക്കുഫ്രീപദ്യവും നൂൽത്ത് സർവർക്കും സ്വീകാര്യമായ ഒരു നബിദിന കീർത്തനം തയ്യാർ ചെയ്യ്. ഗദ്യത്തിലെ ഡാറ്റകൾ തലച്ചോറിലെ അറകളിൽ ചെന്ന് പറ്റിപ്പിടിക്കുമ്പോലെ കീർത്തന കാവ്യങ്ങളിലെ ഇശ്ഖു നനഞ്ഞ മഞ്ഞ് അവരുടെ മനസ്സിൽ അലിഞ്ഞ് കുതിരട്ടെ!
ഫൈസൽ അഹ്സനി ഉളിയിൽ
faisaluliyil@gmail.com