Ongoing News
വിനയ കിരീടമണിഞ്ഞ നേതാവ്
തലക്കനമില്ലാത്ത നേതാവായിരുന്നു മുഹമ്മദ് നബി(സ്വ). ഭരണാധികാരി, ഖാളി, ഇമാം, സൈന്യാധിപൻ തുടങ്ങി സമുന്നത പദവികൾ അലങ്കാരമാകുമ്പോൾ പോലും ജനങ്ങളിൽ ഒരുവനായി അവർക്കിടയിൽ ഇഴകിചേർന്ന് ജീവിക്കുന്നു. ശീതീകരിച്ച മുറിയിലിരുന്ന് കൽപനകൾ പുറവെടുവിക്കുന്ന ശീലക്കാരനായിരുന്നില്ല നബി(സ്വ). ജനകീയനായ സേവകനെയാണ് നബി(സ്വ)യിൽ നമുക്ക് ദർശിക്കാനാകുന്നത്. ഹുദൈഫത്തുൽ യമാനി(റ) പറയുന്നു: ഒരു യാത്രയിൽ നബി(സ്വ)ക്ക് കുളിക്കണം. അവിടുന്ന് ഒരു കിണറിനടുത്തേക്ക് നീങ്ങി. ഞാൻ ഒരു വസ്ത്രം കൊണ്ട് നബി(സ്വ)ക്ക് കുളിക്കാനുള്ള മറ പിടിച്ചുകൊടുത്തു. നബി(സ്വ)യുടെ കുളിക്ക് ശേഷം ഞാൻ കുളിക്കാനൊരുങ്ങി.
ഉടനെ നബി(സ്വ) ഒരു വസ്ത്രമെടുത്ത് എന്നെ മറച്ചു പിടിക്കാൻ തുടങ്ങി. കേണപേക്ഷിച്ചിട്ടും നബി(സ്വ) പിന്തിരിഞ്ഞില്ല. ഈ നേതാവിനെ അനുയായികൾ നെഞ്ചേറ്റിയതിന്റെ കാരണങ്ങളിതൊക്കെയാണ്. വൃദ്ധ ജനങ്ങളും അടിമകളുമെല്ലാം തിരു ദൂതരുടെ കൈപിടിച്ച് കൂട്ടികൊണ്ട് പോകും. നബി(സ്വ) അവരോടൊപ്പം പോയി ആവശ്യങ്ങൾ നിറവേറ്റി മടങ്ങി വരും. ആരുവന്ന് എന്ത് ചോദിച്ചാലും ഇല്ല, തരില്ല എന്നിങ്ങനെയുള്ള മറുപടി പറയാറില്ല. മറിച്ച് പരിഹരിച്ച് കൊടുക്കുക എന്നതായിരുന്നു പ്രവാചകരുടെ രീതി.
കുതിരപ്പുറത്ത് മാത്രം യാത്ര ചെയ്യുന്നയാളായിരുന്നില്ല നബി(സ്വ). പലപ്പോഴും കാൽനടയായും കഴുതപ്പുറത്തും സഞ്ചരിക്കുമായിരുന്നു. ചാരിയിരുന്നോ മേശപ്പുറത്ത് വെച്ചോ ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ല. നിലത്ത് പായ വിരിച്ച് വിനയത്തോടെ ഇരുന്നായിരുന്നു കഴിച്ചിരുന്നത്. ഒരിക്കൽ പോലും ഒരു ഭക്ഷണത്തേയും നബി(സ്വ) കുറ്റം പറഞ്ഞിട്ടില്ല. തനിക്ക് വേണമെങ്കിൽ കഴിക്കും. വേണ്ടെങ്കിൽ കഴിക്കില്ല. വീട്ടിലാകുമ്പോൾ വീട്ടുജോലികളിൽ ഭാര്യമാരെ സഹായിക്കും. ഇറച്ചി മുറിക്കാനും അടുക്കളയിലെ മറ്റ് ജോലികളിൽ സഹായിക്കാനും നബി(സ്വ)യുണ്ടാവാറുണ്ടെന്ന് പ്രിയതമ ആയിശബീവി(റ) സാക്ഷ്യപ്പെടുത്തുന്നു.
ചെരിപ്പ് വൃത്തിയാക്കാനും വസ്ത്രം കീറിയാൽ തുന്നി നന്നാക്കാനും ആ നേതാവ് സമയം കണ്ടെത്തിയിരുന്നു. സമൂഹത്തിലെ ഏത് പാവപ്പെട്ടവർ ക്ഷണിച്ചാലും അവരുടെ വീട്ടിൽ ചെന്ന് പരിപാടികളിൽ പങ്കെടുക്കും. ഏത് ചെറിയ ഹദിയകളും സ്വീകരിക്കും. വിശ്രമത്തിനും മറ്റും പാവപ്പെട്ടവരുടെ കുടിലുകളിൽ കയറച്ചെല്ലും. മദീനയുടെ ഏത് മലമുകളിലുള്ളവർ രോഗിയായാലും അവരെ വീട്ടൽ ചെന്ന് സന്ദർശിക്കും. ചുരുക്കത്തിൽ വിനയത്തിൽ ചാലിച്ച സ്‌നേഹാർദ്രമായ പെരുമാറ്റമായിരുന്നു നബി(സ്വ)യുടെ മുഖമുദ്ര.