Connect with us

Articles

സാമ്രാജ്യത്വ ഭക്തരും ടിപ്പു വിരോധവും

Published

|

Last Updated

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിജിയെ വധിച്ച തീവ്ര ഹിന്ദുത്വവാദിയായ നാഥുറാം ഗോഡ്‌സെയെ പൂജിക്കുന്നവര്‍ ധീരനായ സ്വാതന്ത്ര്യ സമര സേനാനി ടിപ്പു സുല്‍ത്വാനെ ശത്രുവാക്കുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കാതെ പുറം തിരിഞ്ഞു നിന്ന് കൊളോണിയലിസ്റ്റുകള്‍ക്ക് സ്തുതി പാടിയവരില്‍ നിന്ന് ഇതേ പ്രതീക്ഷിക്കാനാകൂ. ഇവര്‍ക്ക് രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര നായകന്‍മാരെല്ലാം ശത്രുവാണ്. ടിപ്പു ജയന്തി നിരോധിച്ചു കിട്ടിയാല്‍ ടിപ്പു സുല്‍ത്വാനും അദ്ദേഹത്തിന്റെ ചരിത്രവും ഓര്‍മകളും ഇല്ലാതാകുമെന്ന് കരുതുന്നതാണ് മൗഢ്യം. ടിപ്പു സുല്‍ത്വാന്‍ ഒരു മുസല്‍മാനാണെന്നത് കൂടി ഇവര്‍ക്ക് അരോചകമാണ്. ഈ കണ്ടു കൂടായ്മ ഇവര്‍ക്ക് എത്ര കാലം കൊണ്ടു നടക്കാനാകും?

സാമ്രാജ്യത്വ സ്തുതി പാഠകരുടെ കുപ്രചാരണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ ഇരയായവരാണ് ടിപ്പു സുല്‍ത്വാനും അധിനിവേശ വിരുദ്ധ യുദ്ധങ്ങള്‍ നയിച്ച മുസ്‌ലിംകളും. ഇവരെ സാമുദായികതയുടെ മുന്‍ വിധികളെറിഞ്ഞ് അപ്രസക്തമാക്കാനുള്ള ശ്രമം പഴകി പുളിച്ചതാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതി മരിച്ച ടിപ്പു എന്ന ദേശാഭിമാനിയോട് ബ്രിട്ടീഷുകാരെപ്പോലെ തന്നെ ജന്മിത്തവും നീതി കാണിച്ചിട്ടില്ല. ആ രക്ത സാക്ഷിയുടെ നാലയലത്ത് നില്‍ക്കാന്‍ ഈ വിമര്‍ശകര്‍ക്ക് അര്‍ഹതയുണ്ടോ? ബ്രിട്ടീഷുകാരുടെ മുമ്പില്‍ പഞ്ചപുഛമടക്കി ഏത്തമിട്ട തങ്ങളുടെ നായകന് വീര പട്ടം ചാര്‍ത്തിയവരില്‍ നിന്ന് ഹിന്ദുവിനും മുസല്‍മാനും മറ്റൊന്നും പ്രതീക്ഷിക്കാനില്ല.

ടിപ്പുവിനെ കണ്ടുകൂടാത്ത ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെക്കുറിച്ച് തുരുതുരെ കള്ളക്കഥകളുണ്ടാക്കി. ടിപ്പു രക്തസാക്ഷിയായപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തെ വേലൂരിലും പിന്നീട് കൊല്‍ക്കത്തയിലും പാര്‍പ്പിച്ചു. അവരെക്കൊണ്ട് തന്നെ നിര്‍ബന്ധിപ്പിച്ച് കള്ളക്കഥകളെഴുതിച്ചു. ടിപ്പുവിന്റെ ജീവ ചരിത്രകാരന്‍ കിര്‍മാനിക്ക് പോലും കള്ളക്കഥ മെനയേണ്ടി വന്നു. മൈസൂര്‍ കൊട്ടാരത്തിലെ രേഖകളെല്ലാം ഇംഗ്ലണ്ടിലേക്ക് കടത്തി. ഭാഗ്യത്തിന് അതൊന്നും കത്തിച്ചു കളഞ്ഞില്ല. അതുകൊണ്ട് ടിപ്പുവിന്റെ യഥാര്‍ഥ ചരിത്രം മണ്ണടിയാതെ നിന്നു. ടിപ്പുവിനെ കുറിച്ച് പുതിയ പഠനങ്ങള്‍ ബ്രിട്ടീഷുകാര്‍ തന്നെ ഇറക്കിയിട്ടും അതൊന്നും ഹിന്ദുത്വ വാദികള്‍ക്ക് വായിക്കാന്‍ നേരമില്ല. ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതം മാറ്റി, കൊന്നൊടുക്കി എന്നൊക്കെയാണ് കുറ്റം. ടിപ്പു സുല്‍ത്വാന് ഹിന്ദുക്കളിലും മുസ്‌ലിംകളിലും ശത്രുക്കളുണ്ടായിരുന്നു. ഭരണ രംഗത്ത് ഏതെങ്കിലും മതത്തിന്റെ വക്താവായല്ല അദ്ദേഹം പ്രവര്‍ത്തിച്ചത്. തിരുവിതാംകൂറിനോടും നൈസാമിനോടും ഒരേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. തന്നോട് യുദ്ധം ചെയ്ത മുസ്‌ലിം പട്ടാളക്കാരോട് മതത്തിന്റെ പേരില്‍ ഒരു ദാക്ഷിണ്യവും ടിപ്പു കാണിച്ചിട്ടില്ല. അതേസമയം, ഹിന്ദു തടവുകാര്‍ക്ക് മതം മാറിയാല്‍ രക്ഷപ്പെടാമെന്ന ഓപ്ഷന്‍ കൊടുത്തിരുന്നു.

ഇതെങ്ങനെയാണ് ഹിന്ദു വിരോധമായി കാണുക? ശത്രുവിന്റെ മതം നോക്കിയാണോ യുദ്ധം ചെയ്യാറുള്ളത്?
സാമൂതിരിയും വള്ളുവനാട് രാജാക്കന്‍മാരും തമ്മിലുണ്ടായ യുദ്ധകാലത്ത് രണ്ട് പക്ഷത്തും മരിച്ചു വീണ നായന്‍മാര്‍ക്ക് കൈയും കണക്കുമുണ്ടോ? സാമൂതിരിയുടെ സൈന്യം എത്ര ക്രൂരമായാണ് വള്ളുവ രാജാവിന്റെ നായര്‍ പടയാളികളെ കൊന്നൊടുക്കിയത്. മാമാങ്കം മഹോത്സവ കാലത്ത് മാത്രം മരണം വരിച്ചവരെത്രയാണ്? എന്നിട്ടും സാമൂതിരി ക്രൂരനോ മതഭ്രാന്തനോ ആയിട്ടില്ലല്ലോ? മൈസൂര്‍ സുല്‍ത്വാന്‍മാരുമായി യുദ്ധം ചെയ്തവര്‍ നായന്‍മാരായത് കൊണ്ട് അവര്‍ കൊല്ലപ്പെട്ടിരിക്കാം. മൈസൂര്‍ സൈന്യത്തിലും ഒട്ടേറെ ഹിന്ദുക്കളുണ്ടായിരുന്നു. നായന്‍മാരുടെ വെട്ടേറ്റ് അവരും മരിച്ചിട്ടുണ്ട്. ടിപ്പു മുസല്‍മാനായത് കൊണ്ട് ഇതൊക്കെ മതത്തിന്റെ പേരില്‍ വ്യാഖ്യാനിച്ചെടുത്ത് സാഹസം കാട്ടുന്നവര്‍ പൂര്‍വികരുടെ ത്യാഗ ബോധത്തേയും ദേശാഭിമാനത്തെയുമാണ് അപമാനിക്കുന്നത്. ഇംഗ്ലീഷുകാരെയും മറാഠക്കാരെയും നൈസാമിനെയും തോല്‍പ്പിക്കുന്നതിന് ശൃംഗേരി മഠത്തില്‍ സുല്‍ത്വാന് വേണ്ടി ശതചണ്ഡീ ഹോമവും സഹസ്ര ചണ്ഡീ ജപവും നടത്തി. ശൃംഗേരി മഠാധിപതികളും ബ്രാഹ്മണരും പ്രത്യേകം പ്രാര്‍ഥിച്ചു. ഹിന്ദുക്കള്‍ ടിപ്പുവിനോടൊപ്പമായിരുന്നു എന്ന് വ്യക്തം. സംഘ്പരിവാര്‍ ഇതെങ്ങനെ സഹിക്കാനാണ്?
ശൃംഗേരി മഠം നശിപ്പിച്ച് അവിടുത്തെ ശാരദാ ദേവിയുടെ വിഗ്രഹം രഘുനാഥ് റാവുവിന്റെ നേതൃത്വത്തില്‍ മറാഠികള്‍ കവര്‍ന്ന് കൊണ്ടുപോയപ്പോള്‍ ടിപ്പു സുല്‍ത്വാന്‍ മഠം പുനര്‍ നിര്‍മിച്ച് വിഗ്രഹത്തിന്റെ പുനഃപ്രതിഷ്ഠ നടത്താന്‍ സര്‍വ ചെലവുകളും നല്‍കി. ഒപ്പം സുല്‍ത്വാന്റെ വക ബ്രാഹ്മണര്‍ക്ക് ഊട്ടും കൊടുത്തു. മൈസൂരിലെ ക്ഷേത്രങ്ങള്‍ക്ക് ഇനാം ഭൂമി നല്‍കിയതിന്റെ 34 സനദുകള്‍ കണ്ടെടുത്തിട്ടുണ്ട്. ക്ഷേത്രങ്ങള്‍ക്ക് സ്വര്‍ണം കൊണ്ടും വെള്ളി കൊണ്ടുമുള്ള കപ്പുകള്‍ സുല്‍ത്വാന്‍ ദാനം നല്‍കാറുണ്ടായിരുന്നു. പല ക്ഷേത്രങ്ങളിലും ഇപ്പോഴുമവ ആദരവോടെ സൂക്ഷിക്കുന്നു. നഞ്ച ഗുഡിലെ ശ്രീ കണ്‌ഠേശ്വര ക്ഷേത്രത്തിന് ടിപ്പു നല്‍കിയ രത്‌നം പതിച്ച കപ്പ് ഉത്സവ വേളകളില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്.

എന്നാല്‍ ചിലപ്പോഴെങ്കിലും യുദ്ധ വേളകളില്‍ ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടിരിക്കാം. ഇതൊന്നും മത നയത്തിന്റെ ഭാഗമല്ല. കേരളത്തിലും നിരവധി ക്ഷേത്രങ്ങള്‍ക്ക് ടിപ്പു സുല്‍ത്വാന്‍ ഇനാം നല്‍കിയതിനുള്ള രേഖകള്‍ കോഴിക്കോട് ആര്‍ക്കൈവ്‌സില്‍ ഇപ്പോഴും സൂക്ഷിക്കപ്പെട്ടിരിക്കുന്നു. താനൂരിലെ കേരളാധീശ്വരപുര ക്ഷേത്രത്തിന് മാത്രമായി ആയിരം ഏക്കര്‍ ഭൂമിയാണ് നല്‍കിയത്. എന്നിട്ടും ആ ക്ഷേത്രം ടിപ്പുവിന്റെ ആളുകള്‍ നശിപ്പിച്ചു എന്ന് പ്രചരിപ്പിക്കപ്പെട്ടു. അതേസമയം, കൊണ്ടോട്ടി പള്ളിയൊഴിച്ച് മറ്റു പള്ളികള്‍ക്കൊന്നും സുല്‍ത്വാന്‍ ഒരു സഹായവും ചെയ്തിട്ടുമില്ല. അനിയന്ത്രിതമായ സംബന്ധ സമ്പ്രദായം കണ്ടപ്പോള്‍ അതിനെതിരായ നിയമങ്ങള്‍ക്ക് ടിപ്പു ശിപാര്‍ശ ചെയ്തത് ഹിന്ദു മത വിരോധം കൊണ്ടാണോ? സ്ത്രീകളോട് മാറു മറക്കാന്‍ പറഞ്ഞതും കോടതിയിലേക്ക് വരാന്‍ എല്ലാവരോടും കല്‍പ്പിച്ചതും ജാതി സമ്പ്രദായത്തെ വിമര്‍ശിച്ചതുമെല്ലാം മത ഭ്രാന്ത് കൊണ്ടാണോ?
അങ്ങനെയെങ്കില്‍ ഇതേ ലക്ഷ്യത്തിന് മുന്നിട്ട് നിന്ന ഹൈന്ദവ പരിഷ്‌കര്‍ത്താക്കളെ നാം എന്ത് വിളിക്കും? ഹൈന്ദവരില്‍ നിന്ന് തന്നെ നടപ്പാക്കപ്പെടേണ്ട മത പരിഷ്‌കരണം ടിപ്പു എന്ന മുസല്‍മാന്‍ ഏറ്റെടുത്തത് ശരിയായില്ല എന്നാണ് അഭിപ്രായമെങ്കില്‍ അത് സമ്മതിക്കാം. എന്നാലും സുല്‍ത്വാനെ മത ഭ്രാന്തനെന്ന് വിളിക്കാമോ? ജനക്ഷേമത്തിന് വേണ്ടി നിയമങ്ങള്‍ കൊണ്ടു വന്നപ്പോള്‍ തകര്‍ന്നത് സാധാരണക്കാരെ ചൂഷണം ചെയ്ത ജന്മിയുടെ അപ്രമാദിത്വമാണ്. ഡോ. കെ കെ എന്‍ കുറുപ്പ് അഭിപ്രായപ്പെട്ടത് പോലെ “മധ്യ കാലീനമായ ഒരു ജനസമൂഹത്തില്‍ ആധുനികതയുടെ ശുകനക്ഷത്രം പോലെ പ്രകാശോജ്ജ്വലമായ ഭരണ രീതിയായിരുന്നു സുല്‍ത്വാന്‍ നടപ്പാക്കിയത്.” ഇത് പലര്‍ക്കും ദഹിക്കാതിരുന്നിട്ടുണ്ടെങ്കില്‍ അത് ആ വിഭാഗത്തിന്റെ ചൂഷണത്തിനുള്ള അവകാശം നഷ്ടപ്പെട്ടപ്പോഴാണ്. അതിനെ ഒരു വിധേനയും മതവുമായി കൂട്ടിക്കുഴക്കേണ്ടതില്ല.

ഹൈന്ദവ ദര്‍ശനങ്ങളേയും ആത്മീയ ആചാര്യന്മാരേയും ടിപ്പു അങ്ങേയറ്റം സ്‌നേഹിച്ചിരുന്നു എന്നതിന് തെളിവാണ് ശൃംഗേരി മഠവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം. പ്രാഥമിക രേഖകള്‍ തന്നെ വാചാലമാകുമ്പോള്‍ സാമ്രാജ്യത്വ ഭക്തരും ഛിദ്ര വാദികളുമായ രണ്ടാം തരക്കാരുടെ കുപ്രചാരണങ്ങളും കൈയേറ്റങ്ങളും നിലനില്‍ക്കാന്‍ പോകുന്നില്ല. അവയെ എല്ലാം അതിജീവിച്ച് ടിപ്പു സുല്‍ത്വാന്‍ ധീര സ്വാതന്ത്ര്യ സമര സേനാനിയായി തന്നെ ചരിത്രത്തില്‍ ശേഷിക്കും.

ഡോ. ഹുസൈന്‍ രണ്ടത്താണി
• drhussaink@gmail.com

---- facebook comment plugin here -----

Latest