Connect with us

Ongoing News

സ്രഷ്ടാവിനെ ഭയപ്പെടുക

Published

|

Last Updated

അല്ലാഹുവിനെ കുറിച്ചോർത്ത് കണ്ണീർ വീഴ്ത്തിയ ഒരാളും നരകത്തിൽ പ്രവേശിക്കുകയില്ലെന്ന് നബി(സ്വ) വിശ്വാസികളെ ഉണർത്തിയിട്ടുണ്ട്്. ഭയവും പ്രതീക്ഷയും സമാസമം ഇടകലർന്ന മനസ്സിനുടമകളാണ് സത്യവിശ്വാസി. കാരുണ്യവാനായ അല്ലാഹുവിന്റെ കരുണാകടാക്ഷങ്ങളിലേക്ക് മനസ്സ് താത്പര്യത്തോടെ ചായുമ്പോഴും അവൻ മുന്നറിയിപ്പ് നൽകിയ ശിക്ഷകളെ കുറിച്ചോർക്കുമ്പോൾ ഉള്ളിലങ്ങനെ ഭയം അങ്കുരിക്കും. സർവത്തിന്റെയും പരമാധികാരി അല്ലാഹുവാണെന്ന് വിശ്വസിക്കുന്നവരുമാണ് അവർ. സകല ചരാചരങ്ങളും മഹോന്നതനായ അല്ലാഹുവിന്റെ സൃഷ്ടികൾ മാത്രമാണ് എന്ന് വിശ്വസിക്കുന്നയാൾക്ക് ഭയപ്പെടാൻ ഏറ്റവും അർഹത അല്ലാഹുവിനെ തന്നെ.

അല്ലാഹുവിനെ ഭയപ്പെടുന്ന സൃഷ്ടികളെ മറ്റുള്ളവർ ഭയപ്പെടും. ഒരാളുടെ ഹൃദയ ശുദ്ധീകരണത്തിന് ഏറ്റവും നല്ല വഴി അല്ലാഹുവിനെ ഭയപ്പെടുക എന്നതാണെന്ന് പണ്ഡിതർ രേഖപ്പെടുത്തിയത് കാണാം. യജമാനനെ കുറിച്ച് ഭയമുള്ള അടിമ യജമാനന്റെ കൽപനകളെ ശിരസാ വഹിക്കും, അവന്റെ നിരോധനങ്ങളോട് പൂർണമായും ദൂരം പാലിക്കുകയും ചെയ്യും. സ്രഷ്ടാവിനെ അംഗീകരിക്കുന്ന, അനുസരിക്കുന്ന മനുഷ്യരുടെയും അവന്റെ നാഥനായ അല്ലാഹുവിന്റെയും ഇടയിൽ പ്രവർത്തിക്കുന്നതും ഇതേ തത്വമാണ്. ഭയമുള്ള മനസ്സിന് ധിക്കരിക്കാൻ സാധിക്കില്ല, അനുസരണക്കേടിന് മനസ്സ് പാകപ്പെടില്ല. അയാൾ പരിപൂർണനായി കീഴ്‌പ്പെട്ടവനായിരിക്കും. സത്യവിശ്വാസികളുടെ അടയാളമായി എണ്ണുന്നതിൽ പെട്ടതാണ് സ്രഷ്ടാവിനെ കുറിച്ചുള്ള ഭയം. രഹസ്യത്തിലും പരസ്യത്തിലും അവർ അല്ലാഹുവിനെ ഭയപ്പെടുമെന്ന് വിശ്വാസികളെ കുറിച്ച് സ്തുതിപറഞ്ഞ ഭാഗത്ത് ഖുർആൻ വിശദീകരിക്കുന്നുണ്ട്. അല്ലാഹുവിനെ കുറിച്ചോർത്ത് കണ്ണീർ വാർത്ത ഒരാളും നരകത്തിൽ പ്രവേശിക്കുകയില്ലെന്ന് നബി(സ്വ)പറഞ്ഞതായി അബൂഹുറൈറ(റ)വിശദീകരിക്കുന്നു.

അപ്പോൾ എങ്ങനെയാണ് അല്ലാഹുവിനെ ഭയപ്പെടുക? ഇതിന് ധാരാളം വ്യാഖ്യാനങ്ങൾ നൽകിയിട്ടുണ്ട് പണ്ഡിതർ. അതിൽ ചില പണ്ഡിതർ നൽകിയ വിശദീകരണം, ഇഹലോകത്ത് വെച്ചോ പരലോകത്ത് വെച്ചോ തന്റെ സ്രഷ്ടാവായ അല്ലാഹു തന്നെ ശിക്ഷിക്കുമോ എന്ന ഭയമാണ് മേൽപ്പറയപ്പെട്ട ഭയം. സാധാരണ മനുഷ്യർ അനുഭവിക്കുന്ന ഭയത്തിൽ വ്യത്യസ്തമാണ് അല്ലാഹുവിനെ കുറിച്ചുള്ള ഭയം. അഗ്നിയെ ഭയപ്പെടുന്ന ആൾ അഗ്നിയിൽ നിന്ന് ഓടി രക്ഷപ്പെടുകയാണ് പതിവ്. അതുപോലെ വെള്ളത്തെ ഭയക്കുന്ന ആൾ അതില്ലാത്ത സ്ഥലത്തേക്ക് പോകുന്നു. ഉയരങ്ങളെ ഭയപ്പെടുന്ന ശീലമുള്ളവർ ഉയരങ്ങളോട് നോ പറയുന്നു. അതായത്, ഭയപ്പെടുന്നതിൽ നിന്ന് ഓടിരക്ഷപ്പെടുക. എന്നാൽ അല്ലാഹുവിനോടുള്ള ഭയത്തിന്റെ വിഷയത്തിൽ നേരെ തിരിച്ചാണ് കാര്യം. ഭയപ്പെടുന്നവനിലേക്ക്, അതായത് അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുകയാണ് ഇവിടെ ചെയ്യുന്നത്.

ആരാധനകളും സത്കർമങ്ങളും വർധിപ്പിച്ചും തിൻമകളും ദോഷങ്ങളും വെടിഞ്ഞും അയാൾ അല്ലാഹുവിലേക്ക് കൂടുതൽ ചേർന്നുനിൽക്കുന്നു. കരുണക്കായി അവന്റെ മുന്പിൽ കൈനീട്ടി ചോദിക്കുന്നു. അങ്ങനെ വീണ്ടും വീണ്ടും അല്ലാഹുവിലേക്ക് തന്നെ നടന്നടുക്കുന്നു. അല്ലാഹുവിനെ കുറിച്ചുള്ള ഭയം മനസ്സിനകത്ത് കുടികൊണ്ടാൽ ശാരീരികേച്ഛകളെല്ലാം അവൻ വെടിയുന്നു. ഇഹലോകത്തെ സർവ സുഖസൗകര്യങ്ങളോടും അവൻ ദൂരം പാലിക്കുന്നു. അല്ലാഹുവല്ലാത്തവരെ ഭയപ്പെട്ടാൽ സർവ വസ്തുക്കളെയും അവൻ ഭയക്കേണ്ടിവരും. അല്ലാഹുവിനെ ഏറ്റവും കൂടുതൽ ഭയക്കുന്നവർ അവന്റെ ശരീരത്തെയും അതിന്റെ ദൗർബല്യങ്ങളെയും കൂടുതൽ അറിഞ്ഞവനായിരിക്കും. അതുകൊണ്ട് അടിമയായ മനുഷ്യനാണ് താനെന്ന നിലയിൽ ദൗർബല്യങ്ങൾ തിരിച്ചറിയുക, ദൗർബല്യങ്ങളേതുമില്ലാത്ത പരമാധികാരിയായ അല്ലാഹുവിനെ ഭയപ്പെടുക. ഒരു നിമിഷവും അല്ലാഹുവിനെ തൊട്ടുള്ള ഭയത്തിൽ നിന്ന് മുക്തമാകാതിരിക്കുക.

Latest