Connect with us

Gulf

ലോക സഹിഷ്ണുതാ ഉച്ചകോടിക്ക് നാളെ തുടക്കം; കാന്തപുരം പങ്കെടുക്കും

Published

|

Last Updated

ദുബൈ: സഹിഷ്ണുത നിറഞ്ഞ ലോകത്തിന്റെ സാമൂഹികവും സാമ്പത്തികവും മാനുഷികവുമായ നേട്ടങ്ങള്‍ കൈവരിക്കുക എന്ന പ്രമേയവുമായി ലോക സഹിഷ്ണുത ഉച്ചകോടിയുടെ രണ്ടാം പതിപ്പ് നാളെ ദുബൈയില്‍ ആരംഭിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍, മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവിന്റെ ഭാഗമായ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ടോളറന്‍സ് ഇന്‍ ദുബായ് (ഐഐടി) ആണ് രണ്ടു ദിവസം നീളുന്ന സഹിഷ്ണുതാ ഉച്ചകോടിയുടെ സംഘാടകര്‍.

ഉച്ചകോടിയില്‍ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ നേതാക്കള്‍, സമാധാന വിദഗ്ധര്‍, അക്കാദമിക്, സ്‌പെഷ്യലിസ്റ്റുകള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, അന്താരാഷ്ട്ര നയതന്ത്ര സമൂഹത്തിലെ പ്രതിനിധികള്‍, അന്താരാഷ്ട്ര അസോസിയേഷനുകള്‍, സംഘടനകള്‍, സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ പങ്കാളിത്തമുണ്ടാകും. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉച്ചകോടിയില്‍ സംബന്ധിക്കുന്നുണ്ട്.
സഹിഷ്ണുതയെ പ്രോത്സാഹിപ്പിക്കുന്നതിനും അതിന്റെ തത്ത്വങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വിവേചനമില്ലാതെ മറ്റുള്ളവരെ സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ ഉച്ചകോടി ഉയര്‍ത്തിക്കാട്ടുമെന്ന് ലോക ടോളറന്‍സ് ഉച്ചകോടിയുടെ ഉന്നത സമിതി ചെയര്‍മാനുമായ ഡോ. ഹമദ് അല്‍ ശൈഖ് അഹ് മദ് അല്‍ ശൈബാനി പറഞ്ഞു. മതങ്ങള്‍ തമ്മിലുള്ള സംഭാഷണത്തിന്റെയും ധാരണയുടെയും പ്രോത്സാഹനം, പരസ്പര ബഹുമാനം, സുരക്ഷ, സമാധാനം എന്നിവയുടെ തത്വങ്ങളുടെ ഉന്നമനവും പരസ്പര വിശ്വാസവും പരസ്പര ധാരണയും പ്രോത്സാഹിപ്പിക്കുക തുടങ്ങി.അന്തരിച്ച ശൈഖ് സായിദ് മുന്നോട്ടുവച്ച മാനുഷിക മൂല്യങ്ങളുടെ പ്രഘോഷണമാണ് ഉച്ചകോടി.
സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും ഒരു താക്കോലാണ് കുടുംബവും വിദ്യാഭ്യാസ സ്ഥാപനങ്ങളും. സമൂഹങ്ങളുടെ, പ്രത്യേകിച്ച് ചെറുപ്പക്കാരുടെ സംരക്ഷണം വര്‍ധിപ്പിക്കുന്നതിനായി ഏകീകൃത ആശയങ്ങള്‍ ചര്‍ച്ച ചെയ്യാനും ഉച്ചകോടി വേദിയാവുമെന്നും അല്‍ശൈബാനി പറഞ്ഞു.

നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അവരുടെ പദ്ധതികളും സംരംഭങ്ങളും സഹിഷ്ണുത, വൈവിധ്യം, തൊഴില്‍ അന്തരീക്ഷത്തിലെ സമാധാനപരമായ സഹവര്‍ത്തിത്വം എന്നിവയുമായി ബന്ധപ്പെട്ട പരിപാടികളും അവതരിപ്പിക്കുന്ന എക്‌സിബിഷന്‍, ആര്‍ട്ട് ആന്‍ഡ് ഫോട്ടോഗ്രാഫി പരിപാടി തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും.മദീനത് ജുമൈറ എക്‌സിബിഷന്‍ സെന്ററിലാണ് പരിപാടി.

ശരീഫ് കാരശ്ശേരി

Latest