Connect with us

Articles

അയോധ്യയില്‍ നിന്ന് പഠിക്കാനുള്ള പാഠങ്ങള്‍

Published

|

Last Updated

ഇന്ന് സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ച് പുറപ്പെടുവിക്കാന്‍ പോകുന്ന വിധി എന്തുമാകട്ടെ, അത് മരിക്കുന്നതിനോ കൊല്ലുന്നതിനോ ഉള്ള ഒരു നിമിത്തമാകരുത് എന്നാണ് വിഖ്യാത ഡോക്യുമെന്ററി സംവിധായകനായ ആനന്ദ് പട്‌വര്‍ധന്‍ ഇന്ത്യക്കകത്തും പുറത്തുമുള്ള മുഴുവന്‍ മനുഷ്യരോടും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ഭാഷയില്‍ വിധി വരുന്നതിനു തൊട്ടു മുമ്പായി ആഹ്വാനം ചെയ്തത്. അദ്ദേഹം സംവിധാനം ചെയ്ത രാമന്റെ നാമത്തില്‍ (രാം കേ നാം) എന്ന ഡോക്യുമെന്ററി 1992 സെപ്തംബറിലാണ് പുറത്തു വന്നത്. രാഷ്ട്രപതിയുടെ രജതകമല്‍ അടക്കമുള്ള നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഈ ഡോക്യുമെന്ററി ലോകമെമ്പാടുമായി ലക്ഷക്കണക്കിന് വേദികളില്‍ ഇതിനകം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. രാമജന്മ ഭൂമി പ്രക്ഷോഭത്തിന്റെ ചരിത്രമാണ് ഈ സിനിമ രേഖപ്പെടുത്തിയത്. അതിറങ്ങി മൂന്ന് മാസത്തിനു ശേഷമാണ് ബാബരി മസ്ജിദ് തകര്‍ത്തത്. അതുണ്ടാക്കിയ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. യഥാര്‍ഥത്തില്‍ ഇതിനകം ഏറെക്കുറെ നിശ്ശബ്ദരാക്കപ്പെട്ടിട്ടുള്ള ന്യൂനപക്ഷത്തെ സംബന്ധിച്ചിടത്തോളം ഇന്നത്തെ വിധി അവരിലെന്തു ചലനമാണ് കൂടുതലായി സൃഷ്ടിക്കാന്‍ പോകുന്നതെന്ന് പ്രവചിക്കാന്‍ ബുദ്ധിമുട്ടാണ്.

സുപ്രീം കോടതിയുടെ ഐകകണ്‌ഠ്യേനയുള്ള വിധിയാണ് ഇന്ന് പുറത്തു വന്നിട്ടുള്ളത്. മുമ്പ് പല വിധികളിലും ഉള്ളതു പോലെ ഏതെങ്കിലും ഒരു ജഡ്ജി വ്യത്യസ്തമായ അഭിപ്രായങ്ങളൊന്നും രേഖപ്പെടുത്തിയതായി കാണുന്നില്ല. ഹിന്ദുക്കള്‍ക്ക് അമ്പലം പണിയുന്നതിനു വേണ്ടി ബാബരി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന തര്‍ക്കസ്ഥലം വിട്ടു നല്‍കണമെന്നതാണ് സുപ്രീം കോടതി വിധിയിലെ സുപ്രധാന പരാമര്‍ശം. കേസ് നല്‍കിയിരുന്ന മൂന്ന് പ്രധാന കക്ഷികളിലൊന്നായ സുന്നി വഖ്ഫ് ബോര്‍ഡിന് അയോധ്യയിലെ പ്രമുഖമായ ഒരു സ്ഥലത്ത് അഞ്ചേക്കര്‍ വിട്ടു നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ക്ഷേത്രം പണിയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മൂന്ന് മാസത്തിനകം ഒരു ട്രസ്റ്റ് രൂപവത്കരിക്കണമെന്ന് കോടതി നിര്‍ദേശിക്കുന്നു. 1528ല്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബറിന്റെ നിര്‍ദേശ പ്രകാരം മിര്‍ ബാഖിയാണ് ബാബരി മസ്ജിദ് കെട്ടിയുയര്‍ത്തിയത്. 16 മുതല്‍ 18 വരെ നൂറ്റാണ്ടുകളില്‍, ഈ പള്ളി തകര്‍ക്കപ്പെട്ടതോ തകര്‍ന്നതോ ആയ ക്ഷേത്രാവശിഷ്ടങ്ങള്‍ക്കു മേലാണ് പണിതത് എന്ന തരത്തിലുള്ള തര്‍ക്കങ്ങളോ ചര്‍ച്ചകളോ ഒന്നും തന്നെ നടന്നിട്ടില്ല. മാത്രമല്ല, രാമന്റെ ജന്മഗൃഹമാണിതെന്ന രീതിയിലുള്ള അവകാശ വാദങ്ങളും അക്കാലത്തുയര്‍ന്നു വന്നില്ല. 1855ല്‍ ഹനുമാന്‍ ഗിരിയിലെ ക്ഷേത്രത്തെ മുന്‍നിര്‍ത്തി ചില വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം രൂപപ്പെട്ടു. 1859ലാണ് ഇവിടെയാണ് രാമജന്മ ഭൂമി എന്ന നിലക്കുള്ള ആശയങ്ങളും അഭിപ്രായങ്ങളും പുറത്തു വന്നു തുടങ്ങിയത്. അതിനെ തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ സ്ഥലങ്ങള്‍ വേലി കെട്ടിത്തിരിക്കുകയും ഉള്ളകം മുസ്‌ലിംകളുടെ നമാസിനും അതിനെ ചുറ്റിയുള്ള കെട്ടിടങ്ങള്‍ ഹിന്ദുക്കളുടെ പ്രാര്‍ഥനകള്‍ക്കായും വിട്ടു നല്‍കി. 1885ല്‍ ചുറ്റമ്പലം എന്നു വിളിക്കാവുന്ന ഈ ഭാഗത്ത് ഒരു തറ- ഛബൂത്ര – കെട്ടാന്‍ വേണ്ടി മഹന്ത് രഘുബീര്‍ ദാസ് പ്രാദേശിക കോടതിയില്‍ അപേക്ഷിച്ചെങ്കിലും അനുവദിക്കപ്പെട്ടില്ല.

1934ല്‍ പള്ളിക്ക് ചില കേടുപാടുകള്‍ ഉണ്ടാകുന്ന വിധത്തില്‍ വര്‍ഗീയ കലാപങ്ങള്‍ നഗരത്തിലുണ്ടായി. സര്‍ക്കാര്‍ കേടുപാടുകളെല്ലാം തീര്‍ത്തു കൊടുത്തു. 1938 മുതല്‍ 1947 വരെ ശിയാക്കളും സുന്നി വഖ്ഫ് ബോര്‍ഡും തമ്മിലുള്ള കോടതി വ്യവഹാരങ്ങളുടെ കാലമായിരുന്നു. അവസാനം സുന്നി വഖ്ഫ് ബോര്‍ഡിനനുകൂലമായ വിധി ലഭിച്ചു. 1949 ഡിസംബര്‍ 22ന് ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍ പള്ളിക്കകത്ത് രാമവിഗ്രഹം സ്ഥാപിച്ചു. അതിനെ തുടര്‍ന്ന് പള്ളി അടച്ചു പൂട്ടി. അന്നത്തെ ജില്ലാ മജിസ്‌ട്രേറ്റായിരുന്ന കെ കെ നായര്‍ ഈ വിഗ്രഹം എടുത്തു മാറ്റാന്‍ വിസമ്മതിച്ചു. അദ്ദേഹം പിന്നീട് ജനസംഘത്തില്‍ ചേര്‍ന്നു. 1950ല്‍ ഹാഷിം അന്‍സാരി, പള്ളി നമാസിനായി തുറന്നു തരണമെന്ന് ഫൈസാബാദ് കോടതിയില്‍ ഒരപേക്ഷ നല്‍കി. ഗോപാല്‍ സിംഗ് വിശാരദും മഹന്ത് പരമഹാന്‍സ രാമചന്ദ്ര ദാസും രാമവിഗ്രഹത്തെ ആരാധിക്കാന്‍ അവകാശം നല്‍കണമെന്നാവശ്യപ്പെട്ടും ഹരജികള്‍ നല്‍കി. ഉള്ളകം അടച്ചു തന്നെ കിടക്കവെ പുറം ഭാഗത്ത് ആരാധനകള്‍ക്ക് അനുമതി നല്‍കപ്പെട്ടു.

1984ല്‍ കുറെയധികം ഹിന്ദു സംഘടനകള്‍ ഒന്നായി ചേര്‍ന്ന് രാമജന്മ ഭൂമി പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കി. ബി ജെ പി നേതാവായ എല്‍ കെ അദ്വാനിയായിരുന്നു ഇതിന്റെ ഏറ്റവും വലിയ നേതാവ്. 1985-1986ല്‍ ശാബാനു കേസിലുണ്ടായ വിധിയെ തുടര്‍ന്ന് മുസ്‌ലിം പൗരോഹിത്യത്തിലെ ചില വിഭാഗങ്ങളുയര്‍ത്തിയ എതിര്‍പ്പിനെ മറി കടക്കുന്നതിനു വേണ്ടി അക്കാലത്ത് പാര്‍ലിമെന്റില്‍ മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന രാജീവ് ഗാന്ധി സര്‍ക്കാര്‍ ഭേദഗതി നിയമം പാസാക്കി. ഇതിനു സമാന്തരമായാണ്, ബാബരി മസ്ജിദിന്റെ പുറം വാതില്‍ ഹിന്ദുക്കളുടെ ആരാധനക്കായി തുറന്നു കൊടുത്തതും. ഇതിനും ആധാരമായി ഒരു കോടതി വിധി ഉണ്ടായിരുന്നുവെങ്കിലും അതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമായിരുന്നുവെന്നാണ് രാമചന്ദ്ര ഗുഹയെ പോലുള്ളവര്‍ വ്യാഖ്യാനിച്ചത്.

1989 നവംബര്‍ ഒമ്പതിന് വി എച്ച് പിക്ക് തര്‍ക്കസ്ഥലത്ത് ശിലാന്യാസം നടത്താനുള്ള അനുമതി രാജീവ് ഗാന്ധി സര്‍ക്കാര്‍ നല്‍കി. 1990 സെപ്തംബര്‍ 25ന് ബി ജെ പി പ്രസിഡന്റ് എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ സോമനാഥ ക്ഷേത്രത്തില്‍ നിന്ന് അയോധ്യയിലേക്ക് രഥയാത്ര ആരംഭിച്ചു. ബീഹാറിലെത്തിയ രഥയാത്രയെ അന്നത്തെ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് തടയുകയും അദ്വാനിയെയും അശോക് സിംഗാളിനെയും അടക്കം അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. 1992 ഡിസംബര്‍ ആറിന് കര്‍സേവകരുടെ നേതൃത്വത്തില്‍ ബാബരി മസ്ജിദ് പൊളിച്ചു നീക്കി. ഇതിനെ തുടര്‍ന്നുള്ള കലാപത്തില്‍ രാജ്യത്തെമ്പാടുമായി 2,000 പേര്‍ കൊല്ലപ്പെട്ടു. ഈ പ്രവൃത്തിയെക്കുറിച്ചന്വേഷിക്കാന്‍ നരസിംഹ റാവു സര്‍ക്കാര്‍ ലിബര്‍ഹാന്‍ കമ്മീഷന്‍ രൂപവത്കരിച്ചു. അതിനെ തുടര്‍ന്നുള്ള കേസ് ഇപ്പോഴും അന്തിമ വിധിയായിട്ടില്ല.

വര്‍ഗീയ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പതിറ്റാണ്ടുകളായുള്ള പ്രവര്‍ത്തനങ്ങളും ആശയപ്രചാരണങ്ങളുമാണ് ഇന്നത്തെ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചതെന്നതില്‍ ആര്‍ക്കും സംശയമില്ല. ഭരണഘടനയിലധിഷ്ഠിതമായ നീതിന്യായ വ്യവസ്ഥയും തിരഞ്ഞെടുപ്പുകളും ലോക്‌സഭ, രാജ്യസഭ, നിയമസഭകളും പഞ്ചായത്തുകളുമുള്ള ജനാധിപത്യ വ്യവസ്ഥയും ശക്തമായി നിലനില്‍ക്കുകയാണെങ്കില്‍ മാത്രമേ ഇന്ത്യയില്‍ രാഷ്ട്ര നിര്‍മാണത്തിനു പ്രസക്തിയുള്ളൂ. അതിന് കോട്ടം തട്ടുന്ന നിരവധി സംഭവങ്ങള്‍ ഇതിനകം നടന്നു കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രത്തിന്മേല്‍, ന്യൂനപക്ഷങ്ങള്‍ക്കും അശരണര്‍ക്കും വിശ്വാസം ഉണ്ടാകുക എന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. അതുറപ്പു വരുത്തുവാന്‍ ഏതു തരത്തിലുള്ള ഐക്യ ശ്രമങ്ങളാണ് ഇനിയുള്ള കാലത്ത് പ്രസക്തമാകുക എന്നതായിരിക്കും നമ്മുടെ ഭാവിയെ നിര്‍ണയിക്കുന്നത്. അത്തരം പാഠങ്ങള്‍ ആരാണ് പഠിക്കാന്‍ പോകുന്നത് എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

(വിവരങ്ങള്‍ക്ക് കടപ്പാട് : https://thewire.in/ayodhyatimeline)

Latest