Articles
കലഹിച്ചു തീരാതെ മഹാരാഷ്ട്ര
മഹാരാഷ്ട്രയില്‍ ബി ജെ പി- ശിവസേന സഖ്യം വിജയിച്ചെങ്കിലും സര്‍ക്കാര്‍ രൂപവത്കരണ തര്‍ക്കം പത്ത് ദിവസം കഴിഞ്ഞിട്ടും മുറുകുകയാണ്. ഏറ്റവും ഒടുവില്‍ തിങ്കളാഴ്ച രാഷ്ട്രീയ ഇന്ത്യ ഉറ്റുനോക്കിയ മൂന്ന് പ്രധാന യോഗങ്ങളും കൃത്യമായ പരിഹാരം മുന്നോട്ടുവെക്കാനാകാതെ പിരിഞ്ഞു. പ്രശ്നപരിഹാരത്തിനായി തിങ്കളാഴ്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഡല്‍ഹിയില്‍ പോയി അമിത് ഷായെ കണ്ടിരുന്നു. ശിവസേനക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ കയ്യാലപ്പുറത്തുള്ള എന്‍ സി പി മേധാവി ശരദ് പവാര്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടപ്പോള്‍ ശിവസേനാ നേതാവ് സഞ്ജയ് റൗത്ത് രാജ്ഭവനിലേക്കായിരുന്നു പോയത്. കോണ്‍ഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ എന്‍ സി പിയും ശിവസേനയും സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് പേര് വെളിപ്പെടുത്താത്ത എന്‍ സി പി നേതാവ് പറഞ്ഞുവെച്ചിട്ടുണ്ട്. അങ്ങനെ വന്നാല്‍ സേനയുടെ അംഗം മുഖ്യമന്ത്രിയും എന്‍ സി പി പ്രതിനിധി ഉപമുഖ്യമന്ത്രിയുമാകും. ബി ജെ പി- ശിവസേന സഖ്യം ഇല്ലെങ്കില്‍ മാത്രമാണ് ഇതിന് സാധ്യതയുള്ളൂ. സേനയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള പദ്ധതിയാണ് അമിത് ഷാ- ഫട്നാവിസ് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞത് എന്നാണ് സൂചന. പുതിയ സര്‍ക്കാര്‍ ഉടന്‍ നിലവില്‍ വരുമെന്നല്ലാതെ കൂടുതല്‍ കാര്യങ്ങള്‍ ഫട്നാവിസ് പറഞ്ഞിട്ടില്ല. ബി ജെ പിയെ സംബന്ധിച്ചിടത്തോളം ഹരിയാനയെ പോലെ തന്നെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പും തികഞ്ഞ “പരാജയ”മായിരുന്നു. ഇരുനൂറിലധികം സീറ്റുകള്‍ നേടുമെന്ന അമിത ആത്മവിശ്വാസത്താല്‍ തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ ബി ജെ പിക്ക് പക്ഷേ കഴിഞ്ഞ തവണത്തെ വിജയം പോലും ആവര്‍ത്തിക്കാനായില്ല. സെന്‍സെക്സ് ഇടിയും പോലെ ബി ജെ പിയുടെ വോട്ട് ഓഹരി താഴേക്ക് പോയി. ഹരിയാനയിലും സമാന സ്ഥിതിയായിരുന്നെങ്കിലും പുത്തന്‍ താരോദയമായ ദുഷ്യന്ത് ചൗത്താലയുടെ ജെ ജെ പിയുടെ പിന്തുണ നേടാനും തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാം ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാനുമായി.
എന്നാല്‍, മഹാരാഷ്ട്രയില്‍ നേരെ തിരിച്ചായിരുന്നു കാര്യം. ഫലം അനുകൂലമാകുന്നത് കണ്ടതോടെ മഹായുതി സഖ്യത്തിന്റെ പ്രധാന പങ്കാളിയായ ശിവസേന കളം മാറി. “എന്റെ അതിര്‍ത്തിയില്‍ ഞാന്‍ തന്നെ രാജാവ്” എന്ന നിലപാടില്‍ കാലങ്ങളായി നിലകൊള്ളുന്ന ഉദ്ധവ് താക്കറെ ഫിഫ്റ്റി- ഫിഫ്റ്റി വജ്രായുധം പുറത്തെടുത്തു. രണ്ടര വര്‍ഷം മുഖ്യമന്ത്രി പദവും പകുതി വകുപ്പുകളുമാണ് 50:50 കൊണ്ട് ഉദ്ദേശിക്കുന്നത്. മകന്‍ ആദിത്യ താക്കറെയെ മുഖ്യമന്ത്രി കസേരയില്‍ അവരോധിതനാക്കുകയാണ് ഉദ്ധവിന്റെ ലക്ഷ്യം.
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ആദ്യ ശിവസൈനികനെന്ന പദ്ധതി ബാല്‍ താക്കറെയുടെ കാലത്ത് സാക്ഷാത്കരിക്കപ്പെട്ടില്ലെങ്കിലും തന്റെ സമയത്തെങ്കിലും അത് പൂവണിയാനാണ് ഉദ്ധവ് നീക്കം നടത്തുന്നത്. എന്നാല്‍, മുഖ്യമന്ത്രി കാലയളവ് വിഭജിക്കില്ലെന്ന തീര്‍പ്പിലാണ് ഫട്‌നാവിസ്. ശിവസേനക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതിന് ബി ജെ പി കേന്ദ്ര നേതൃത്വത്തിനും താത്പര്യമില്ല. ബി ജെ പിയുടെ ഹിന്ദുത്വം പോരായെന്ന് വാദിക്കുന്ന ശിവസേന, ആ സ്ഥാനത്തെത്തിയാല്‍ സംസ്ഥാനം കുട്ടിച്ചോറാകുമെന്നും മറാത്താ മേഖല വിഭജിച്ചേക്കാമെന്നും ബി ജെ പി ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് പരമാവധി ശാഠ്യം പിടിക്കുന്നതും.
പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ശിവസേനയും ബി ജെ പിയും ഇരുമെയ്യാണെങ്കിലും ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചെങ്കില്‍ മൂന്ന് മാസം കഴിഞ്ഞുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ആയപ്പോഴേക്കും മനസ്സും രണ്ടായി. സീറ്റ് വിഭജനത്തില്‍ കുറേ കലഹിച്ചു. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് ഫലത്തിന്റെയും താക്കറെ കുടുംബത്തിലെ തന്നെ രാജ് താക്കറെയുടെ എം എന്‍ എസിന്റെയും സ്വാധീനം കാരണം ശിവസേന ദുര്‍ബലമാണെന്നും വാദിച്ച് അധികം സീറ്റ് നിഷേധിക്കുകയായിരുന്നു ഫട്‌നാവിസിന്റെ പദ്ധതി. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ സേനക്ക് തങ്ങളേക്കാള്‍ കൂടുതല്‍ സീറ്റ് ലഭിച്ചാല്‍ എന്‍ സി പിയെ കൂട്ടുപിടിക്കുമെന്നും സംസ്ഥാന ബി ജെ പി ഭയപ്പെട്ടിരുന്നു (പിന്നീട് ഈ ഭയം യാഥാര്‍ഥ്യമായെങ്കിലും). തങ്ങളുടെ വോട്ട് ബേങ്കായ മറാത്താ മേഖലയിലേക്ക് ബി ജെ പി നുഴഞ്ഞുകയറുന്നതില്‍ ശിവസേനക്ക് അമര്‍ഷമുണ്ടായിരുന്നു. മണ്ണിന്റെ മക്കള്‍വാദവും ന്യൂനപക്ഷ വിദ്വേഷവുമാണ് ശിവസേനയുടെ മരുന്ന്. അതിനെ കടത്തിവെട്ടുന്ന രീതിയില്‍ ജമ്മു കശ്മീരില്‍ അനുഛേദം 370 റദ്ദാക്കിയതും അസാമില്‍ ന്യൂനപക്ഷത്തെ ലക്ഷ്യമിട്ടുള്ള ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ ആര്‍ സി) കൊണ്ടുവന്നതും ആര്‍ എസ് എസ് ബിംബം സവര്‍ക്കറിന് ഭാരതരത്‌ന നല്‍കുമെന്ന് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചുമെല്ലാം മറാത്തയില്‍ സ്വാധീനം ചെലുത്താന്‍ ബി ജെ പി ശ്രമിച്ചത് ശിവസേനയെ ചൊടിപ്പിച്ചിട്ടുണ്ട്. മറാത്ത മേഖലയിലെ കോണ്‍ഗ്രസിനും എന്‍ സി പിക്കും ലഭിക്കുന്ന വോട്ടുകളാണ് കഴിഞ്ഞ തവണയും ഇത്തവണയുമൊക്കെ ശിവസേന നേടിയത്. ബി ജെ പി മറാത്ത കേന്ദ്രീകരിക്കുന്നതിന് പിന്നില്‍ ഭരണപരാജയവും ജനരോഷവും മറച്ചുവെക്കുക എന്നൊരു ലക്ഷ്യം കൂടിയുണ്ട്. മറാത്ത കഴിഞ്ഞാല്‍ മഹാരാഷ്ട്രയിലെ മറ്റൊരു പ്രധാന മേഖലയായ വിദര്‍ഭ, കര്‍ഷകരുടെ ജീവന്‍ പൊലിയുന്ന സ്ഥലം കൂടിയാണ്.
കാലങ്ങളായി വരള്‍ച്ചയും കാലാവസ്ഥാ വ്യതിയാനവും കാരണം കണ്ണീര് കുടിക്കുകയാണ് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെന്ന പോലെ വിദര്‍ഭയിലെ കര്‍ഷകര്‍. അതിലേക്കാണ് ഇടിത്തീ ആയി 2016ല്‍ നോട്ട് നിരോധനം വന്നത്. നോട്ട് നിരോധനം കര്‍ഷകരെ കശക്കിയെറിഞ്ഞു. കോണ്‍ഗ്രസ്- എന്‍ സി പി സഖ്യത്തിന്റെ ഭരണത്തില്‍ പൊറുതി മുട്ടി തന്നെയാണ് മഹാരാഷ്ട്ര 2014ല്‍ ബി ജെ പി- ശിവസേന സഖ്യത്തിന് അവസരം നല്‍കിയത്. എന്നാല്‍, കര്‍ഷകരുടെ സ്ഥിതി മെച്ചപ്പെട്ടില്ലെന്ന് മാത്രമല്ല, കൂടുതല്‍ ദുരിതപൂര്‍ണമായി. 2015- 2019 കാലയളവില്‍ മാത്രം 12,000 കര്‍ഷകരാണ് വിദര്‍ഭയില്‍ ആത്മഹത്യ ചെയ്തത്. കൃഷി ചെയ്യാന്‍ വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവരാണ് ഇവരില്‍ അധികവും. 2019 ആകുമ്പോഴേക്കും സംസ്ഥാനം വരള്‍ച്ചാമുക്തമാകാന്‍ ഫട്‌നാവിസ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതും ജനപ്രീതി കുത്തനെ കുറച്ചു. 2014ല്‍ വിദര്‍ഭയില്‍ ബി ജെ പി- ശിവസേന സഖ്യത്തിന് 62ല്‍ 48 സീറ്റ് ലഭിച്ചതെങ്കില്‍ ഇത്തവണയത് 33ലേക്ക് ചുരുങ്ങി. 2014ല്‍ പത്ത് സീറ്റ് മാത്രം നേടിയ കോണ്‍ഗ്രസിന് 15ഉം ഒരു സീറ്റ് മാത്രം ലഭിച്ചിരുന്ന എന്‍ സി പിക്ക് ആറും സീറ്റ് നേടാനായി. മഹാരാഷ്ട്രയില്‍ ഗ്രാമപ്രദേശങ്ങളിലും ബി ജെ പി സഖ്യം പിന്നാക്കം പോയിരുന്നു. 189 ഗ്രാമീണ സീറ്റുകളില്‍ 87ല്‍ മാത്രമാണ് മഹായുതിക്ക് ജയിക്കാനായത്. നോട്ട് നിരോധനവും ജി എസ് ടിയും കോര്‍പറേറ്റ് സേവയുമൊക്കെ ഗ്രാമ പ്രദേശങ്ങളിലെ ജീവിതത്തെയാണ് ദുരിതപൂര്‍ണമാക്കിയത്. അതും ഭരണവിരുദ്ധ വികാരമായി വോട്ടിംഗ് യന്ത്രങ്ങളില്‍ പ്രതിഫലിച്ചു. അതുകൊണ്ടാണ് മഹാരാഷ്ട്രയില്‍ ബി ജെ പി തോറ്റെന്ന് നടേ പറഞ്ഞത്.
ഉദ്ധവ് താക്കറെക്ക് വാക്ശരം മാത്രമേയുള്ളൂ, എം എല്‍ എമാരുടെ പിന്തുണ നിലനിര്‍ത്താനുള്ള പാര്‍ലിമെന്ററി സാമര്‍ഥ്യമൊന്നുമില്ലെന്ന് കാണിക്കാന്‍ ഗണ്യമായ സേനാ നിയമസഭാംഗങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്ന് ബി ജെ പി സംസ്ഥാന ഘടകം അവകാശപ്പെട്ടിരുന്നു. സേനയെ പിളര്‍ത്താനായിരുന്നു നീക്കം. ബി ജെ പി ഇല്ലാത്ത സര്‍ക്കാറാണ് വരുന്നതെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്നും മുതിര്‍ന്ന ബി ജെ പി നേതാവ് പറഞ്ഞുനോക്കി. രാഷ്ട്രപതി നിങ്ങളുടെ കീശയിലാണോയെന്ന പരിഹാസമായിരുന്നു മുഖപത്രമായ സാമ്‌നയിലൂടെ സേനയുടെ മറുപടി. ഇങ്ങനെ കൊണ്ടുംകൊടുത്തും സര്‍ക്കാര്‍ രൂപവത്കരണത്തിന് വിയര്‍ക്കുമ്പോള്‍ കാഴ്ചക്കാരായി നിലകൊള്ളുകയാണ് കോണ്‍ഗ്രസ്. ശരദ് പവാറിന്റെ എന്‍ സി പിക്ക് സേനക്കൊപ്പം കൂടി തത്കാലം ഭരണത്തിന്റെ രുചി പങ്കിടണമെന്നുണ്ട്. ശരദ് പവാര്‍, അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍ തുടങ്ങി എന്‍ സി പി പ്രഭൃതികള്‍ക്കെല്ലാം മുകളില്‍ തൂങ്ങിയാടുന്ന അഴിമതി വാളുകള്‍ അടുത്ത തിരഞ്ഞെടുപ്പ് സമയങ്ങളിലെങ്കിലും തുരുമ്പ് പിടിപ്പിക്കാന്‍ അധികാര സ്വാധീനം എന്‍ സി പിക്ക് കൂടിയേ തീരൂ. മാത്രമല്ല, മഹാരാഷ്ട്രയില്‍ പോലും ഭാവിയുണ്ടാകില്ലെന്ന് തോന്നിച്ച ഘട്ടത്തിലാണ് മഹാരാഷ്ട്രയില്‍ നിര്‍ണായക ശക്തിയാകാന്‍ ഇപ്രാവശ്യം എന്‍ സി പിക്ക് സാധിച്ചത്. സേനയെ പിന്തുണക്കാന്‍ എന്‍ സി പിക്ക് സമ്മതം മൂളുക എന്ന റോളിലേക്ക് മാത്രം ചുരുങ്ങിയതും കോണ്‍ഗ്രസിന്റെ പിടിപ്പുകേട് മാത്രമാണ്. രാഹുലിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ നിരന്തരം ശബ്ദിച്ചെങ്കിലും തിരഞ്ഞെടുപ്പ് വിജയത്തിന് അത് പോരല്ലൊ. ഏറ്റവും ഒടുവില്‍ തിരിച്ചുവരവിന് വേണ്ടി ഈ മാസം പകുതിയോടെ നിരന്തര കേന്ദ്ര വിരുദ്ധ സമരങ്ങളിലേക്ക് നീങ്ങുന്ന കോണ്‍ഗ്രസിനെ നയിക്കേണ്ട രാഹുല്‍ ധ്യാനത്തിന് വിദേശത്തുമായിരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. ചുരുക്കത്തില്‍ മഹാരാഷ്ട്ര വലിയ പാഠം തന്നെയാണ് കക്ഷിഭേദമന്യേ ഇന്ത്യന്‍ രാഷ്ട്രീയത്തിന് നല്‍കുന്നത്.
പി എ കബീര്‍
pakabier@gmail.com