Sports
ഐ എസ് എൽ; സമനിലപ്പൂട്ടിൽ പെട്ട് ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി | അവസരങ്ങളുടെ പെരുമഴ സൃഷ്ടിച്ചിട്ടും ഗോൾ കണ്ടെത്താനാകാതെ കേരള ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ ആദ്യ സമനില കൊണ്ട് നാലാം മത്സരം പൂർത്തിയാക്കി. ഐ എസ് എൽ ചരിത്രത്തിൽ തന്നെആദ്യമായി ആറ് മലയാളി താരങ്ങൾ ഇറങ്ങിയ മത്സരത്തിൽ വ്യക്തമായ മുൻതൂക്കം നേടിയിട്ടും കേരളത്തിന് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അതേസമയം എവേ മൽസരത്തിൽ സമനില നേടി വിലപ്പെട്ട ഒരുപോയന്റുമായി ഒഡീഷക്ക് കളിയവസാനിപ്പിക്കാനായി. മത്സരത്തിൽ ഇരു ടീമിനും ഗോൾ നേടാനായില്ല. നാല് മത്സരത്തിൽ നിന്നും നാലു പോയന്റോടെ കേരളം ആറാം സ്ഥാനത്തേക്ക് കയറിയപ്പോൾ, ഒഡീഷയും നാലു മൽസരത്തിൽ നിന്നും നാല് പോയന്റുമായി അഞ്ചാം സ്ഥാനത്താണ്.
രണ്ട് പെനാൾട്ടിയുൾപ്പെടെ റഫറി നിഷേധിച്ചപ്പോൾ ഒഡിഷ ഗോളി ഫ്രാൻസിസ്‌കോ ഡൊറോൺസോറോയും കേരളത്തിന്റെ വിജയത്തിന് തടസമായി നിന്നു.
സൂപ്പർ താരവും ക്യാപ്റ്റനുമായ ഒഗ്ബച്ചേയെ സൈഡ് ബെഞ്ചിലിരുത്തി പരീക്ഷണങ്ങളുമായാണ് ഷട്ടോരി ടീമിനെ കളത്തിലിറക്കിയത്.
ആദ്യ ഇലവനിൽ നാല് മലയാളികൾ. ടി പി രഹ്നേഷേ് ഗോൾ പോസ്റ്റിനു കീഴിലെത്തിയപ്പോൾ, മലയാളികൾ ഏറെ പ്രതീക്ഷിച്ച സഹലിനെ മധ്യനിരയിൽ കളിനിയന്ത്രിക്കാൻ ആദ്യ ഇലവനിൽ തന്നെ ഉൾപ്പെടുത്തി ഷട്ടോരി ഞെട്ടിച്ചു. വലതു വിംഗിൽ പ്രശാന്തും, ഇടതുവിംഗിൽ കെ പി രാഹുലും എത്തിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ മധ്യമേഖല മലയാളികൾ കൊണ്ടു സമ്പന്നമായി.ബ്രസീലിയൻ താരം ജെയ്‌റോ റോഡ്രിഗാസിനെ ക്യാപ്റ്റനാക്കി പുതിയ ഭാവത്തിലാണ് ഷട്ടോരി വിജയപാതയിലേക്ക് തിരികെ എത്തിക്കാൻ ബ്ലാസ്‌റ്റേഴ്‌സിനെ അവതരിപ്പിച്ചതെങ്കിലും നിർഭാഗ്യവും കേരളത്തിനൊപ്പം കളത്തിലിറങ്ങി.
കളി തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ പ്രതിരോധനിരയൽ കപ്പിത്താൻ ജെയ്‌റോ പരുക്കേറ്റു പുറത്ത്. ജെയ്‌റോക്ക് പകരം രഹ്നേഷിന് മുന്നിൽ പ്രതിരോധത്തിന്റെ ചുമതല ഷട്ടോരി ഏൽപ്പിച്ചത് അബ്ദുൽ ഹക്കുവിനെ. അതോടെ കളത്തിൽ മലയാളികൾ അഞ്ചായി.
42 ാം മിനുട്ടിൽ കെ പി രാഹുലിന്റെ അപ്രതീക്ഷിതമായ ഷോട്ടും സ്‌റ്റേഡിയത്തെ വിസ്മയിപ്പിച്ചു. 86ാം മിനുട്ടിലെ രാഹുലിന്റെ മിന്നൽ ഷോട്ടിന് സ്‌റ്റേഡിയം സാക്ഷിയായി. പ്രശാന്ത് ഇടതുവിംഗിൽ നിന്ന് ബോക്‌സിലേക്ക് നൽകിയ ക്രോസ് ഒഗ്‌ബെച്ചെ തലകൊണ്ട് മറിച്ചത് കിട്ടിയത് രാഹുലിന്റെ കാലുകളിലേക്കായിരുന്നു. വലതുപോസ്റ്റിന് പുറത്തുനിന്ന് രാഹുൽ തെടുത്ത ഷോട്ട് ഗോളെന്നുറപ്പിച്ചതായിരുന്നു. കേരളത്തിനും വിജയത്തിനും ഇടയിൽ ഒഡീഷ ഗോളി ഫ്രാൻസെസ്‌കോ സാഞ്ചസ് നിറഞ്ഞുനിന്നു.78 ാം മിനുട്ടിൽ റാഫിയെ പിൻവലിച്ച് ഒഗ്ബച്ചേ കളത്തിലിറക്കിയത് വിജയത്തോടെ കളിയവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. പ്രശാന്തും ഹക്കുവും സഹലും രാഹുലും മികച്ച കളി പുറത്തെടുത്തിട്ടും ബ്ലാസ്റ്റേഴ്‌സിന്റെ നിർഭാഗ്യം കാരണം വിജയമെന്ന സ്വപ്നം സമനിലയിലൊതുങ്ങി. വരും മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.