Connect with us

Ongoing News

ജീവികളോട് കരുണ

Published

|

Last Updated

അബ്ദുല്ലാഹിബിൻ ഉമറി(റ)ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരുദൂതർ(സ)പറഞ്ഞു: പൂച്ചയുടെ കാര്യത്തിൽ ഒരു സ്ത്രീ ശിക്ഷക്ക് വിധേയയായിട്ടുണ്ട്. ചാവും വരെ അതിനെ അവൾ തടഞ്ഞുവെച്ചു. തന്നിമിത്തം അതിന്റെ പേരിൽ അവൾ നരകപ്രവേശനത്തിനർഹയായി. തടഞ്ഞുവെച്ചപ്പോൾ അതിനവൾ ആഹാര പാനീയങ്ങൾ നൽകിയില്ല. ഭൂമിയിലെ കൊച്ചുജീവികളെ പിടിച്ചു തിന്നുവാനായി അതിനെ അവൾ വിട്ടതുമില്ല. (ബുഖാരി 3482, മുസ്‌ലിം 2242) അബുഹുറയ്‌റ(റ)യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ(സ) പറഞ്ഞു. ദാഹം കാരണം ചാവാറായ ഒരു നായ ഒരു കിണറിനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇസ്‌റാഈൽ വർഗത്തിൽപ്പെട്ട ഒരു വേശ്യ അതിനെ കാണാനിടയായി. അപ്പോൾ അവൾ തന്റെ ഷൂ അഴിച്ച് അതിൽ വെള്ളം കോരിയെടുത്ത് ആ നായയെ കുടിപ്പിച്ചു. തദ്ഫലമായി അവളുടെ ദോഷം പൊറുക്കപ്പെട്ടു (ബുഖാരി 3467, മുസ്‌ലിം 2245). സൃഷ്ടി ജാലങ്ങളിൽ ഏറ്റവും കൂടുതൽ കാരുണ്യം അർഹിക്കുന്നവയാണ് പക്ഷി മൃഗാദികൾ.

വളർത്തു മൃഗങ്ങൾ പ്രത്യേകിച്ച്. സകല ജന്തുക്കളോടും കാരുണ്യം കാണിക്കണം, മിണ്ടാ ജീവികളായ മൃഗങ്ങളുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക എന്ന പ്രവാചകപ്രസ്താവന വളരെ ശ്രദ്ദേയം. ആവശ്യങ്ങളും പരാതികളും ബോധ്യപ്പെടുത്താൻ അവക്ക് കഴിയില്ല. അധികജന്തുക്കളും പ്രതികരണ ശക്തിയില്ലാത്തവയാണ്. മനുഷ്യന് കൈയിലൊതുക്കി ഉപദ്രവിക്കാൻ കഴിയാത്ത ഒരു ജീവിയുമില്ല. പക്ഷെ അവയെ ഉപദ്രവിച്ചാൽ സ്രഷ്ടാവ് കോപിക്കും. അവൻ ശിക്ഷിക്കും. കഠിനമായ ശിക്ഷ. നരക ശിക്ഷ. ജീവകാരുണ്യം പാപമോചനത്തിനും സ്വർഗപ്രവേശനത്തിനും നിമിത്തമാകുമ്പോൾ ജീവികളോടുള്ള ക്രൂരമായ പെരുമാറ്റം ശാപത്തിനും നരകപ്രവേശനത്തിനും കാരണമാകുന്നു. ഇതാണ് പൂച്ചയുടെ സംഭവത്തിലൂടെയും നായയുടെ കഥയിലൂടെയും നബിതിരുമേനി(സ) പഠിപ്പിക്കുന്നത്. ഇസ്‌ലാമിന്റെ മൃഗങ്ങളോടുള്ള സമീപനം തികച്ചും ജീവകാരുണ്യപരമാണ്. സ്വാർഥപരമല്ല. അഥവാ ജീവിയുടെ നാശമോ വംശനാശമോ മനുഷ്യന്റെ സുഖജീവിതത്തെയോ പ്രകൃതിസൗന്ദര്യാസ്വാദനത്തെയോ ദോഷമായി ബാധിക്കുമെന്ന സ്വാർഥ താത്പര്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രമുള്ളതല്ല; മനുഷ്യന് ദോഷം വരാത്ത വിധത്തിൽ അഥവാ മനുഷ്യന് ഗുണകരമായ വിധത്തിൽ ഇതരജീവജാലങ്ങളുടെ അവകാശങ്ങൾ ഇസ്‌ലാം അസന്നിഗ്ധമായി പ്രഖ്യാപിച്ചിരിക്കുന്നു. ഇത് സംബന്ധമായി നിരവധി ഹദീസുകൾ കാണാം. അവയുടെ വ്യാഖ്യാനങ്ങൾ ഫിഖ്ഹ് ഗ്രന്ഥങ്ങളിലുണ്ട്.

Latest