Connect with us

Ongoing News

പച്ചപ്പിനെ സ്‌നേഹിക്കുക

Published

|

Last Updated

വിശ്വാസി ചെടി നട്ടുനനച്ച് വളർത്തുകയും ജീവജാലങ്ങൾ അതിന്റെ ഫലങ്ങൾ ഭക്ഷിക്കുകയും ചെയ്താൽ സ്രഷ്ടാവിന്റെ അടുക്കൽ അവന് പ്രതിഫലമുണ്ട് (ഹദീസ്).
പരിസ്ഥിതി പ്രശ്നം രൂക്ഷമാണ്. കരയിലും കടലിലും ആകാശത്തും മനുഷ്യർ വിതക്കുന്ന നാശങ്ങളുടെ വിത്തുകൾ അവരുടെ മേൽ തന്നെ ആശങ്കയായി വന്നുഭവിക്കുന്നു. പ്രകൃതിയോടിണങ്ങി ജീവിക്കുകയെന്നാൽ അതിനെ മുറിപ്പെടുത്താതെ ജീവിക്കുകയെന്നാണ്. തിരുവചനങ്ങളിൽ ഈ ആശയത്തിന് ശക്തിപകരുന്ന നിരവധി ഹദീസുകൾ കാണാം.
പ്രകൃതിയോട് എത്രമാത്രം അടുത്തു സഹവസിക്കണമെന്ന് ഇസ്‌ലാം നിർദേശിക്കുന്നു. പറഞ്ഞുവരുന്നത് പച്ചപ്പ് ജീവിതത്തിന്റെ തുടിക്കുന്ന ഒരു അടയാളമാണ്. അത് നഷ്ടപ്പെടുന്നിടത്തെല്ലാം ജീവിതത്തിന്റെ തുടിപ്പും അന്യം നിന്നുപോകും.

ലോകത്തിന്റെ പ്രയാണം തന്നെ ഇപ്പോൾ പച്ചപ്പ് തേടിയായിരിക്കുന്നു. വീടിനടുത്തൊരു പുൽമൈതാനിയുണ്ടെങ്കിൽ വൈകുന്നേരം കുടുംബവുമൊത്ത് കാറ്റുകൊള്ളാൻ എത്തുന്നതും ഈ പച്ചപ്പിലേക്കാണ്. യഥാർഥത്തിൽ പച്ചപ്പ് ടൂറിസത്തിന്റെ അല്ല, ജീവന്റെ അടയാളമാണ്. പച്ചനിറഞ്ഞ സസ്യലതാതികൾ മനുഷ്യന്റെ ആയുസ്സിനെ പിടിച്ചുനിർത്തുന്നു. അവന്റെ ആഹാര ക്രമത്തിൽ അഭിവാജ്യഘടകമായി മാറുന്നു. അന്യം നിന്നുപോകുന്ന പച്ചപ്പാടങ്ങളും കൊയ്ത്തുത്സവങ്ങളും മനുഷ്യന്റെ ഉണങ്ങിവരണ്ട മനസ്സിനെ മറനീക്കി പുറത്തെടുക്കുന്നു. മലമുകളിലെത്തി പച്ചമരങ്ങൾ മുറിച്ച് അവിടെയും ലാഭത്തിന്റെ കാൽക്കുലേറ്റർ കുത്തിക്കുറിക്കുകയാണ് മനുഷ്യർ.
നാളെ ഈ പ്രപഞ്ചം പൊട്ടിത്തകരുമെന്ന് ഉറപ്പായാലും ഇന്ന് ഒരു പച്ചമരം നട്ടുനനക്കാൻ മടികാണിക്കേണ്ടെന്ന് പ്രവാചകൻ. ജീവിത്തിലും ജീവിതാനന്തരവും പച്ചമരത്തെ പുണരുകയാണ് വിശ്വാസി. മരിച്ച് മണ്ണിട്ടു മൂടിയാലും അവിടെയുമൊരു പച്ചമരം നടണമെന്നാണ് നിർദേശം. ഐശ്വര്യത്തിന്റെ മാലാഖമാരിറങ്ങി വരാൻ അതൊരു കാരണമാണ്.

എന്തു ചെയ്യാൻ, നന്മയുടെ പാഠങ്ങളൊന്നും ഉള്ളിലേക്കിറങ്ങാത്തവിധം ലാഭക്കൊതിപൂണ്ടവരായിരിക്കുന്നു മനുഷ്യർ. ധാരാളം മുന്നറിയിപ്പുകൾ ലോകതലത്തിൽ തന്നെ പ്രകൃതി നാശത്തിനെതിരെ വരുന്നുണ്ട്. ആഗോള താപനവും മറ്റും നമ്മുടെ പ്രകൃതിയോടുള്ള നിയന്ത്രണമറ്റ പെരുമാറ്റങ്ങളുടെ അനന്തര ഫലമാണ്. പ്രകൃതിയോട് ചേർന്നുനിൽക്കാൻ മനുഷ്യർക്കാകുന്ന കാലത്ത് ഇത്തരം പ്രതിസന്ധികളോ പ്രതിഭാസങ്ങളെ മനുഷ്യരെ വേട്ടയാടിയിരുന്നില്ല. പ്രകൃതിയെ നശിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് നാം ദുരന്തങ്ങൾക്ക് ഇരയാകുന്നത്.
പ്രകൃതിയെ സ്‌നേഹിക്കുക, പച്ചപ്പിനെ സ്‌നേഹിക്കുക. മരങ്ങൾ നട്ടും സംരക്ഷിച്ചും സുരക്ഷിതമായ ഒരു ലോകത്തിന് വേണ്ടി ഇപ്പോൾ വിയർപ്പൊഴുക്കണം. ആപത്തുകാലത്ത് തണൽകൊള്ളാൻ ഇപ്പോഴേ ഒരു ചെടിക്ക് വെള്ളം പാരുക.

Latest